Wednesday, December 24, 2008

ചര്‍ച്ചയുണ്ടോ ഒന്നു പങ്കെടുക്കാന്‍ ?

ചിന്തകന്‍മാരായ സോക്രട്ടീസും പ്ലേറ്റോയുമൊക്കെ ജനങ്ങളെ പഠിപ്പിച്ചിരുന്നതു ചോദ്യങ്ങള്‍ ചോദിച്ചായിരുന്നത്രേ. അപ്പോള്‍ പിന്നെ ചാനലുകാരെ എന്തിനു കുറ്റം പറയണം ? അവരും ജനങ്ങളെ പഠിപ്പിക്കാനല്ലേ ചോദ്യം ചോദിക്കുന്നത്‌. വെറുതേ പഠിപ്പിക്കുകയല്ലല്ലോ, ഒരു പാഠം തന്നെയല്ലേ പഠിപ്പിക്കുന്നത്‌. പിന്നെ, സോക്രട്ടീസിന്റെയും പ്ലേറ്റോയുടേയുമൊക്കെ ചോദ്യത്തിനു ജനങ്ങള്‍ ഉത്തരം പറയേണ്ടി വന്നിരുന്നു. ഇവിടെ അതിന്റെ ബുദ്ധിമുട്ടുമില്ല, ചോദിക്കുന്നവര്‍ തന്നെ ഉത്തരവും പറഞ്ഞോളും. കാരണം വല്ലവരും പറഞ്ഞാല്‍ പ്രതീക്ഷിക്കുന്ന ഉത്തരം കിട്ടില്ലല്ലോ. അതിനും ഇപ്പോള്‍ പ്രശ്‌നമില്ലെന്നു ആയിട്ടുണ്ട്‌. ഓരോരുത്തര്‍ക്കും ആവശ്യമായ രീതിയില്‍ പ്രതികരിച്ചു നല്‌കുന്ന നിരവധി പ്രഫഷണല്‍ ചര്‍ച്ചക്കാരെ ഇപ്പോള്‍ മാര്‍ക്കറ്റില്‍ ലഭ്യമായിട്ടുണ്ട്‌. നേരിട്ടെത്തണോ ? ഒന്നു മൂളിയാല്‍ മതി സ്വന്തം ചെലവില്‍ വണ്ടിയും പിടിച്ചു പോരും. അത്യാവശ്യം പൗഡറും ചീപ്പുമൊക്കെ സ്റ്റുഡിയോയില്‍ കിട്ടും. ആവശ്യമായ പ്രതികരണത്തിന്റെ രൂക്ഷതയനുസരിച്ചു മുഖം കറുപ്പിക്കുകയോ വെളുപ്പിക്കുകയോ ചെയ്യണമെങ്കില്‍ അതിനും സൗകര്യമുണ്ട്‌. ആള്‍ പ്രഫഷണല്‍ ആണെങ്കില്‍ എത്തിച്ചേരാന്‍ പറ്റിയില്ലെങ്കില്‍ വേണ്ട, ഫോണ്‍ സൗകര്യം ഉപയോഗിക്കാം. അതിപ്പം ബാത്ത്‌ റൂമിലാണെങ്കിലും ബാത്ത്‌ ടബ്ബിലാണെങ്കിലും നോ പ്രോബ്ലം. അഭിപ്രായം `പരിപാടിയില്‍ തടസം നേരിടാതെ' എത്തിച്ചാല്‍ മാത്രം മതിയാകും. കൊള്ളാവുന്ന ഒരു പടം സ്റ്റുഡിയോയില്‍ നേരത്തെ ഏല്‍പ്പിക്കുകയാണെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും. ഫോണ്‍ ഇന്‍ സമയത്ത്‌ നിങ്ങളുടെ ചിരിക്കുന്ന പടം മാലയിട്ടു സ്‌ക്രീനില്‍ കാണാമല്ലോ. വിഷയം ഏതാണെങ്കിലും പ്രശ്‌നമില്ല, മുഖവും പേരും ചാനലില്‍ തെളിയണമെന്നു മാത്രം. അന്റാര്‍ട്ടിക്ക മുതല്‍ ആഫ്രിക്ക വരെയുള്ള നാടുകളില്‍ സകലവിധ പ്രശ്‌നങ്ങളും ഏറ്റെടുക്കും. വിഷയം പെരുമാറ്റച്ചട്ടം മുതല്‍ പെണ്‍വാണിഭം വരെയാണെങ്കിലും പ്രശ്‌നമില്ല എല്ലാത്തിനും ഒരുപോലെ ചേരുന്ന മറുപടികള്‍ റെഡി. ഇത്തിരി മനക്കട്ടിയും അതില്‍ കുറയാത്ത തൊലിക്കട്ടിയുമുണ്ടെങ്കില്‍ ആര്‍ക്കും ഈ രംഗത്തേയ്‌ക്കു കടന്നു വരാം, തിളങ്ങാം. ഈ രംഗത്ത്‌ അവസരം കിട്ടാതെ വിഷമിക്കുന്ന അവശകലാകാരന്‍മാര്‍ക്കും ഇപ്പോള്‍ തിളങ്ങാന്‍ അവസരമുണ്ട്‌. നാടിന്റെ മുക്കിനും മൂലയിലും നടക്കുന്ന `നാട്ടുകൂട്ടം ചര്‍ച്ച'കളാണ്‌ ഇക്കൂട്ടര്‍ക്കു തുണയും പണിയുമാകുന്നത്‌. ഛോട്ടാ രാഷ്‌ട്രീയക്കാരാണ്‌ ഈ രംഗത്ത്‌ സേവനം അനുഷ്‌ഠിക്കുന്നതില്‍ വലിയൊരു വിഭാഗം. പലരും രാവിലെ ഉണരുന്നതു തന്നെ ഇന്നൊരു ചര്‍ച്ചയുണ്ടാകണമേയെന്നുള്ള പ്രാര്‍ഥനയോടെയാണ്‌. ചാനലുകളുടെ ബ്യൂറോയില്‍ പേരും വിലാസവും ഫോണ്‍ നമ്പരും എഴുതിക്കൊടുത്തിരിക്കുന്നവര്‍ നിരവധി. അടുത്ത പ്രദേശത്ത്‌ എവിടെയെങ്കിലും ചര്‍ച്ചയുണ്ടെങ്കില്‍ ഒന്നു `മിസ്‌ഡ്‌' അടിപ്പിച്ചാല്‍ മതി ആളു റെഡി. ഇതിനും ക്ഷമയില്ലാത്തവര്‍ ഇടയ്‌ക്കിടെ ഓഫീസുകളിലേക്കു വിളിച്ചു ഏതെങ്കിലും ചര്‍ച്ചകളുണ്ടോയെന്നു അന്വേഷിച്ചു തുടങ്ങിയിട്ടുണ്ടത്രേ. ചര്‍ച്ച കൊഴിപ്പിക്കാനുള്ള പൊടിക്കൈകളും ഇവര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നാണ്‌ അറിവ്‌. പരസ്‌പരം ആരോപണങ്ങള്‍ ഉന്നയിച്ചു വയലന്റാകുന്നതാണ്‌ ഇതില്‍ ഏറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്‌. മൈക്ക്‌ വലിച്ചെറിയാന്‍ ശ്രമിക്കുന്നതും കസേരയെടുത്തു അടിക്കാന്‍ ശ്രമിക്കുന്നതും കണ്ട്‌ ഇപ്പോള്‍ അടിവീഴുമെന്ന മട്ടില്‍ പാവം കാണികള്‍ ശ്വാസമടക്കി ഇരിക്കും. പക്ഷേ, പരിപാടി തീരുമ്പോഴറിയാം ചിന്നംവിളിച്ച നേതാക്കള്‍ തോളില്‍ കൈയുമിട്ടു പൊട്ടിച്ചിരിച്ചു നീങ്ങുന്നു. ഉഗ്രനൊരു വേഷം കിട്ടിയതില്‍ നേതാക്കള്‍ സന്തോഷം. ചര്‍ച്ചയ്‌ക്കു ചൂടേറിയതിനാല്‍ ചാനലുകാര്‍ക്ക്‌ ബഹുസന്തോഷം. കാണികള്‍ക്കു ഫ്രീയായി ഒരു നാടകവും. അപ്പോള്‍ തുടരട്ടെ ചര്‍ച്ചകള്‍... നേരോടെ, നിര്‍ഭയം, നിരന്തരം...


മിസ്‌ഡ്‌ കോള്‍

ബുഷിനെ എറിഞ്ഞ ഷൂവിന്‌ ഒരു കോടി ഡോളര്‍ നല്‌കാമെന്നു വാഗ്‌ദാനം.- വാര്‍ത്ത

കെ.എസ്‌.ആര്‍.ടി.സിക്കിട്ടുള്ള ഏറു നിര്‍ത്തി കുട്ടിസഖാക്കള്‍ക്ക്‌ വാഷിംഗ്‌ടണിലേക്കു മാര്‍ച്ചു നടത്തട്ടെ.

ഒരു ഐഎഎസ്‌ ബാധ ഒഴിപ്പിക്കല്‍ !

ഒഴിഞ്ഞു പോകുമോ നീ ?... മൂന്നാര്‍ ഓപ്പറേഷന്‍ തുടങ്ങിയപ്പോള്‍ മുതല്‍ സി.പി.എം ഇല്ലത്തെ കൊടികെട്ടിയ മന്ത്രവാദികള്‍ ഈ ചോദ്യവും ചൂരലുമായിനിന്നു തുള്ളുകയാണ്‌. മുഖ്യമന്ത്രിയുടെ ഓഫീസ്‌ കുടത്തില്‍നിന്നു തുറന്നുവിട്ട സുരേഷ്‌ ബാധയെ തളയ്‌ക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. മൂന്നാറില്‍ രാത്രിയില്‍ മാത്രമല്ല പകല്‍ പോലും കൈയേറ്റക്കാര്‍ക്ക്‌ പേടിച്ചിട്ടു ഇറങ്ങി നടക്കാന്‍ പറ്റില്ലെന്നു വന്നാല്‍ ? ചുണ്ണാമ്പുണ്ടോ പട്ടയമുണ്ടോയെന്നൊക്കെ ചോദിച്ചു ഈ ബാധ പലരെയും ഭയപ്പെടുത്തിയത്രേ. ബാധയെ കണ്ടു റിസോര്‍ട്ടുകാരില്‍ പലരും പുറത്തിറങ്ങാതായി. പ്രാദേശിക നേതാക്കള്‍ പനിച്ചു തുള്ളി, `മണി' കിലുക്കവും പേടിസ്വപ്‌നവും കണ്ടു മൂന്നാര്‍ മുക്കാലും വിറച്ചു. നാടുവിറപ്പിച്ച ബാധ ഇതിനിടയില്‍ മൂന്നാറില്‍ പൂത്തുലഞ്ഞു നിന്നിരുന്ന പാര്‍ട്ടി പാലമരങ്ങളില്‍ നോട്ടമിട്ടു. ബാധയൊന്നു വീശിയടിച്ചപ്പോള്‍ സി.പി.ഐ പാലമരത്തിന്റെ കൊമ്പുകള്‍ പലതുമൊടിഞ്ഞു വീണു. പോരേ പൂരം. പാര്‍ട്ടി വെളിയത്തുനിന്നു ഭാര്‍ഗവതിരുമുല്‍പ്പാടിനെ തന്നെ രംഗത്തിറക്കി. ഇസ്‌മയില്‍ ഗുരുക്കളും പന്ന്യന്‍ തന്ത്രിയും ചേര്‍ന്നു കവടി നിരത്തി. പിന്നെ, ആഴ്‌ചകള്‍ നീണ്ട ശത്രുസംഹാര പൂജ. പൂജയ്‌ക്കു സഹായിക്കാന്‍ തിരുവനന്തപുരം എ.കെ.ജി തറവാട്ടില്‍നിന്നു നിരവധി പരികര്‍മികളാണ്‌ സാമഗ്രഹികളുമായി രംഗത്തു വന്നത്‌. കൊഴുത്തുരുണ്ട മൂന്നു പൂച്ചകളെ ബലികൊടുക്കേണ്ടി വന്നെങ്കിലും ബാധയെ ഒരു തരത്തില്‍ മൂന്നാറില്‍നിന്ന്‌ ഒഴിപ്പിച്ചു. മൂന്നാറില്‍നിന്നൊഴിപ്പിച്ച ബാധയെ എവിടെ കുടിയിരുത്തുമെന്നതായിരുന്നു പിന്നത്തെ പ്രശ്‌നം. കൊടിയ മന്ത്രവാദികള്‍ പലരും സംസ്ഥാനകമ്മിറ്റി ചേര്‍ന്നുവരെ പ്രശ്‌നം വച്ചെങ്കിലും പ്രശ്‌നത്തിനു പരിഹാരമായില്ല. എവിടെ കുടിയിരുത്തേണ്ടി വന്നാലും ഇനിയും മുഖ്യന്റെ ഓഫീസിലെ പഴയ കുടത്തില്‍ കൊണ്ടു അടയ്‌ക്കില്ലെന്നു അവര്‍ നേരത്തെ തീരുമാനിച്ചിരുന്നു. അങ്ങനെ ചിന്താക്കുഴപ്പത്തില്‍ തലയിട്ടിരിക്കുമ്പോഴാണു പല ഉഗ്രമൂര്‍ത്തികളെയും തന്റെ നാക്കിന്‍ തുമ്പുകൊണ്ടു `ക്ഷ' വരപ്പിച്ച സുധാകര കത്തനാര്‍ രംഗത്തു വന്നത്‌. മൂന്നാറില്‍നിന്നൊഴിപ്പിച്ചു കൊണ്ടുവന്ന ബാധയെ തന്റെ തറവാട്ടിലെ ഗ്രാമവികസനബാങ്കു മരത്തില്‍ ആണിയടിച്ചു തറയ്‌ക്കാന്‍ പുള്ളിക്കാരന്‍ തയാറായി. ഉഗ്രബാധയാണന്നും വേലിയെ ഇരുന്നതിനെയെടുത്തു വേണ്ടപ്പെട്ടിടത്തു വച്ചതുപോലെയാകുമെന്നുമൊക്കെ പലരും ഉപദേശിച്ചെങ്കിലും പുള്ളിക്കാരന്‍ വഴങ്ങിയില്ല. ദേവസ്വം ബോര്‍ഡില്‍ ഉള്ളതിനേക്കാള്‍ കടുത്ത ബാധകളൊന്നും മലയാള നാട്ടിലില്ലെന്നും അവയ്‌ക്കു പോലും തന്നെ ഒതുക്കാന്‍ പറ്റിയിട്ടില്ലെന്നും കത്തനാര്‍ ചൂണ്ടിക്കാട്ടി. അത്യാവശ്യം ഒരു ഐഎഎസ്‌ ബാധയെ ഒതുക്കാനുള്ള താളിയോലയൊക്കെ ഇപ്പോഴും തന്റെ കൈവശമുണ്ടെന്ന ഭാവത്തിലായിരുന്നു കക്ഷി. ബാധ കൂടുതല്‍ വയലന്റായാല്‍ അറ്റകൈ എന്ന നിലയില്‍ തന്റെ ഒരു കവിത തന്നെ എടുത്തു പ്രയോഗിക്കാനുള്ള തയാറെടുപ്പിലായിരുന്നു സുധാകര കത്തനാര്‍. മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ `സന്നിധാനത്തെ കഴുതകള്‍' എന്ന സുധാകര കവിത ഉപയോഗിച്ചു പാക്‌ അധിനിവേശ കാഷ്‌മീരിലെ ഭീകരക്യാമ്പുകള്‍ ഒഴിപ്പിക്കാനാവുമോയെന്ന ഗവേഷണത്തിലാണ്‌ സുരക്ഷാഉദ്യോഗസ്ഥര്‍. ഈ ഐഎഎസ്‌ ബാധയ്‌ക്കു തന്റെ കവിതയും ഏശുകില്ലെന്നു മനസിലായതോടെ എങ്ങനെയെങ്കിലും ഒന്നു ഒഴുപ്പിച്ചു തരണമെന്നപേക്ഷിച്ചു വലിയ തിരുമനസിന്റെ കാല്‍ക്കല്‍ വീഴുകയായിരുന്നു കത്തനാര്‍. `കാരണം കാണിക്കല്‍' കൊണ്ട്‌ ഒരു രക്ഷ എഴുതി കെട്ടാമെന്നു വലിയ തിരുമനസു തീരുമാനിച്ചിരുന്നെങ്കിലും ചെറിയ തിരുമനസുകള്‍ക്ക്‌ അതിനു വലിയ മനസില്ലായിരുന്നു. ക്ഷുദ്രകര്‍മം തന്നെ വേണമെന്നു അവര്‍ക്കു വാശി. ഫലമോ.. കോഴിത്തലയില്‍ ഒരു സസ്‌പെന്‍ഷന്‍ !


മിസ്‌ഡ്‌ കോള്‍

ചെങ്ങറയില്‍ കൈയേറ്റക്കാരെ ഒഴിവാക്കുമെന്നു വി.എസ്‌ അച്യുതാനന്ദന്‍. - വാര്‍ത്ത

ഒരു ഒഴിപ്പിക്കലിന്റെ ക്ഷീണം ഇനിയും മാറിയിട്ടില്ല.

പട്ടിയെ റിപ്പോര്‍ട്ടര്‍ കടിച്ചാല്‍ !

`പട്ടിയെ വളര്‍ത്തല്‍ ' ലോകമെമ്പാടും തന്നെ പേരും പ്രചാരവും നേടിയിട്ടുള്ള ഹോബികളിലൊന്നാണ്‌. അമേരിക്കന്‍ പ്രസിഡന്റിനു പോലും വൈറ്റ്‌ ഹൗസില്‍ പ്രഥമ നായ ഉണ്ടെന്നാണ്‌ കേട്ടിട്ടുള്ളത്‌. ഇത്തവണ ഒബാമയുടെ മകന്‌ അലര്‍ജിയുള്ളതിനാല്‍ അവര്‍ രോമമില്ലാത്ത ഒരു നായയെ തേടിക്കൊണ്ടിരിക്കുകയാണത്രേ. ഇതിനിടയില്‍, നിലവിലെ പ്രസിഡന്റ്‌ ബുഷിന്റെ പട്ടി ഒരു പത്രറിപ്പോര്‍ട്ടറെ കടിച്ചു കുടഞ്ഞെന്ന വാര്‍ത്തയും പുറത്തു വന്നു. അങ്ങനെ പട്ടി അന്താരാഷ്‌ട്ര വാര്‍ത്തകളില്‍ പോലും പ്രധാന കഥാപാത്രമായി നിറഞ്ഞുനിന്നു കുരയ്‌ക്കുന്നതിനിടയിലാണ്‌ നമ്മുടെ സ്വന്തം മുഖ്യന്റെ `ഒരു ചെറിയ പട്ടി' വലിയ പ്രശ്‌നമുണ്ടാക്കിയിരിക്കുന്നത്‌.ഇവിടെ പട്ടി റിപ്പോര്‍ട്ടറെ കടിക്കുന്നതിനു പകരം പട്ടിയെ റിപ്പോര്‍ട്ടര്‍ കടിക്കുകയായിരുന്നെന്നാണ്‌ ഒടുവില്‍ കേള്‍ക്കുന്നത്‌. റിപ്പോര്‍ട്ടറുടെ കടിയേറ്റ പട്ടി ഏതുവഴിക്കൊക്കെ ഓടി, ആരെയൊക്കെ കടിച്ചു ? എന്നതു സംബന്ധിച്ചു ഇനിയും വ്യക്തത വന്നില്ല. എന്തായാലും കടിയേറ്റവരും കണ്ടുനിന്നവരുമെല്ലാം ചേര്‍ന്നു വി.എസിനെ കടിച്ചു കുടഞ്ഞു എന്നു പറഞ്ഞാല്‍ മതിയല്ലോ. രണ്ടു ദിവസമായി ഇന്ത്യയില്‍ ഏതാണ്ട്‌ പ്രമുഖരെല്ലാം തന്നെ വി.എസ്‌ അഴിച്ചുവിട്ട പട്ടിയുടെ പുറകേയായിരുന്നു. ഓട്ടത്തിനിടയില്‍ കടിയേറ്റവരും വീണു പരിക്കേറ്റവരുമൊക്കെ നിരവധി. നാട്ടുകാര്‍ പട്ടിയെ തല്ലിക്കൊല്ലാന്‍ രംഗത്തിറങ്ങിയതിലെ ന്യായം മനസിലാക്കാം. എന്നാല്‍, സ്വന്തം വീട്ടുകാരാണ്‌ ഈ പട്ടിയെ പേപ്പട്ടിയാക്കാനും തല്ലിക്കൊല്ലാനും വടിയും പടയുമായി കൂട്ടത്തോടെ രംഗത്തിറങ്ങിയത്‌. ഇതു കാലഹരണപ്പെട്ട കുരയാണെന്നും എത്രയും പെട്ടെന്നു കൂട്ടിലടയ്‌ക്കണമെന്നും അവര്‍ നേരത്തെ തന്നെ പറഞ്ഞിരുന്നതാണ്‌. നാട്ടില്‍ നല്ല പ്രഫഷണല്‍ ടച്ചോടെ കുരയ്‌ക്കാന്‍ കഴിയുന്നവരുള്ളപ്പോള്‍ ഈ നാടനും പഴഞ്ചനുമായ കുരയെന്തിനു സഹിക്കണം. ഈ കുര കേട്ടു കലി കയറുമ്പോഴാണ്‌ ഓരോ `മുകുന്ത'ങ്ങളെ `കുതിര'കയറാന്‍ വീട്ടുകാര്‍ തന്നെ ഇറക്കി വിടുന്നത്‌. ഈ കുര നിര്‍ത്തിച്ചിട്ടു കൂരയില്‍ കയറി ഒന്നു മൂരി നിവര്‍ത്താമെന്ന മോഹം ഇനിയും നടപ്പായിട്ടില്ല. അതിനിടയിലല്ലേ കാര്‍ന്നോര്‍ തന്നെ ഒരു പട്ടിയെ കെട്ടഴിച്ചു വിട്ടത്‌. ഈ പട്ടിയെ പിടിക്കാന്‍ ഡല്‍ഹിയിലെ പെരിയ സഖാവ്‌ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തിറങ്ങി. ഖേദത്തിന്റെ ഒരു ഇന്‍ജക്‌ഷന്‍ നല്‌കി തല്‌ക്കാലം പിടിക്കാനായിരുന്നു പുള്ളിക്കാരന്റെ നിര്‍ദേശം. എന്നാല്‍, ഇന്‍ജക്‌ഷനൊന്നും പോരാ മയക്കുവെടി തന്നെ വേണമെന്ന മട്ടിലാണു പാര്‍ട്ടി പത്രവും ചാനലും. പക്ഷേ, തന്റെ കസേര കണ്ടിട്ടാരും മയങ്ങേണ്ടെന്നു മലക്കം മറിഞ്ഞുകൊണ്ടാണെങ്കിലും കാര്‍ന്നോര്‍ വ്യക്തമാക്കി. ഇതിനിടയില്‍, പ്രതിപക്ഷം പട്ടിയെ കെട്ടിവലിച്ചു നിയമസഭയിലുമെത്തിച്ചു. മുഖ്യമന്ത്രി സഭയില്‍ ഇല്ലാതിരുന്നതിനാല്‍ സ്‌പീക്കര്‍ ഒരു ദിവസം അതിനെ പട്ടിണിക്കിട്ടു. മോങ്ങാനിരുന്ന നായയുടെ തലയില്‍ തേങ്ങാ വീണെന്നു പറഞ്ഞതു പോലെ പട്ടിയെന്നു കേട്ടപാടെ ചാനലുകള്‍ ഉണര്‍ന്നു. `ക്വട്ടേഷന്‍ ചര്‍ച്ചക്കാരെ' പൊടിതട്ടിയിറക്കി `പരസ്‌പര ദൂഷണം' തുടങ്ങി. പട്ടികടി ചര്‍ച്ച ചെയ്‌തു ഭരണപക്ഷവും പ്രതിപക്ഷവും അവസാനം തമ്മില്‍ കടിച്ചു. ഇതെല്ലാം കാണാന്‍ വിധിക്കപ്പെട്ട ജനങ്ങളില്‍ ആര്‍ക്കൊക്കെ വിഷബാധയേറ്റിട്ടുണ്ടെന്നതു അടുത്ത തെരഞ്ഞെടുപ്പില്‍ അറിയാം.പട്ടിവിഷയം കത്തി നില്‍ക്കുന്നതിനിടയിലാണ്‌, ശബരിമലയില്‍ ഭാരം ചുമക്കുന്ന കഴുതകളെക്കുറിച്ചുള്ള കവിതയുമായി നമ്മുടെ സുധാകരന്‍ മന്ത്രി ഒരു ചാനലില്‍ പ്രത്യക്ഷപ്പെട്ടത്‌. കഴുതകള്‍ ദ്രോഹിക്കപ്പെടുന്നതു പോട്ടെ, അതു പറഞ്ഞ്‌ ഇനി ഇങ്ങനെ നാട്ടുകാരെ ദ്രോഹിക്കരുതെന്നു ചാനലുകാരോടു വിനീതമായി അപേക്ഷിക്കുന്നു.


മിസ്‌ഡ്‌ കോള്‍

മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശത്തിനെതിരേ ഒറിജിനല്‍ പട്ടിയെ പിടിച്ചു കെട്ടി ബി.ജെ.പിക്കാരുടെ പ്രകടനം.- വാര്‍ത്ത

പട്ടി പിടിത്തക്കാരെ കിട്ടാതെ വിഷമിക്കുന്ന പഞ്ചായത്തുകള്‍ ഉടന്‍ ബി.ജെ.പി ഓഫീസുമായി ബന്ധപ്പെടുക.

എംഎല്‍എയുടെ വേഷവും നാട്ടുകാരുടെ നാണവും !

`വേഷങ്ങള്‍.. ജന്മങ്ങള്‍.. വേഷം മാറാന്‍ നിമിഷങ്ങള്‍'... തൊടുപുഴയില്‍ ഭൂമി വിതരണ ചടങ്ങില്‍ വനിതാ എംഎല്‍എയുടെ വരവു കണ്ടപ്പോള്‍ വേദിയിലിരുന്ന പലരും അറിയാതെ പാടിപ്പോയി. തോട്ടം തൊഴിലാളികളുടെ കോട്ടങ്ങള്‍ കൊട്ടിഘോഷിക്കാന്‍ തോട്ടം തൊഴിലാളി സ്‌ത്രീ ആയിത്തന്നെ പുള്ളിക്കാരി വേഷം കെട്ടി. ഇപ്പോള്‍ വാടക വേഷം കെട്ടേണ്ടി വന്നാലും ശേഷം വോട്ടായി മാറില്ലെന്ന്‌ ആരു കണ്ടു? ഈ തോട്ടം തൊഴിലാളിയെ കണ്ട്‌ ഹൈറേഞ്ചിലെ പല തോട്ടങ്ങളും ഞെട്ടി. വേദിയില്‍ പല ഭരണപക്ഷ തോട്ടാകളും പൊട്ടി. മന്ത്രി ഭൂമിവിതരണ മേള നടത്തുന്നുവെന്നു കേട്ടാണ്‌ നാട്ടുകാരില്‍ പലരും ഓടിക്കൂടിയത്‌. ചെന്നപ്പോള്‍ അതാ, വേദിയിലെ മിച്ചഭൂമിയില്‍ വേഷം മാറിയ എംഎല്‍എ കണ്ണീര്‍ വാരി വിതറുന്നു. അവസാന ഇന്ത്യക്കാരനും നാണം മറയ്‌ക്കാന്‍ വസ്‌ത്രം കിട്ടിയിട്ടേ താന്‍ മേല്‍വസ്‌ത്രം ധരിക്കൂ എന്നു പറഞ്ഞ ഗാന്ധിജി സ്‌ത്രീ രൂപത്തില്‍ അവതരിച്ചതാണോയെന്നു ഒരു നിമിഷം പലരും ശങ്കിച്ചു. പക്ഷേ, വില കൂടിയ മെതിയടിയും വന്നിറങ്ങിയ ആഡംബരക്കാറും കണ്ടപ്പോള്‍ ഉറപ്പിച്ചു, ഇതു ഗാന്ധിജിയല്ല, `ഗാന്ധിത്തല'യുള്ള ഏതോ `ജി' ആണ്‌. വനിതാ എംഎല്‍എ കേരളനാടിന്‌ മഹത്തായൊരു മാതൃകയാണു കാണിച്ചു തന്നതെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. ഇങ്ങനെ ഓരോ ജനപ്രതിനിധികളും വിവിധ സമൂഹങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തു വേഷങ്ങള്‍ മാറി വന്നിരുന്നെങ്കില്‍ സര്‍ക്കാര്‍ ചടങ്ങുകള്‍ എത്രയോ രസകരമാവുമായിരുന്നു. നേതാക്കന്‍മാരുടെ റബര്‍ ബാന്‍ഡു പോലെ നീളുന്ന പ്രസംഗത്തിന്റെ ബോറടിയും ഒഴിവാക്കാം. നിയമസഭയിലും മറ്റും ഉന്നയിക്കാന്‍ പോകുന്ന പ്രശ്‌നങ്ങള്‍ക്കു ചേരുന്ന വിധത്തിലുള്ള വേഷങ്ങളും വസ്‌ത്രങ്ങളും ധരിച്ചാല്‍ കാര്യത്തിനു പെട്ടെന്നു തീരുമാനമുണ്ടാകുമെന്നാണ്‌ വനിതാ എംഎല്‍എയുടെ പ്രകടനം നാട്ടുകാരെ പഠിപ്പിക്കുന്നത്‌. മത്സ്യത്തൊഴിലാഴികള്‍, ചുമട്ടുകാര്‍, തെങ്ങുകയറ്റത്തൊഴിലാളികള്‍, ലോട്ടറി കച്ചവടക്കാര്‍, മണല്‍ വാരുന്നവര്‍ തുടങ്ങി നിരവധി വിഭാഗങ്ങളുടെ വേഷങ്ങളുമണിഞ്ഞ്‌ നമ്മുടെ എംഎല്‍എമാര്‍ നിയമസഭയില്‍ എത്തുന്ന കാഴ്‌ച അതെത്രയോ രസകരമായിരിക്കും. റിയാലിറ്റി ഷോ പോലെ ഇടയ്‌ക്ക്‌ അല്‌പം കണ്ണീരും നിലവിളിയും സമം ചേര്‍ത്താല്‍ `സംഗതി' ഗംഭീരമാകും. പെട്ടെന്നു കണ്ണീര്‍ വരുത്താന്‍ കഴിയുന്നില്ലെങ്കില്‍ ഇക്കാര്യത്തില്‍ ജ്ഞാനമുള്ള തലമുതിര്‍ന്ന രാഷ്‌ട്രീയക്കാര്‍ പലരുമുണ്ട്‌. അവരുടെ ഉപദേശം സ്വീകരിക്കാവുന്നതാണ്‌. ഇത്‌ ഈ വേഷം കെട്ടുമ്പോള്‍ മാത്രമല്ല, മരണവീട്ടിലും മറ്റും ചെല്ലുമ്പോഴും പ്രയോജനപ്പെട്ടും. നേതാക്കളുടെ തന്ത്രം പ്രയോഗിച്ചിട്ടും വാട്ടര്‍ അഥോറിറ്റിയുടെ ടാപ്പു പോലെ കാറ്റു മാത്രമേ കണ്ണില്‍നിന്നു വരുന്നുള്ളൂവെങ്കില്‍ സിനിമാക്കാര്‍ പ്രയോഗിക്കുന്ന ഗ്ലിസറിനോ മറ്റോ വാങ്ങുന്നതായിരിക്കും ഉചിതം. സംവിധായകന്‍ വിനയനെയും സംഘത്തെയും ഇപ്പോള്‍ സമീപിച്ചാല്‍ നടക്കും. കാരണം, അവരിപ്പോള്‍ ഗ്ലിസറിനില്ലാതെ തന്നെ കരച്ചില്‍ തുടങ്ങിയിട്ടുണ്ട്‌. അതിനാല്‍, അവരുടെ കൈവശം ഗ്ലിസറിന്‍ ധാരാളം സ്റ്റോക്ക്‌ ഉണ്ടാവണം. വേഷത്തിന്റെയും വസ്‌ത്രത്തിന്റെയും കാര്യം പറയുമ്പോള്‍ ശബരിമല പാതയില്‍ സുധാകരന്‍ മന്ത്രി വിരിച്ച കയര്‍ ഭൂവസ്‌ത്രത്തിന്റെ കാര്യം മറക്കരുത്‌. സാധാരണ വസ്‌ത്രം ധരിക്കാത്തവരെ കാണുമ്പോഴാണ്‌ പലരും നാണംകൊണ്ടു മുഖം പൊത്തുന്നത്‌. ഇവിടെ മന്ത്രിയുടെ കയര്‍ ഭൂവസ്‌ത്രം കാണുമ്പോഴാണ്‌ നാട്ടുകാര്‍ നാണം കൊണ്ടു മുഖം പൊത്തുന്നത്‌. എന്തായാലും, എംഎല്‍എമാരുടെ വേഷം കെട്ടല്‍ തുടരുമ്പോള്‍ നമ്മുടെ നാട്ടില്‍ വസ്‌ത്രം ഉപയോഗിക്കാത്ത `ദിഗംബരന്‍മാര്‍' ഇല്ലാത്തതു നന്നായി. കാരണം, ഏതെങ്കിലും എംഎല്‍എയ്‌ക്ക്‌ അവരുടെ പ്രശ്‌നം ശ്രദ്ധയില്‍കൊണ്ടുവരണമെന്നു തോന്നിയാല്‍ ?

