Wednesday, December 24, 2008

ചര്‍ച്ചയുണ്ടോ ഒന്നു പങ്കെടുക്കാന്‍ ?

ചിന്തകന്‍മാരായ സോക്രട്ടീസും പ്ലേറ്റോയുമൊക്കെ ജനങ്ങളെ പഠിപ്പിച്ചിരുന്നതു ചോദ്യങ്ങള്‍ ചോദിച്ചായിരുന്നത്രേ. അപ്പോള്‍ പിന്നെ ചാനലുകാരെ എന്തിനു കുറ്റം പറയണം ? അവരും ജനങ്ങളെ പഠിപ്പിക്കാനല്ലേ ചോദ്യം ചോദിക്കുന്നത്‌. വെറുതേ പഠിപ്പിക്കുകയല്ലല്ലോ, ഒരു പാഠം തന്നെയല്ലേ പഠിപ്പിക്കുന്നത്‌. പിന്നെ, സോക്രട്ടീസിന്റെയും പ്ലേറ്റോയുടേയുമൊക്കെ ചോദ്യത്തിനു ജനങ്ങള്‍ ഉത്തരം പറയേണ്ടി വന്നിരുന്നു. ഇവിടെ അതിന്റെ ബുദ്ധിമുട്ടുമില്ല, ചോദിക്കുന്നവര്‍ തന്നെ ഉത്തരവും പറഞ്ഞോളും. കാരണം വല്ലവരും പറഞ്ഞാല്‍ പ്രതീക്ഷിക്കുന്ന ഉത്തരം കിട്ടില്ലല്ലോ. അതിനും ഇപ്പോള്‍ പ്രശ്‌നമില്ലെന്നു ആയിട്ടുണ്ട്‌. ഓരോരുത്തര്‍ക്കും ആവശ്യമായ രീതിയില്‍ പ്രതികരിച്ചു നല്‌കുന്ന നിരവധി പ്രഫഷണല്‍ ചര്‍ച്ചക്കാരെ ഇപ്പോള്‍ മാര്‍ക്കറ്റില്‍ ലഭ്യമായിട്ടുണ്ട്‌. നേരിട്ടെത്തണോ ? ഒന്നു മൂളിയാല്‍ മതി സ്വന്തം ചെലവില്‍ വണ്ടിയും പിടിച്ചു പോരും. അത്യാവശ്യം പൗഡറും ചീപ്പുമൊക്കെ സ്റ്റുഡിയോയില്‍ കിട്ടും. ആവശ്യമായ പ്രതികരണത്തിന്റെ രൂക്ഷതയനുസരിച്ചു മുഖം കറുപ്പിക്കുകയോ വെളുപ്പിക്കുകയോ ചെയ്യണമെങ്കില്‍ അതിനും സൗകര്യമുണ്ട്‌. ആള്‍ പ്രഫഷണല്‍ ആണെങ്കില്‍ എത്തിച്ചേരാന്‍ പറ്റിയില്ലെങ്കില്‍ വേണ്ട, ഫോണ്‍ സൗകര്യം ഉപയോഗിക്കാം. അതിപ്പം ബാത്ത്‌ റൂമിലാണെങ്കിലും ബാത്ത്‌ ടബ്ബിലാണെങ്കിലും നോ പ്രോബ്ലം. അഭിപ്രായം `പരിപാടിയില്‍ തടസം നേരിടാതെ' എത്തിച്ചാല്‍ മാത്രം മതിയാകും. കൊള്ളാവുന്ന ഒരു പടം സ്റ്റുഡിയോയില്‍ നേരത്തെ ഏല്‍പ്പിക്കുകയാണെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും. ഫോണ്‍ ഇന്‍ സമയത്ത്‌ നിങ്ങളുടെ ചിരിക്കുന്ന പടം മാലയിട്ടു സ്‌ക്രീനില്‍ കാണാമല്ലോ. വിഷയം ഏതാണെങ്കിലും പ്രശ്‌നമില്ല, മുഖവും പേരും ചാനലില്‍ തെളിയണമെന്നു മാത്രം. അന്റാര്‍ട്ടിക്ക മുതല്‍ ആഫ്രിക്ക വരെയുള്ള നാടുകളില്‍ സകലവിധ പ്രശ്‌നങ്ങളും ഏറ്റെടുക്കും. വിഷയം പെരുമാറ്റച്ചട്ടം മുതല്‍ പെണ്‍വാണിഭം വരെയാണെങ്കിലും പ്രശ്‌നമില്ല എല്ലാത്തിനും ഒരുപോലെ ചേരുന്ന മറുപടികള്‍ റെഡി. ഇത്തിരി മനക്കട്ടിയും അതില്‍ കുറയാത്ത തൊലിക്കട്ടിയുമുണ്ടെങ്കില്‍ ആര്‍ക്കും ഈ രംഗത്തേയ്‌ക്കു കടന്നു വരാം, തിളങ്ങാം. ഈ രംഗത്ത്‌ അവസരം കിട്ടാതെ വിഷമിക്കുന്ന അവശകലാകാരന്‍മാര്‍ക്കും ഇപ്പോള്‍ തിളങ്ങാന്‍ അവസരമുണ്ട്‌. നാടിന്റെ മുക്കിനും മൂലയിലും നടക്കുന്ന `നാട്ടുകൂട്ടം ചര്‍ച്ച'കളാണ്‌ ഇക്കൂട്ടര്‍ക്കു തുണയും പണിയുമാകുന്നത്‌. ഛോട്ടാ രാഷ്‌ട്രീയക്കാരാണ്‌ ഈ രംഗത്ത്‌ സേവനം അനുഷ്‌ഠിക്കുന്നതില്‍ വലിയൊരു വിഭാഗം. പലരും രാവിലെ ഉണരുന്നതു തന്നെ ഇന്നൊരു ചര്‍ച്ചയുണ്ടാകണമേയെന്നുള്ള പ്രാര്‍ഥനയോടെയാണ്‌. ചാനലുകളുടെ ബ്യൂറോയില്‍ പേരും വിലാസവും ഫോണ്‍ നമ്പരും എഴുതിക്കൊടുത്തിരിക്കുന്നവര്‍ നിരവധി. അടുത്ത പ്രദേശത്ത്‌ എവിടെയെങ്കിലും ചര്‍ച്ചയുണ്ടെങ്കില്‍ ഒന്നു `മിസ്‌ഡ്‌' അടിപ്പിച്ചാല്‍ മതി ആളു റെഡി. ഇതിനും ക്ഷമയില്ലാത്തവര്‍ ഇടയ്‌ക്കിടെ ഓഫീസുകളിലേക്കു വിളിച്ചു ഏതെങ്കിലും ചര്‍ച്ചകളുണ്ടോയെന്നു അന്വേഷിച്ചു തുടങ്ങിയിട്ടുണ്ടത്രേ. ചര്‍ച്ച കൊഴിപ്പിക്കാനുള്ള പൊടിക്കൈകളും ഇവര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നാണ്‌ അറിവ്‌. പരസ്‌പരം ആരോപണങ്ങള്‍ ഉന്നയിച്ചു വയലന്റാകുന്നതാണ്‌ ഇതില്‍ ഏറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്‌. മൈക്ക്‌ വലിച്ചെറിയാന്‍ ശ്രമിക്കുന്നതും കസേരയെടുത്തു അടിക്കാന്‍ ശ്രമിക്കുന്നതും കണ്ട്‌ ഇപ്പോള്‍ അടിവീഴുമെന്ന മട്ടില്‍ പാവം കാണികള്‍ ശ്വാസമടക്കി ഇരിക്കും. പക്ഷേ, പരിപാടി തീരുമ്പോഴറിയാം ചിന്നംവിളിച്ച നേതാക്കള്‍ തോളില്‍ കൈയുമിട്ടു പൊട്ടിച്ചിരിച്ചു നീങ്ങുന്നു. ഉഗ്രനൊരു വേഷം കിട്ടിയതില്‍ നേതാക്കള്‍ സന്തോഷം. ചര്‍ച്ചയ്‌ക്കു ചൂടേറിയതിനാല്‍ ചാനലുകാര്‍ക്ക്‌ ബഹുസന്തോഷം. കാണികള്‍ക്കു ഫ്രീയായി ഒരു നാടകവും. അപ്പോള്‍ തുടരട്ടെ ചര്‍ച്ചകള്‍... നേരോടെ, നിര്‍ഭയം, നിരന്തരം...