മിസ്‌ഡ്‌ കോള്‍
വിമാനക്കൂലി ഇനത്തില്‍ മന്ത്രി സുധാകരന്‍ ഒരു രൂപ പോലും ചെലവാക്കിയില്ല.- വാര്‍ത്ത
സുധാകരന്‍ പറഞ്ഞാല്‍ ഡല്‍ഹി ഇങ്ങോട്ടു വരും പിന്നെന്തിനാ അങ്ങോട്ടു പോകുന്നത്‌ ?

മുകുന്ദേട്ടാ പുണ്യവാളന്‍ വിളിക്കുന്നു !

ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുമുറി തന്നെ തിന്നണമെന്നതു നാട്ടുനടപ്പ്‌. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ ചിപ്പിയും കക്കയും പെറുക്കി നടന്നിരുന്ന മുകുന്ദേട്ടനെ ബേബിസാര്‍ വിളിച്ചു സാഹിത്യഅക്കാദമിയുടെ നടുക്കസേരയില്‍ ഇരുത്തിയതുകൊണ്ടു നാട്ടുനടപ്പു തെറ്റിക്കാനൊക്കുമോ ? സി.പി.എമ്മില്‍ ഇപ്പോള്‍ ചേരകളുടെ എണ്ണം തീരെ കുറവാണ്‌. കേന്ദ്രത്തിലുണ്ടായിരുന്ന ചാറ്റര്‍ജിയെന്ന പെരുംചേരയെ പാര്‍ട്ടിക്കാര്‍ തന്നെ മാളത്തിലടച്ചു. ഇപ്പോള്‍ വാല്‍ അല്ലാത്തതെല്ലാം അളയിലായി എന്ന പരുവത്തില്‍ കഴിയുകയാണു പുള്ളിക്കാരന്‍. ബന്തിനും ഹര്‍ത്താലിനും മുന്നില്‍ വിലങ്ങനെ കിടന്നു വെയിലു കാഞ്ഞ ഒരു ബംഗാള്‍ ചേരയെ പാര്‍ട്ടിക്കാര്‍ ചേര്‍ന്നു തോലുരിഞ്ഞിട്ടു അധികം നാള്‍ ആയില്ല. നമ്മുടെ നാട്ടിലുള്ള സീനിയര്‍ സിറ്റിസണായ ഒരു ചേരയെ പാര്‍ട്ടിക്കാര്‍ വട്ടംകൂടിയിരുന്നു അല്‌പാല്‌പമായി അകത്താക്കാന്‍ തുടങ്ങിയിട്ടു കാലം കുറെയായി. പാര്‍ട്ടി കമ്മിറ്റി ചേര്‍ന്നു നേരത്തെ തന്നെ പല്ലും നെയ്യും എടുത്തു കളഞ്ഞെങ്കിലും ഇപ്പോഴും ശൗര്യം കുറഞ്ഞിട്ടില്ലത്രേ. ഈ ചേരയുടെ തോലു പൊളിക്കാന്‍ പലവട്ടം കത്തിവച്ചതാണെങ്കിലും ബാലറ്റു പേപ്പറില്‍ നാട്ടുകാര്‍ കുത്തി മലത്തുമോ എന്ന പേടിമൂലം തത്‌കാലം ചെത്തിയിട്ടില്ല.ഇതിനിടെയാണു പ്രസ്‌തുത ചേരയുടെ നടുമുറിയില്‍ തന്നെ മുകുന്ദേട്ടന്റെ കടി വീണിരിക്കുന്നത്‌. അക്കാദമിയുടെ നടുക്കസേര തന്നവരോടു നടുമുറി തന്നെ തിന്നു നന്ദികാട്ടിയില്ലെങ്കില്‍ പിന്നെ ഏതു മയ്യഴിപ്പുഴയില്‍ കുളിച്ചാലും ശാപമോക്ഷം കിട്ടിമോ ? മാത്രവുമല്ല യഥാര്‍ഥ പുണ്യവാളന്‍ ആരെന്നു സമൂഹത്തിനെ പഠിപ്പിക്കേണ്ടതു ഒരു സാഹിത്യകാരന്റെ ചുമതലയല്ലേ. പക്ഷേ, അള മുട്ടിയാല്‍ ചേരയാണെങ്കിലും വെറുതേയിരിക്കുമോ ? അതിനുമില്ലേ ചോരയും നീരും. ഉള്ള ഊരുകൊണ്ടു പുള്ളിക്കാരന്‍ കടിച്ചു കുടഞ്ഞു കളഞ്ഞു. മുകുന്ദമല്ല, എന്തു കുന്തമാണെങ്കിലും തനിക്കു പ്രശ്‌നമില്ലെന്ന മട്ടിലായിരുന്നു ഈ ചേരയുടെ വീര്യം. കടി `കൈ'ക്കിട്ടായിരുന്നെങ്കിലും ഏറ്റതു `തല'യ്‌ക്കിട്ടാണെന്നാണ്‌ ഇപ്പോള്‍ കേള്‍ക്കുന്നത്‌. കടിയേറ്റു കേടുപറ്റിയ `തല' ഇനി എന്തു ചെയ്യുമെന്ന കൗതുകത്തിലാണ്‌ നാട്ടുകാര്‍. കുലംകുത്തിയാലും കുളം കുത്തിയാലും അത്‌ അധികം വൈകില്ലെന്നാണ്‌ സൂചന. മാത്രവുമല്ല, മുകുന്ദേട്ടന്റെ കടിയേറ്റതോടെ കുന്തം എതുവഴി പോയെന്ന അന്വേഷണത്തിലാണ്‌ നാട്ടുകാര്‍. ഇനി എ.കെ.ജി സെന്ററിലെ കുടത്തിലൊന്നു തപ്പിനോക്കിയാലോ എന്ന ആലോചനയും ഇല്ലാതില്ല. നാട്ടിലെ പല സാംസ്‌കാരിക കുന്തങ്ങളും ഇപ്പോള്‍ ഈ കുടത്തിലാണല്ലോ അഭയം കണ്ടെത്തിയിരിക്കുന്നത്‌. മുന പോയി തുടങ്ങിയ ചില `അഴീക്കോടന്‍' കുന്തങ്ങള്‍ ഇപ്പോള്‍ രാകി മൂര്‍ച്ച വരുത്തുന്നതും എ.കെ.ജി സെന്ററിലെ അലക്കു കല്ലില്‍ തേച്ചാണത്രേ. അവിടെയാകുമ്പോള്‍ മൂര്‍ച്ചയും കൂട്ടാം, വിഴുപ്പുമലക്കാം. `കാലഹരണപ്പെട്ട പുണ്യവാളന്‍' എന്ന പേരുമിട്ടു തന്റെ പടം ഭിത്തിയില്‍ തൂക്കാനാണ്‌ മോഹമെങ്കില്‍ അതിനുള്ള മകുടി ഊതിയതു മതിയെന്നായിരുന്നു കാര്‍ന്നോരുടെ മുന്നറിയിപ്പ്‌. പാമ്പും പഴകിയതാണു നല്ലതെന്ന ചൊല്ല്‌ മറക്കരുതെന്നു ഉപദേശിക്കാനും കക്ഷി മറന്നില്ല. മുകുന്ദേട്ടന്‍ ഇത്രയൊക്കെ പറഞ്ഞെങ്കിലും പുള്ളിക്കാരന്‌ ഈ പഴകിയ പാമ്പിനോടു ഇപ്പോഴും ബഹുമാനം മാത്രമേയുള്ളത്രേ. ബഹുമാനം കൂടിയതു കാരണം മാസികയിലെ വിവാദ ലേഖനം പോലും കക്ഷി എഴുന്നേറ്റു നിന്നു കൊണ്ടാണ്‌ എഴുതിയതെന്നാണ്‌ അറിവ്‌. ഈ പോക്കുപോയാല്‍ സാഹിത്യ അക്കാദമി വൈകാതെ സാ `ഹത്യ' അക്കദമിയാകുമോയെന്നതാണിപ്പോള്‍ നാട്ടുകാരുടെ സംശയം.

മിസ്‌ഡ്‌ കോള്‍
തൃശൂര്‍ പോലീസ്‌ അക്കാദമിയില്‍ തോക്ക്‌ മോഷണം പോയതായി പരാതി.- വാര്‍ത്ത
തോക്ക്‌ കേരളാ പോലീസിന്റേതായതിനാല്‍ വെടിവയ്‌ക്കാന്‍ കൊണ്ടുപോയതല്ലെന്ന്‌ ഉറപ്പിക്കാം.

നമ്മുടെ കവാത്തും അവരുടെ സണ്‍ ബാത്തും !

വായു ഗുളിക വാങ്ങാന്‍ പായുകയാണെങ്കിലും ആനയെയും സായിപ്പിനെയും കണ്ടാല്‍ ഒന്നു നോക്കാതെ പോകാന്‍ മലയാളിക്കു കഴിയില്ലെന്നാണ്‌ ചൊല്ല്‌. ആന നാട്ടില്‍ ഇഷ്‌ടം പോലെയുണ്ട്‌. പക്ഷേ, സായിപ്പുമാരെ കൂട്ടത്തോടെ കാണണേല്‍ വിമാനം കേറണം. അങ്ങനെ സായിപ്പുമാരെ കാണാനുള്ള ഒരു സാദാമലയാളിയുടെ ആഗ്രഹത്തോടെ കേരളത്തില്‍നിന്ന്‌ ഏതാനും മന്ത്രിമാര്‍ അമേരിക്കയിലൊന്നു പോയതിനു എന്തെല്ലാം പുകിലുകളാണ്‌ ഈ നാട്ടില്‍ അരങ്ങേറുന്നത്‌. 400 കോടി മുടക്കി ചാന്ദ്രയാന്‍ ചന്ദ്രനിലേക്കു പോയപ്പോള്‍ ഇവിടെ കൈയടിയും പടക്കം പൊട്ടിക്കലുമായിരുന്നു. പക്ഷേ, പാവപ്പെട്ടൊരു ആഭ്യന്തരമന്ത്രി ഏതാനും ലക്ഷങ്ങള്‍ മുടക്കി അമേരിക്കയിലൊന്നു പോയപ്പോള്‍ പലര്‍ക്കും സഹിച്ചില്ല. ഇവിടെ തീവ്രവാദികള്‍ കൂടെളകി നടക്കുകയാണ്‌. മന്ത്രിയെ തിരിച്ചു വിളിക്കണം പോലും ! പിന്നേ.. അതിനല്ലേ ഇത്രയും കഷ്‌ടപ്പെട്ടു വിമാനം കേറിയത്‌. ധനവകുപ്പ്‌ ആദ്യം ചവറ്റുകുട്ടയിലിട്ട അപേക്ഷ എത്ര കഷ്‌ടപ്പെട്ടാണ്‌ വീണ്ടും ഒപ്പിച്ചെടുത്തതെന്നു ഈ തൊള്ള തുറക്കുന്ന മഹാന്‍മാര്‍ക്ക്‌ അറിയാമോ ? ആഭ്യന്തരമന്ത്രിയുടെ മണമടിച്ചാലുടനെ തീവ്രവാദികള്‍ വാലും ചുരുട്ടി സെക്രട്ടേറിയറ്റു നടയില്‍ വന്നിരിക്കും പോലും. സ്വന്തം പാര്‍ട്ടിയിലുള്ള `തീവ്രവാദികളെ'പ്പോലും ഇതുവരെ ശരിക്കൊന്നു പിടിച്ചു കെട്ടാന്‍ കഴിഞ്ഞിട്ടില്ല. അവരാണെങ്കില്‍ ഇടയ്‌ക്കിടെ മൂന്നാറിലും പോളിറ്റ്‌ ബ്യൂറോയിലുമൊക്കെ സ്‌ഫോടനങ്ങള്‍ നടത്തി രസിക്കുന്നു, പിന്നെയാ നാട്ടിലുള്ള തീവ്രവാദികള്‍. മന്ത്രി ഭാര്യയെയും കൂട്ടി അമേരിക്കയില്‍ പോയെന്നാണ്‌ മറ്റൊരു കൂട്ടരുടെ വിലാപം. അമേരിക്കന്‍ പ്രസിഡന്റായി വിജയിച്ച ഒബാമയുടെ കൂടെ 24 മണിക്കൂറും ഭാര്യയും കുട്ടികളുമുണ്ട്‌. പോരെങ്കില്‍ വൈറ്റ്‌ ഹൗസില്‍ ഭാര്യയ്‌ക്കു പ്രത്യേക ഓഫീസ്‌ വരെയുണ്ട്‌. പ്രചാരണത്തിനു പോലും ഒബാമയും മക്‌കെയിനും ഭാര്യമാരുമായിട്ടായിരുന്നു ചുറ്റിത്തിരിയല്‍. അപ്പോള്‍ പിന്നെ കേരളത്തിന്റെ ആഭ്യന്തരമന്ത്രി ഭാര്യയുമായി ചെന്നില്ലെങ്കില്‍ അമേരിക്കക്കാര്‍ എന്തു വിചാരിക്കും ? ഇനി അമേരിക്കയില്‍ `പൂ മൂടല്‍' നടത്താനാണു പോയതെന്നെങ്ങാനും ഇവറ്റകള്‍ പറഞ്ഞു കളയുമോയെന്നുള്ളതാണ്‌ ഇപ്പോഴത്തെ പേടി. കേരളത്തിലെ പോലീസ്‌ മന്ത്രി ലോക പോലീസായ അമേരിക്കയില്‍ പോകുന്നതിന്റെ ഗുണം ഇവിടുത്തെ പോലീസിനല്ലേ കിട്ടുന്നത്‌. ലോക പോലീസിനെ കണ്ടു പഠിച്ചില്ലെങ്കില്‍ നമ്മള്‍ എന്നും സാദാ ലോക്കല്‍ പോലീസ്‌ മാത്രം ആയിരിക്കുമത്രേ. കേരളത്തിലെ പോലീസിനെ മെച്ചപ്പെടുത്തുകയാണ്‌ ലക്ഷ്യമെങ്കില്‍ മന്ത്രിക്കൊപ്പം പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളെക്കൂടി കൊണ്ടുപോകേണ്ടതായിരുന്നെന്നാണ്‌ വിദഗ്‌ധമതം. കാരണം, പോലീസ്‌ സ്റ്റേഷനുകളിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്‌ ഈ തിരുവടികളാണല്ലോ. അമേരിക്കയെന്നു കേട്ടാല്‍ രോഷത്താല്‍ തിളക്കണം ചോര ഞരമ്പുകളില്‍.. എന്നുള്ളതാണ്‌ കൊടി പിടിക്കാറായ കാലം മുതല്‍ നമ്മള്‍ പാടി പഠിച്ചിട്ടുണ്ട്‌. പക്ഷേ, ഇത്‌ അണികളുടെ കാര്യമാണ്‌. നേതാക്കന്‍മാരുടെ ചോര അത്രയ്‌ക്കങ്ങു തിളയ്‌ക്കണമെന്നില്ല, ചെറുതായിട്ടു ചൂടായാല്‍ മതിയാകും. അണികള്‍ക്ക്‌ ഇടയ്‌ക്കിടയ്‌ക്ക്‌ അമേരിക്കയില്‍ പേകേണ്ടി വരില്ലാത്തതുകൊണ്ട്‌ ഇത്തിരി തിളച്ചാലും നഷ്‌ടമൊന്നുമില്ല. പിന്നെ വല്ലപ്പോഴുമിങ്ങനെ അമേരിക്കയിലേക്കും ഇംഗ്ലണ്ടിലേക്കുമൊക്കെ പോകുന്നതിനു വേറെയുമുണ്ട്‌ ന്യായങ്ങള്‍. സായിപ്പിനെ കാണുമ്പോള്‍ കവാത്ത്‌ മറക്കുന്നവരാണ്‌ ഇന്ത്യക്കാരെന്നാണല്ലോ പണ്ടേയുള്ള ആക്ഷേപം. അതൊന്നു മാറ്റിയെടുക്കണം. അതിനാല്‍, ഇത്തവണ കവാത്തു മാത്രമല്ല വേണ്ടിവന്നാല്‍ സണ്‍ ബാത്തോ സ്റ്റീം ബാത്തോ വരെ നടത്താന്‍ തയാറായിട്ടാണത്രേ നമ്മുടെ നേതാക്കള്‍ പോയിരിക്കുന്നത്‌.

മിസ്‌ഡ്‌ കോള്‍
മലയാളത്തിനു ക്ലാസിക്കല്‍ പദവി നല്‌കാത്തതു കേന്ദ്രത്തിന്റെ അവഗണനയെന്നു മുഖ്യമന്ത്രി.- വാര്‍ത്ത
മന്ത്രി സുധാകരനെക്കൊണ്ട്‌ രണ്ടു ക്ലാസിക്കല്‍ വര്‍ത്തമാനം പറയിച്ചാലോ ?

ചന്ദ്രനിലേക്കു പോകാന്‍ ഒരാളെ വേണം !

ചാന്ദ്രയാന്‍ ജീവനും കൊണ്ട്‌ ഭ്രമണപഥം കടന്നുകഴിഞ്ഞപ്പോഴാണ്‌ ശാസ്‌ത്രജ്ഞര്‍ക്ക്‌ ശ്വാസം നേരെ വീണത്‌. സംഗതി ചീറ്റുമോയെന്നതായിരുന്നില്ല പേടി. കൊട്ടിഘോഷിച്ചു റോക്കറ്റ്‌ കയറ്റിവിടുന്ന വാര്‍ത്ത കേട്ട്‌ സി.ഐ.ടി.യുക്കാരെങ്ങാനും വന്നു നോക്കുകൂലി ചോദിച്ചാല്‍ കുഴഞ്ഞില്ലേ. ഒരു റോക്കറ്റ്‌ കയറ്റി വിടുന്നതിനു എത്രയായിരിക്കും കൂലി? കുട്ടനാട്ടില്‍ കൊയ്‌ത്ത്‌ യന്ത്രം കയറ്റി വിടുന്നതിനു തന്നെ ആയിരങ്ങളാണ്‌ ചോദിച്ചത്‌. അപ്പോള്‍ പിന്നെ മുകളിലോട്ടു പോകുന്ന റോക്കറ്റിന്റെ കാര്യം പറയേണ്ടതുണ്ടോ. 2015-ല്‍ ഇന്ത്യയും ചന്ദ്രനില്‍ ആളെയിറക്കുമെന്നാണ്‌ കേള്‍ക്കുന്നത്‌. ചന്ദ്രന്‍ പൊതുമേഖലാ സ്ഥാപനമാണെന്നാണു പറയുന്നതെങ്കിലും ചെന്നിറങ്ങുമ്പോഴറിയാം നേരത്തെ പോയ അണ്ണന്‍മാര്‍ അവിടം മുഴുവന്‍ കെട്ടിവളച്ചു കുറ്റിയടിച്ചോയെന്ന്‌. ഇന്ത്യക്കാരനു കാലു കുത്താന്‍ അല്‌പം മിച്ചഭൂമിയെങ്കിലും മിച്ചമുണ്ടായാല്‍ മതിയായിരുന്നു. ഒരേയൊരു ചുവടു വയ്‌ക്കാനുള്ള ഇടം കിട്ടിയാല്‍ മതി. ബാക്കി നമുക്ക്‌ മൂന്നാറില്‍നിന്ന്‌ ആളെയിറക്കി കൈയേറാം. ചന്ദ്രനിലല്ല, വേണ്ടി വന്നാല്‍ ചൊവ്വയിലും ബുധനിലും സൂര്യനിലും വരെ കൈയേറ്റം നടത്തി റിസോര്‍ട്ട്‌ പണിയാന്‍ മിടുക്കന്‍മാരാണിവര്‍. വേണമെങ്കില്‍ ടാറ്റായുടെ സാങ്കേതിക സഹായവും കിട്ടും. ഒരു രണ്ടുവര്‍ഷത്തെ സാവകാശം കിട്ടിയാല്‍ രവീന്ദ്രന്‍ പട്ടയം മുതല്‍ ദേവേന്ദ്രന്‍ പട്ടയം വരെ ഉണ്ടാക്കും. പാര്‍ട്ടിയാപ്പീസ്‌ മുതല്‍ വാട്ടര്‍ തീം പാര്‍ക്കു വരെ ചന്ദ്രന്റെ ചങ്കത്തു കൊമ്പും കുത്തി നില്‍ക്കും. അവസാനം മലയാളിയെ പിടിച്ചിറക്കി വിടാന്‍ അമേരിക്ക ജെ.സി.ബിയുമായി ചന്ദ്രനിലൂടെ തേരാപ്പാര അലയും. ചെമ്പ്‌ പട്ടയവും ഇരുമ്പു പട്ടയവും കാണിച്ചു നമ്മള്‍ അമേരിക്കയെ കിടുകിടെ വിറപ്പിക്കും. പാവം അമേരിക്ക... ചന്ദ്രനിലെ മിച്ചഭൂമിയിലെവിടെങ്കിലും `ഗവണ്‍മെന്റ്‌ ഓഫ്‌ അമേരിക്ക' എന്ന ഒരു ബോര്‍ഡ്‌ സ്ഥാപിച്ചു അവര്‍ തൃപ്‌തി അടയും. വേണമെങ്കില്‍ ഇടയ്‌ക്കിടെ.. `കൈയേറ്റം പൂര്‍ണമായി ഒഴിപ്പിക്കും, ഇപ്പോള്‍ ഒഴിപ്പിക്കും' എന്നിങ്ങനെ ഇംഗ്ലീഷിലോ നീട്ടി വലിച്ചുള്ള മലയാളത്തിലോ പ്രസ്‌താവന നടത്തി ടെന്‍ഷനും മാറ്റാം. 2015-ല്‍ ചന്ദ്രനിലേക്കു പോകുന്ന ആള്‍ ആരെന്നു തീരുമാനിക്കാനുള്ള അവകാശം കേരളത്തിനു കിട്ടിയാല്‍ ? പ്രശ്‌നം യു.ഡി.എഫിലും എല്‍.ഡി.എഫിലും ചര്‍ച്ച ചെയ്യേണ്ടി വരും. എ.പി.ജെ അബ്‌ദുള്‍ കലാം തുമ്പയില്‍ വാണം വിടുന്ന ശാസ്‌ത്രജ്ഞനാണെന്നു പ്രഖ്യാപിച്ചുകൊണ്ട്‌ ഈ രംഗത്തെ തന്റെ അഗാധമായ പരിജ്ഞാനം വെളിവാക്കിയ വി.എസ്‌ സഖാവിനെന്താ ഒരു കുറവ്‌ ? ചന്ദ്രനിലാരെങ്കിലും കൈയേറ്റം നടത്തിയിട്ടുണ്ടെങ്കില്‍ അതൊഴിപ്പിക്കാനുള്ള ചങ്കുറപ്പുള്ളതും പുള്ളിക്കാരനു തന്നെ. കൂടെയൊരു `പൂച്ച'യെക്കൂടി കയറ്റി വിട്ടാല്‍ പുള്ളിക്കാരന്‍ ഹാപ്പിയായിരിക്കും. പക്ഷേ, ഇത്രയും വലിയൊരു നേട്ടത്തിന്റെ ഉടമയാകാന്‍ പിണറായി പക്ഷം സമ്മതിക്കുമോ ? ഇനിയിങ്ങോട്ടു വരില്ല, അവിടെ തന്നെ താമസിച്ചോളാമെന്നു എഴുതിക്കൊടുത്താല്‍ സമ്മതിക്കുമെന്നു മാത്രമല്ല, പോകാനുള്ള വണ്ടിക്കൂലി വരെ അവര്‍ ബക്കറ്റു പിരിവെടുത്തിട്ടാണെങ്കിലും സംഘടിപ്പിച്ചു കൊടുക്കും.അല്ലെങ്കില്‍, പിന്നെ ബുദ്ധിയും വിവരവുമുണ്ടെന്നു പറയാവുന്ന ആളൊരാള്‍ ഉള്ളതു വിദ്യാഭ്യാസ വകുപ്പിലാണ്‌. പക്ഷേ, ചന്ദ്രനില്‍ തട്ടിക്കളിക്കാന്‍ പുസ്‌തകവും പിള്ളാരുമില്ലാത്ത സ്ഥിതിക്കു പുളളിക്കാരനു ബോറടിക്കില്ലേ ?ഇനിയൊരു കോണ്‍ഗ്രസുകാരനെ വിടാനെങ്ങാനും തീരുമാനിച്ചാല്‍ തീര്‍ന്നു, നേതാക്കളുടെ ഇരച്ചുകയറ്റമാരിക്കും. അപേക്ഷയും ശിപാര്‍ശയുമെല്ലാം കഴിയുമ്പോള്‍ ഒരു തീവണ്ടിക്കു പോകാനുള്ളത്ര ആളിന്റെ ലിസ്റ്റ്‌ റെഡി. ലിസ്റ്റ്‌ പിന്നെ എത്രപ്രാവശ്യം ഡല്‍ഹി- തിരുവനന്തപുരം ഓടേണ്ടി വരുന്നമെന്നു ഇന്നുവരെ ഭൂമിയിലാര്‍ക്കും പ്രവചിക്കാനാവില്ല. അതിനാല്‍, മലയാളിക്കു യോഗമുണ്ടാകുമോയെന്നു കാത്തിരുന്നു കാണാം.

മിസ്‌ഡ്‌ കോള്‍
ഇന്ത്യക്കാരനെ ചന്ദ്രനിലിറക്കാന്‍ 12,000 കോടിയുടെ പദ്ധതി.- വാര്‍ത്ത
ടിപ്പര്‍കാരോടു പറഞ്ഞാല്‍ തികച്ചും ഫ്രീയായി പരലോകത്ത്‌ എത്തിക്കുമല്ലോ !

മൂന്നാറിലെ ക്ഷീണം ഡല്‍ഹിയില്‍ തീരുമോ ?

അരിയും തിന്ന്‌ ആശാരിച്ചിയെയും കടിച്ചിട്ടും ശുനകനു വീണ്ടും മുറുമുറുപ്പ്‌... ! ഇവിടെ ഒരു കൂട്ടര്‍ സത്യഗ്രഹം നടത്താന്‍ പായും ചുരുട്ടി വടക്കോട്ടു വച്ചു പിടിക്കുമ്പോള്‍ സാദാ ജനം ഇതില്‍കൂടുതല്‍ എന്തു പറയാന്‍ ?മൂന്നാലുവര്‍ഷം കേന്ദ്രസര്‍ക്കാരിനെ ഇടതു തോളുകൊണ്ടു താങ്ങി നിര്‍ത്തിയിരിക്കുകയാണെന്നു വീമ്പിളക്കിയ കാലത്തൊന്നും പറഞ്ഞു വാങ്ങാത്തതാണ്‌ ഇപ്പോള്‍ സത്യഗ്രഹം നടത്തി മേടിക്കാനൊരുങ്ങുന്നത്‌. ശുനകന്‍ ചന്തയ്‌ക്കു പോയതില്‍ കൂടുതലൊന്നും ഈ പദ്ധതിയില്‍നിന്നു ജനം പ്രതീക്ഷിക്കുന്നില്ല. ബസ്‌ ചാര്‍ജ്‌ കൂട്ടി, വെള്ളക്കരം കൂട്ടി, കറന്റ്‌ ചാര്‍ജ്‌ കൂട്ടി, പാല്‍വില കൂട്ടി, ടാക്‌സി ചാര്‍ജ്‌ കൂട്ടി, സാധന വില കൂട്ടി... ഇനി തൊട്ടു കൂട്ടാന്‍പോലും നാട്ടിലൊന്നുമില്ലെന്നു കണ്ടപ്പോള്‍ കിട്ടിയവരെയെല്ലാം വട്ടംകൂട്ടി ഡല്‍ഹിയില്‍ കുത്തിയിരിക്കാന്‍ പോണത്രേ. കേന്ദ്ര അവഗണനയ്‌ക്കെതിരേ ഡല്‍ഹിയെ വിറപ്പിക്കുന്ന ഗര്‍ജനമാണ്‌ ഉണ്ടാകാന്‍ പോകുന്നതത്രേ. സത്യഗ്രഹം കഴിയുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ വിറച്ചു താഴെപ്പോകുമോയെന്നതു മാത്രമേ ഇനി അറിയാനുള്ളൂ. ചത്തു കിടന്നാലും ചമഞ്ഞു കിടക്കണമെന്നാണല്ലോ ചൊല്ല്‌.. അതുകൊണ്ട്‌ ഇരക്കാന്‍ പോയാലും വിമാനത്തില്‍ പോകണമെന്ന കാര്യം നിര്‍ബന്ധം. സര്‍ക്കാര്‍ ചെലവില്‍ സമരത്തിനു പോകുന്നതിനു ഇത്ര വലിയ കോലാഹലമുണ്ടാക്കേണ്ട കാര്യമുണ്ടോ? ഇരന്നു തിന്നുന്ന പരുവത്തിലായ ജനങ്ങളെ തുരന്നു തിന്നുകയാണെന്നുവരെ ചില പറഞ്ഞു കളഞ്ഞു. ജനത്തിനു വേണ്ടി ഇത്ര കഷ്‌ടപ്പെട്ടു പോകുന്ന നേതാക്കള്‍ക്ക്‌ വണ്ടിക്കൂലിയും ചെലവുകാശും കൊടുത്തു വിടുന്നതില്‍ എന്താണ്‌ തെറ്റ്‌ ? രണ്ടു ദിവസമെങ്കില്‍ രണ്ടു ദിവസം, കേരളത്തിലെ ജനത്തിന്റെ വളിച്ച മോന്ത കാണാതെ ഈ പാവങ്ങള്‍ ഡല്‍ഹിയില്‍ സമാധാനത്തോടെ കഴിയട്ടെ. `കൂട്ടല്‍' കുത്തനെ പെരുകിയപ്പോള്‍ ആരോ ആദ്യം തട്ടിക്കൂട്ടികൊടുത്ത തന്ത്രമായിരുന്നു മൂന്നാര്‍ സത്യഗ്രഹം. മൂന്നാര്‍ തീര്‍ഥാടനം നടത്തി കുറ്റിയടിച്ചാല്‍ എത്ര വയലന്റായി നില്‍ക്കുന്ന ജനവും സൈലന്റാകുമെന്നു കരുതിയാണു കാര്‍ന്നോര്‍ തലയില്‍ തൊപ്പിയും വച്ച്‌ മൂന്നാര്‍ മലകയറാനെത്തിയത്‌. പക്ഷേ, സത്യഗ്രഹം തുടങ്ങുന്നതിനു മുമ്പു സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ നാരങ്ങാനീരു നല്‌കി സംഗതി അവസാനിപ്പിച്ചു കളഞ്ഞു. ഇവിടെ `സത്യഗ്രഹം' നടത്തി വെളുപ്പിക്കാമെന്ന അത്യാഗ്രഹം അങ്ങു പോളിറ്റ്‌ ബ്യൂറോയില്‍ ചെന്നു പറഞ്ഞാല്‍ മതിയെന്ന സഖാക്കളുടെ കുറിമാനവും വാങ്ങി നന്ദി പറഞ്ഞു അങ്ങനെ കാര്‍ന്നോര്‍ മലയിറങ്ങി. ആ ക്ഷീണം ഡല്‍ഹിയില്‍ തീര്‍ക്കാനാകുമെന്ന പ്രതീക്ഷയിലാണ്‌ കാര്‍ന്നോരും സംഘവും വിമാനം കയറിയത്‌. മൂന്നാറിലെ ക്ഷീണം ഡല്‍ഹിയില്‍ തീരുമോയെന്നു നോക്കാം.ആണവക്കരാര്‍.. ആണവക്കരാര്‍ എന്നു നിലവിളിച്ചു ഇടതു നേതാക്കള്‍ വായിലെ വെള്ളമെത്ര വറ്റിച്ചു. കേന്ദ്ര അവഗണനയ്‌ക്കെതിരേ ഡല്‍ഹിയില്‍ സമരം നടത്തി രക്തം തിളപ്പിക്കൊനൊരുങ്ങുമ്പോള്‍ ജനം ഒന്നു ചിന്തിച്ചു പോകുന്നു. ആണവക്കരാറിന്റെ കാര്യത്തിലും ഇത്തരമൊരു സമീപനം സ്വീകരിക്കാമായിരുന്നില്ലേ. ഇന്ത്യയെ ചതിക്കെണിയില്‍പ്പെടുത്തിയ ബുഷിന്റെ വൈറ്റ്‌ ഹൗസിനു മുന്നില്‍ ഇടതുപക്ഷമൊന്നാകെ ഇത്തരമൊരു സത്യഗ്രഹം നടത്തിയിരുന്നെങ്കില്‍ അമേരിക്ക ഞെട്ടിവിറച്ചേനെ. മുട്ടുകൂട്ടിയിടിച്ചു ബുഷ്‌ നില്‍ക്കുന്ന കാഴ്‌ച ഹാ..ഒന്നു കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ? എന്തായാലും സമരത്തിനു പോകുമ്പോള്‍ ഓരോ ബക്കറ്റു കൂടി കൈയില്‍ കരുതുന്നതു ഉചിതമാണ്‌. ബക്കറ്റിന്‌ രാഷ്‌ട്രീയത്തിലുള്ള പ്രാധാന്യമെത്രയുണ്ടെന്നു ഡല്‍ഹിക്കാരെ ഒന്നു ബോധ്യപ്പെടുത്താമായിരുന്നു. നിങ്ങള്‍ ഒന്നും തന്നില്ലെങ്കിലും ഈ ഒരു ബക്കറ്റുണ്ടെങ്കില്‍ ഞങ്ങള്‍ക്കു പലതും ചെയ്യാനാകുമെന്നു അവര്‍ക്കൊരു മുന്നറിയിപ്പും നല്‌കാമായിരുന്നു.