മിസ്‌ഡ്‌ കോള്‍

ബുഷിനെ എറിഞ്ഞ ഷൂവിന്‌ ഒരു കോടി ഡോളര്‍ നല്‌കാമെന്നു വാഗ്‌ദാനം.- വാര്‍ത്ത

കെ.എസ്‌.ആര്‍.ടി.സിക്കിട്ടുള്ള ഏറു നിര്‍ത്തി കുട്ടിസഖാക്കള്‍ക്ക്‌ വാഷിംഗ്‌ടണിലേക്കു മാര്‍ച്ചു നടത്തട്ടെ.

3 comments:

 1. ജോണ്‍സണ്‍,
  ഇന്നാണ് ഈ ബ്ലോഗ് കാണുന്നത്. ഞാന്‍ ഒരു കൊല്ലാട്കാരന്‍ ആണ്. അല്ല,നാല്‍ക്കവലക്കാരനാണ്, കടുവാക്കുളംകാരനാണ്. ഇപ്പോള്‍ അബുദാബിയില്‍.

  ഓഫ്.
  ഈ ബ്ലോഗ് എങ്ങും ലിസ്റ്റ് ചെയ്ത് കണ്ടിട്ടില്ല. ഒരു അഗ്രിഗേറ്ററിലും വന്നു കണ്ടില്ല. ഇത്രയും പോസ്റ്റുകള്‍ ഉണ്ടായിട്ടും കമന്റുകളും കണ്ടില്ല.

  ReplyDelete
 2. ഇപ്പോഴാണ് പഴയ പോസ്റ്റുകള്‍ കണ്ടത്. എല്ലാം രണ്ടു ദിവസം മുമ്പ് പോസ്റ്റ് ചെയ്തതാണ് അല്ലേ? പലതും ഞാന്‍ വായിച്ചവയാണ്.
  പത്രത്തില്‍ വരാത്തവയും എഴുതി പോസ്റ്റ് ചെയ്യണേ... നല്ല ലേഖനങ്ങള്‍ പ്രതിക്ഷിക്കുന്നു.

  ReplyDelete
 3. സംഭവം കലക്കി.... ഇഷ്ടപ്പെട്ടു.... ഓ ഇനിയെന്തു പറയാന്‍...... കീീീീീ........ കീീീീീീീ.... ഞാന്‍ ഒരു ചെറിയേ കവി കൂടിയാണല്ലോ.... വായിക്കുമെന്നു കരുതുന്നു...........
  മംഗളാശംസകളോടെ
  സന്ദീപ്‌ സലിം

  ReplyDelete