മിസ്‌ഡ്‌ കോള്‍
യൂത്ത്‌ കോണ്‍ഗ്രസ്‌ ഭാരവാഹിപ്പട്ടികയില്‍ നാടുവിട്ടു പോയവരും.- വാര്‍ത്ത
പാവങ്ങള്‍... പാര്‍ട്ടിക്കുവേണ്ടി നാടും വീടും ഉപേക്ഷിച്ചവരാകും !

ഗാന്ധിത്തലയ്‌ക്കു പകരം ശബരിത്തല !

കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്നു കരുതിയപ്പോള്‍ അതു നമ്മുടെ കൊല്ലംകാരന്‍ ശബരീനാഥിനെക്കുറിച്ചാണെന്നു തെല്ലും കരുതിയിരുന്നില്ല. കൊടുത്തവര്‍ക്കു കൊല്ലത്തല്ല കോടിയേരിയില്‍ ചെന്നാലും ഒന്നും തിരികെ കിട്ടാന്‍ പോകുന്നില്ലെന്നാണ്‌ കേള്‍വി. `ടോട്ടല്‍ ഫോര്‍ യു' എന്നു കേട്ടപ്പോള്‍ ആകെ മൊത്തം ടോട്ടല്‍ നമുക്കായിരിക്കുമെന്നാണ്‌ കാശും കെട്ടിപ്പെറുക്കി ചെന്നവര്‍ കരുതിയത്‌. എന്നാല്‍, ഈ ഡയലോഗ്‌ കാശ്‌ വാങ്ങുന്നവന്‍ പറയുന്നതല്ല, ഇടുന്നവന്‍ പറയേണ്ടതാണെന്നു ഇപ്പോഴല്ലേ പലര്‍ക്കും മനസിലായത്‌. കുട്ടിക്കുബേരന്റെ തൊഴുത്തില്‍ കെട്ടിയിരിക്കുന്ന ആഡംബരക്കാറുകള്‍ കണ്ടപ്പോഴാണ്‌ നാട്ടുകാര്‍ ശരിക്കും ഞെട്ടിയത്‌. ആഡംബരക്കാറുകളില്‍ പലതും ചില ശ്രീമാന്‍മാരെയും ശ്രീമതിമാരെയും എഴുന്നള്ളിക്കാന്‍ നാടിന്റെ വിവിധ ഭാഗങ്ങളിലേക്കു അയച്ചിരിക്കുകയാണത്രേ. ആഭ്യന്തരമന്ത്രി ശിവ്‌രാജ്‌ പാട്ടില്‍ കോട്ടു മാറുന്നതിനേക്കാള്‍ വേഗത്തിലായിരുന്നു ശബരിക്കുട്ടന്‍ കാറു മാറിയിരുന്നും കേള്‍ക്കുന്നു. രാവിലെ ഒരു കാര്‍, ഉച്ചയ്‌ക്കു മറ്റൊന്ന്‌, വൈകുന്നേരം വേറൊന്ന്‌ എന്തിനധികം പറയുന്നു പുള്ളിക്കാരന്‌ മൂത്രമൊഴിക്കാന്‍ പോകാന്‍ വരെ പ്രത്യേകം കാറുണ്ടായിരുന്നെന്നാണ്‌ വാര്‍ത്തകള്‍. ഇരുന്നൂറു കോടിയിലേറെ രൂപയുടെ ബിസിനസ്‌ നടത്തി വന്നിട്ടും പരാതിക്കാര്‍ ഇതുവരെ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണെന്നതാണ്‌ രസകരമായ മറ്റൊരു കാര്യം. കാശു പോയ ചില പാവങ്ങള്‍ മാത്രം ആഡംബരക്കാറുകള്‍ക്കു മുന്നില്‍ അന്തംവിട്ടുനിന്നു കാറുന്നുണ്ട്‌. മീശ പോലും മുളയ്‌ക്കണോ വേണ്ടയോ എന്നാലോചിച്ചു നില്‍ക്കുന്ന ഒരു ചിന്ന പയ്യനാണു കോടികളിട്ടു അമ്മാനമാടിയതെന്ന്‌ ഓര്‍ക്കുമ്പോള്‍ ചില രാഷ്‌ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഉറക്കം നഷ്‌ടപ്പെട്ടിരിക്കുന്നു. ഫുള്‍ ടൈം അഴിമതി നടത്തിയിട്ടും ഇരുപത്തിനാല്‌ മണിക്കൂറും നിര്‍ത്താതെ കൈക്കൂലി വാങ്ങിയിട്ടും ഇവരില്‍ പലര്‍ക്കും ഇതുവരെ ഇതിന്റെ നാലിലൊന്നു സമ്പാദിക്കാന്‍ പറ്റിയിട്ടില്ല. ശബരീനാഥ്‌ ഒരു അതുല്യപ്രതിഭ തന്നെ. ഏകലവ്യനെപ്പോലെ തള്ളവിരല്‍ കൊടുത്തിട്ടാണെങ്കിലും ശബരീനാഥിന്റെ ശിഷ്യത്വം സ്വീകരിക്കാന്‍ വരെ പലരും റെഡിയായിട്ടുണ്ടത്രേ. കാശു വാരാന്‍ തള്ളവിരല്‍ വേണമെന്നില്ലല്ലോ. കാര്യങ്ങള്‍ ടോട്ടലായി മുന്നോട്ടു പോയിരുന്നെങ്കില്‍ കറന്‍സിയില്‍ അധികം വൈകാതെ `ഗാന്ധിത്തല'യ്‌ക്കു പകരം `ശബരിത്തല' കാണേണ്ടി വന്നേനെ. കേസിന്റെ പോക്കു കണ്ടിട്ട്‌ മാളിക മുകളേറിയ മന്നന്റെ തോളില്‍ മാറാപ്പ്‌ കേറ്റാന്‍ ഒരു `ഭവാനും' ധൈര്യപ്പെടുമെന്നു തോന്നുന്നില്ല. കാരണം രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തിയതും അവരൊക്കെ തന്നെയാണല്ലോ. ശബരിയെ ശരണം പ്രാപിച്ചിരുന്ന ഹേമലതമാര്‍ക്ക്‌ ഹേമം തട്ടാതിരിക്കാന്‍ പോലീസ്‌ ഇപ്പോള്‍ ഹോമം നടത്തി വരികയാണത്രേ. ചന്ദ്രമതിയെ തേടി പോലീസ്‌ ചന്ദ്രനില്‍ വരെ എത്തിക്കഴിഞ്ഞെന്നാണ്‌ കേള്‍വി. ചൊവ്വയില്‍ ജീവന്റെ ലക്ഷണങ്ങളുണ്ടെന്നു ഏതോ ശാസ്‌ത്രജ്ഞന്‍ സംശയം പ്രകടിപ്പിച്ച സ്ഥിതിക്ക്‌ മിക്കവാറും ചൊവ്വയിലും തെരച്ചില്‍ നടത്തിയിട്ടേ അന്വേഷണസംഘം മടങ്ങാനിടയുള്ളൂ. അന്യഗ്രഹ ജീവികളില്‍ ആര്‍ക്കെങ്കിലും ശബരീനാഥുമായി ബന്ധമുണ്ടോയെന്ന കാര്യവും പോലീസ്‌ അന്വേഷിച്ചു വരികയാണ്‌. എന്തായാലും, സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ടിരിക്കുന്ന കേരളസര്‍ക്കാരിനു തീര്‍ച്ചയായും ശബരീനാഥ്‌ ഒരു മുതല്‍ക്കൂട്ടാണ്‌. ധനമന്ത്രിയുടെ ഉപദേഷ്‌ടാവായി ശബരിയെ നിയമിക്കണമെന്നാണ്‌ സാധാരണക്കാരുടെ ആവശ്യം. നഷ്‌ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ശബരീനാഥിന്റെ ഒരു ഛായാചിത്രവും പുള്ളിക്കാരന്‍ ഉരുവിട്ട മഹത്‌ വചനങ്ങളും രേഖപ്പെടുത്തി വയ്‌ക്കുന്നത്‌ ഒരു പക്ഷേ, ഒരു കുതിച്ചു ചാട്ടത്തിനു വഴി വയ്‌ക്കും. അങ്ങനെ ശബരീനാഥ്‌ നീണാള്‍ വാഴട്ടെ..

മിസ്‌ഡ്‌ കോള്‍
ഓടിക്കൊണ്ടിരുന്ന കെ.എസ്‌.ആര്‍.ടി.സി ബസിന്റെ ഡ്രൈവര്‍ സീറ്റ്‌ തകര്‍ന്നു വീണു.- വാര്‍ത്ത
കെ.എസ്‌.ആര്‍.ടി.സി ഡ്രൈവര്‍മാര്‍ക്ക്‌ നിന്നുകൊണ്ടു ബസ്‌ ഓടിക്കാനുള്ള പരിശീലനം ഉടന്‍ നല്‌കും.

കണികാപരീക്ഷണം കേരളത്തിലും !

അങ്ങ്‌ ജനീവയില്‍ പ്രപഞ്ചോത്‌പത്തിയുടെ രഹസ്യം കണ്ടെത്താനെന്നും പറഞ്ഞ്‌ ഒരു സംഘം ശാസ്‌ത്രജ്ഞര്‍ കണികാപരീക്ഷണം നടത്തുന്നതിനെക്കുറിച്ച്‌ എന്തൊക്കെ പുകിലുകളാണ്‌ നാട്ടില്‍ ഉണ്ടാകുന്നത്‌. പ്രപഞ്ചം ഉണ്ടായതെങ്ങനെയെന്നു കണ്ടുപിടിക്കാമെന്ന്‌ ഒരു സംഘം. പ്രപഞ്ചം പോയിട്ടു പരീക്ഷണം നടത്തുന്നവന്റെ പൊടിപോലും കാണില്ലെന്ന്‌ മറുപക്ഷം. എന്തായാലും സര്‍ക്കാര്‍ കാര്യം പോലെ തീരുമാനമാകാന്‍ ഇരുപതു വര്‍ഷത്തോളമെടുക്കുമെന്നതിനാല്‍ തല്‌ക്കാലം അതിനെക്കുറിച്ചു സാധാരണക്കാരന്‍ തല പുകയ്‌ക്കേണ്ടതില്ലെന്നു ചുരുക്കം. പക്ഷേ, ഈ കണികാപരീക്ഷണമൊന്നും ഈ നാട്ടില്‍ പുതുമയുള്ള കാര്യമല്ലെന്നാണ്‌ ജനം ചൂണ്ടിക്കാണിക്കുന്നത്‌. രണ്ടുവര്‍ഷത്തിലേറെയായി ഒരു സംഘം ശാസ്‌ത്രജ്ഞര്‍ ഈ കണികാപരീക്ഷണം ഭംഗിയായി കേരളത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണത്രേ. അഞ്ചുവര്‍ഷം പ്രതിപക്ഷത്തു കുത്തിയിരുന്നു ഗവേഷണം നടത്തിയതിന്റെ ഫലമായി കോടികള്‍ മുടക്കിയുണ്ടാക്കിയ `കേരളഭരണ കൊളൈഡര്‍' എന്ന കൂറ്റന്‍ യന്ത്രത്തിലാണ്‌ കഴിഞ്ഞ രണ്ടുവര്‍ഷത്തിലേറെയായി കണികാപരീക്ഷണം നടന്നുവരുന്നത്‌. പരീക്ഷണത്തിന്റെ ആദ്യരണ്ടു ഘട്ടങ്ങള്‍ എ.കെ.ജി ശാസ്‌ത്രകേന്ദ്രത്തിലെ ശാസ്‌ത്രജ്ഞര്‍ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നാണ്‌ സൂചന. വിപരീത ദിശയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പിണറായി പ്രോട്ടോണുകളും വി.എസ്‌ പ്രോട്ടോണുകളും തമ്മിലുള്ള കൂട്ടിയിടിയാണ്‌ ഈ കൂറ്റന്‍ ടണലില്‍ നടക്കുന്നത്‌. ആദ്യ രണ്ടു ഘട്ടത്തിലും ചെറിയ ചെറിയ ഇടികളാണ്‌ നടന്നുവരുന്നത്‌. കൂട്ടിയിടി നടക്കുമ്പോള്‍ സംസ്ഥാന സമ്മേളനത്തിലേക്കാള്‍ കടുത്ത ചൂടാണ്‌ ഉണ്ടാകുന്നത്‌. ചൂടു കൂടി ടണല്‍ പൊട്ടാതിരിക്കാന്‍ പോളിറ്റ്‌ ബ്യൂറോയിലെ ശാസ്‌ത്രജ്ഞന്‍മാര്‍ ഭൂമിയില്‍ സൃഷ്‌ടിക്കാവുന്ന ഏറ്റവും കൂടിയ തണുപ്പ്‌ ടണലിനു ചുറ്റും സൃഷ്‌ടിച്ചു നല്‌കിയിരിക്കുകയാണത്രേ. പക്ഷേ, ചില കൂട്ടിയിടികളിലുണ്ടാകുന്ന ചൂട്‌ ഈ തണുപ്പിനെയും മറികടക്കുന്നതാണെന്നു നിരീക്ഷകര്‍ പറയുന്നു. സെസ്‌ പ്രോട്ടോണുകളെ ടണലിലൂടെ കടത്തി വിടുകയെന്ന നിര്‍ണായക പരീക്ഷണത്തിലായിരുന്നു കഴിഞ്ഞയാഴ്‌ചയില്‍ ശാസ്‌ത്രജ്ഞര്‍. ഉഗ്രന്‍ കൂട്ടിയിടികളാണ്‌ ടണലില്‍ നടന്നത്‌. അഞ്ചുവര്‍ഷം കാത്തിരിക്കുന്നതിനു മുമ്പേ `ബിഗ്‌ ബാംഗ്‌' എന്ന മഹാസ്‌ഫോടനമുണ്ടാകുമോയെന്ന സംശയം പല കോണില്‍നിന്നും ഉയര്‍ന്നിരുന്നു. ടണല്‍ തണുപ്പില്‍ പോളിറ്റ്‌ബ്യൂറോ ശാസ്‌ത്രജ്ഞര്‍ സജീവമായി ഇടപെടുകയും ചെയ്‌തു. എന്തായാലും ഇടിച്ചിടിച്ചു നിന്ന വി.എസ്‌ പ്രോട്ടോണുകള്‍ അപ്രതീക്ഷിതമായി ഓട്ടം നിര്‍ത്തി ഇപ്പോള്‍ ടണലില്‍ കുത്തിയിരിക്കുകയാണ്‌. ടണല്‍ തത്‌കാലം കൂട്ടിയിടി ഇല്ലാതെ പരീക്ഷണം തുടരുകയാണെങ്കിലും രണ്ടു വര്‍ഷത്തെ ഇടികളുടെ ഭാഗമായി പലേടത്തും തമോഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു തുടങ്ങിയിട്ടുണ്ടെന്നാണ്‌ കേള്‍ക്കുന്നത്‌. ഒഞ്ചിയത്തും ഏറാമലയിലുമുണ്ടായ തമോഗര്‍ത്തങ്ങള്‍ അത്ര ചെറുതുമല്ല. ഈ തമോഗര്‍ത്തങ്ങള്‍ വെട്ടിമൂടാന്‍ ഭീഷണിയുടെ തൂമ്പായുമായി കഴിഞ്ഞ ദിവസം മുഖ്യശാസ്‌ത്രജ്ഞന്‍ തന്നെ കളത്തിലിറങ്ങി. കുലംകുത്തിയാലും പാര്‍ട്ടിയില്‍ കുളംകുത്താനുള്ള അവസരം മറ്റാര്‍ക്കും നല്‌കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കാര്യങ്ങളുടെ പോക്ക്‌ ഈ രീതിയിലാണെങ്കില്‍ കണികാപരീക്ഷണം കഴിയുമ്പോള്‍ എവിടൊക്കെ തമോഗര്‍ത്തമുണ്ടാകുമെന്നു കണ്ടറിയണം. പരീക്ഷണം തകൃതിയാണെങ്കിലും ഭരണത്തിന്റെ കണികപോലും കാണാനില്ലെന്നുള്ളതാണ്‌ ഈ കണികാപരീക്ഷണത്തിന്റെ പ്രത്യേകത. പരീക്ഷണാവസാനം പോളിറ്റ്‌ ബ്യൂറോ പ്രപഞ്ചോത്‌പത്തി കണ്ടുപിടിക്കുമോ അതോ ചപ്പാത്തി കഴിച്ചു പിരിയുമോയെന്നു കാത്തിരുന്നു കാണാം.

മിസ്‌ഡ്‌ കോള്‍
നിര്‍ധന കുടുംബത്തിന്‌ വള ഊരി നല്‌കിയ വനിതാ കോണ്‍സ്റ്റബിളിന്‌ ഗുഡ്‌ സര്‍വീസ്‌ എന്‍ട്രി
- വാര്‍ത്ത
ഇടിച്ച്‌ എല്ല്‌ ഊരി കൊടുക്കുന്ന പോലീസുകാരെയും പരിഗണിക്കണം !

പരീക്ഷ വേണ്ട, നമുക്ക്‌ പാര്‍ക്കിലേക്കു പോകാം !

ഓണപ്പരീക്ഷ നടത്തുന്നതും എഴുതുന്നതും ശിക്ഷാര്‍ഹം..! വലിയ താമസമില്ലാതെ കേരളത്തിലെ സ്‌കൂളുകളുടെ ഉമ്മറത്ത്‌ ഇങ്ങനെയൊരു ബോര്‍ഡ്‌ തൂങ്ങിയാടുന്നതു കണ്ടാല്‍ ആരും ഞെട്ടരുത്‌. `ഓണപ്പരീക്ഷ നടത്തിയ അധ്യാപകന്‍ അറസ്റ്റില്‍', ഓണപ്പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ ഒളിവില്‍... എന്നിങ്ങനെയുള്ള വാര്‍ത്തകള്‍ വായിക്കാനിട വന്നാലും കാര്യമാക്കേണ്ടതില്ല, കാരണം ഇതു നമ്മുടെ വിദ്യാര്‍ഥികളുടെ തലേവരയാണ്‌. തലയില്‍ ഏതാനും വരകള്‍ മാത്രമുള്ളവരുടെ തലച്ചോറില്‍ ക്ഷമിക്കണം തലച്ചേറില്‍ വിരിഞ്ഞുകൊണ്ടിരിക്കുന്നവയാണ്‌ ഇത്തരം പരിഷ്‌കാരങ്ങള്‍. അല്ലെങ്കില്‍ തന്നെ പരീക്ഷയിലും പഠനത്തിലുമൊന്നും വലിയ കാര്യമില്ല. പരീക്ഷയും പഠനവുമില്ലാതെ എത്രയോ ബുദ്ധിജീവികളാണ്‌ ഈ നാട്ടിലുണ്ടായിട്ടുള്ളത്‌. അവരില്‍ ചിലര്‍ മന്ത്രിക്കുപ്പായത്തില്‍ വരെ കയറിപ്പറ്റുകയും ചെയ്‌തു. തലയില്‍ മുടിയില്ലാതിരിക്കുകയും താടിയില്‍ മുടി ഉണ്ടായിരിക്കുകയും ചെയ്‌താല്‍ ഏതു നേതാവിനും ബുദ്ധിജീവിയാകാം. സ്വയം ബുദ്ധിജീവി ആയാല്‍ മാത്രം പോരല്ലോ, പുതിയ തലമുറയെ ബുദ്ധിജീവികളാക്കുകയും വേണ്ടേ ? അതിനായിട്ടാണ്‌ ഇക്കൂട്ടരുടെ പെടാപ്പാട്‌. ഓണപ്പരീക്ഷ മാത്രമല്ല, ഘട്ടംഘട്ടമായി യൂണിഫോം, പേന തുടങ്ങിയവയെല്ലാം ഒഴിവാക്കും. പുസ്‌തകങ്ങള്‍ കംപ്ലീറ്റായി നിര്‍ത്തും. കാരണം, ഈ പുസ്‌തകങ്ങളാണ്‌ സര്‍വ കുഴപ്പത്തിനും കാരണം, പുസ്‌തകമടിച്ചതു കൊണ്ടല്ലേ പാഠപുസ്‌തകവിവാദമുണ്ടായത്‌ ? അതിനാല്‍ ഇത്തരം തലതിരിഞ്ഞ ഏര്‍പ്പാടുകള്‍ മുഴുവന്‍ നിര്‍ത്തണം. പുതിയ ബോധന രീതി അനുസരിച്ചു കാര്യങ്ങള്‍ കുട്ടികള്‍ക്കു തനിയെ പഠിക്കാനുള്ളതേയുള്ളൂ. അതിനാല്‍ വൈകാതെ അധ്യാപകരെയും ഒഴിവാക്കണം. അധ്യാപകര്‍ അധികപ്പറ്റായ സ്ഥിതിക്ക്‌ എന്തിന്‌ സ്‌കൂളിലേക്കു പോകണം, വീട്ടില്‍ തന്നെയിരുന്നു പഠിച്ചാല്‍ പോരെ ? എന്തെങ്കിലും സംശയമുണ്ടെങ്കില്‍ വീടിനടുത്തു തന്നെയുള്ള ബ്രാഞ്ച്‌ സെക്രട്ടറിയെയോ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയേയോ സമീപിച്ചാല്‍ മതിയാകും. അത്യാവശ്യം മുദ്രാവാക്യം വിളി, ബക്കറ്റ്‌ പിരിവ്‌, കടയടപ്പിക്കല്‍ തുടങ്ങിയ അടിസ്ഥാനപാഠങ്ങള്‍ അവര്‍ പറഞ്ഞു തരും. ബന്ത്‌, ഹര്‍ത്താല്‍, ബോംബേറ്‌ തുടങ്ങി ഉന്നതപഠനം ആഗ്രഹിക്കുന്ന കുട്ടികള്‍ ഏരിയ കമ്മിറ്റി, ജില്ലാകമ്മിറ്റി തുടങ്ങിയവയുമായി ബന്ധപ്പെടണം. പൂട്ടുന്ന സ്‌കൂളുകളെല്ലാം വാട്ടര്‍ തീം അമ്യൂസ്‌മെന്റ്‌ പാര്‍ക്കുകള്‍, പഞ്ചനക്ഷത്രഹോട്ടലുകള്‍, പാര്‍ട്ടി ഓഫീസുകള്‍ തുടങ്ങി പാവപ്പെട്ടവര്‍ക്ക്‌ ഉപകാരപ്പെടുന്ന സ്ഥാപനങ്ങളാക്കി മാറ്റണം. ഇവിടെ കുറഞ്ഞ ചെലവില്‍ കുട്ടികള്‍ക്കു വിനോദം നടത്താനുള്ള സൗകര്യങ്ങളുണ്ടാകണം. വേണമെങ്കില്‍ പറശിനിക്കടവിലെ വാട്ടര്‍ തീം പാര്‍ക്കിനെ മാതൃകയാക്കാവുന്നതാണ്‌. കോട്ടയം സമ്മേളനത്തോടെയാണു പാര്‍ട്ടി `വാട്ടര്‍ തീം' പാര്‍ക്കിന്റെ അനന്തസാധ്യതകള്‍ മനസിലാക്കിയതത്രേ. അന്നു കോരിച്ചൊരിയുന്ന മഴയില്‍ അകത്തും പുറത്തുമായി `വാട്ടറു'മായി അണികള്‍ തിമര്‍ത്താടുന്നതു കണ്ടപ്പോള്‍ പാര്‍ട്ടി നേതാക്കള്‍ക്കു പോലും ഇരുപ്പുറച്ചില്ല. അതിനാലല്ലേ തലയിലൊരു തുണിക്കഷണവുമിട്ടുകൊണ്ടു പെരിയ സഖാവ്‌ കോട്ടയം നാഗമ്പടം മൈതാനത്തെ `വാട്ടര്‍ തീം പാര്‍ക്കി'ലേക്കു നനഞ്ഞിറങ്ങിയത്‌. നാഗമ്പടത്തു നനഞ്ഞിറങ്ങിയവര്‍ ഇപ്പോള്‍ പറശിനിക്കടവില്‍ കുളിച്ചുകേറി നാട്ടുകാരെ `വിസ്‌മയി'പ്പിച്ചു. പക്ഷേ, കോട്ടയം മഴയുടെ കുളിര്‌ ഇപ്പോഴും വിട്ടുമാറാത്തവരുണ്ടെന്നുള്ളതും അടുത്ത കാലത്ത്‌ വ്യക്തമായി. അവര്‍ക്കിപ്പോഴും ഇടയ്‌ക്കിടെ കുളിരും പനിയും `ദേഹാസ്വാസ്ഥ്യ'വും അനുഭവപ്പെട്ടു വരികയാണ്‌. കാര്യങ്ങളുടെ കിടപ്പ്‌ ഇങ്ങനെയായ സ്ഥിതിക്ക്‌ സ്‌കൂളുകള്‍ പൂട്ടി ഇനി എല്ലാവര്‍ക്കും അമ്യൂസ്‌മെന്റ്‌ പാര്‍ക്കില്‍ പാര്‍ക്കലാം !

മിസ്‌ഡ്‌ കോള്‍
കാറ്റില്‍നിന്നു വൈദ്യുതി; സമ്മേളനത്തിനായി മന്ത്രി ബാലന്‍ ജര്‍മനിയിലേക്ക്‌.- വാര്‍ത്ത
വല്ലപ്പോഴും വീശുന്ന കാറ്റു കൂടി നിലയ്‌ക്കുമോ ?

അവര്‍ പണം മുടക്കുന്നു, നമ്മള്‍ പണി മുടക്കുന്നു !

ബന്ദ്‌, ഹര്‍ത്താല്‍ എന്നൊന്നും പറഞ്ഞു ഒരുത്തനും കൊടിയും പിടിച്ചു ബംഗാളിലോട്ടു പോന്നേക്കരുതെന്നു ബുദ്ധദേവ്‌ സഖാവ്‌ പറഞ്ഞപ്പോള്‍ നാട്ടുകാര്‍ വിചാരിച്ചു.. ഓ... അങ്ങനെ ഇക്കൂട്ടര്‍ക്കും ബുദ്ധിതെളിഞ്ഞു ! പക്ഷേ, നേരം ഇരുണ്ടു വെളുത്തപ്പോള്‍ കഥമാറി. `ഞങ്ങളെ തല്ലണ്ടമ്മാവാ.. ഞങ്ങള്‍ നന്നാവില്ല' എന്നു പറഞ്ഞു ദാ നില്‍ക്കുന്നു കേരളത്തിലൊരു കാര്‍ന്നോര്‍. ബുദ്ധിയുള്ള ദേവായാലും ഇല്ലാത്ത ദേവായാലും ഇതൊന്നും കേരളത്തില്‍ നടപ്പില്ലെന്നു പുളളിക്കാരന്‍ കട്ടായം പറഞ്ഞു. ഉത്തരവാദിത്വപ്പെട്ട നേതാക്കളെന്ന നിലയില്‍ ജനങ്ങള്‍ക്കു വേണ്ടി ആത്മാര്‍ഥതയോടെ നടപ്പാക്കിയിട്ടുള്ള ഏക കാര്യമാണ്‌ ഹര്‍ത്താല്‍. ആറു ദിവസവും `ജോലി' ചെയ്‌തു തളരുന്ന ജീവനക്കാര്‍ക്ക്‌ ഒരു ദിവസം വിശ്രമം വാങ്ങിക്കൊടുക്കുന്നതാണോ കുറ്റം ? കുട്ടികള്‍ നാലക്ഷരം പഠിച്ചു `വഴിതെറ്റാതിരിക്കാന്‍' സ്‌കൂളടച്ചിടുന്നതാണോ തെറ്റ്‌ ? തൊഴിലാളികളെ മുതലാളിമാരുടെ ചൂഷണത്തില്‍നിന്നു രക്ഷിക്കാന്‍ അവരെ പണിയിപ്പിക്കാതിരിക്കുന്നതാണോ കുഴപ്പം ? വെറുതേയിരുന്നു ആരോഗ്യം നശിക്കാതെ ഒരു ദിവസം നേതാക്കള്‍ക്കും അണികള്‍ക്കും കൈയും കാലുമൊക്കെയൊന്നിളക്കാന്‍ ഒരു അവസരമുണ്ടാക്കിക്കൊടുക്കുന്നത്‌ അത്ര വലിയ പാതകമാണോ ? ഇങ്ങനെയൊക്കെ ജനങ്ങള്‍ക്കു പലവിധമായ ഉപകാരങ്ങളും പലഹാരങ്ങളും നല്‌കിക്കൊണ്ടിരിക്കുന്ന ഹര്‍ത്താലിനെ പീഡിപ്പിക്കാനും ഹര്‍ത്താല്‍ നടത്തുന്നവരെ അപമാനിക്കാനുമുള്ള ശ്രമങ്ങള്‍ ബംഗാളില്‍നിന്നല്ല ചൈനയില്‍നിന്നാണെങ്കിലും അംഗീകരിക്കില്ല. രൂക്ഷമായി വിമര്‍ശിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന ഹര്‍ത്താലിന്‌ അടിയന്തരമായി `രണ്ടുലക്ഷം' ധനസഹായം നല്‌കുന്നതിനെക്കുറിച്ചും പാര്‍ട്ടി ആലോചിച്ചു വരികയാണ്‌. ഇതിനിടെ പണിമുടക്ക്‌ തൊഴിലാളികളുടെ അടിസ്ഥാന അവകാശമാണെന്നു പ്രഖ്യാപിച്ചുകൊണ്ടു പോളിറ്റ്‌ ബ്യൂറോ ബുദ്ധദേവിന്റെ നിലപാടിനെ പൊളിച്ചടുക്കി. `അടി' സ്ഥാനത്തും അസ്ഥാനത്തും കൊടുക്കാനുള്ള അവകാശമാണ്‌ ഈ അടിസ്ഥാന അവകാശമെന്നതും മറക്കാതിരിക്കാം. `പണിമുടക്കല്‍' തൊഴിലാളികളുടെ അവകാശവും `പണമെടുക്കല്‍' നേതാക്കളുടെ അവകാശവുമാണെന്ന കാര്യം ഇനിയും മനസിലാക്കാത്തവര്‍ വിപ്ലവ വായാടികളല്ലാതെ പിന്നെ ആരാണ്‌ ?ദേശീയ പണിമുടക്കിന്‌ ഇടയിലാണു പണംമുടക്കലിന്റെ പ്രാധാന്യം എത്രത്തോളമുണ്ടെന്നു പാര്‍ട്ടിക്കാര്‍ നാട്ടുകാരെ ബോധ്യപ്പെടുത്തിയത്‌. നാട്ടില്‍ പണിമുടക്ക്‌ പൊടിപൊടിക്കുമ്പോള്‍ തിരുവനന്തപുരത്ത്‌ പാര്‍ട്ടിക്കെട്ടിടം പടിപടിയായി പണിയുകയായിരുന്നു. പണി നിര്‍ത്തിവച്ചാല്‍ പാര്‍ട്ടി ബക്കറ്റു പിരിച്ചും കഴുത്തു ഞെരിച്ചും ഉണ്ടാക്കിയ പണം പൊടിയുമത്രേ. അന്നു പണി നടന്ന കെട്ടിടത്തിനു മുന്നിലൂടെ കുനിഞ്ഞ ശിരസോടെ പ്രകടനം നടത്തിയ തൊഴിലാളികള്‍ നാണക്കേടു കാരണം ഇനിയും തല ഉയര്‍ത്തിയിട്ടില്ലെന്നാണു കേള്‍ക്കുന്നത്‌. എന്തായാലും `നോക്കുകൂലി'ക്കതിരേ പൊട്ടിത്തെറിച്ചു നാട്ടുകാരെ ഞെട്ടിച്ച പെരിയ സഖാവ്‌ ഹര്‍ത്താലിന്റെ കാര്യത്തില്‍ ഇതുവരെ മിണ്ടി കേട്ടില്ല. നോക്കുകൂലിക്കെതിരേ സഖാവ്‌ പൊട്ടിത്തെറിച്ചപ്പോഴാണ്‌ നോക്കുന്നവര്‍ക്കെല്ലാം കൂലി മേടിക്കാനുള്ള അവകാശമുമുണ്ട്‌ എന്ന കാര്യം പലര്‍ക്കും പിടികിട്ടിയത്‌. അതോടെ നാട്ടില്‍ ഒളിഞ്ഞു നോക്കുന്നവര്‍ പോലും കൂലി ചോദിച്ചു തുടങ്ങിയെന്നാണ്‌ കേള്‍ക്കുന്നത്‌. പെരിയ സഖാവിനെ കടത്തിവെട്ടി കാര്‍ന്നോര്‍ പ്രതികരിച്ചു കളഞ്ഞതാണു പ്രശ്‌നമായത്‌. എന്തായാലും വൈകാതെ ഇങ്ങനെ ഒരു പൊട്ടിത്തെറി പ്രതീക്ഷിക്കാം..` എടോ ബുദ്ധദേവേ.. താന്‍ ഏതു നാട്ടുകാരനാണടോ ? ഈ ഹര്‍ത്തലിനെക്കുറിച്ചു തനിക്കെന്തറിയാം ?

മിസ്‌ഡ്‌ കോള്‍
കെ.എസ്‌.ഇ.ബിയില്‍ ചട്ടംലംഘിച്ചു പണിമുടക്കിയവര്‍ക്കും ശമ്പളം നല്‌കാന്‍ ഉത്തരവ്‌.- വാര്‍ത്ത
സര്‍ക്കാര്‍ അംഗീകൃത നോക്കുകൂലി !

പാര്‍ട്ടിയിലെ 'ചട്ടക്കൂട്‌ ` സ്റ്റേഡിയത്തിലും ഒളിമ്പിക്‌സ്‌ !

അങ്ങനെ കേരളത്തിലും ഒളിമ്പിക്‌സ്‌ മത്സരങ്ങള്‍ക്കു തുടക്കമായി. പാര്‍ട്ടിയിലെ `ചട്ടക്കൂട്‌' എന്ന സ്റ്റേഡിയത്തിലാണ്‌ പ്രധാനമത്സരങ്ങള്‍ അരങ്ങേറുന്നത്‌. കഴിഞ്ഞ കോട്ടയം ഒളിമ്പിക്‌സിനു ശേഷം ദ്രുതഗതിയിലായിരുന്നു ഈ ഒളിമ്പിക്‌സിന്റെ ഒരുക്കങ്ങള്‍ നടന്നത്‌. ഒരുക്കങ്ങളുടെ ഭാഗമായി വിവിധ ജില്ലാകമ്മിറ്റികളിലും ഏരിയകമ്മിറ്റികളിലും മലിനീകരണം നടത്തിക്കൊണ്ടിരുന്ന പല `ഫാക്‌ടറികളും' അധികൃതര്‍ അടച്ചുപൂട്ടി. തന്റെ ഉടമസ്ഥതയിലുള്ള പല ഫാക്‌ടറികളും കാരണം കാണിക്കല്‍ നോട്ടീസ്‌ പോലുമില്ലാതെ അടച്ചുപൂട്ടുന്നതു കണ്ടിട്ടും വലിയ കാര്‍ന്നോര്‍ക്ക്‌ വായും പൂട്ടിയിരിക്കാനേ കഴിഞ്ഞിരുന്നുള്ളൂ. വിദ്യാര്‍ഥി- യുവജന കസേരകളിലെ പഴയ വണ്ടികളെല്ലാം പിന്‍വലിച്ചു `ഇക്കോ-ഫ്രണ്ട്‌ലി' ആയിട്ടുള്ള പുതിയ വണ്ടികളിറക്കി. ഈ കൈവണ്ടികളെല്ലാം ഇപ്പോള്‍ എ.കെ.ജി സെന്ററിനു ചുറ്റും പാടും ഓടുന്നുണ്ട്‌.ആലപ്പുഴയില്‍ നിന്നുള്ള സഖാവ്‌ ഒരുക്കിയ സംസ്ഥാന കരിമരുന്നു കലാപ്രകടനത്തോടെയാണ്‌ ഇത്തവണ ഒളിമ്പിക്‌സിനു തിരി തെളിഞ്ഞത്‌. കോട്ടയം ഒളിമ്പിക്‌സിനെ തുടര്‍ന്നു പോളിറ്റ്‌ ബ്യൂറോയില്‍നിന്നു കൊളുത്തിയ ദീപശിഖയുമായി കുറച്ചുനാളായി സംഘാടകര്‍ `വന്‍ മതിലി'നു പുറത്തു മേയുകയായിരുന്നു. കരിമരുന്നുകലാപ്രകടനത്തിന്റെ കരിയും പുകയുമേറ്റു വലഞ്ഞ `വന്‍ മതില്‍' അവസാനം രണ്ടും കല്‌പിച്ചു മത്സരത്തിനിറങ്ങി.കാലം കുറെയായി പാര്‍ട്ടിക്കുളത്തില്‍ കൈയും കാലുമിട്ട്‌ അടിച്ചിരുന്ന സഖാവ്‌ `ഒഴുക്കിനെതിരേ നീന്തല്‍' ഇനത്തിലാണ്‌ ആദ്യം മത്സരിച്ചത്‌. തീവ്രപരിശീലനത്തിലായിരുന്ന താരത്തെ സംഘാടകര്‍ `തീവ്രവാദി' എന്നു വിളിച്ചതോടെയാണ്‌ വാശി കയറിയത്‌. കഴിഞ്ഞ ദിവസം പ്രാഥമിക റൗണ്ടില്‍ റിക്കാര്‍ഡോടെ ജയിച്ച്‌ ഫൈനല്‍ റൗണ്ടിലെത്തിയിരിക്കുകയാണു പുള്ളിക്കാരന്‍. സഖാവിനു ഒറിജിനല്‍ സ്വര്‍ണം കിട്ടുമോ അതോ പൂശായിരിക്കുമോയെന്നു കണ്ടറിയണം. ജയിച്ചാലും തോറ്റാലും കിട്ടാന്‍ പോകുന്നത്‌ `പൂശാ'കാനാണ്‌ സാധ്യത. വമ്പന്‍ ഒളിമ്പ്യനായിരുന്ന സോമനാഥിനെ ഡോപ്‌ ടെസ്റ്റ്‌ പോലും നടത്താതെ ടീമില്‍നിന്നു പുറത്താക്കിയവരാണ്‌ തലയ്‌ക്കു മുകളില്‍ ഇരിക്കുന്നത്‌. മെഡല്‍ സാധ്യതയുള്ള സഖാവിനെ ഒതുക്കാന്‍ പുതിയ നിയമാവലിയും സംഘാടകര്‍ തയാറാക്കി. എണ്‍പത്തഞ്ച്‌ കഴിഞ്ഞവരെയൊന്നും ഇനി മത്സരത്തില്‍ പങ്കെടുപ്പിക്കേണ്ടെന്നതാണു പ്രധാന ശിപാര്‍ശ. സഖാവിന്‌ ഒരു വെങ്കലമെഡലെങ്കിലും കിട്ടാന്‍ ഇടയായാല്‍ അതു പലര്‍ക്കും ഉത്തേജക മരുന്നാകുമത്രേ. ഇതിനിടയില്‍, ഏതു മത്സരത്തിലേക്കും എടുത്തു ചാടുന്ന ഒരു സൂപ്പര്‍താരവും നമുക്കുണ്ട്‌. ഈ `കുണ്ടറ താരം' പങ്കെടുക്കുന്ന മത്സര ഇനങ്ങളുടെ ഫലം മിക്കവാറും തീരുമാനമായിക്കൊണ്ടിരിക്കുന്നത്‌ അങ്ങ്‌ സുപ്രീം കോടതിയിലാണ്‌. തോല്‍വി വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്നു പണ്ടേ പഠിച്ചിട്ടുണ്ട്‌. പക്ഷേ, വര്‍ഷം കുറെയായി ചവിട്ടുകയാമെങ്കിലും ഇതുവരെ പടി തീര്‍ന്നിട്ടില്ലെന്നു മാത്രം ! കുറ്റം പറയരുതല്ലോ.. പുള്ളിക്കാരന്‌ ഇതുവരെ ഒരു മത്സരത്തിലും ജയിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും നാട്ടിലുള്ള പിള്ളാരെയെല്ലാം ആവശ്യം പോലെ ജയിപ്പിക്കുന്നുണ്ട്‌. പരീക്ഷ എഴുതാത്തവരെ എങ്ങനെ ജയിപ്പിച്ചെടുക്കാമെന്ന ഗവേഷണമാണ്‌ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്‌. ഏകജാലകത്തിനു ശ്രമിച്ച്‌ ആകെ ജാലകമായതിന്റെ ചെറിയൊരു ക്ഷീണത്തിലാണു കക്ഷി. പുള്ളിക്കാരന്‌ ഒരു സങ്കടം മാത്രമേയുള്ളൂ, `തൊലിക്കട്ടി മത്സരം' ഇനിയും ഒളിമ്പിക്‌സ്‌ ഇനമായി ചേര്‍ത്തിട്ടില്ല! നിരാശപ്പെടരുത്‌.. പ്രതീക്ഷ വിടാതെ പരിശീലനം തുടരട്ടെ. എന്നെങ്കിലും ഈ ഇനം അംഗീകരിക്കപ്പെട്ടാല്‍ ഇതുവരെയുള്ള തോല്‍വികള്‍ക്കു പകരം വീട്ടി ലോകറിക്കാര്‍ഡോടെ നമുക്കു സ്വര്‍ണം നേടാം.

മിസ്‌ഡ്‌ കോള്‍
സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണത്തിനുള്ള സൗജന്യ അരി സര്‍ക്കാര്‍ മറിച്ചു വിറ്റു.- വാര്‍ത്ത
ഇനി ഭക്ഷണമില്ലാത്ത ജീവന്‍ !

പൊട്ടാത്ത ബോംബില്‍ ഞെട്ടുന്ന മലയാളി !

ബോംബ്‌ പൊട്ടിക്കുന്നതിനേക്കാള്‍ ഞെട്ടിക്കുന്നതിലാണ്‌ മലയാളിക്കു പ്രിയമെന്നു ഏതാനും ദിവസത്തെ തട്ടലും മുട്ടലും വിരട്ടലുംകൊണ്ട്‌ നാട്ടുകാര്‍ക്കു പിടികിട്ടി. അഹമ്മദാബാദിലും ബാംഗളൂരിലും പൊട്ടിയതിനേക്കാള്‍ കൂടുതല്‍ ബോംബുകള്‍ പൊട്ടിയതു കേരളത്തിലായിരുന്നു പക്ഷേ, മുഴുവന്‍ വ്യാജനായിരുന്നെന്നു മാത്രം. അപ്പനു മുതല്‍ അപ്പച്ചെമ്പിനു വരെ വ്യാജനിറങ്ങുന്ന നാട്ടില്‍ ഭീഷണിക്കും ബോംബിനും വ്യാജനിറങ്ങിയതില്‍ അതിശയിക്കാനില്ല. ഒരു കോയിന്‍ ഫോണും ഒറ്റ രൂപ നാണയവുമുണ്ടെങ്കില്‍ ആര്‍ക്കും `ഭീകരര്‍' ആവാമെന്നതാണ്‌ ഇപ്പോള്‍ നാട്ടിലെ സ്ഥിതി. പള്ളിക്കൂടം മുതല്‍ ആശുപത്രിപ്പടിവരെ ബോംബുഭീഷണിയില്‍ ഞെട്ടി നില്‍ക്കുന്നു. ബാറുകളെയും ഷാപ്പുകളെയും മാത്രമാണ്‌ ഈ `ഭീകരര്‍' ഭീഷണികളില്‍നിന്ന്‌ ഒഴിവാക്കിയിരിക്കുന്നത്‌. പാമ്പായിരിക്കുന്നവനോടു ബോംബെന്നു പറഞ്ഞാല്‍ ഫോണ്‍ കാശു പോകുമെന്നല്ലാതെ യാതൊരു പ്രയോജനവുമില്ലല്ലോ. എന്തിനും ഏതിനും ഞെട്ടല്‍ രേഖപ്പെടുത്തുന്ന രാഷ്‌ട്രീയക്കാര്‍ക്ക്‌ എന്തായാലും ചാകരയാണ്‌. ഞെട്ടാന്‍ വേറെ കാരണങ്ങള്‍ തേടേണ്ട. ഓരോ വ്യാജഭീഷണിയെക്കുറിയുമ്പോഴും ഒറ്റയ്‌ക്കും കൂട്ടമായും ഞെട്ടല്‍ രേഖപ്പെടുത്തി സംതൃപ്‌തിയടയുകയാണവര്‍. പോരാഞ്ഞിട്ട്‌ ആരോ മന്ത്രിമുഖ്യന്റെ ഓഫീസിലും വിളിച്ച്‌ ഭീഷണി മുഴക്കിയത്രേ. ഭരണത്തില്‍ കേറുന്നതിനു മുമ്പും ശേഷവും പ്രഖ്യാപനങ്ങളുടെ നൂറുകണക്കിനു വ്യാജബോംബുകള്‍ പൊട്ടിച്ചുകൊണ്ടിരിക്കുന്ന മുഖ്യനുണ്ടോ കുലുങ്ങുന്നു. കേരളാപ്പോലീസെന്നു കേട്ടാല്‍ ഭീകരര്‍ നിന്ന നില്‍പ്പില്‍ മൂത്രമൊഴിച്ചു പോകുമെന്ന മട്ടില്‍ തട്ടിവിടാനും കക്ഷി മറന്നില്ല. പക്ഷേ, നാട്ടുകാരുടെ അനുഭവത്തില്‍ കേരളാപ്പോലീസിന്റെ മുന്നില്‍ച്ചെന്നു പെട്ടാല്‍ പിന്നെ മൂത്രം പോകാറേയില്ലെന്നാണ്‌ അറിവ്‌. ഇതിനിടെ, കേരള കോണ്‍ഗ്രസുകാരുടെ വക ഒരു ബോംബ്‌ ഭീഷണി മുഴങ്ങി. പാര്‍ട്ടി വിരുദ്ധ സ്‌ഫോടക വസ്‌തുക്കളുമായി ഒരാള്‍ കോട്ടയത്തു രംഗപ്രവേശം ചെയ്‌തതിനെ തുടര്‍ന്നാണു പാര്‍ട്ടി ചെയര്‍മാന്‍ റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചത്‌. കോട്ടയത്തു ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയില്‍ ബോംബു പൊട്ടിത്തെറിക്കുമെന്നായിരുന്നു നാട്ടുകാരുടെ പ്രതീക്ഷ. ബോംബ്‌ പൊട്ടുന്നതു ലൈവായി കാണാനും കാണിക്കാനും മാധ്യമപ്പട തന്നെ പാര്‍ട്ടി ഓഫീസിനു മുന്നില്‍ തമ്പടിച്ചു. പക്ഷേ, യോഗം കഴിഞ്ഞപ്പോഴല്ലേ മനസിലായത്‌, പുറത്താക്കപ്പെടാനുള്ള യോഗം പുള്ളിക്കാരനില്ലെന്ന്‌. ഈ കുത്തിക്കെട്ട്‌ എടുത്തു കളയേണ്ട, തന്നെ പൊയ്‌ക്കോളുമെന്നു ജോസഫ്‌ വൈദ്യന്‍ വിധിച്ചതോടെ ആ ബോംബ്‌ സ്വയം നിര്‍വീര്യമായി. കെ.പി.സി.സിയുടെ വിദഗ്‌ധന്‍മാര്‍ എം.എ ബേബിയുടെ പുസ്‌തകബോംബ്‌ നിര്‍വീര്യമാക്കുന്നതിനും കേരളം സാക്ഷ്യം വഹിച്ചു. നനഞ്ഞു നാറിയ ബോംബ്‌ പൊട്ടിക്കാന്‍ പറ്റിയില്ലെങ്കിലും ഒന്നു ചീറ്റിയാലെങ്കിലും മതിയായിരുന്നെന്ന മട്ടില്‍ വട്ടവും നീളവുമോടുകയാണ്‌ മന്ത്രി. ബോംബു ചീറ്റുന്നു പോലുമില്ലെങ്കിലും കത്തിക്കാന്‍ ചൂട്ടുകറ്റയുമായി നിന്ന എട്ടും പൊട്ടും തിരിയാത്ത കുട്ടിസഖാക്കള്‍ നാലു നേരവും ആവശ്യത്തിലേറെ വിഷം ചീറ്റുന്നുണ്ട്‌.ഈ ബഹളത്തിനിടയിലാണ്‌ ഭക്ഷ്യമന്ത്രിക്കു കേന്ദ്രത്തിന്റെ വക ലെറ്റര്‍ ബോംബ്‌ കിട്ടിയത്‌. കേരളത്തിലെ എ.പി.എല്ലുകാര്‍ക്കുള്ള അരിയിലാണ്‌ കേന്ദ്രം ബോംബു വച്ചതെന്നാണു ഭക്ഷ്യമന്ത്രിയുടെ പക്ഷം. എന്തായാലും നാട്ടില്‍ വ്യാജബോംബ്‌ മേള മുറുകുമ്പോള്‍ നാട്ടുകാര്‍ക്കൊരു സംശയം മാത്രമേയുള്ളൂ, പഴയ ഇടയച്ചെറുക്കന്റെ ഗതി വരുമോ ? പുലി വരുന്നേ പുലി വരുന്നേയെന്നു വിളിച്ചു വിളിച്ചു അവസാനം പുലി വരുമ്പോള്‍.....

മിസ്‌ഡ്‌ കോള്‍
20 ലക്ഷം കുടുംബങ്ങള്‍ക്ക്‌ സര്‍ക്കാര്‍ വക ഓണക്കിറ്റ്‌. - വാര്‍ത്ത
ബാക്കിയുള്ളവര്‍ക്ക്‌ ഓണ കിക്ക്‌ !

വി.എസ്‌ വക... വലിയ വെടി ഒന്ന്‌, ചെറിയ വെടി നാല്‌ !

വെടിവച്ചാല്‍ ചിലര്‍ക്കു പുകയാണെന്നു കേട്ടിട്ടുണ്ട്‌ പക്ഷേ, നമ്മുടെ മന്ത്രി മുഖ്യന്‌ വെടിവച്ചാലല്ല, മിസൈല്‍ വിട്ടാലും പുകയായി തോന്നുമെന്നു നാട്ടുകാര്‍ക്കു കഴിഞ്ഞ ദിവസമല്ലേ പിടികിട്ടിയത്‌. അതും വെറും പുകയല്ല, ഉഗ്രന്‍ കട്ടപ്പുക !മുന്‍ രാഷ്‌ട്രപതിയും ശാസ്‌ത്രജ്ഞനുമായ കലാമും സംഘവും തുമ്പയില്‍ മുകളിലേക്കു വാണം വിടുന്ന വെറും വെടിക്കെട്ടുകാരാണെന്നായിരുന്നു നമ്മുടെ മന്ത്രി മുഖ്യന്റെ ഗീര്‍വാണം. പക്ഷേ, കഴിഞ്ഞ മൂന്നു വര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തില്‍ വെടിക്കെട്ടു കണ്ട നാട്ടുകാര്‍ പറയും തുമ്പയിലേതിനേക്കാള്‍ മിടുക്കന്‍മാരായ വെടിക്കെട്ടുകാര്‍ നാട്ടില്‍ വേറെയുണ്ട്‌. അവരില്‍ പലരും മന്ത്രിസഭയിലെയും എ.കെ.ജി സെന്ററിലെയും വിവിധ ശാസ്‌ത്രശാഖകളില്‍ സേവനം അനുഷ്‌ഠിച്ചു വരികയാണ്‌. സ്വാശ്രയ ഗുണ്ടും പൊതിഞ്ഞു കെട്ടി വെടിക്കെട്ടിനിറങ്ങിയ ബേബിസാര്‍ തന്നെയാണ്‌ ഇക്കാര്യത്തില്‍ മൂപ്പന്‍. നാട്ടുകാരുടെ ഭാഗ്യം, ഇന്നേവരെ പുള്ളിക്കാരന്‍ കൊളുത്തിയ ഒരു ഗുണ്ടും പൊട്ടിയിട്ടില്ല. വിദ്യാഭ്യാസവകുപ്പിനെ ഒരു വെടിക്കെട്ടു ശാലയാക്കാനാണ്‌ ശ്രമം. നനഞ്ഞ ഗുണ്ടുകള്‍ക്കു തീകൊളുത്തി മടുത്ത ബേബിസാര്‍ ഇപ്പോള്‍ പാഠപുസ്‌തകത്തില്‍നിന്നു പടര്‍ന്നു സ്വന്തം താടിക്കു പിടിച്ച തീ കെടുത്താന്‍ നെട്ടോട്ടമോടുകയാണ്‌. വെള്ളമൊഴിക്കാന്‍ വിളിച്ചു കൂട്ടിയ വിദഗ്‌ധന്‍മാര്‍ തീ പിടിച്ച താടിയില്‍നിന്ന്‌ ബീഡി കത്തിക്കുമെന്ന്‌ ആരറിഞ്ഞു? ഗുണ്ടു പൊട്ടിച്ചില്ലെങ്കിലും വേണ്ട, ഈ ഭരണം തീരുന്നതിനു മുമ്പ്‌ പുള്ളിക്കാരന്‌ കൊള്ളാവുന്ന ഒരു ഓലപ്പടക്കമെങ്കിലും പൊട്ടിക്കാന്‍ കഴിയുമോയെന്ന ആകാംഷയിലാണ്‌ നാട്ടുകാര്‍. ഈ ബഹളത്തിനിടെ നമ്മുടെ അച്ചുമാമന്‍ മൂന്നാറിലേക്കു കത്തിച്ചു വിട്ട വാണങ്ങള്‍ പോയ വഴിയില്‍ ഇതുവരെ പുല്ലുപോലും മുളച്ചിട്ടില്ല. പെണ്‍വാണിഭക്കാരെ കൈയാമം വച്ചു നടത്താന്‍ വേണ്ടി പ്രതിപക്ഷത്തിരുന്നു കതിനാ നിറച്ച കക്ഷി ഭരണം കിട്ടിയപ്പോള്‍ കതിനാപ്പുറത്ത്‌ കസേരയിട്ടിരിക്കുന്ന കാഴ്‌ച കണ്ട്‌ ജനം ഞെട്ടി. വൈകാതെ പാര്‍ട്ടിയുടെ സംസ്ഥാന കരിമരുന്നു കലാപ്രകടനം കോട്ടയത്ത്‌ അരങ്ങേറി. വാണം കത്തിക്കാന്‍ ചൂട്ടുകറ്റയുമായെത്തിയ കാര്‍ന്നോരെ എതിര്‍പക്ഷം ചൂട്ടുകറ്റപോലെ ചുരുട്ടിക്കളഞ്ഞു. അല്‌പം കരിമരുന്ന്‌ ഉള്ളിലോട്ടു കഴിച്ചിരുന്ന ചില അണികളുടെ ആവേശം കാര്‍ന്നോരുടെ പ്രസംഗ സമയത്ത്‌ അണപൊട്ടിയതോടെ പെരിയ സഖാവ്‌ അമിട്ടു തന്നെ പൊട്ടിച്ചു. കോരിച്ചൊരിയുന്ന മഴയത്ത്‌ തലയില്‍ രണ്ടാം മുണ്ടുമിട്ടു നിന്ന ആ വെടിക്കെട്ടുകാരന്‍ ഒരു കമ്പക്കെട്ടിനാണ്‌ തീ കൊളുത്തിയത്‌. ഫലമോ ? വേണ്ടപ്പെട്ടവരെ കൊടികെട്ടിയ കമ്പിനു അനുയായികള്‍ തല്ലിയോടിച്ചു. അങ്ങനെ കോട്ടയം വെടിക്കെട്ടു ദുരന്തം ഭംഗിയായി പര്യവസാനിച്ചു. പലവിധമായ വെടിക്കോപ്പുകള്‍ പൊട്ടിയും ചീറ്റിയും പോകുന്നതിനിടയിലും ഉണ്ടയില്ലാ വെടികള്‍ പൊട്ടിക്കുന്നതില്‍ ഹരം കണ്ടെത്തിയിരിക്കുന്ന മറ്റൊരു മന്ത്രിയും കേരളത്തിലുണ്ട്‌. ദേവസ്വം വകുപ്പിനു വേണ്ടി നാടൊട്ടുക്കും വെടിവഴിപാടുകള്‍ നടത്തി വരികയാണ്‌ അദ്ദേഹം. ചട്ടവും മട്ടവും നോക്കാതെ വെടിവഴിപാടു നടത്തുമെന്നതാണ്‌ അദ്ദേഹത്തിന്റെ പ്രത്യേകത. പുള്ളിക്കാരന്റെ വെടിവഴിപാടിന്‌ ഇരയാകാത്തവര്‍ കേരളത്തില്‍ ഇനിയധികമില്ല. തീര്‍ന്നില്ല, എട്ടുംപൊട്ടും തിരിയാത്ത കുട്ടി സഖാക്കളുടെ വക പൊട്ടാസ്‌ പൊട്ടിക്കലും തകൃതി. ആരും ഞെട്ടുന്നില്ലെങ്കിലും ഡല്‍ഹിയില്‍ കുത്തിയിരുന്നു പൊട്ടാസ്‌ പൊട്ടിച്ചു സ്വയം ഞെട്ടുന്ന കുട്ടിസഖാവാണ്‌ ഇതില്‍ പ്രമുഖന്‍. ഇതെല്ലാം കൂടി ചേര്‍ത്തു വച്ചുനോക്കുമ്പോള്‍ മനസിലായില്ലേ.. കലാമും സംഘവും തുമ്പയിലെ ചെറുകിട വെടിക്കെട്ടുകാര്‍ മാത്രം.

മിസ്‌ഡ്‌ കോള്‍
‍കൊയ്‌ത്ത്‌ യന്ത്രങ്ങള്‍ വാങ്ങാന്‍ സര്‍ക്കാര്‍ സബ്‌സിഡി നല്‌കും.- വാര്‍ത്ത
എംപിമാര്‍ക്കു വേണ്ടിയാകും, ഡല്‍ഹിയില്‍ ഇപ്പോള്‍ നല്ല കൊയ്‌ത്തല്ലേ.

മന്ത്രിക്ക്‌ പാഠപുസ്‌തകങ്ങളുടെ തുറന്ന കത്ത്‌ !

ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിക്ക്‌,

കേരളത്തില്‍ പതിറ്റാണ്ടുകളായി അന്തസോടെയും അഭിമാനത്തോടെയും പഠിപ്പിച്ചു വന്ന പാഠപുസ്‌തകങ്ങളാണ്‌ ഞങ്ങള്‍. ആദ്യമായി ഞങ്ങളെ ചെളിവാരിയെറിഞ്ഞത്‌ അങ്ങയുടെ പാര്‍ട്ടിത്തറവാട്ടുകാര്‍ തന്നെയാണ്‌. 57-ല്‍ ഞങ്ങളെ അപമാനിക്കാന്‍ നടത്തിയ ശ്രമം നാട്ടുകാരിടപെട്ടു തടയുകയായിരുന്നു. ഇപ്പോള്‍ ഒരിക്കല്‍ കൂടി മാനം കാക്കാന്‍ പോരിനിറങ്ങേണ്ട ഗതികേടിലാണ്‌ ഞങ്ങള്‍. പാഠപുസ്‌തകങ്ങളുടെ അവകാശം സംരക്ഷിക്കാന്‍ ഏതു കോടതിയാണ്‌ കയറേണ്ടത്‌ ? മനുഷ്യാവകാശ കമ്മീഷന്‍ പോലൊന്നു ഞങ്ങള്‍ക്കും വേണ്ടതായിരുന്നു. കുട്ടികള്‍ നാലക്ഷരം പഠിച്ചു നല്ല നിലയിലാകണമെന്നു അങ്ങയേക്കാള്‍ ആഗ്രഹമുള്ളവരാണ്‌ ഞങ്ങള്‍. `പാഠം മാസിക' രംഗത്തു വന്നതു മുതല്‍ പാഠമെന്നു കേള്‍ക്കുമ്പോള്‍ തന്നെ നിങ്ങളുടെ പാര്‍ട്ടിത്തറവാട്ടില്‍ പലര്‍ക്കും അലര്‍ജിയാണെന്നു ഞങ്ങള്‍ക്കറിയാം. പാഠം മാസികയെ കൈകാര്യം ചെയ്‌ത രീതിയില്‍ ദയവായി ഞങ്ങളെ ഉപദ്രവിക്കരുത്‌. ഈ രൂപത്തില്‍ ഞങ്ങള്‍ നാട്ടിലേക്കിറങ്ങിച്ചെന്നാല്‍ വിവരമുള്ള ആരും ഞങ്ങളെ കുടുംബത്തു കയറ്റത്തില്ല. കുട്ടികളൊക്കെ ഞങ്ങളെ സംശയത്തോടെ നോക്കുന്നതു കാണുേമ്പോള്‍ ചൂളിപ്പോകുന്നു. അങ്ങയുടെ വകുപ്പിന്റെ കൂട്ട പീഡനത്തിനിരയായ ഞങ്ങള്‍ക്ക്‌ ഇപ്പോള്‍ നാട്ടിലിറങ്ങി നടക്കാന്‍ പറ്റാത്ത സ്ഥിതി. ഏതാനും മാസങ്ങളായി ഞങ്ങള്‍ `പരിഷത്തു'കാരുടെ കൂടെ കഴിഞ്ഞതു ഇപ്പോള്‍ നാട്ടില്‍ പാട്ടാണ്‌. ഇങ്ങനെ വഴിതെറ്റി നടന്നതിനെയൊന്നും വീട്ടിലും സ്‌കൂളിലും കയറ്റേണ്ടെന്നാണ്‌ നാട്ടുകാരുടെ നിലപാട്‌. പരിഷത്തുകാരുടെയും അധ്യാപകസഖാക്കളുടെയും കൂടെ ചുറ്റിയടിക്കാന്‍ ഞങ്ങള്‍ക്കു തീരെ താല്‌പര്യമില്ലായിരുന്നു. പക്ഷേ, അങ്ങയുടെ വകുപ്പുകാര്‍ ഞങ്ങള്‍ ഭീഷണിപ്പെടുത്തി അവരുടെ കൂടെ പറഞ്ഞുവിട്ടു. അവിടെയുണ്ടായ പീഡനത്തിന്റെയും ദ്രോഹത്തിന്റെയും പാടുകള്‍ ഞങ്ങളുടെ ശരീരത്തിലെമ്പാടുമുണ്ട്‌. ചോരച്ചാലുകള്‍ നീന്തിക്കയറിയാലോ മതനിരപേക്ഷത തേച്ചു തിരുമ്മിയാലോ ഒന്നും ഇതു മായില്ല. ഞങ്ങളുടെ കവിളുകള്‍ ചുവന്നു തുടുത്തിരിക്കുന്നതു കണ്ടപ്പോള്‍ ആദ്യം പലരും കരുതിയത്‌ നാണം കൊണ്ടായിരിക്കുമെന്നാണ്‌. പിന്നീടല്ലേ മനസിലായത്‌ നാണം കൊണ്ടല്ല പാര്‍ട്ടികൊണ്ടാണു ചുവന്നതെന്ന്‌. അതോടെ ഞങ്ങള്‍ ക്ലാസിനു പുറത്തായി. ഇന്നലെ വരെ പാഠപുസ്‌തകമെന്നു ബഹുമാനത്തോടെ വിളിച്ചിരുന്നവര്‍ ഇപ്പോള്‍ ഞങ്ങളെ പാര്‍ട്ടി പുസ്‌തകമെന്നാണ്‌ വിളിക്കുന്നത്‌. ഇതില്‍പരം ഒരു നാണക്കേട്‌ ഞങ്ങളുടെ തറവാടിനു വരാനില്ല. പൂ മൂടല്‍ നടത്തിയാലും പാര്‍ട്ടിയാപ്പീസില്‍ പ്രശ്‌നം വച്ചു നോക്കിയാലുമൊന്നും ഞങ്ങള്‍ക്കുണ്ടായ അപമാനം കഴുകിക്കളയാനാകുമെന്നു തോന്നുന്നില്ല. ഒടുവില്‍ ഞങ്ങളെ വിദഗ്‌ധ സമിതിക്കു മുന്നില്‍ മെഡിക്കല്‍ ചെക്കപ്പിനു അയയ്‌ക്കാന്‍ പോവുകയാണെന്നു കേട്ടു. ഈ വിദഗ്‌ധരെയൊന്നും ഞങ്ങള്‍ക്ക്‌ തീരെ വിശ്വാസമില്ല. കാരണം കഴിഞ്ഞ കുറെ മാസങ്ങള്‍ ഞങ്ങളെ പിച്ചിച്ചീന്തി കുത്തിക്കെട്ടിയത്‌ ഇവരുടെ സുഹൃത്തുക്കളൊക്കെ തന്നെയായിരുന്നു. അങ്ങനെയൊരു സംഘത്തിന്റെ മുന്നിലേക്കു വലിച്ചിഴച്ചു ഇനിയും വസ്‌ത്രാക്ഷേപം നടത്തരുത്‌. അതില്‍ ഭേദം ഞങ്ങളെ പാര്‍ട്ടിക്ലാസിലേക്കു പറഞ്ഞു വിടുന്നതാണ്‌. അവിടെയാകുമ്പോള്‍ ഞങ്ങള്‍ക്കു സമാധാനം കിട്ടും, ആരും കുറ്റം കണ്ടെത്തില്ല, കാരണം നിങ്ങള്‍ ഞങ്ങളെ കമ്യൂണിസ്റ്റാക്കി. എങ്കിലും പാഠപുസ്‌തകങ്ങളായി തന്നെ അഭിമാനത്തോടെ ജീവിക്കണമെന്നാണ്‌ ആഗ്രഹം. ദയവായി ഞങ്ങളെ വലിച്ചുകീറി പ്രത്യയശാസ്‌ത്രത്തിന്റെ ഭിത്തിയിലൊട്ടിക്കരുത്‌.

പ്രതീക്ഷയോടെ,
ഒരു സംഘം പാഠപുസ്‌തകങ്ങള്‍

മിസ്‌ഡ്‌ കോള്‍
‍ളോഹയിട്ടവരെ വഴിയിലൂടെ നടക്കാന്‍ അനുവദിക്കില്ലെന്നു എസ്‌.എഫ്‌.ഐ.- വാര്‍ത്ത
കോളടിച്ചു, അവരെ ഇനി എസ്‌.എഫ്‌.ഐക്കാര്‍ ചുമന്നുകൊണ്ടെത്തിക്കും !

അനന്തരം സിനിമാക്കാര്‍ തര്‍ക്കം തുടങ്ങി !

ഒരു കൊച്ചു ഭൂമി കുലുക്കം ! തുളസീദാസും ദിലീപും മുഖാമുഖം വന്നപ്പോള്‍ കാഴ്‌ചക്കാര്‍ ഇത്രയേ കരുതിയുള്ളൂ. പക്ഷേ, സംഗതി സിനിമാസ്‌കോപ്പ്‌ തര്‍ക്കമായി സൂപ്പര്‍ ഹിറ്റിലേക്കു കയറിയതു പെട്ടെന്നാണ്‌. വിനയനു വിനയം തീരെയില്ലെന്നായിരുന്നു ഒരു പക്ഷത്തിന്റെ പരാതി. അമ്മ അമ്മായിയമ്മ ചമയുകയാണെന്നു മറുപക്ഷം. തര്‍ക്കം മൂന്നാം വാരത്തിലും നിറഞ്ഞ സദസില്‍ ഓടിക്കൊണ്ടിരിക്കുന്നു. കേരളത്തിലെമ്പാടും ഒരേ സമയം റീലീസ്‌ ചെയ്‌ത തര്‍ക്കം ഇപ്പോള്‍ അയല്‍ സംസ്ഥാനങ്ങളിലും ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു. തുളസീദാസും ദിലീപും തമ്മില്‍ തുടങ്ങിയ ഏണിയും പാമ്പും കളി മാക്‌ട ഫെഡറേഷനിലെത്തിയപ്പോള്‍ കീരിയും പാമ്പും പരുവത്തിലായി. വിനയന്‍ `എ' സര്‍ട്ടിഫിക്കറ്റ്‌ പ്രസംഗം നടത്തിയെന്ന ആരോപണവുമായി സംവിധായകന്‍ സിദ്ധിക്കാണ്‌ ആദ്യത്തെ ക്ലാപ്പടിച്ചത്‌. വിനയന്റെ പ്രസംഗം മാത്രമല്ല നയം തന്നെ സെന്‍സര്‍ ചെയ്യണമെന്ന ആവശ്യവുമായി സംവിധായകര്‍ കൂട്ടത്തോടെ കത്രികയുമായിറങ്ങി. മാക്‌ട വെറും `മാട്ട' യായെന്ന ആക്ഷേപവുമായി അമ്മയും വന്നതോടെ സീന്‍ കൊഴുത്തു. എന്നാല്‍, മകന്‍ ചത്തിട്ടായാലും മരുമോളുടെ കണ്ണീരു കണ്ടാല്‍ മതിയെന്ന മട്ടിലാണ്‌ അമ്മയെന്നു മാക്‌ട തിരിച്ചടിച്ചു. പരസ്‌പരം ചിന്നംവിളിക്കാന്‍ കാമറകള്‍ക്കു മുന്നില്‍ അമ്മമക്കളും മാക്‌ടമക്കളും ഊഴം കാത്തു നിന്നു. ഇതിനിടെ സര്‍ഗശേഷി അളക്കാനുള്ള ഉപകരണവുമായി ശ്രീനിവാസന്‍ പ്രത്യക്ഷപ്പെട്ടു. മാക്‌ടയിലുള്ള പലരെയും ശ്രീനിവാസന്‍ നിര്‍ത്തിയും ഇരുത്തിയും അളന്നു. എന്നാല്‍, അളമുട്ടിയാല്‍ ശ്രിനീവാസനിട്ടായാലും കടിക്കുമെന്നു എതിര്‍പക്ഷം മുന്നറിയിപ്പു നല്‌കി. ഇതിനിടെയായിരുന്നു മോഹന്‍ലാലിന്റെ പ്രസംഗം. മാക്‌ടയെ മണിച്ചിത്രത്താഴിട്ടു പൂട്ടുമെന്നു ലാലേട്ടന്‍ പറഞ്ഞതു പലരെയും ചൊടിപ്പിച്ചു. മോഹന്‍ലാലിന്റേത്‌ അധികപ്രസംഗമാണെന്നവര്‍ കണ്ടെത്തി. ഇതോടെ ലാലിന്‌ വക്കാലത്തുമായി വക്കീല്‍ കൂടിയായ മമ്മൂട്ടിയും കോട്ടുമിട്ടിറങ്ങി. ലാലിന്‌ അധികപ്രസംഗം മാത്രമല്ല അവാര്‍ഡു പ്രസംഗം വരെ നടത്താനുള്ള യോഗ്യതയുണ്ടെന്നു പുള്ളിക്കാരന്‍ പ്രഖ്യാപിച്ചു. അവസാനം മാക്‌ടയ്‌ക്കു പകരമൊരു സംഘടനയെ ഗര്‍ഭം ധരിച്ചതിനു ശേഷമാണ്‌ അമ്മയും വല്യമ്മയും കൊച്ചുമക്കളുമൊക്കെ അടങ്ങിയത്‌. ജൂലൈ മാസമാണ്‌ സിനിമാക്കാര്‍ക്കു പുതിയൊരു കുഞ്ഞ്‌ പിറക്കുന്നതെന്നാണ്‌ അറിയുന്നത്‌. എന്നാല്‍, പുതിയ കുഞ്ഞ്‌ ചാപിള്ളയായിരിക്കുമെന്നു മാക്‌ടയിലെ ചില ഡോക്‌ടര്‍മാര്‍ ക്ഷമിക്കണം ഡയറക്‌ടര്‍മാര്‍ സ്‌കാനിഗ്‌ നടത്തി പറഞ്ഞിട്ടുണ്ട്‌. സിസേറിയന്‍ നടത്തിയിട്ടാണെങ്കിലും മാക്‌ടയ്‌ക്കു ബദലായി എത്രയും പെട്ടെന്നു ഒരു കുഞ്ഞിനെ ജനിപ്പിക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കളും രംഗത്തുണ്ട്‌. പ്രശ്‌നം മൂന്നാംപക്കം തീര്‍ക്കുമെന്നു പറഞ്ഞെത്തിയ ദേശീയ സംഘടനക്കാരെയും ഇപ്പോള്‍ കാണാനില്ല. ഇങ്ങനെ സിനിമാസ്‌കോപ്പ്‌ തര്‍ക്കങ്ങള്‍ സൂപ്പര്‍ ഹിറ്റിലേക്കു നീങ്ങുമ്പോള്‍ കാണികള്‍ ഹാപ്പിയാണ്‌. നാട്ടുകാര്‍ക്ക്‌ ഒന്നേ സിനിമാക്കാരോട്‌ പറയുവാനുള്ളൂ. പ്ലീസ്‌.. ദയവായി ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന അങ്കം ഉടന്‍ നിര്‍ത്തരുത്‌. അടുത്ത കാലത്തിറങ്ങിയ സിനിമകളുമായി താരതമ്യം ചെയ്യുമ്പോള്‍ അതിനേക്കാള്‍ ഭേദം നിങ്ങളുടെ അങ്കം തന്നെയാണ്‌. ഈ പോരിന്‌ മറ്റു ചില ഗുണവശങ്ങളുമുണ്ട്‌. കാണികള്‍ക്ക്‌ കാര്യമായ കാശുമുടക്കില്ലാതെ അടിപൊളി സീനുകള്‍ കാണാം. തട്ടുപൊളിപ്പന്‍ ഡയലോഗ്‌, സ്റ്റണ്ട്‌ രംഗങ്ങള്‍, അത്യാവശ്യം എരിവും പുളിയും മസാലയും, ലൈവായിട്ടുള്ള പെര്‍ഫോമന്‍സ്‌, കൂടാതെ വെട്ടിത്തിരുത്തില്ലാത്ത സത്യസന്ധമായ കഥ എന്നിങ്ങനെതകര്‍പ്പന്‍ രംഗങ്ങളാണ്‌ അരങ്ങേറുന്നത്‌. ഡേറ്റ്‌ പ്രശ്‌നമില്ല, വാക്കു തെറ്റിക്കലില്ല, നിര്‍മാതാക്കള്‍ക്ക്‌ പണം നഷ്‌ടമില്ല, സംഗതി സൂപ്പര്‍ ഹിറ്റായി ഓടുകയും ചെയ്യും. അപ്പോള്‍ സിനിമയേക്കാള്‍ ഭേദം സിനിമാസ്‌കോപ്പ്‌ തര്‍ക്കങ്ങളല്ലേ?

മിസ്‌ഡ്‌ കോള്‍
‍പോസ്റ്റുമോര്‍ട്ടം നടത്തുന്ന ഡോക്‌ടര്‍മാര്‍ക്കും സ്വകാര്യപ്രാക്‌ടീസ്‌ നടത്താന്‍ അനുമതി.- വാര്‍ത്ത
മൃതദേഹങ്ങളുമായി വീട്ടില്‍ ചെന്നു കാണേണ്ടി വരുമോ?

ആരാന്റെ പിള്ളേര്‍ക്കു ഭ്രാന്തു വന്നാല്‍ !

അങ്ങനെ ഗാന്ധിജിയെ അവസാനം അവര്‍ തവളയാക്കി ! ബേബി സാറിന്റെയും സംഘത്തിന്റെയും ലീലാവിലാസങ്ങള്‍ തുടരുമ്പോള്‍ ഇനി ആരുടെയൊക്കെ രൂപം മാറുമെന്നു കാണാനനിരിക്കുന്നതേയുള്ളൂ. മണ്ണെഴുത്ത്‌ ഡയറിയിലാണ്‌ കുട്ടികളുടെ തലേലെഴുത്തു വരെ മാറ്റുന്ന അബദ്ധം (സര്‍ക്കാര്‍ ഭാഷയില്‍ പറഞ്ഞാല്‍ പരിഷ്‌കാരം) കടന്നു കൂടിയത്‌.ഗാന്ധിജിയെ സ്റ്റിക്കറാക്കി തവളയുടെ മേല്‍ പതിക്കാമെന്നാണ്‌ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന പരിഹാരം. ഈ പോക്കുപോയാല്‍ വകുപ്പിനെ വലിച്ചുകീറി നാട്ടുകാര്‍ ഭിത്തിയില്‍ പതിക്കുമെന്നതു മറ്റൊരു കാര്യം. കേരളത്തിന്റെ വിദ്യാഭ്യാസ നിലവാരത്തെ മുന്നില്‍ താടിയുള്ളവരും പിന്നില്‍ താടിയുള്ളവരുമായ ബുദ്ധിജീവികളെല്ലാം കൂടി ഉരുട്ടി ഉരുട്ടി പറ്റാവുന്നത്ര ഉയരത്തിലേക്കു കയറ്റിക്കൊണ്ടിരിക്കുകയാണ്‌. നാറാണത്തു ഭ്രാന്തന്‍ കല്ലുരുട്ടി കയറ്റുന്നതുപോലെ. ഈ കല്ലുരുട്ടി എപ്പോഴാണ്‌ വിദ്യാര്‍ഥികളുടെ പുത്തേയ്‌ക്കു വീഴുന്നതെന്ന ആശങ്കയിലാണ്‌ മാതാപിതാക്കള്‍. കേരളത്തെ എങ്ങനെ ബംഗാളാക്കാമെന്ന ഗവേഷണം കേരളത്തില്‍ തുടങ്ങിയിട്ടു കാലം കുറെയായി. കതിരില്‍ വളം വച്ചിട്ടു കാര്യമില്ലെന്നു തോന്നിയതുകൊണ്ടാകാം കുട്ടികളെ വട്ടം പിടിച്ചത്‌. അങ്ങനെ വയലിലും വഴിയോരത്തും പാര്‍ട്ടി ഓഫീസിലും മാത്രമല്ല, പുസ്‌തകത്തിലും കൊടികുത്തി. ഏകജാലകത്തിലൂടെ കുട്ടികളെ കുത്തിയിറക്കുന്നതിന്റെ തിരക്കിലാണ്‌ ഇപ്പോള്‍ നമ്മുടെ നേതാക്കള്‍. കുട്ടികള്‍ ഏതു പരുവത്തിലാകുമെന്നറിയാന്‍ ഏതാനും ആഴ്‌ചകള്‍ കാത്തിരിക്കേണ്ടി വരും. ജനത്തെ ഒരു പാഠം പഠിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ ഇത്തവണത്തെ പാഠപുസ്‌തകങ്ങള്‍ അവതരിച്ചിരിക്കുന്നതെന്നത്രേ. ഇതിനൊക്കെ അധ്യാപകര്‍ക്ക്‌ മുറയ്‌ക്കു പരിശീലനവും നല്‌കുന്നുണ്ട്‌. പക്ഷേ, ഈ കമ്യൂണിസവും നിരീശ്വരവാദവുമൊക്കെ പറഞ്ഞുകൊടുക്കാന്‍ നിലവിലുള്ള അധ്യാപകര്‍ മതിയാകുമോയെന്നതാണ്‌ ഇപ്പോഴുള്ള സംശയം. അതിനും ശാസ്‌ത്രസാഹിത്യ പരിഹാരം ലഭ്യമാണ്‌. മികച്ച മാര്‍ക്കു നേടണമെങ്കില്‍ സ്‌കൂളില്‍ പോയാല്‍ മാത്രം പോര, കൊള്ളാവുന്ന ലോക്കല്‍, ഏരിയ കമ്മിറ്റി സെക്രട്ടറിമാരുടെ പക്കല്‍ ട്യൂഷനു പോകേണ്ടി വരും. കാരണം ഈ വിഷയങ്ങളിലൊക്കെ വിദഗ്‌ധര്‍ ഇവരൊക്കെയാണല്ലോ. പാര്‍ട്ടി ഓഫീസുകളോടു ചേര്‍ന്നു പള്ളിക്കൂടങ്ങള്‍ക്കു പകരം പാര്‍ട്ടിക്കൂടങ്ങള്‍ തുടങ്ങുന്ന കാലം അകലെയല്ല. സ്‌കൂള്‍ യൂണിഫോം ഇനി മുതല്‍ ചുവപ്പു മതിയാകും. പുസ്‌തക സഞ്ചി മുതല്‍ സ്‌കൂള്‍ ബസുവരെ ചുവപ്പിക്കാം. ഗുഡ്‌മോണിംഗ്‌ ടീച്ചര്‍ എന്നതിനു പകരം `ലാല്‍ സലാം സഖാവേ' എന്നു പറയുന്നതില്‍ എന്താണ്‌ തെറ്റ്‌ ? ഹാജരെടുക്കുമ്പോഴും മറ്റും കുട്ടികളെ സഖാവ്‌ എന്നു ചേര്‍ത്തു വിളിക്കാം. സഖാവ്‌ സുരേഷ്‌, സഖാവ്‌ മോളി, സഖാവ്‌ സുമേഷ്‌.. എന്നിങ്ങനെ.കമ്മിറ്റി, പ്രകടനം, ധര്‍ണ, ലാത്തിച്ചാര്‍ജ്‌ തുടങ്ങിയ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ പ്രാധാന്യം നല്‌കണം. കായിക ഇനങ്ങളുടെ മാര്‍ക്ക്‌ വിജയത്തിനു പരിഗണിക്കുമെന്നു പറഞ്ഞിട്ടുമുണ്ടല്ലോ. ഇത്തരം പരിപാടികളില്‍ പങ്കെടുക്കാത്ത വിദ്യാര്‍ഥികള്‍ പിറ്റേന്നു രക്ഷകര്‍ത്താവിനെയും വിളിച്ച്‌ പാര്‍ട്ടി ഓഫീസില്‍ ചെല്ലാതെ ക്ലാസില്‍ കയറ്റില്ല. ഇങ്ങനെയൊക്കെയാണെങ്കിലും നമ്മുടെ സഖാക്കളുടെ മക്കളെയും കൊച്ചുമക്കളെയുമൊന്നും ഇത്തരം വിദ്യാഭ്യാസ പരീക്ഷണങ്ങള്‍ക്കു ഇരയായി വിട്ടുകൊടുക്കാത്തതെന്തെന്നു ചിലരെങ്കിലും സംശയിച്ചേക്കാം. അവരു നാലക്ഷരം പഠിക്കുന്നതില്‍ നാട്ടുകാര്‍ക്കെന്താണ്‌ ഇത്ര അസൂയ. അപ്പോള്‍ പിന്നെ പരീക്ഷണം വെറുതേക്കാരോടല്ലേ പറ്റൂ.ആരാന്റമ്മയ്‌ക്കു ഭ്രാന്തു വന്നാല്‍ ആര്‍ക്കാ ചേതം ?

മിസ്‌ഡ്‌ കോള്‍
കാനോന്‍ നിയമം തിരുത്തിയെഴുതണമെന്നു ഒരു മഹിളാസംഘടന. - വാര്‍ത്ത
വഴിയോരത്തെ കുര പേടിച്ച്‌ ആരും ഘോഷയാത്ര മുടക്കാറില്ല.

അന്തംവിട്ട കുന്തങ്ങള്‍ !

കുന്തം പോയാല്‍ കുടത്തിലും തപ്പണമെന്നതാണ്‌ നാട്ടുവര്‍ത്തമാനം. പക്ഷേ, സുധാകരമന്ത്രിയുടെ വര്‍ത്തമാനം കേട്ടുകഴിഞ്ഞപ്പോള്‍ ഇനി കുന്തം പോയാല്‍ പന്തോം കത്തിച്ച്‌ എവിടെയൊക്കെ തപ്പേണ്ടി വരുമെന്ന ചിന്തിച്ച്‌ അന്തംവിട്ടിരിക്കുകയാണ്‌ നാട്ടുകാര്‍. മന്ത്രവും തന്ത്രവുമായി നാടൊട്ടുക്കും പൊങ്ങുന്ന കള്ളസ്വാമിമാരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ ആഭ്യന്തരവകുപ്പ്‌ കുന്തക്കാലില്‍ കുത്തിയിരിക്കുമ്പോഴാണ്‌ സുധാകരമന്ത്രിയുടെ `കുന്തംകൊളുത്തി' പ്രകടനം.കള്ളസ്വാമിമാരെ കുന്തം ഉപയോഗിച്ചുള്ള പ്രത്യേകതരം പ്രയോഗത്തിനു വിധേരാക്കണമെന്നാണ്‌ മന്ത്രി പ്രഖ്യാപിച്ചത്‌. പ്രയോഗത്തില്‍ സംശയമുള്ളവര്‍ ഭീമസേനന്റെ കഥ മനപ്പാഠമാക്കുന്നത്‌ നല്ലതാണെന്നും അദ്ദേഹം ഉപദേശിച്ചു. രാജകാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആയുധങ്ങളിലൊന്നായിരുന്നു കുന്തം. കുന്തവും പിടിച്ചു കുന്തംപോലെ നില്‍ക്കുന്ന പാറാവുകാര്‍ ചന്തമുള്ള കാഴ്‌ചയായിരുന്നു. നാട്ടുകാര്‍ മറന്നു തുടങ്ങിയ ആ കുന്തങ്ങള്‍ക്കാണ്‌ ഇപ്പോള്‍ മന്ത്രിയുടെ തന്ത്രങ്ങളാല്‍ അനന്തസാധ്യതകള്‍ തെളിഞ്ഞിരിക്കുന്നത്‌. റെയ്‌ഡിനു പോകുന്ന പോലീസുകാര്‍ ഇനി ലാത്തിയും തോക്കുമുപേക്ഷിച്ച്‌ കുന്തം കൊണ്ടുപോയാല്‍ കള്ളസ്വാമിമാരെ സ്‌പോട്ടില്‍ തന്നെ പൂര്‍വാശ്രമത്തിലെത്തിക്കാം. നാട്ടില്‍ ക്രമസമാധാനം പുലരണമെന്നു പോലീസിനേക്കാള്‍ താല്‌പര്യമുള്ള ഡിഫിക്കാര്‍ ഇപ്പോള്‍ ചീപ്പും കത്രികയുമായിട്ടാണ്‌ റെയ്‌ഡ്‌ നടത്തിക്കൊണ്ടിരിക്കുന്നത്‌. സ്വാമിമാരെ പിടിച്ചാല്‍ ഉടന്‍ തന്നെ മുടിയും താടിയുമെല്ലാം വെട്ടിക്കൊടുക്കുകയാണ്‌ ഈ `ബാര്‍ബര്‍ ബാലന്‍മാര്‍'. കോഴിക്കോട്ട്‌ ഡിഫിക്കാര്‍ മുടിവെട്ടിക്കളഞ്ഞ ഒരു സ്വാമി മനുഷ്യാവകാശകമ്മീഷനില്‍ കേസുകൊടുത്തു. ഇതിനിടയില്‍ മുടി വെട്ടിക്കാറായ പലരും ഇപ്പോള്‍ കാവി വസ്‌ത്രവും ധരിച്ച്‌ ഡിഫി ഓഫീസുകളുടെ മുന്നിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണത്രേ. സ്വാമിയാണെന്നു കരുതി ഡിഫിക്കാര്‍ ഫ്രീയായി മുടിവെട്ടിക്കൊടുത്താലോ !മന്ത്രി പുതിയ തന്ത്രം അവതരിപ്പിച്ച നിലയ്‌ക്ക്‌ ഇനി റെയ്‌ഡിനു പോകുമ്പോള്‍ കൊടി കുന്തത്തില്‍ കെട്ടിയാല്‍ മതിയെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്‌. മന്ത്രിയുടെ `കുന്തപ്രയോഗം' ഏറ്റവും ചൊടിപ്പിച്ചത്‌ യുവമോര്‍ച്ചക്കാരെയായിരുന്നു. കുന്തത്തേക്കാള്‍ മൂര്‍ച്ചയുള്ള പഴുപ്പിച്ച ഇരുമ്പു ദണ്‌ഡുമായിട്ടാണ്‌ മോര്‍ച്ചക്കാര്‍ മാര്‍ച്ചു ചെയ്‌തത്‌. തൃശൂരുള്ള ഒരു കള്ളസ്വാമിയുടെ കൊള്ളസങ്കേതത്തില്‍ വെള്ളവസ്‌ത്രവും ധരിച്ചിരിക്കുന്ന മന്ത്രിയുടെ ചിത്രം മാധ്യമങ്ങള്‍ മാന്തിയെടുത്തത്‌ മോര്‍ച്ചക്കാരുടെ മാര്‍ച്ചിനു മൂര്‍ച്ച പകര്‍ന്നു. അങ്ങോട്ടെറിഞ്ഞ കുന്തം അതിനേക്കാള്‍ വേഗത്തില്‍ ഇങ്ങോട്ടു പോരുകയാണോ ? രണ്ടു കാലില്‍ മന്തുള്ളവന്‍ ഒരു കാലില്‍ മന്തുള്ളവനെ മന്താ എന്നു വിളിച്ചതു പോലെയായി കുന്തത്തിന്റെ കിടപ്പ്‌. താന്‍ പോയ കാലത്ത്‌ സ്വാമി നല്ലവനായിരുന്നെന്നുവെന്നു പറഞ്ഞു തടിയൂരാ ക്ഷമിക്കണം കുന്തമൂരാനാണ്‌ മന്ത്രി ശ്രമിച്ചത്‌. സ്വാമിമാരെ തേടിപ്പോകുന്ന എല്ലാ ഭക്തരും ഇതു തന്നെയല്ലേ പറയുന്നത്‌. എന്തായാലും കള്ളസ്വാമിമാരെ മാത്രമേ കുന്തപ്രയോഗത്തിനു വിധേയമാക്കണമെന്നു മന്ത്രി പറഞ്ഞിരുന്നുള്ളൂ. കള്ളസ്വാമിമാരുടെ അടുത്തു പോകുന്നവരെ പ്രസ്‌തുത പ്രയോഗത്തിനു വിധേയരാക്കണമെന്നു പറയാതിരുന്നത്‌ മന്ത്രിയുടെ ഭാഗ്യം, കുന്തത്തിന്റേയും. വിവരങ്ങള്‍ക്ക്‌ കടപ്പാട്‌ : പ്രായപൂര്‍ത്തിയായവര്‍ക്കു വേണ്ടിയുള്ള രാഷ്‌ട്രീയ നാട്ടുഭാഷ പ്രസംഗങ്ങള്‍ - ദിവസം മൂന്നു നേരം വിവിധ ചാനലുകളില്‍. കുട്ടികളെ കഴിവതും ഇതു കാണിക്കാതിരികകുക.

മിസ്‌ഡ്‌ കോള്‍
ആര്യാടനെതിരായ പരാമര്‍ശം മണിക്കൂറുകള്‍ക്കുള്ളില്‍ കരുണാകരന്‍ തിരുത്തി. - വാര്‍ത്ത
തിരുത്തല്‍ ശക്തിയാകുമെന്നു പറഞ്ഞിരുന്നില്ലേ...

Tuesday, December 23, 2008

സ്വാമി, ആസാമി, ഭൂസ്വാമി..

സ്വാമി മൂത്താല്‍ പെരിയസ്വാമി വരെയാകുമെന്നാണ്‌ കേട്ടിട്ടുണ്ട്‌. പക്ഷേ, ചില കള്ള സ്വാമിമാര്‍ മൂത്താല്‍ ആസാമിയും ചിലപ്പോള്‍ ഭൂസ്വാമിയുമായി മാറും. അങ്ങനെ മൂത്ത്‌ മൂത്ത്‌ അവസാനം പൊട്ടിത്തെറിച്ച ഒരു സ്വാമിയെക്കുറിച്ചുള്ള കഥകള്‍ കേട്ടുകൊണ്ടാണ്‌ കഴിഞ്ഞയാഴ്‌ച കേരളം ഞെട്ടിയുണര്‍ന്നത്‌. കേരളം ഞെട്ടിയതിനൊപ്പം ഒന്നു രണ്ടു രാഷ്‌ട്രീയക്കാരും കൊള്ളാവുന്ന ചില സിനിമാക്കാരും പ്രത്യേകം ഞെട്ടി. സ്വാമി നിര്‍ദേശിച്ച വഴിപാടുകളും ഇടപാടുകളും നിറവേറ്റിതിന്റെ പേരില്‍ ഇനി എന്തൊക്കെ കഷ്‌ടപ്പാടുകളാണ്‌ വരാമ്പോകുന്നതെന്നോര്‍ത്തപ്പോഴാണ്‌ അവര്‍ ഞെട്ടിയത്‌. കടവന്ത്ര സ്വാമി റിയല്‍ ആയിരുന്നില്ലെങ്കിലും സ്വാമിയുടെ പൂജകളെല്ലാം റിയല്‍ ആയിരുന്നത്രേ. കേരളത്തിലെമ്പാടും സ്വാമി ഭൂമിപൂജ നടത്തിയിട്ടുണ്ടെന്നാണ്‌ കേള്‍വി. ഭൂമി പൂജയ്‌ക്കു പൂ നുള്ളിയിട്ടതില്‍ ചില രാഷ്‌ട്രീയക്കാരുമുണ്ടെന്നു കേള്‍ക്കുന്നു. പൂമൂടിയാല്‍ മാത്രമല്ല, പൂ നുള്ളിയാലും പുലിവാലു പിടിക്കുമെന്നും ചില രാഷ്‌ട്രീയക്കാര്‍ തിരിച്ചറിഞ്ഞു. ചാവടിയില്‍ കവടി നിരത്തിയാണ്‌ സ്വാമി ചില സിനിമാക്കാരെ കാവടി ആടിച്ചതത്രേ. നാട്ടുകാരുടെ ദൃഷ്‌ടിദോഷം കിട്ടാതിരിക്കാനായി ചില നടിമാര്‍ ശാന്തിതീരത്തിലെത്തി വഴിപാടുകളും പൂജകളും നടത്തി. പക്ഷേ, സ്വാമിയുടെ ദിവ്യദൃഷ്‌ടി എന്ന ഒളിക്കാമറ പൂജാമുറിയുടെ കോണുകളില്‍ ഒളിപ്പിച്ചു വച്ചിരുന്നത്‌ ആരുമറിഞ്ഞില്ല. സിഡികളും കാസറ്റുകളുമെല്ലാം സ്വാമി ലോക്കറില്‍ തന്നെ സൂക്ഷിച്ചിരുന്നതിനാല്‍ നടിമാര്‍ക്ക്‌ ആര്‍ക്കും ഇതുവരെ നാട്ടുകാരുടെ ദൃഷ്‌ടിദോഷം' തട്ടിയിട്ടില്ലെന്നാണ്‌ അറിയുന്നത്‌. ഇങ്ങനെ സന്തോഷം മാധവനു മാത്രം മതിയോ, നാട്ടുകാര്‍ക്കും വേണ്ടേ? പത്രങ്ങളും ചാനലുകള്‍ക്കും ഇക്കാര്യത്തില്‍ മത്സരിച്ചപ്പോള്‍ പത്രത്തിനായി വീട്ടില്‍ പിടിച്ചുപറിയായി. ഏജന്റ്‌ ഇങ്ങോട്ടുകൊണ്ടു വരുന്നതിനുമുമ്പേ പലരും അങ്ങോട്ടു പോയി പത്രം വാങ്ങി വായിച്ചു ധന്യരായി. ന്യൂസ്‌ ചാനല്‍ കണ്ടാല്‍ ഫ്യൂസ്‌ പോയതുപോലെയിരിക്കുന്ന വല്യമ്മച്ചിമാര്‍ വരെ ന്യൂസ്‌ അവറും ന്യൂസ്‌ നൈറ്റും കാണാന്‍ നൈറ്റിലും വെയ്‌റ്റ്‌ ചെയ്‌തു.സ്വര്‍ണവും പണവും പ്രമാണവുമൊക്കെ ലോക്കറില്‍ സൂക്ഷിക്കുന്ന ആളുകളെക്കുറിച്ചു കേട്ടിട്ടുണ്ട്‌. പക്ഷേ, നീലച്ചിത്രം ലോക്കറില്‍ ഭദ്രമായി സൂക്ഷിച്ച ആദ്യത്തെ മഹാനാണ്‌ സന്തോഷ്‌ മാധവന്‍. ഭൂസ്വാമിക്ക്‌ നിരവധി ബാങ്കുകളില്‍ അക്കൗണ്ട്‌ ഉണ്ടെന്നാണ്‌ അറിവ്‌. നീലച്ചിത്രം മാത്രമേയുള്ളോ, അതോ വല്ല സിനിമാനടിമാരെയും മറ്റും ലോക്കറില്‍ വച്ചിട്ടുണ്ടോയെന്നും അറിയാനിരിക്കുന്നതേയുള്ളൂ. വിവാദങ്ങളില്‍പ്പെടുന്ന സ്വാമിമാര്‍ക്കും ഭൂസ്വാമിമാര്‍ക്കുമൊക്കെ മുഖം രക്ഷിക്കാന്‍ ഇപ്പോള്‍ ചാനലുകളാണ്‌ പിടിവള്ളികള്‍. രഹസ്യകേന്ദ്രത്തിലേക്കു ചാനലുകളെ വിളിച്ചാല്‍ മതി. അവര്‍ കാര്യങ്ങള്‍ രണ്ടുവീതം നാലുനേരമെന്ന കണക്കില്‍ നാട്ടുകാരെ അറിയിച്ചു കൊള്ളും. പക്ഷേ, എന്നാലും വരാനുള്ളതു വഴിയില്‍ തങ്ങില്ലല്ലോ. വഴിയില്‍ മാത്രമല്ല സംഗതി ഗള്‍ഫിലും തങ്ങിയില്ല. വിനാശകാലേ വിപരീതബുദ്ധി എന്നു പറഞ്ഞതുപോലെ മുഖം മിനുക്കാനിറങ്ങിയ സ്വാമി മൂക്കുംകുത്തി വീണു. ഇതിനടയില്‍ യൂത്ത്‌ കോണ്‍ഗ്രസുകാര്‍ സ്വാമിയുടെ ശാന്തിതീരം ആശ്രമത്തില്‍ ശത്രുനിഗ്രഹപൂജ നടത്തി. തേങ്ങായ്‌ക്ക്‌ ചെലവു കൂടുതലായതുകൊണ്ടാണോയെന്നറിയില്ല, അവര്‍ തേങ്ങായുടച്ചില്ല, പകരം സ്വാമിയുടെ ഫ്‌ളാറ്റിന്റെ ചല്ലുകള്‍ ഉടച്ചു വഴിപാടു നടത്തി. അവസാനം എല്ലാത്തിനും മൂകസാക്ഷിയായി ഒരു കാക്കി കുപ്പായം മാത്രം. വൈകാതെ ഷാജി കൈലാസിന്റെ ഒരു തകര്‍പ്പന്‍ പോലീസ്‌ സിനിമ `അഴിച്ചിട്ട യൂണിഫോം'. വരുമെന്നു പ്രതീക്ഷിക്കാം. ലോക്കറും ലിക്കറുമായി അവന്‍ വരും.കഥ നേരത്തെ തന്നെ പരിചയമുള്ളതിനാല്‍ നമ്മുടെ നടീനടന്‍മാരില്‍ പലര്‍ക്കും അഭിനയിക്കാന്‍ തിരക്കഥയുടെ ആവശ്യം വരില്ല.

മിസ്‌ഡ്‌ കോള്‍
എസ്‌.എസ്‌.എല്‍.സി ഫലം സി.പി.എം യൂണിയന്‍ നേതാവ്‌ ചോര്‍ത്തി.- വാര്‍ത്ത
മന്ത്രി നിലവാരം ചോര്‍ത്തുന്നു, ജീവനക്കാരന്‍ ഫലവും!

കൊണ്ടുവരവ്‌ ടൂറിസവും കോണ്ടലീസ റൈസും !

പയ്യെ തിന്നാല്‍ പനയും തിന്നാമെന്നും എല്ലു മുറിയെ പണിതാല്‍ പല്ലു മുറിയെ തിന്നാമെന്നുമൊക്കെ ഇന്ത്യക്കാര്‍ പറയുമ്പോഴും ഇങ്ങനെയൊരു കടുംകൈ ചെയ്യുമെന്നു ബുഷ്‌ കരുതിയിരുന്നില്ല. സമ്പത്തു കാലത്തു കാ പത്തു വച്ചാല്‍ ആപത്തു കാലത്തു കാ പത്തു തിന്നാമെന്ന ചൊല്ലിന്റെ പൊരുളും ബുഷിനു ഇപ്പോഴാണ്‌ പിടികിട്ടിയത്‌. ഇന്ത്യക്കാര്‍ ഇങ്ങനെ കായ്‌ച്ചാല്‍ അതെല്ലാം വളര്‍ന്നു അമേരിക്കയെ തന്നെ തിന്നുകളയും. തീറ്റ മാത്രമല്ല, കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്നിട്ടും എണ്ണപ്പാത്രത്തിലും കൈയിട്ടു വാരിയിരിക്കുന്നു!ഇന്ത്യക്കാരന്‍ ഇങ്ങനെ കഴിക്കാന്‍ തുടങ്ങിയാല്‍ ബുഷും സംഘവും വൈകാതെ മുണ്ടു മുറുക്കി ക്ഷമിക്കണം പാന്റു മുറുക്കിയുടുത്തു ജീവിക്കേണ്ടി വരും. മുണ്ടു മുറുക്കിയുടുക്കുന്നതിന്റെ സാങ്കേതികോപദേശം എന്തെങ്കിലും വേണമെങ്കില്‍ ഇപ്പോഴത്തെ പ്രതിരോധമന്ത്രിയും മുന്‍ കേരളമുഖ്യനുമായ ആന്റണി സാറിനോടു ചോദിച്ചാല്‍ മതി. കാലിയായ ഖജനാവ്‌ കണ്ട്‌ മലയാളിയെ മുണ്ടുമുറുക്കിയുടുപ്പിക്കാന്‍ പുള്ളിക്കാരന്‍ കുറെ പണിപ്പെട്ടതാണ്‌. പിന്നെ ഞങ്ങളുടെ തീറ്ററപ്പായിച്ചേട്ടന്‍ ഇല്ലാത്തതു ബുഷിന്റെയും അമേരിക്കയുടെയുമൊക്കെ ഭാഗ്യം. അല്ലെങ്കില്‍ ശരിക്കുള്ള തീറ്റയെന്താണെന്നു കാണിച്ചു തരാമായിരുന്നു. അമേരിക്കന്‍ സ്റ്റേറ്റ്‌ സെക്രട്ടറി കോണ്ടലീസ റൈസ്‌ ആണത്രേ ഇന്ത്യക്കാരന്റെ തീറ്റയില്‍ ആദ്യം വിവാദത്തിന്റെ ഉപ്പു നുള്ളിയിട്ടത്‌. കോണ്ടലീസ റൈസ്‌ എന്ന പേരില്‍ തന്നെ അല്‌പം റൈസുണ്ട്‌. അതിനാല്‍, റെയ്‌സ്‌ ആകുന്നത്‌ അല്‌പം സൂക്ഷിച്ചു വേണം. കാരണം, റൈസ്‌ എന്നു കേള്‍ക്കുമ്പോഴെ ഇപ്പോള്‍ ജനം ചാടി വീഴുകയാണ്‌. പ്രത്യേകിച്ചു മലയാളികള്‍. ഇപ്പോഴാണെങ്കില്‍ കേരളത്തില്‍നിന്നുള്ള `കൊണ്ടുവരവ്‌ ' സംഘങ്ങള്‍ ഇന്ത്യയിലെമ്പാടും ചുറ്റിക്കറങ്ങുന്ന കാലമാണ്‌. കേരളത്തില്‍ അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരു വിനോദസഞ്ചാര ശാഖയാണ്‌ കൊണ്ടുവരവ്‌. കേരളത്തില്‍ ഏതെങ്കിലും സാധനത്തിനു ക്ഷാമം നേരിട്ടാല്‍ അതു വാങ്ങിക്കൊണ്ടു വരാനായി ഇന്ത്യയിലെമ്പാടും സര്‍ക്കാര്‍ ചെലവില്‍ സംഘടിപ്പിക്കുന്ന വിനോദയാത്രയാണിത്‌. അടുത്ത കാലത്തായി കൊയ്‌ത്ത്‌ യന്ത്രം, പാല്‍, അരി തുടങ്ങിയവയൊക്കെ കൊണ്ടുവരാന്‍ സംഘങ്ങള്‍ നടത്തിയ യാത്രയ്‌ക്കു കൈയും കണക്കുമില്ല. കൊയ്‌ത്ത്‌ യന്ത്രം തേടി തമിഴ്‌നാട്‌, കര്‍ണാടക, ആന്ധ്രവഴി എത്ര സംഘങ്ങളാണ്‌ ചുറ്റിയടിച്ചത്‌. അരി തേടി തമിഴ്‌നാട്‌, കര്‍ണാടക, ആന്ധ്രവഴി ഇപ്പോള്‍ ബംഗാള്‍ വരെയായിട്ടുണ്ട്‌. ഇനി പഞ്ചാബ്‌ വഴി കാഷ്‌മീരിലേക്കു പോകുമെന്നാണ്‌ കേള്‍ക്കുന്നത്‌. അരി കിട്ടിയില്ലെങ്കിലും ഒരുപിടി ഐസ്‌ എങ്കിലും കൊണ്ടു വന്നാല്‍ മതിയായിരുന്നു. അരി വാങ്ങാന്‍ പോകുന്ന സംഘങ്ങളുടെ തിരക്കു കണക്കിലെടുത്ത്‌ എയര്‍ ഇന്ത്യ പ്രത്യേക ഫ്‌ളൈറ്റ്‌ സര്‍വീസ്‌ തന്നെ തുടങ്ങുന്നതിനെക്കുറിച്ചു ആലോചിക്കുകയാണത്രേ.ആന്ധ്രയിലെ സ്ഥലങ്ങളെല്ലാം തന്നെ കണ്ടു തീര്‍ന്നതിനാല്‍ ഇപ്പോള്‍ അവിടെനിന്നുളള അരികൊണ്ടുവരവ്‌ നിര്‍ത്തിയിരിക്കുകയാണ്‌. ബംഗാള്‍ അരിക്കു വേണ്ടിയാണ്‌ ഇപ്പോള്‍ ചുറ്റിത്തിരിയുന്നത്‌. വിദ്യാഭ്യാസ വകുപ്പില്‍ ഏകജാലകവിദ്യ തകര്‍ക്കുകയാണെങ്കിലും അരി വരവ്‌ ഏകജാലകത്തിലൂടെ ആയിരിക്കില്ലെന്നാണ്‌ സഹകരണ വകുപ്പിന്റെ സഹകരണത്തില്‍നിന്നു വ്യക്തമാകുന്നത്‌. അവര്‍ `ചുവപ്പു' കൂടിയ ബംഗാള്‍ അരി സ്വന്തം നിലയ്‌ക്കു കൊണ്ടുവരാന്‍ ശ്രമിക്കുകയാണത്രേ. ബംഗാള്‍ കണ്ടുതീരുമ്പോള്‍ ഇനി ഇവര്‍ക്ക്‌ അമേരിക്ക കാണണമെന്നു തോന്നുമോയെന്തോ? അങ്ങനെ വന്നാല്‍ കോണ്ടലീസ റൈസ്‌ ഒന്നു സൂക്ഷിക്കുന്നതു നല്ലതാണ്‌. കാരണം, അവര്‍ക്ക്‌ അരി മതി, അതു ബസുമതി ആയാലും കോണ്ടലീസ ആയാലും.

മിസ്‌ഡ്‌ കോള്‍
ഈ വര്‍ഷം മുതല്‍ സ്‌കൂളുകളില്‍ `മണ്ണെഴുത്ത്‌ ' പദ്ധതി നടപ്പാക്കും.' - വാര്‍ത്ത
വകുപ്പില്‍ `ബുദ്ധിജീവികള്‍' ആവശ്യത്തിനുള്ളതിനാല്‍മണ്ണിനു ക്ഷാമം വരാനിടയില്ല.

കയര്‍ എസ്‌കേപ്പും മോര്‍ച്ചറി ധര്‍ണയും !

ഫയര്‍ എസ്‌കേപ്പ്‌ സാധാരണ അവതരിപ്പിക്കുമ്പോഴാണ്‌ തീ കൊളുത്തുന്നത്‌. പക്ഷേ, സൂപ്പര്‍താരം മോഹന്‍ലാല്‍ ഒരു ഫയര്‍ എസ്‌കേപ്പ്‌ അവതരിപ്പിക്കാന്‍ ഒരുങ്ങിയപ്പോള്‍ തന്നെ അതിനു തീ പിടിച്ചു. മജീഷ്യന്‍ സാമ്രാജ്‌ കൊളുത്തി വിട്ട തീ കേരളമാകെ പടര്‍ന്നു പിടിച്ചതു പെട്ടെന്നായിരുന്നു. ഫയര്‍ എസ്‌കേപ്പിനു സ്‌കോപ്പ്‌ ഒരുക്കിയ മുതുകാട്‌ അറിയാവുന്ന ഇല്യൂഷനൊക്കെ പ്രയോഗിച്ചിട്ടും ഈ പ്രതിഷേധ തീ അണയ്‌ക്കാനായില്ല. ആദ്യം `പോ മോനേ.. സാമ്രാജേ ' എന്ന ലൈനിലായിരുന്നു സൂപ്പര്‍ താരവും. പക്ഷേ, `മാജിക്കില്‍ നീ വെറും കുട്ടിയാണ്‌ ' എന്നു നാട്ടുകാരൊന്നടങ്കം പറഞ്ഞപ്പോള്‍ സൂപ്പര്‍താരത്തിന്റെയും മനസിളകി. സിംഹത്തിന്റെ മടയിലോ മുതുകാടിന്റെ കടയിലോ ഒന്നും കയറിയിറങ്ങിയാലൊന്നും ഫയര്‍ എസ്‌കേപ്പിനെ മറികടക്കാനാവില്ലെന്നായിരുന്നു സാമ്രാജിന്റെയും സംഘത്തിന്റെയും വാദം. പറഞ്ഞതുകൊണ്ടു തീര്‍ന്നില്ല, സാമ്രാജും സംഘവും കൊച്ചിയിലേക്കു വച്ചു പിടിച്ചു. കേരളത്തിനു പുതിയൊരു സമരമുറയും സമ്മാനിച്ചു. മൊബൈല്‍ മോര്‍ച്ചറിയില്‍ അടച്ചുപൂട്ടി കിടന്നുള്ള സമരമുറ കണ്ട്‌ മരിച്ചവരും മരിക്കാത്തവരും മരവിച്ചു നിന്നു. സമരം കഴിഞ്ഞപ്പോള്‍ സമരഭടന്‍ ആശുപത്രിയിലായെങ്കിലും, കേരളത്തിലെ കൊടും ചൂടില്‍ വിയര്‍ത്തു കുളിച്ചിരുന്നു ധര്‍ണ നടത്തുന്നതിലും ഭേദമാണ്‌ മൊബൈല്‍ മോര്‍ച്ചറിയിലെ തണുപ്പ്‌. സര്‍വ സമയത്തും എ.സി മുറികളിലും എ.സി കാറുകളിലും ചുറ്റിയടിക്കുന്ന ഇമ്മിണി ബല്യരാഷ്‌ട്രീയ നേതാക്കള്‍ക്കും വേണമെങ്കില്‍ പരീക്ഷിക്കാവുന്ന സമരമുറയാണിത്‌. പാരമ്പര്യമുള്ള മൊബൈല്‍ മോര്‍ച്ചറിയാണെങ്കില്‍ മുന്നേ `കിടന്നു' പോയവര്‍ അഭിവാദ്യമര്‍പ്പിക്കാനുമെത്തിയേക്കും. നാട്ടുകാര്‍ക്കു ഭാഗ്യമുണ്ടെങ്കില്‍, സമരം കഴിയുമ്പോള്‍ സമരനായകനെ പൊതുശ്‌മശാനത്തില്‍ കൊണ്ടുപോയി ബേണിംഗ്‌ ഇല്യൂഷന്‍ നടത്തി സമാധാനത്തില്‍ പിരിയാനും അവസരം ലഭിക്കും.മോഹന്‍ലാല്‍ ഫയര്‍ എസ്‌കേപ്പ്‌ നടത്തിയാല്‍ തങ്ങള്‍ ജീവനൊടുക്കുമെന്ന ഭീഷണിയുമായി ഫാന്‍സ്‌ അസോസിയേഷനും ഇതിനിടയില്‍ രംഗത്തു വന്നു. താരത്തിന്റെ ഫയര്‍ എസ്‌കേപ്പിനേക്കാള്‍ ഭീകരമായിരിക്കും ഫാന്‍സിന്റെ `കയര്‍ എസ്‌കേപ്പ്‌ ' എന്നോര്‍ത്തപ്പോള്‍ സിനിമാക്കാര്‍ വരെ ഞെട്ടി. ബേണിംഗ്‌ ഇല്യൂഷന്‍ ഒന്നിനുമൊരു സൊല്യൂഷനല്ലെന്ന വാദവുമായി `അമ്മ'യും നിലവിളിച്ചു. ഇനിയും എന്തെങ്കിലും പറഞ്ഞില്ലെങ്കില്‍ എല്ലാവരും കൂടി മുതുകാടിന്റെ മുതുകത്തു കയറുമോയെന്നു തോന്നിയതുകൊണ്ടാവും ഫയര്‍ എസ്‌കേപ്പില്‍നിന്നുള്ള തന്റെ എസ്‌കേപ്പ്‌ ലാല്‍ പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചു.ലാലിന്റെ എസ്‌കേപ്പ്‌ വിവാദം പൊടിപൊടിക്കുന്നതിനിടയില്‍ മറ്റൊരു സൂപ്പര്‍ സ്റ്റാറിന്റെ എസ്‌കേപ്പും നടന്നെങ്കിലും അധികം ആരും ആഘോഷിച്ചു കണ്ടില്ല. സാക്ഷാല്‍ ഐ.ജി ഋഷിരാജ്‌സിംഗ്‌ ആണ്‌ പുലികള്‍ക്കിടയില്‍നിന്ന്‌ ജീവനുമായി സി.ബി.ഐയിലേക്കു എസ്‌കേപ്പ്‌ നടത്തിയത്‌. ഇഷ്‌ടം ഇത്തിരി കൂടൂതലായതിനാല്‍ ഭരണക്കാര്‍ കുറെ നാളായി പുള്ളിക്കാരനെ `കസേരകളി' പരിശീലിപ്പിച്ചു വരികയായിരുന്നു. കൈയേറ്റം ഒഴിപ്പിക്കല്‍, സിഡി റെയ്‌ഡ്‌, സ്‌പിരിറ്റ്‌ വേട്ട തുടങ്ങിയ മാന്ത്രിക ഇനങ്ങള്‍ അവതരിച്ചു നാട്ടുകാരുടെ കൈയടിയും രാഷ്‌ട്രീയക്കാരുടെ പല്ലുകടിയും കലശലായപ്പോഴാണ്‌ പുതിയ എസ്‌കേപ്പ്‌. ഇതിനിടെ കൃഷിമന്ത്രിമാരുടെ യോഗത്തിനു പോയ കേരളം കേന്ദ്രകൃഷിമന്ത്രി പവാറിന്റെ പവറിനു മുന്നില്‍നിന്ന്‌ ഒരു വിധത്തിലാണ്‌ എസ്‌കേപ്പ്‌ ചെയ്‌തു പോന്നതെന്നും കേള്‍ക്കുന്നു. അടുത്ത കാലത്ത്‌ ചില സഖാക്കളെ ഞെട്ടിച്ചു കൊണ്ട്‌ മജീഷ്യന്‍ കാരാട്ട്‌ നടത്തിയ ബേണിംഗ്‌ ഇല്യൂഷനായിരുന്നു ശ്രദ്ധിക്കപ്പെട്ട മറ്റൊരിനം. കോടിയേരി കൊടിയും പറത്തിക്കൊണ്ട്‌ പി.ബിയിലേക്ക്‌ എസ്‌കേപ്പ്‌ നടത്തിയപ്പോള്‍ ചില ബേബി സ്വപ്‌നങ്ങള്‍ മൊബൈല്‍ മോര്‍ച്ചറിയില്‍ മരവിച്ചിരിക്കുകയായിരുന്നു.

മിസ്‌ഡ്‌ കോള്‍
അണ്‍എയ്‌ഡഡ്‌ സ്‌കൂളുകളിലെ പാഠപുസ്‌തക വില വര്‍ധിപ്പിക്കും. - വാര്‍ത്ത
പാഠം പഠിപ്പിച്ചേ അടങ്ങൂ !

ഇനി വേണ്ടത്‌ സര്‍വകക്ഷി എസ്‌.എം.എസ്‌ !

കൊയ്‌ത്തിനു തൊഴിലാളികളില്ല, കൊയ്‌ത്ത്‌ യന്ത്രത്തിനു നോ എന്‍ട്രി, നെല്ലെടുക്കാനാളില്ല, നഷ്‌ടപരിഹാരത്തിനും കഷ്‌ടകാലം, പച്ചക്കറിക്കു തീവില, അരി തരി പോലുമില്ല, കേന്ദ്രത്തെ നിര്‍ത്തിപ്പൊരിച്ച്‌ ഇപ്പോ കൊണ്ടുവരാമെന്നു പറഞ്ഞു പോയ സര്‍വകക്ഷി സംഘം കടലകൊറിച്ചു വിമാനത്തില്‍ മടങ്ങി, ചാക്കുമായി ആന്ധ്രയ്‌ക്കു അരി വാങ്ങാന്‍ പോയ സംഘം ചാക്കില്‍ കയറി തിരിച്ചെത്തി, പാര്‍ട്ടി പരിപാടിക്കു വേണ്ടി പരീക്ഷ മാറ്റി.. ഇങ്ങനെ മലയാളിയുടെ അനവധി നിരവധിയായ സൗഭാഗ്യങ്ങളെല്ലാം കൂടി പരിഗണിക്കുമ്പോള്‍ ഉഷാ ഉതുപ്പിന്റെ പ്രശസ്‌തമായ പോപ്‌ ഗാനമാണ്‌ ഓര്‍മയില്‍ ` എന്റെ കേരളം.. എത്ര സുന്ദരം.. !' പക്ഷേ, മൂളിപ്പാട്ടെ ആകാവൂ. ഇത്തിരി ഉച്ചത്തില്‍ പാടിപ്പോയാല്‍ ആളെ ചാനലുകള്‍ റാഞ്ചും. പിന്നെ അവര്‍ പറയുന്നത്രയും എസ്‌.എം.എസ്‌ മോചനദ്രവ്യമായി അയച്ചാലേ രക്ഷപ്പെടാനാകൂ. തീര്‍ന്നില്ല, പോരുന്നതിനു മുമ്പ്‌ കണ്ണീര്‍ വഴിപാടും നെഞ്ചടിച്ചു പൊട്ടിക്കലും നടത്തണം. പ്രതിയെ ജഡ്‌ജസ്‌ വിചാരണ നടത്തും. ഉടുത്തിരിക്കുന്ന തുണിയെ മുതല്‍ പണിയും കളഞ്ഞു തുണയായി വന്ന വീട്ടുകാരെ വരെ ഇവര്‍ വിചാരണ ചെയ്യും. വീനീത വിധേയരായി കേട്ടു നിന്നു കൊള്ളണം. മറിച്ചെന്തെങ്കിലും പറഞ്ഞു പോയാല്‍ ചിലപ്പോള്‍ വലിച്ചു കീറി ഭിത്തിയിലൊട്ടിച്ചു കളയും. കുരച്ചു കുരച്ചു മലയാളം `പരയാന്‍' അറിയാമെങ്കില്‍ നന്നായി തന്നെ കുരയ്‌ക്കണം. കുരകേട്ട്‌ സ്റ്റുഡിയോ കിടുങ്ങണം, ജഡ്‌ജസ്‌ കുലുങ്ങണം, ജനം കുളിരണം. അങ്ങനെ വന്നാല്‍ മത്സരത്തില്‍നിന്നു പുറത്തായാലും ചിലപ്പോള്‍ അവതാരകയായി നിയമനം കിട്ടില്ലെന്നു ആരറിഞ്ഞു. ഇതെല്ലാം തരണം ചെയ്‌തിട്ടും ഫ്‌ളാറ്റാകാതെ പിടിച്ചു നില്‍ക്കുന്നവര്‍ക്കു അവസാനം ഫ്‌ളാറ്റ്‌ കിട്ടിയേക്കും.ഇതിനിടയില്‍, ഇന്നു ഫ്‌ളാറ്റാകും നാളെ ഫ്‌ളാറ്റാകുമെന്നോര്‍ത്തു കാഴ്‌ചക്കാര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ടു കാലം കുറെയായി. കാത്തിരുന്ന സമയമുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ കൊള്ളാവുന്ന ഒരു ഫ്‌ളാറ്റ്‌ പണിയാന്‍ പറ്റിയേനെയെന്നാണ്‌ കാത്തിരുന്നവരുടെ പരിദേവനം.സിമന്റിനും കമ്പിക്കുമൊക്കെ വില കുതിച്ചു കയറിയതിനാല്‍ ഇപ്പോള്‍ അവ ഒഴിവാക്കി നാട്ടുകാര്‍ ഉദാരമായി നല്‌കിക്കൊണ്ടിരിക്കുന്ന എസ്‌.എം.എസ്‌ ഉപയോഗിച്ചാണത്രേ ഫ്‌ളാറ്റ്‌ നിര്‍മാണം. പാട്ടുകാര്‍ക്കുള്ള ഫ്‌ളാറ്റ്‌ എന്നു തീരുമെന്നു വ്യക്തമല്ലെങ്കിലും എസ്‌.എം.എസ്‌ വഴിയുള്ള എളിയ സംഭാവനകള്‍ കൂട്ടിവച്ചു മൊബൈല്‍ കമ്പനിക്കാര്‍ എത്ര ഫ്‌ളാറ്റുകള്‍ പണിതെന്നതു കണക്കാക്കി വരുന്നതേയുള്ളൂ.എന്തായാലും നാട്ടില്‍ എസ്‌.എം.എസിനു ഒരു മേല്‍വിലാസമുണ്ടാക്കി കൊടുത്തതു ചാനലുകാരാണെന്നതു മറക്കാതിരിക്കാം. പക്ഷേ, എസ്‌.എം.എസുകൊണ്ടുള്ള പ്രയോജനം നമ്മുടെ സര്‍ക്കാര്‍ ഇനിയും മനസിലാക്കിയിട്ടില്ലെന്നു വേണം കരുതാന്‍. ലക്ഷങ്ങള്‍ ചെലവിട്ടു നമ്മുടെ സര്‍വകക്ഷി സംഘം ഡല്‍ഹിക്കു പോയിട്ട്‌ എന്തു സംഭവിച്ചു? സര്‍വം കക്ഷത്തിലാക്കി മടങ്ങുമെന്നു വീമ്പിളക്കിയതു മിച്ചം. ഇരക്കാന്‍ ചെല്ലുന്നതു വിമാനത്തിലാണെങ്കിലും കേരളത്തില്‍നിന്നാണെങ്കില്‍ രക്ഷയില്ല.ആ സ്ഥിതിക്ക്‌ എന്തിനാ ഇനിയും ലക്ഷങ്ങള്‍ മുടക്കി പോകുന്നത്‌. ഡല്‍ഹിയില്‍ ചെന്നാല്‍ തന്നെ എത്രനേരം കാത്തു നിന്നാലാ ഇവരെയൊക്കെ ഒന്നു കാണാന്‍ പറ്റുക ? വിശാലമായ ഇന്ത്യാമഹാരാജ്യം മുഴുവന്‍ ഭരിച്ചു കൂട്ടുന്ന ഇവര്‍ക്ക്‌ ഈ `ഠ' വട്ടമുള്ള കേരളത്തിന്റെ കാര്യം നോക്കാനെവിടെ സമയമുണ്ടോ? ഇതെല്ലാം കണക്കിലെടുത്തു പ്രധാനമന്ത്രിക്കും കാര്‍ഷിക മന്ത്രിയും ഓരോ എസ്‌.എം.എസ്‌ അയച്ചാല്‍ പോരെ ? നിവേദനം കൊടുത്തെന്നുമായി, കാര്യമായ ചെലവുമില്ല. വേണമെങ്കില്‍ പ്രധാനമന്ത്രിക്ക്‌ ഒരു മിസ്‌ഡ്‌ കോള്‍ അടിപ്പിക്കാം. ഒരു പക്ഷേ, തിരിച്ചു വിളിച്ചെങ്കിലോ ?അരിയും തുണിയുമൊന്നും കിട്ടിയില്ലെങ്കിലും അവസാനം ഒരു ഫ്‌ളാറ്റ്‌ എങ്കിലും കിട്ടിയാല്‍ അത്രയുമായില്ലേ. കേരളഭരണം തന്നെ ഫ്‌ളാറ്റായിരിക്കുന്ന വേളയില്‍ മലയാളിക്കൊരു ഷോര്‍ട്ട്‌ ബ്രേക്ക്‌ !

മിസ്‌ഡ്‌ കോള്‍
ബിരുദ കോഴ്‌സുകളും ഗ്രേഡിംഗ്‌ സമ്പ്രദായത്തിലാക്കാന്‍ നിക്കം തുടങ്ങി. ബേബി വിറ്റാ നിരോധനത്തിനു സ്റ്റേ. - വാര്‍ത്ത
രണ്ടും `ബേബി വിറ്റാ' !

പട്ടിക്കു പേ, ആശുപത്രിയില്‍ ഡബിള്‍ പേ !

ഏതു പട്ടിക്കുമുണ്ടൊരു ദിവസമെന്നു കേട്ടപ്പോള്‍ അതിങ്ങനെ ഒരു ദിവസമായിരിക്കുമെന്നു കോട്ടയംകാര്‍ തെല്ലും കരുതിയിരുന്നില്ല. ഒറ്റ രാത്രികൊണ്ട്‌ അമ്പതിലേറെപ്പേരെ കടിച്ചു അര്‍ധസെഞ്ചുറി തികച്ചുകൊണ്ടാണ്‌ കോട്ടയത്തൊരു ശുനകപ്രതിഭ മികവു തെളിയിച്ചത്‌. നാട്ടില്‍ കര്‍ഫ്യൂവോ നിരോധനാജ്ഞയോ പ്രഖ്യാപിക്കാന്‍ ആര്‍.ഡി.ഒയോ കളക്‌ടറോ ഒന്നും വേണ്ടന്നു തെളിഞ്ഞ ദിവസം കൂടിയായിരുന്നു ആ കാളരാത്രി ക്ഷമിക്കണം നായരാത്രി. ഒറ്റ ദിവസത്തേയ്‌ക്കെങ്കിലും പട്ടി സ്ഥലത്തെ പ്രധാന പയ്യനായി മാറി. നാടിളക്കിയുള്ള നായയോട്ടത്തിനു ഒളിമ്പിക്‌ ദീപശിഖാപ്രയാണത്തെ വെല്ലുന്ന സുരക്ഷാസംവിധാനങ്ങളാണ്‌ ഉണ്ടായിരുന്നത്‌. പട്ടി ചന്തയ്‌ക്കു പോയതുപോലെയെന്നു പലരും ശുനകവര്‍ഗത്തെ ആക്ഷേപിക്കാറുണ്ടെങ്കിലും കോട്ടയം ചന്തയില്‍ പന്തയം വച്ചതു പോലെ കിടന്നുറങ്ങിയിരുന്നവരെയും കടിച്ചുകുടഞ്ഞുകൊണ്ടു പട്ടി ചന്തയ്‌ക്കു പോയാലും ചില കാര്യങ്ങളൊക്കെയുണ്ടെന്നു ശുനകന്‍മാര്‍ തെളിയിച്ചു. ഡസന്‍ കണക്കിനു പോലീസ്‌, നിറത്തോക്കുകള്‍, സര്‍വസംവിധാനങ്ങളുമായി ഫയര്‍ഫോഴ്‌സ്‌, അടിയന്തര സാഹചര്യം നേരിടാന്‍ മെഡിക്കല്‍ ടീം, കളക്‌ടര്‍, ആര്‍ഡിഒ, എംഎല്‍എമാര്‍, രാഷ്‌ട്രീയനേതാക്കള്‍ തുടങ്ങി നാട്ടിലുള്ളവരെയെല്ലാം ഇളക്കിയായിരുന്നു പട്ടിയോട്ടം. കടകളും തട്ടുകടകളും കാലിയായി. ശുനകന്റെ വരവറിഞ്ഞ നാട്ടുകാരെല്ലാം ഉടന്‍ വീട്ടിനുള്ളില്‍ കയറി കതകു പൂട്ടി. എങ്ങും ശ്‌മശാന മൂകത. പോലീസും പട്ടാളവും വിചാരിച്ചാല്‍ പോലും ഇത്രപെട്ടെന്നു ഇങ്ങനെയൊരു സെറ്റപ്പ്‌ ഉണ്ടാക്കിയെടുക്കാന്‍ പറ്റുമോയെന്നു സംശയം.പട്ടി വഴിപിഴച്ചുപോയെന്നു മനസിലായ നിമിഷം കണ്ടാലുടന്‍ വെടിവയ്‌ക്കാനുള്ള ആര്‍ഡിഒയുടെ ഉത്തരവിറങ്ങി. പക്ഷേ, കണ്ടിട്ടു വേണ്ടേ വെടിവയ്‌ക്കാന്‍, കടി കൊണ്ടവരുപോലും ശരിക്കൊന്നു കണ്ടില്ല. നിറത്തോക്കുമായി ഇരുട്ടത്തു പോലീസുകാര്‍ തപ്പിത്തടഞ്ഞു. പോലീസിനു തെല്ലു പേടിയുണ്ടായിരുന്നെങ്കിലും തോക്കിനു തെല്ലും പേടി തോന്നിയില്ല. കാരണം കടി കിട്ടിയാലും ഒരു വെടിപൊട്ടിയേക്കുമെന്നല്ലാതെ തോക്കിനു പേ പിടിക്കില്ലല്ലോ. പക്ഷേ, പാവം പോലീസുകാരന്റെ കാര്യം അതാണോ? പിന്നെ ഇട്ടിരിക്കുന്ന കാക്കിയാണ്‌ ഒരു ബലം. ഒരു മാതിരിപ്പെട്ട ക്ഷുദ്രജീവികളെല്ലാം കാക്കിക്കു മുന്നില്‍ തലചുറ്റി വീഴുന്നതാണ്‌ ഇതുവരെയുള്ള അനുഭവം. പട്ടി പറന്നു നടന്നു കടിക്കുകയാണെന്ന വാര്‍ത്ത പരന്നതോടെയാണ്‌ കേരളപ്പോലീസിനെ തോക്കുമായി രംഗത്തിറക്കിയതെന്നും കേള്‍ക്കുന്നു. ആകാശത്തേയ്‌ക്കു വെടിവച്ചു ശീലിച്ച പോലീസല്ലാതെ പിന്നാര്‍ക്കു പറന്നു നടന്നു കടിക്കുന്ന പട്ടിയെ വെടിവച്ചിടാന്‍ പറ്റും ?പേപ്പട്ടി വേട്ടയ്‌ക്കായി ഫുള്‍ ടാങ്ക്‌ വെള്ളം നിറച്ചുകൊണ്ടായിരുന്നു ഫയര്‍ ഫോഴ്‌സിന്റെ വരവ്‌. പേപ്പട്ടിക്കു വെള്ളം കാണുന്നതു പേടിയാണെന്ന നാട്ടറിവായിരുന്നു അവരുടെ ബലം. പട്ടിയെ മുട്ടിയിട്ടു നാട്ടില്‍ നടക്കാന്‍ പറ്റാതായെന്നു നാട്ടുകാര്‍ മുട്ടിന്‍മേല്‍നിന്നു പരാതി പറയാന്‍ തുടങ്ങിയിട്ടു കാലം കുറെയായി. പട്ടിയുടെ വാല്‍ പന്തീരാണ്ടു കാലം കുഴലിലിട്ടാലും നിവരില്ലെന്നു പറഞ്ഞതുപോലെ അധികാരികളോടു പരാതി പറഞ്ഞ്‌ നാവിലെ നീരു വറ്റിയാലും കാര്യത്തിനു തീരുമാനമില്ല. ഇനി കണ്ണൂരില്‍ കലാപമുണ്ടായാല്‍ കോട്ടയത്തുനിന്നൊരു പട്ടിയെ അവിടെ ഇറക്കിയാല്‍ മതിയെന്നു കേള്‍ക്കുന്നു. അരമണിക്കൂറിനുള്ളില്‍ അക്രമികളെയും നാട്ടകാരെയുമെല്ലാം പട്ടി വീട്ടിനുള്ളിലാക്കിക്കൊള്ളുമത്രേ. കടിയേറ്റവര്‍ ആശുപത്രികളിലെത്തിയപ്പോഴാണ്‌ കടിച്ച പട്ടിയെ `പേ'പ്പട്ടി എന്നു വിശേഷിപ്പിച്ചതിന്റെ രഹസ്യം പിടികിട്ടിയതത്രേ. കുത്തിവയ്‌പിനു പതിനായിരം വേണമെന്നായിരുന്നു ആദ്യം ആശുപത്രിക്കാരുടെ വാദം. കുത്തിവയ്‌പെടുക്കണമെങ്കില്‍ പേ (Pay) ചെയ്യണമത്രേ. പേയില്ലാത്ത പട്ടി കടിച്ചാലും ആശുപത്രിയിലെത്തിയാല്‍ ഡബിള്‍ `പേ'യുണ്ടാകുമെന്നു ചുരുക്കം.

മിസ്‌ഡ്‌ കോള്‍
ഇന്ത്യക്കാര്‍ക്കു തളര്‍ച്ചയും ഉന്മേഷക്കുറവും കൂടുന്നതായി സര്‍വേ- വാര്‍ത്ത
അപ്പോള്‍ ഉന്മേഷം ഇനി മരുന്നുകമ്പനികള്‍ക്ക്‌ !

യൂത്തന്‍മാര്‍ പാഠം പഠിക്കുകയാണ്‌ !

ആരാണ്‌ യൂത്തന്‍ ? അത്യാവശ്യം ഒരു സിനിമാസ്‌കോപ്പ്‌ ചിരി സ്വന്തമായിട്ടുണ്ടാവണം, പിന്നെ പശമുക്കി തേച്ച ഖദര്‍ ഷര്‍ട്ടും മുണ്ടും. ഷര്‍ട്ടില്‍ അവിടവിടെയായി ഒന്നു രണ്ടു ചെറിയ കീറലുകള്‍ ഉണ്ടെങ്കില്‍ കൂടുതല്‍ അനുയോജ്യം. പുതിയതാണെങ്കില്‍ മുതിര്‍ന്ന നേതാക്കളോടു ചോദിച്ചു കീറലുകള്‍ ഇടുന്ന രീതി മനസിലാക്കിയെടുക്കണം. മുണ്ടില്‍ കീറലുകള്‍ ആവശ്യമില്ല.നേതാവായി കഴിയുമ്പോള്‍ എതിര്‍ഗ്രൂപ്പുകാര്‍ അതു വേണ്ട രീതിയില്‍ കീറിക്കൊള്ളും. സംശയമുള്ളവര്‍ ഉണ്ണിത്താനോടു ചോദിച്ചാല്‍ വിശദവിവരങ്ങള്‍ ലഭ്യമാകും. പോക്കറ്റില്‍നിന്നു തലപൊക്കി നില്‍ക്കുന്ന ഒരു കറുത്തു തടിച്ച പഴ്‌സുണ്ടെങ്കില്‍ നല്ല ലുക്ക്‌ കിട്ടും. ചുമടെടുത്തുള്ള മുന്‍ പരിചയം അനിവാര്യം. ബാഗ്‌, പെട്ടി, ഫയല്‍ തുടങ്ങിയവ ചുമക്കാനുള്ള പ്രത്യേക കഴിവ്‌. തൊലിക്കട്ടി ആവശ്യത്തിന്‌. ഇത്രയുമൊക്കെയുണ്ടെങ്കില്‍ ഏതു യൂത്തനും നേതാവാകാമെന്നായിരുന്നു പലരും കരുതിയിരുന്നത്‌. പക്ഷേ, ഇപ്പോള്‍ കാര്യങ്ങള്‍ തല കീഴായി മറിഞ്ഞിരിക്കുന്നു. യൂത്തനു നേതാവാകണമെങ്കില്‍ ഇപ്പോള്‍ പരീക്ഷ പാസാകണമത്രേ. അങ്ങു ഡല്‍ഹിയില്‍നിന്നു വന്ന സാറന്‍മാരാണ്‌ യൂത്തന്‍മാരെ പരീക്ഷിച്ചത്‌. കേരളത്തില്‍ എസ്‌.എസ്‌.എല്‍.സിയുടെയും പ്ലസ്‌ ടുവിന്റെയും പരീക്ഷകള്‍ തകൃതിയായി നടക്കുന്നതിനിടയിലാണ്‌ യൂത്തന്‍മാരുടെ സ്‌പെഷല്‍ പരീക്ഷ അരങ്ങേറിയത്‌. ഹാള്‍ ടിക്കറ്റ്‌ കിട്ടിയ പലര്‍ക്കും ദിവസങ്ങളായി ഉറക്കം പോലുമില്ലായിരുന്നത്രേ. പുലര്‍ച്ചെ എഴുന്നേറ്റു കാല്‍ ബക്കറ്റിലെ വെള്ളത്തിലിറക്കി വച്ചു പഠനമായിരുന്നു പോലും. മഹാത്മാഗാന്ധി മുതല്‍ രാഹുല്‍ ഗാന്ധി വരെയുള്ള ഗാന്ധിമാരുടെ സകലവിധ ചരിത്രവും ചികഞ്ഞു മറിച്ചു. കറന്‍സിയിലെ ഗാന്ധി റിസര്‍ബാങ്ക്‌ ഗവര്‍ണറല്ലെന്നും ഇന്ത്യയുടെ രാഷ്‌ട്രപിതാവാണെന്നും പലരും തിരിച്ചറിഞ്ഞു. പണ്ടു സ്വാതന്ത്ര്യസമരമെന്നൊരു സമരം നടന്നെന്നും അത്‌ നയിച്ചതു ഗാന്ധിജിയാണെന്നും വായിച്ചു ചിലരെങ്കിലും ത്രില്ലടിച്ചു. യൂത്ത്‌ കോണ്‍ഗ്രസിനു വേണ്ടി നടത്തിയ സമരചരിത്രങ്ങളുടെ പടങ്ങളും വാര്‍ത്തകളും അടങ്ങിയ ഭാണ്‌ഡക്കെട്ടുകളുമായിട്ടാണ്‌ പലരും തലസ്ഥാനത്തേക്കു വണ്ടി കയറിയത്രേ. മറ്റു ചിലര്‍ പോകുന്നതിനു മുമ്പ്‌ ദേഹപരിശോധന വരെ കാര്യമായി പൂര്‍ത്തിയാക്കി. സമരചരിത്രങ്ങള്‍ വിളമ്പുമ്പോള്‍ നേതാക്കന്‍മാരെ കാണിക്കാന്‍ തെളിവെന്തെങ്കിലും വേണ്ടേ ? പോലീസുകാരെ കണ്ട്‌ ഓടിയപ്പോള്‍ ഉരുണ്ടു വീണു ദേഹത്തെ പെയിന്റു പോയ പാടും ലാത്തിച്ചാര്‍ജില്‍ പോറല്‍ വീണതുമൊക്കെ പലരും തൂത്തു മിനുക്കിയെടുത്തു. കാലം മായിച്ച പാടുകള്‍ നോക്കി ചിലര്‍ നെടുവീര്‍പ്പെട്ടു. അടിയും പിടിയും നടന്നപ്പോള്‍ ദേഹത്തു പൊടി പറ്റാതെ മുങ്ങിയതിന്റെ വില ഇപ്പോഴാണ്‌ അറിയുന്നത്‌. ഇതിനിടെ, ഹാള്‍ ടിക്കറ്റു കിട്ടാത്തവര്‍ പരീക്ഷാഹാളിനു മുന്നില്‍ ചിന്നംവിളിയും നടത്തി. സിലബസിനു പുറത്തെ ചോദ്യങ്ങള്‍ക്കു മുന്നില്‍ പലരും പതറി. ഇംഗ്ലീഷും ഹിന്ദിയും മാത്രമല്ല മലയാളം കൂടി മാധ്യമമാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്‌. കോപ്പയടി നടന്നോയെന്നതു വ്യക്തമായിട്ടില്ല. പരീക്ഷാപ്പേടിയുള്ളവരൊക്കെ മുകളില്‍നിന്നു വിളിപ്പിച്ചോയെന്നതും വ്യക്തമല്ല.ചോദ്യക്കടലാസ്‌ ചോര്‍ച്ച നടന്നോ എന്നതു ഫലം പ്രസിദ്ധീകരിച്ചതിനു ശേഷം പറയാമെന്ന നിലപാടിലാണ്‌ ഒരു കൂട്ടര്‍. ഇത്തവണ തട്ടിപ്പോയാലും അടുത്ത തവണ പാസാകുമെന്ന ആശ്വാസത്തിലാണ്‌ ചിലര്‍. അതിനു വേണമെങ്കില്‍ ട്യൂഷനു പോകാനും ഇവര്‍ റെഡിയാണത്രേ. യൂത്ത്‌ കോണ്‍ഗ്രസ്‌ എന്‍ട്രന്‍സ്‌ കോച്ചിംഗ്‌ സെന്ററുകള്‍ വന്നാലും അതിശയിക്കാനില്ല. എന്തായാലും പരീക്ഷ നടത്തിയും പരീക്ഷണം നടത്തിയും ഊത്തു കോണ്‍ഗ്രസുകാരില്ലാത്ത യൂത്ത്‌ കോണ്‍ഗ്രസ്‌ ഉണ്ടാക്കാന്‍ നേതാക്കള്‍ക്കു കഴിയട്ടെയെന്നു ആശംസിക്കാം.

മിസ്‌ഡ്‌ കോള്‍
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 526 കോടി രൂപയുടെ മദ്യം മലയാളി കൂടുതല്‍ കുടിച്ചു.- വാര്‍ത്ത
`മലയാഴി' മാനം കാത്തു !

കൊയ്‌ത്ത്‌ യന്ത്രവും മെതി തന്ത്രവും !

അങ്ങനെ ചെളിയിലും ചേറിലും കുഴഞ്ഞു നടന്നിരുന്ന കൊയ്‌ത്ത്‌ യന്ത്രം കേരളത്തില്‍ താരമായി. ജെ.സി.ബി കൈയടക്കി വച്ചിരുന്ന താരസിംഹാസനമാണ്‌ ഏതാനും ദിവസങ്ങള്‍ക്കൊണ്ട്‌ കൊയ്‌ത്ത്‌ യന്ത്രം അടിച്ചു മാറ്റിയത്‌. ഒരു മഴ കഴിഞ്ഞപ്പോള്‍ താന്‍ വി.ഐ.പിയായ ചരിത്രമോര്‍ക്കുമ്പോള്‍ ഒരു പാടം ഒറ്റയോട്ടത്തിനു കൊയ്യാനുള്ള ആവേശത്തിലാണ്‌ കൊയ്‌ത്ത്‌ യന്ത്രം പോലും.ജെ.സി.ബിയെ മൂന്നാര്‍ മല ചവിട്ടിച്ചു പേരെടുപ്പിച്ച പാര്‍ട്ടി തന്നെയാണ്‌ ഇത്തവണ കൊയ്‌ത്ത്‌ യന്ത്രത്തിനും നാട്ടില്‍ പേരുണ്ടാക്കി കൊടുത്തിരിക്കുന്നത്‌. ജെ.സി.ബിക്കു പാര്‍ട്ടിക്കാര്‍ പേരാണോ പേരുദോഷമാണോ ഉണ്ടാക്കിയതെന്നതു തര്‍ക്കവിഷയം. പാര്‍ട്ടിക്കാരുടെയും ഭരണക്കാരുടെയും വാക്കു വിശ്വസിച്ചാണ്‌ മിസ്റ്റര്‍ ജെ.സി.ബിയും സംഘവും മൂന്നാറിലേക്കു വച്ചു പിടിച്ചത്‌. മൂന്നാറിലും ചുറ്റുവട്ടങ്ങളിലും നടന്ന ജെസിബിനൃത്തം ചാനലുകളിലും പത്രങ്ങളിലും ലൈവായി നിറയുന്നതു കണ്ടപ്പോള്‍ പാവങ്ങള്‍ വണ്ടറടിച്ചു പോയി. പക്ഷേ, പാര്‍ട്ടിക്കാരുടെ വാക്കും പഴയ ചാക്കും ഏതാണ്ട്‌ ഒരേ പോലെയാണെന്നു മൂന്നാറിലെത്തി പണി തുടങ്ങിയപ്പോഴാണ്‌ പിടികിട്ടിയത്‌. കൈയേറ്റം മുഴുവന്‍ കൈയോടെ ഒഴിപ്പിക്കുമെന്നു ഘോരഘോരം മുരണ്ടവരൊക്കെ കാലുമാറിയപ്പോള്‍ ജെ.സി.ബിയും കൈയേറ്റക്കാരുടെ കരുത്തറിഞ്ഞു. മുഖ്യന്റെ പൂച്ചകളെ ചില തുരപ്പനെലികള്‍ നാടൊട്ടുക്കും ഓടിച്ചു. ജെ.സി.ബികള്‍ തലയില്‍ മുണ്ടുമിട്ടു മൂന്നാര്‍ മലയിറങ്ങി. തീര്‍ന്നില്ല, മണ്ണെടുപ്പും പാറപൊട്ടിക്കലും കൂടി നിരോധിച്ചതോടെ ജെ.സി.ബിയെ കണ്ടാല്‍ തൊഴുതു നിന്നവരൊക്കെ പുച്ഛഭാവത്തില്‍ മുഖം തിരിച്ചു തുടങ്ങി.ഈ ബഹളങ്ങള്‍ക്കിടെയാണ്‌ ജെ.സി.ബിയെയും ഭരണക്കാരെയും ഞെട്ടിച്ചുകൊണ്ടു കൊയ്‌ത്ത്‌ യന്ത്രത്തിന്റെ രംഗപ്രവേശം. രാഷ്‌ട്രീയക്കാരുടെ പൊന്നോമനയായി കൊയ്‌ത്ത്‌ യന്ത്രം മാറിയത്‌ നോക്കി നിന്നപ്പോഴാണ്‌. കൊയ്‌ത്ത്‌ യന്ത്രത്തെ ഒന്നു കാണാനും പറ്റുമെങ്കില്‍ ഒന്നു തൊടാനും കെട്ടിപ്പിടിച്ചൊരു മുത്തം കൊടുക്കാനുമൊക്കെ തിരുവനന്തപുരത്തു നിന്നു പോലും ആളുകള്‍ കുട്ടനാട്ടിലെത്തിയത്രേ.കുട്ടനാട്ടില്‍ നെല്ലു വിളഞ്ഞപ്പോള്‍ കൊയ്‌ത്ത്‌ യന്ത്രമിറക്കാന്‍ കര്‍ഷകര്‍ തുനിഞ്ഞെങ്കിലും പാടത്തു യന്ത്രം വീലു കുത്തിയാല്‍ നെല്ലിനു പകരം തല കൊയ്‌തു കളയുമെന്ന മട്ടിലായിരുന്നു ചില സഖാക്കളുടെ നിലപാട്‌. നെല്ലു മാത്രമല്ല, കൈയും കാലും തലയും വരെ കൊയ്യാന്‍ കെല്‌പുള്ളവരുടെ പാരമ്പര്യമുള്ളതിനാല്‍, മൗനം കര്‍ഷകനും ഭൂഷണം. വിളഞ്ഞ നെല്ലു വളഞ്ഞു നില്‍ക്കുന്നതു കണ്ടു കരയ്‌ക്കിരുന്നു വെള്ളമിറക്കാനേ കൊയ്‌ത്ത്‌ യന്ത്രത്തിനു കഴിഞ്ഞുളളൂ. പക്ഷേ, വേനല്‍ മഴ പെയ്‌തതോടെ കര്‍ഷകന്റെ കഷ്‌ടകാലവും കൊയ്‌ത്ത്‌ യന്ത്രത്തിന്റെ നല്ല കാലവും തെളിഞ്ഞു. വിളഞ്ഞ നെല്ലു മൂക്കും കുത്തി വെള്ളത്തില്‍ വീണു. വളമിട്ടാലും കിളിര്‍ക്കാത്ത നെല്ലുകള്‍ പോലും റോക്കറ്റു പോലെ തല പൊക്കി. അതോടെ പ്രതിപക്ഷം കൊയ്‌ത്തു തുടങ്ങി. നേതാക്കളെല്ലാം കൊയ്‌ത്ത്‌ യന്ത്രവുമായി കുട്ടനാട്ടിലേക്കു വച്ചു പിടിച്ചു. കര്‍ഷകര്‍ നെഞ്ചത്തു കൈവച്ചു. അണികള്‍ കൊയ്‌ത്ത്‌ യന്ത്രത്തില്‍ തൊട്ടു വണങ്ങി. ചാനലുകളില്‍ കൊയ്‌ത്തും ലൈവ്‌ ഷോ ആയി.യന്ത്രം കൊയ്‌താല്‍ തൊഴിലാളികള്‍ പട്ടിണി കിടക്കുമെന്നു പ്രചരിപ്പിച്ചവര്‍ അരിവാള്‍ കണ്ടിട്ടുള്ള തൊഴിലാളികള്‍ക്കായി മഷിനോട്ടം വരെ നടത്തി. അവസാനം നമ്മുടെ സ്വന്തം ബംഗാള്‍ വരെ പോകേണ്ടി വന്നു. ബംഗാള്‍ സ്വര്‍ഗലോകമാതിനാല്‍ അവിടുള്ള ജനങ്ങള്‍ കൂലിപ്പണിക്കും കൊയ്‌ത്തിനുമായി കേരളത്തിലേക്കു വന്നുകൊണ്ടിരിക്കുകയാണത്രേ. എന്തായാലും പാര്‍ട്ടിക്കാര്‍ക്ക്‌ ഒരു കാര്യം പിടികിട്ടി, കൊയ്‌ത്ത്‌ യന്ത്രമിറക്കിയില്ലെങ്കില്‍ നാട്ടുകാര്‍ മുതുകത്ത്‌ മെതിയന്ത്രമിറക്കും. മെതി തന്ത്രത്തേക്കാള്‍ ഭേദം കൊയ്‌ത്ത്‌ യന്ത്രം തന്നെ.

മിസ്‌ഡ്‌ കോള്‍
അമേരിക്കയില്‍ ഒരു പുരുഷന്‍ ഗര്‍ഭം ധരിച്ചു.- വാര്‍ത്ത
പ്ലീസ്‌.... സ്‌ത്രീകളെ ആശിപ്പിക്കരുത്‌ !

ചില ക്രിക്കറ്റ്‌ കാല ഹോക്കി കഥകള്‍ !

കാലം മാറിയിട്ടും കോലവും കോലും മാറിയില്ലെങ്കില്‍ ഇന്ത്യന്‍ ഹോക്കി ടീമിന്റെ കോലത്തിലാകുമെന്നാണ്‌ ഒടുവില്‍ കേട്ട വാര്‍ത്ത. ഇന്ത്യന്‍ ദേശീയ കായിക വിനോദം ഇപ്പോള്‍ ദേശീയ കായിക വിവാദമായി കളം നിറഞ്ഞു കളിക്കുകയാണത്രേ. ആരോപണങ്ങളുടെ ഹോക്കി സ്റ്റിക്കുമായി ഓടി നടന്നു തല്ലുന്ന തിരക്കിലാണ്‌ നടത്തിപ്പുകാരും വിമര്‍ശകരും. എട്ടു പതിറ്റാണ്ടായി ഒളിംപിക്‌സ്‌ തറവാടില്‍ ഇന്ത്യയ്‌ക്ക്‌ ഇലയിടാതെ ഒരു സദ്യയും നടന്നിട്ടില്ലത്രേ. ആദ്യ കാലഘട്ടത്തില്‍ മുന്‍പന്തിയില്‍ അന്തസോടെയിരുന്ന ഇന്ത്യന്‍ സംഘം പിന്നെ പിന്നെ പിന്നിലായി. വൈകാതെ വിറകുവെട്ടും വെള്ളം കോരുമായി ചുറ്റിക്കറങ്ങി. ഇപ്പോഴിതാ അതും കിട്ടാതെ അടിച്ചുവാരി പുറത്താക്കി. ബയ്‌ജിംഗില്‍ ഒളിംപിക്‌ സദ്യ അരങ്ങേറുമ്പോള്‍ അയല്‍വക്കത്തെ മാവിന്റെ മുകളില്‍ കയറിയിരുന്നു വേണമെങ്കില്‍ വെള്ളമിറക്കാം. പക്ഷേ, ഹോക്കിയെ ഇങ്ങനെ ചാക്കിലാക്കി മുക്കിയതു നാട്ടുകാരു തന്നെയാണെന്നതു പറയാതെ വയ്യ. ഒളിംപിക്‌സ്‌ എന്നു കേള്‍ക്കുമ്പോള്‍ മാത്രമാണ്‌ ഇന്ത്യക്കാരന്റെ ഹോക്കി രക്തം തിളയ്‌ക്കുന്നത്‌. അതും ഹോക്കിയോടുള്ള സ്‌നേഹം കൊണ്ടല്ല, ക്രിക്കറ്റിനു ഒളിംപിക്‌സ്‌ തറവാട്ടില്‍ കയറാന്‍ പറ്റാത്തിടത്തോളം കാലം ഹോക്കിയെ നോക്കിയേ പറ്റൂ. അമേരിക്കന്‍ സായിപ്പന്‍മാര്‍ക്ക്‌ ക്രിക്കറ്റിന്റെ ഏറും പിടിത്തവും വശമായി വരുന്നതു വരെ ഒളിംപിക്‌സില്‍ ഹോക്കി തന്നെ ഇന്ത്യക്കാരനു ശരണം. ഏതെങ്കിലും ക്രിക്കറ്റ്‌ കളിക്കാരന്‍ ഇത്തിരി ശക്തിയായി ഒന്നു തുമ്മിയാല്‍ സാദാ കാണി മുതല്‍ ഡല്‍ഹിയിലെ ഭരണക്കാര്‍ക്കു വരെ ടെന്‍ഷന്‍ കേറും, വാതുവയ്‌പുകാര്‍ക്കു ആധിയാകും, ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡിന്റെ കണ്‍ട്രോള്‍ പോകും... കാരണം ജലദോഷമെങ്ങാനും പിടിപെട്ടു താരത്തിനു കളിക്കാന്‍ പറ്റിയില്ലെങ്കിലോ? ഇന്ത്യന്‍ ക്രിക്കറ്റ്‌ ദേവന്‍മാരെ ആരെങ്കിലുമൊന്നു തുറിച്ചു നോക്കിയാല്‍ ആരാധകരും കണ്‍ട്രോള്‍ ബോര്‍ഡും എല്ലാം ചേര്‍ന്നു അവരെ വലിച്ചു കീറി ഭിത്തിയിലൊട്ടിക്കും. അംപയര്‍ ടീമിനെതിരേ അബദ്ധത്തിലെങ്ങാനും ഒരു തീരുമാനമെടുത്താല്‍ അതോടെ പുള്ളിക്കാരന്റെ കാര്യം കട്ടപ്പുക. പരാതികളുടെയും അരോപണങ്ങളുടെയും അമ്പുകള്‍ ഫയര്‍ ചെയ്‌തു കളയും നമ്മുടെ ക്രിക്കറ്റ്‌ സ്‌നേഹികള്‍. പക്ഷേ, ഹോക്കി ടീം കോച്ച്‌ റഫറിക്കെതിരേ ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചിട്ടു ആരുമതിനു പുല്ലുവിലപോലും കല്‌പിച്ചില്ല!ആന ചരിഞ്ഞാലും ജീവിച്ചാലും ലക്ഷങ്ങള്‍ എന്നതു പോലെയാണ്‌ ക്രിക്കറ്റ്‌ താരങ്ങളുടെ കാര്യവും. കളി ജയിച്ചാലും തോറ്റാലും പോക്കറ്റില്‍ കോടികള്‍ കിലുങ്ങും. ഏതെങ്കിലും കളി ജയിച്ചെത്തിയാല്‍ വിമാനമിറങ്ങുമ്പോള്‍ ഓടിച്ചെല്ലും, കെട്ടിപ്പിടിക്കും, ഉമ്മ വയ്‌ക്കും. പിന്നെ വണ്ടിപ്പുറത്തു കയറ്റി നാടൊട്ടുക്കും കൊണ്ടു നടക്കും. പിന്നെ ദേവലയങ്ങളില്‍ പൂജ, വഴിപാട്‌, വെടിക്കെട്ട്‌... എന്നിങ്ങനെ കോടികള്‍ പിന്നെയും പൊടിക്കും.പക്ഷേ, ഈ ബഹളങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ ദേശീയ കായിക വിനോദമായ ഹോക്കിയുടെ മുന്നണി പോരാളികള്‍ ശരിക്കും കഞ്ഞികുടിക്കുന്നുണ്ടോയെന്നു പോലും ആരും അന്വേഷിക്കുന്നുണ്ടെന്നു തോന്നുന്നില്ല. അവര്‍ എവിടെയെങ്കിലും പോയി കളിയും ജയിച്ചു വന്നാല്‍ ആരും പരവതാനി വിരിച്ചു കണ്ടിട്ടില്ല. ഓടിച്ചെല്ലാനും ഉമ്മ വയ്‌ക്കാനും ആരും ക്യൂ നില്‍ക്കാറുമില്ല. അവരുടെ പോക്കറ്റില്‍ കോടികള്‍ കിലുങ്ങുന്നില്ല. ചാനലിലെ `തത്സമയങ്ങളില്‍' അവരുടെ നിഴല്‍ പോലുമുണ്ടാകാറില്ല. ഇംഗ്ലണ്ടിനോടു തോറ്റു ഇന്ത്യ ഒളിംപിക്‌സിനു പുറത്തായപ്പോള്‍ വിമര്‍ശനങ്ങളുടെ വെണ്ടയ്‌ക്കാ നിരത്തിയാണ്‌ മാധ്യമങ്ങളും `കായികപ്രേമികളും' വരവേറ്റത്‌. അവര്‍ കളി ജയിച്ചിട്ടായിരുന്നു വരുന്നതെങ്കില്‍ ആരെങ്കിലും മൈന്‍ഡ്‌ ചെയ്യുമായിരുന്നോയെന്നതു ചിന്തനീയം.

മിസ്‌ഡ്‌ കോള്‍
കൊച്ചിയില്‍ 152 അനധികൃത ഫ്‌ളാറ്റുകള്‍.- വാര്‍ത്ത
പാട്ടുകാര്‍ സൂക്ഷിക്കുക !

ലോക്കല്‍ സെക്രട്ടറി എന്റെ ട്യൂഷന്‍ ടീച്ചര്‍ !

ഒരു ചോദ്യത്തിലെന്തിരിക്കുന്നു? എന്നു ചോദിക്കരുത്‌. കാരണം, ജനങ്ങളെ ചോദ്യം ചോദിച്ചു വിവരമുള്ളവരാക്കിയ നിരവധി മഹാന്‍മാര്‍ ഈ ലോകത്തിലുണ്ടായിരുന്നു. സോക്രട്ടീസും പ്ലേറ്റോയുമൊക്കെ ജനങ്ങളോടു നിരന്തരം ചോദ്യങ്ങള്‍ ചോദിച്ചിരുന്നവരാണെന്നു ചരിത്രം പറയുന്നു. ചോദ്യങ്ങളിലൂടെ ജനങ്ങളെ ചിന്തിപ്പിക്കുകയായിരുന്നു ഇവരുടെ രീതി. കേരളത്തിലെ ചില `പൈതല്‍' ചിന്തകന്‍മാരും സോക്രട്ടീസ്‌തന്ത്രം സീക്രട്ടായി നടപ്പാക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്‌. കുട്ടികളെ ചിന്തിപ്പിക്കാനുള്ള ചോദ്യങ്ങളുമായിട്ടാണു ഇക്കൂട്ടരുടെ വരവ്‌. ചെറുപ്പത്തിലേ ചിന്തിച്ചു തുടങ്ങിയാലേ കുട്ടികള്‍ വളരുമ്പോള്‍ പാര്‍ട്ടിക്കു മുന്നില്‍ അന്തംവിട്ടു നില്‍ക്കൂയെന്നും ഈ ചിന്തകര്‍ക്കറിയാം. ഇത്തവണ എസ്‌.എസ്‌.എല്‍.സി ചോദ്യപേപ്പറിന്റെ മോന്തായത്തിലാണ്‌ പൈതല്‍ ചിന്തകരുടെ ചോദ്യങ്ങള്‍ കുട്ടികളുടെ നേര്‍ക്കുള്ള കുന്തം പോലെ കെട്ടിത്തൂക്കിയത്‌. 57-ലെ ഇടതു സര്‍ക്കാരിന്റെ നേട്ടങ്ങളും സര്‍ക്കാരിനെ പിരിച്ചുവിടാനുണ്ടായ സാഹചര്യങ്ങളും എന്തെന്നായിരുന്നു ചോദ്യം ? ചുവന്ന ചോദ്യം കണ്ടു മുഖം ചുവന്ന വിദ്യാര്‍ഥികള്‍ പലരും മുഖത്തോടു മുഖം നോക്കി. അന്നു പിരിച്ചു വിട്ടതിന്റെ ദേഷ്യം തീര്‍ക്കാനാണ്‌ പാര്‍ട്ടിക്കാര്‍ വര്‍ഷം തോറും ബക്കറ്റുമായി ജനങ്ങളെ `പിരിച്ചു' വിടുന്നതെന്നാണ്‌ കേട്ടുകേള്‍വി. പാര്‍ട്ടി ചോദ്യത്തിനു ഉത്തരം കോറിയാല്‍ നാലു മാര്‍ക്കാണ്‌ വിദ്യാഭ്യാസവകുപ്പിന്റെ സമ്മാനം. അപ്പോള്‍ ഇനി കുട്ടികള്‍ പാര്‍ട്ടിക്കാര്യങ്ങള്‍ താനേ പഠിച്ചോളുമെന്നറിയാന്‍ കേവലമൊരു താടിയുടെ ഗ്യാരണ്ടി മാത്രം മതി.പരീക്ഷയ്‌ക്കു ജയിക്കണേല്‍ ഇത്തിരി പാര്‍ട്ടിക്കാര്യവും പഠിക്കണം തീര്‍ന്നില്ല, ഇനി പ്രൈവറ്റ്‌ ട്യൂഷനു പോകുന്നതിനോടൊപ്പം വിദ്യാര്‍ഥികള്‍ അതാതു സ്ഥലങ്ങളിലെ ലോക്കല്‍ സെക്രട്ടറിമാരുടെയോ ഏരിയകമ്മിറ്റി സെക്രട്ടറിയുടെയോ അടുത്തു ട്യൂഷനു പോകുന്നതും നന്നായിരിക്കും. ട്യൂഷനു ചേരുന്നതിനു മുമ്പ്‌ സംസ്ഥാനസമിതിയുമായി ബന്ധപ്പെട്ടു സെക്രട്ടറി ഏതു ഗ്രൂപ്പുകാരനാണെന്നു ഉറപ്പുവരുത്തണമെന്നുമാത്രം. കാരണം, മന്ത്രിയുടെ ഗ്രൂപ്പല്ലെങ്കില്‍ ചിലപ്പോള്‍ ഉള്ള മാര്‍ക്കു കൂടി വെട്ടിനിരത്തപ്പെടും. പാര്‍ട്ടിക്കിഷ്‌ടപ്പെട്ട ഉത്തരങ്ങള്‍ കൃഷി ചെയ്‌തില്ലെങ്കില്‍ ഉത്തരക്കടലാസ്‌ കണ്ടുകെട്ടി കുട്ടിസഖാക്കള്‍ക്ക്‌ കളിയോടമുണ്ടാക്കാന്‍ കൊടുത്തെന്നും വരും. കോട്ടയം സമ്മേളനത്തിന്റെ സി.ഡി കിട്ടുമെങ്കില്‍ കുട്ടികള്‍ക്കു വാങ്ങിക്കൊടുക്കുന്നതു നന്നായിരിക്കും. അധികം വൈകാതെ കോട്ടയം സമ്മേളനത്തെക്കുറിച്ചുള്ള ചോദ്യങ്ങളും പ്രതീക്ഷിക്കാം. അന്നു നേതാവ്‌ നടത്തിയ `മഴപ്രഭാഷണം' മന:പാഠമാക്കുന്നതു മഴക്കാലത്തു പ്രയോജനപ്പെടും.സ്‌കൂളുകളില്‍ മൊബൈല്‍ ഫോണുകള്‍ നിരോധിച്ചതു പോലെ ഇപ്പോള്‍ കുപ്പികള്‍ നിരോധിക്കാനുള്ള ആലോചനയുണ്ടെന്നാണ്‌ ഒടുവില്‍ കേട്ടത്‌. കുട്ടികള്‍ ചെറുപ്പത്തിലേ കുപ്പികൊണ്ടു നടന്നു ശീലിച്ചാല്‍ മുതിര്‍ന്നു കഴിയുമ്പോള്‍ അതെടുത്തു ഏറു തുടങ്ങുമത്രേ. കോട്ടയം സമ്മേളനത്തില്‍ ഇങ്ങനെ `കുപ്പി' പറക്കുന്നതു നാട്ടുകാരു കണ്ടതാണല്ലോ.എന്താനാണു കാശു കൊടുത്തു പറക്കുന്ന കുപ്പി മേടിക്കുന്നതെന്നു നേതാക്കന്‍മാര്‍ ചിന്തിച്ചു തുടങ്ങിയാല്‍ അതിശയിക്കാനില്ല, സമ്മേളനങ്ങള്‍ അവസാനിച്ചിട്ടില്ലല്ലോ. ലോക്കല്‍ സെക്രട്ടറിമാരോടു ചോദിച്ചിട്ടും സംശയം തീരാത്ത പാര്‍ട്ടിക്കാര്യങ്ങള്‍ പഠിക്കാന്‍ ഇപ്പോള്‍ സ്‌കൂള്‍ ലൈബ്രറികളിലും സംവിധാനമൊരുക്കിയിട്ടുണ്ട്‌. വൈകാതെ ചുവന്ന യൂണിഫോമിട്ടു കുട്ടികള്‍ സ്‌കൂളിലേക്കു വാളണ്ടിയര്‍ മാര്‍ച്ചു നടത്തുന്ന കാഴ്‌ചയ്‌ക്കായി കാത്തിരിക്കാം.

മിസ്‌ഡ്‌ കോള്‍
കേരളത്തിന്റെ അരിവിഹിതം കൂട്ടാന്‍ പാര്‍ലമെന്റിനു മുന്നില്‍ ധര്‍ണ- വാര്‍ത്ത
`രി'കൂട്ടിയാല്‍ മതി, ബാക്കി ആവശ്യത്തിലേറെയുണ്ട്‌.

കോട്ടയത്തു കാലാ പെറുക്കുമ്പോള്‍ !

കോട്ടയം സമ്മേളനം കഴിഞ്ഞു കാലാ പെറുക്കാനിറങ്ങിയ ചില ചേട്ടന്‍മാര്‍ക്കു മേലാകെ പെരുത്തു കയറുന്നു പോലും. എങ്ങനെ പെരുക്കാതിരിക്കും ? തലേദിവസത്തെ തലയുടെ `പെരുപ്പ്‌' ഇതുവരെ മാറിയിട്ടില്ല, പിന്നെ മേലു പെരുക്കുന്നതില്‍ അതിശയിക്കാനില്ല. കോട്ടയം സമ്മേളനം കഴിയുന്നതോടെ വിഭാഗീയതയുടെ അവസാന കണികവരെ തുടച്ചു നീക്കുമെന്നായിരുന്നു പ്രഖ്യാപനം. അതേതായാലും സത്യമായി. `വാള'ണ്ടിയേഴ്‌സിന്റെ സംഭാവനകള്‍ കോട്ടയം നഗരത്തിന്റെ വഴിവക്കില്‍നിന്നും മൈതാനങ്ങളില്‍നിന്നും തുടച്ചുനീക്കാന്‍ കാലം കുറെ വേണ്ടി വരുമെന്നാണ്‌ ശുചീകരണ തൊഴിലാളികള്‍ പറയുന്നത്‌. സമ്മേളനം കഴിയുമ്പോഴേക്കും ചില ഒറ്റയാന്‍മാര്‍ തലയില്‍ മുണ്ടുമിട്ടു മടങ്ങേണ്ടി വരുന്ന കാഴ്‌ച കാണാമെന്നും കേട്ടിരുന്നു. പക്ഷേ, അവസാനം തലയില്‍ മുണ്ടുമിട്ടു നില്‍ക്കുന്നവരെ കണ്ടു ജനം ഞെട്ടി. ആയിരം കുടങ്ങളുടെ വായ്‌ മൂടിക്കെട്ടാം.. എന്നിട്ടും ഒരു മനുഷ്യന്റെ പോലും വായ്‌ മൂടിക്കെട്ടാന്‍ പറ്റില്ലെന്നു വന്നാല്‍ ? ഏതൊരു പ്രസംഗകനും കാണില്ലേ താന്‍ നാലു വാക്കു പറയുമ്പോള്‍ രണ്ടു പേരെങ്കിലും കൈയടിക്കണമെന്ന ആഗ്രഹം. കൈയടിക്കാന്‍ കൊള്ളാവുന്ന രീതിയില്‍ പലതും പറഞ്ഞു നോക്കിയിട്ടും കൊള്ളാവുന്ന ഒരുത്തനും കൈയടിച്ചില്ല. കള്ളം പറയരുതല്ലോ, പലരും ഫുള്ളായി കള്ളടിച്ചിരുന്നു. കൈയടി കിട്ടിയില്ലെങ്കിലും ചൈനീസ്‌ വെടിക്കെട്ടിന്റെ അകമ്പടിയോടെയാണ്‌ പുള്ളിക്കാരന്‍ പ്രസംഗിച്ചു തീര്‍ത്തത്‌. വെടിക്കെട്ടു ചൈനീസ്‌ ആയതു നന്നായി, ഒരു കമ്യൂണിസ്റ്റ്‌ മണവും ഗുണവുമുണ്ടാകുമല്ലോ. കോട്ടയംകാര്‍ കൈയടിക്കു പിന്നിലാണെന്നു നേരത്തെ പിടികിട്ടിയിരുന്നേല്‍ മറ്റൊരു അടവുനയം പ്രയോഗിക്കാമായിരുന്നു. വേഷത്തില്‍, പാതി പാര്‍ട്ടിക്കാരും പാതി പോലീസുമായ നമ്മുടെ `പാര്‍ലീസ്‌' സേനയെ പരേഡിനൊപ്പം കൈയടിക്കാന്‍ കൂടി പരിശീലിപ്പിക്കേണ്ടതായിരുന്നു. പോയ ബുദ്ധി പോളിറ്റ്‌ബ്യൂറോ വിചാരിച്ചാലും തിരികെ കിട്ടില്ലല്ലോ. കൈയടി കിട്ടിയില്ലെങ്കിലും എല്ലാം കാലടിയിലാണെന്ന സമാധാനത്തോടെയാണ്‌ പ്രസംഗശേഷം ഇരിപ്പിടത്തിലേക്കു മടങ്ങിയത്‌. പക്ഷേ, നാട്ടുകാരുടെ കൈകൊട്ടിക്കലാശം വരുന്നതേയുണ്ടായിരുന്നുള്ളൂ. അടുത്ത പ്രസംഗം തുടങ്ങിയതോടെ കോട്ടയംകാരുടെ കൈയടിവീര്യം നാടറിഞ്ഞു. എല്ലാം കഴുകി വെടിപ്പാക്കാനെന്ന പോലെ മഴ കോരിച്ചൊരിഞ്ഞു. നേതാവിന്റെ കാലടിക്കു മീതെയാണ്‌ നാട്ടുകാരുടെ കൈയടിയെന്നു തെളിയിച്ചുകൊണ്ട്‌ കാര്‍ന്നോരുടെ പ്രസംഗം കതിനാവെടി പോലെ മുഴങ്ങി. നേതാവിന്റെ ചുവപ്പുസേനയെ വെല്ലുവിളിച്ചു കാര്‍ന്നോരുടെ നാട്ടുസേന ആടിത്തിമിര്‍ത്തു. ഇതിനിടയില്‍ കാലിയായ കുപ്പികള്‍ ഗോലി പോലെ വന്നു. ഇതോടെ യഥാര്‍ഥ കമ്യൂണിസ്റ്റിന്റെ കാര്‍ക്കശ്യം പലരും തിരിച്ചറിഞ്ഞു. കൊടി കെട്ടിയ വടിയും മുകളിലിത്തിരി പിടിയുമുണ്ടായിരുന്നവര്‍ കിട്ടിയവരുടെ മേല്‍ നന്നായി കൊടികുത്തി. സംസ്ഥാന സമ്മേളനത്തിന്റെ കൊടിയിറക്കം (അതോ `കുടി'യിറക്കമോ ?) ഈ പരുവത്തിലാകുമ്പോള്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ എന്തായിരിക്കും കഥയെന്ന ചിന്തയിലാണ്‌ കൊച്ചു സഖാക്കളില്‍ പലരും. വിലക്കയറ്റത്തിന്റെ ഉരുണ്ടു കയറ്റം കണ്ടു വിരണ്ടുനില്‍ക്കുന്ന ജനത്തെ നോക്കി അമേരിക്കന്‍ അധിനിവേശത്തിന്റെ കഥ പറഞ്ഞു മുരണ്ടതല്ലാതെ ആരുമൊരു ആശ്വാസവാക്കു പറഞ്ഞില്ല. പിന്നെ സമരം നടത്തണേല്‍ നേരെ ഡല്‍ഹിക്കു പോണമെന്നൊരു ഉപദേശവും. അമേരിക്കന്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷിനോടുള്ള വിരോധം വരെ ഈ നാട്ടുകാരുടെ മുന്നില്‍ സമരം നടത്തി തീര്‍ക്കുന്നവരുടെ സാരോപദേശം രണ്ടുകൈയും നീട്ടി വാങ്ങാം.

മിസ്‌ഡ്‌ കോള്‍
തലസ്ഥാനത്ത്‌ ഹൈക്കോടതി ബഞ്ച്‌ അനുവദിക്കാന്‍ ശിവസേന ഹര്‍ത്താല്‍ നടത്തും- വാര്‍ത്ത
അതിനു ജനത്തെ ബഞ്ചില്‍ കയറ്റി നിര്‍ത്തണോ?

വ്യത്യസ്‌തനായൊരു ഗാന്ധിയെ കാണണേല്‍ !

പണ്ടു ശുനകനൊരുവന്‍ ചന്തയ്‌ക്കു പോയതിന്റെ പേരില്‍ എന്തൊക്കെ പേരുദോഷങ്ങളാണ്‌ ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നത്‌. ഏതാണ്ട്‌ അതേ അവസ്ഥയാണ്‌ കേരളത്തില്‍നിന്നു കേന്ദ്രത്തിലോട്ടു വച്ചു പിടിക്കുന്ന ഭരണക്കാരുടെ കാര്യവും. പക്ഷേ, ഒന്നും കിട്ടിയില്ലെന്നു പറയരുതല്ലോ. ചാക്കു കണക്കിനു വാഗ്‌ദാനങ്ങളാണ്‌ ഇത്തവണയും നമ്മുടെ മുഖ്യനും സംഘവും നേടിയെടുത്തത്‌. വാഗ്‌ദാനങ്ങള്‍ കയറ്റിക്കൊണ്ടു പോരാന്‍ വേണമെങ്കില്‍ സ്‌പെഷല്‍ ട്രെയിന്‍ തന്നെ അനുവദിക്കാമെന്നു വരെ നമ്മുടെ ലാലു മന്ത്രി വാഗ്‌ദാനം ചെയ്‌തത്രേ. `കിട്ടിയാല്‍ ഊട്ടി അല്ലെങ്കില്‍ ചട്ടി' എന്ന മട്ടില്‍ കേന്ദ്രവും സംസ്ഥാനവും തട്ടിക്കളിക്കുമ്പോള്‍ പട്ടിണിയുടെ വെട്ടില്‍ വീണതു നാട്ടുകാരും. അരിയില്ല, പാലില്ല, പച്ചക്കറിയില്ല, മന്ത്രിമാര്‍ക്കാണെങ്കില്‍ മനസാമാധാനവുമില്ല. കാലിയായ ഖജനാവില്‍ പൂച്ച പെറ്റു കിടക്കുകയാണെന്നും കേള്‍ക്കുന്നു. മിച്ചമുള്ള ഭൂമി വെട്ടിമുറിച്ചു അച്ചാറിട്ടു തൊട്ടുനക്കാനൊരുങ്ങിയപ്പോള്‍ പത്രക്കാരും നാട്ടുകാരും കൂടി അതില്‍ വിവാദത്തിന്റെ മണ്ണു വാരിയിട്ടു. നാട്ടുകാരുടെ കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും പാര്‍ട്ടിക്കാരുടെ കാര്യത്തിനു ഒരു കുറവും വരുത്തിയിട്ടില്ല കേട്ടോ. ഒരു ബക്കറ്റ്‌ വിചാരിച്ചാല്‍ എന്തൊക്കെ സംഭവിക്കുമെന്നറിയണേല്‍ നേരേ കോട്ടയത്തു ചെല്ലണം. വഴിയോരത്തെ മൈല്‍ക്കുറ്റികള്‍ പോലും നാണം വന്നിട്ടു `ചുവന്നു' തുടുത്തു നില്‍ക്കുന്ന കാഴ്‌ച. എന്തിനു മൈല്‍ക്കുറ്റി, നഗരത്തിലെ ഗാന്ധിപ്രതിമയും ഇപ്പോള്‍ `സഖാവ്‌ ഗാന്ധി' ആയി കൊടിയും പിടിച്ചു നല്‍ക്കുന്നു.സൂചി കുത്താനിടമുള്ളിടത്തൊക്കെ സഖാക്കള്‍ തൂണു നാട്ടി കോലങ്ങളും സ്ഥാപിച്ചു. ഇതെല്ലാം കണ്ട്‌ വെള്ളപൂശിയിരുന്ന തിരുനക്കര മൈതാനം മഞ്ഞളിച്ചു നില്‍ക്കുകയാണോയെന്നു ചിലര്‍ക്കു സംശയം. തെറ്റിദ്ധരിക്കരുത്‌.. ആ മഞ്ഞ നിറം പാര്‍ട്ടിക്കാരുടെ വക. മൈതാനം നഗരസഭയുടേതാണെങ്കിലും തീരുമാനം പാര്‍ട്ടിക്കാരുടേതാണ്‌. മതത്തിനെയും ദൈവത്തെയുമൊന്നും എരിയ കമ്മിറ്റിയില്‍ പോലും കയറ്റില്ലെങ്കിലും പള്ളിക്കും അമ്പലത്തിനും മോസ്‌കിനുമൊന്നും ഒരു കുറവും വരുത്തിയിട്ടില്ല. മദര്‍ തെരേസ പാര്‍ട്ടിക്കാരിയായിരുന്നെന്ന മട്ടിലാണ്‌ കമാനം.ഇത്രയും കാലം കാല്‍ നടയാത്രക്കാരന്‍ ഫുട്‌പാത്തിലൂടെ നടന്നില്ലെങ്കില്‍ പോലീസുകാര്‍ ചീത്ത വിളിക്കുമായിരുന്നു. കുറച്ചു ദിവസങ്ങളായി ഫുട്‌പാത്തിലൂടെ നടന്നാലാണ്‌ ചീത്തവിളി. കാരണം ഫുട്‌പാത്തിലാണല്ലോ നമ്മുടെ കൂടാരങ്ങളും കെട്ടുകാഴ്‌ചകളും. ബൈക്കുമായി ഷോപ്പിംഗിനെത്തുന്നവര്‍ സൂക്ഷിക്കുക, ഹെല്‍മറ്റ്‌ കൊണ്ടു നടക്കുന്നതു പോലെ ബൈക്കും തലയില്‍ വച്ചു ഷോപ്പിംഗ്‌ നടത്തുന്നതാണ്‌ ഉചിതം. അല്ലെങ്കില്‍ തിരിച്ചെത്തുമ്പോള്‍ ബൈക്ക്‌ രക്തസാക്ഷിത്വം വഹിച്ചു പോലീസ്‌ സ്റ്റേഷനില്‍ കാണും. നമ്മളു കൊയ്യും വയലെല്ലാം നമ്മുടേതാണെന്ന കാര്യം മറക്കാതിരിക്കുക. ചുവന്ന കോട്ടയം കണ്ടു വണ്ടറടിക്കുന്നവര്‍ക്ക്‌ പിന്നെ ബക്കറ്റ്‌ കാണുമ്പോള്‍ എങ്ങനെ ആദരവു തോന്നാതിരിക്കും ? ബക്കറ്റ്‌ എന്നു കേള്‍ക്കുമ്പോള്‍ തന്നെ കോട്ടയത്തെ ചില വ്യാപാരികള്‍ക്ക്‌ ഇപ്പോള്‍ ഞെട്ടലാണത്രേ. പാര്‍ട്ടിക്കാരുടെ ഓണമാഘോഷിക്കാന്‍ നമ്മുടെ കാണം വിറ്റിട്ടാണെങ്കിലും ബക്കറ്റിലിടണം. ബക്കറ്റിലിടാത്തവന്റെ പേര്‌ സഖാക്കള്‍ ബ്രായ്‌ക്കറ്റിലിടും. അതിനാല്‍ പോക്കറ്റ്‌ കാലിയായാലും ബക്കറ്റ്‌ തന്നെ ഭേദം. കടം വാങ്ങാന്‍ എഡിബിയുടെ അടുക്കളയിലും ലോകബാങ്കിന്റെ ഉമ്മറത്തുമൊക്കെ നിരങ്ങുന്ന സര്‍ക്കാര്‍ ബക്കറ്റിന്റെ പ്രയോജനം ഇനിയെങ്കിലും തിരിച്ചറിയണം.

മിസ്‌ഡ്‌ കോള്‍
പുരുഷന്‍മാരുടെ കുറഞ്ഞ വിവാഹപ്രായം പതിനെട്ടാക്കാന്‍ ശിപാര്‍ശ- വാര്‍ത്ത
പയ്യന്‍മാര്‍ക്ക്‌ ഇനി മധുര `പതി'നെട്ട്‌ !

ചൊവ്വയില്‍ കല്ലു കൊണ്ടൊരു പെണ്ണ്‌ !

ചൊവ്വ ഗ്രഹത്തില്‍ ഒരു `സ്‌ത്രീരൂപ'ത്തെ കണ്ടു ഞെട്ടിയിരിക്കുകയാണ്‌ ലോകം. നാസയുടെ ഉപഗ്രഹം ചൊവ്വയിലെ രംഗങ്ങള്‍ പകര്‍ത്തിയപ്പോഴാണ്‌ `സ്‌ത്രീരൂപം' കാമറയില്‍ പതിഞ്ഞത്‌. വസ്‌ത്രം ധരിക്കാത്തതു പോലെ തോന്നിക്കുന്ന രൂപം കണ്ടു പലരും പലതും ധരിച്ചു. കാള പെറ്റെന്നു കേള്‍ക്കുമ്പോള്‍ കയറെടുക്കുന്ന സ്വഭാവം ഇക്കാര്യത്തിലും ചില പത്രക്കാര്‍ കൈവിട്ടില്ല. കുന്നും മലയും താണ്ടി ഒരു സ്‌ത്രീ ചൊവ്വാഗ്രഹത്തിലൂടെ മണ്ടി നടക്കുകയാണെന്ന പ്രചാരണം കണ്ടു ജനം വണ്ടറടിച്ചു. പത്രങ്ങളുടെ സ്റ്റണ്ട്‌ നെഞ്ചില്‍ കൊണ്ട ചില സിനിമാക്കാര്‍ വണ്ടി പിടിച്ചു ചൊവ്വായിലേക്കു പോകാനൊരുങ്ങിയത്രേ. ഇപ്പോള്‍ പുതുമുഖനായികമാരെ ഇറക്കുന്നതാണല്ലോ ഫാഷന്‍. ചൊവ്വായില്‍നിന്നൊരു പുതുമുഖ നായികയെ ഇറക്കുമതി ചെയ്യാന്‍ പറ്റിയാല്‍ നിസാര കാര്യമാണോ ? ചൊവ്വ മോഡല്‍ നഗ്നയായ സ്ഥിതിക്ക്‌ അവാര്‍ഡ്‌ പടത്തിനും വകുപ്പുണ്ട്‌. എന്നാല്‍, ചൊവ്വയിലെ പെണ്ണിനെ കണ്ടു സന്തോഷം കൊണ്ടു ഇരിക്കാന്‍ പറ്റാതായത്‌ കേരളത്തിലെ തുണിക്കച്ചവടക്കാര്‍ക്കായിരുന്നു. ചൊവ്വാഗ്രഹത്തിലെ സ്‌ത്രീ നഗ്നയായിരുന്നുവെന്ന പരാമര്‍ശമാണ്‌ ഇവരെ സന്തോഷിപ്പിച്ചത്‌. ചൊവ്വയില്‍ ഭേദപ്പെട്ട ഒരു തുണിക്കടയിടാന്‍ ഇത്രയും അറിഞ്ഞാല്‍ മതിയാകും. വാറ്റും കരവും പിരിവുമില്ലാതെ നേരേ ചൊവ്വേ ഒരു കച്ചവടം നടത്താന്‍ ചൊവ്വയിലെങ്കിലും ഒരു ചാന്‍സ്‌ കിട്ടുമെന്നു പ്രതീക്ഷിച്ചു. ചൊവ്വയില്‍ സ്‌ത്രീയുണ്ടെന്നു കേട്ടപ്പോള്‍ കണ്ണു മഞ്ചിയവരില്‍ സ്വര്‍ണക്കടക്കാരുമുണ്ട്‌. നാട്ടിലും മറുനാട്ടിലും മരുഭൂമിയിലും വരെ ഷോറൂമുകള്‍ തുറന്നു കഴിഞ്ഞു. ഇനിയിപ്പോള്‍ മനുഷ്യന്‍ വേണമെന്നില്ല, മനുഷ്യന്റെ മണമുണ്ടെങ്കില്‍ ആ നാട്ടില്‍ തുറന്നേക്കാമെന്ന മട്ടില്‍ സ്വര്‍ണവും ചുമന്നു നടക്കുകയാണ്‌ ചിലര്‍.ചൊവ്വയിലെ കുന്നിറങ്ങി വരുന്ന `പെണ്ണിനെ' കണ്ടു ലോകമെമ്പാടുമുള്ള സ്‌ത്രീജനങ്ങള്‍ കോരിത്തരിച്ചെന്നാണ്‌ കേള്‍ക്കുന്നത്‌. ചന്ദ്രനിലും എവറസ്റ്റിലും ആദ്യം കാലു കുത്തിയത്‌ തങ്ങളാണെന്നു മേനി പറഞ്ഞാണല്ലോ പുരുഷവര്‍ഗത്തിന്റെ നടപ്പ്‌. ചൊവ്വയിലെങ്കിലും ആദ്യം കാണപ്പെട്ടത്‌ ഒരു സ്‌ത്രീയെ ആണെന്നു പറയുന്നത്‌ ചില്ലറക്കാര്യമല്ല. ലോകത്ത്‌ എവിടെയും മലയാളിയെ മുട്ടാതെ നടക്കാന്‍ പറ്റില്ലെന്നാണ്‌ ചൊല്ല്‌. ചന്ദ്രനില്‍ ചെന്നാല്‍ അവിടെയും തട്ടുകടയുമായി മലയാളിയെ കാണാമെന്നുള്ള കഥ മുന്‍ രാഷ്‌ട്രപതി കലാം പങ്കുവച്ചത്‌ ഇനിയും മറന്നിട്ടില്ല. ആ സ്ഥിതിക്ക്‌ ചൊവ്വയില്‍ കണ്ടത്‌ ഒരു മലയാളിപ്പെണ്‍കൊടിയെ ആണോയെന്നു സംശയിക്കുന്നതിലും തെറ്റില്ല. കേരളത്തിലെ റിയല്‍ എസ്റ്റേറ്റു ബിസിനസ്‌ മൂക്കും കുത്തി വീണുകൊണ്ടിരിക്കുമ്പോഴാണ്‌ ചൊവ്വയിലെ പെണ്ണിന്റെ കഥയെത്തിയത്‌. ഭൂമിയിലെങ്ങും ഇനി കൈയേറാനും വളച്ചു പിടിക്കാനും അധികമൊന്നുമില്ലാത്ത സാഹചര്യത്തില്‍ നേരേ ചൊവ്വയിലേക്കു പോയാലോയെന്നു വരെ ചിലര്‍ അന്തംവിട്ടു ചിന്തിച്ചു. കുന്നും മലയുമാണെന്നു കണ്ട സ്ഥിതിക്ക്‌ മണ്ണെടുപ്പുകാര്‍ക്കും മികച്ച തൊഴില്‍ സാധ്യതകളുണ്ട്‌. എന്നാല്‍, നേരേ ചൊവ്വേ നോക്കിയാല്‍ ചൊവ്വപടത്തില്‍ കണ്ടത്‌ ഒരു പാറക്കഷണമാണെന്നു പിടികിട്ടുമത്രേ. കല്ലുകൊണ്ടുള്ളൊരു പെണ്ണിനെയാണ്‌ ചൊവ്വയിലൂടെ നമ്മുടെ ചില പത്രക്കാര്‍ കുന്നും മലയും കയറ്റി നടത്തിയത്‌. പാവം പെണ്ണിന്റെ ചൊവ്വാദോഷം അല്ലാതെന്തു പറയാന്‍.ചൊവ്വയിലെ കല്ലില്‍ കടിച്ചു പല്ലു പോയവരൊക്കെ നിരാശരാവേണ്ട. ഇനിയും ബുധനും വ്യാഴവുമൊക്കെ ബാക്കിയുണ്ടല്ലോ.
മിസ്‌ഡ്‌ കോള്‍
പക്ഷിപ്പനി; കോഴിക്കും മുട്ടയ്‌ക്കും വന്‍ വിലയിടിവ്‌.- വാര്‍ത്ത
ഭക്ഷ്യമന്ത്രിയുടെ പ്രാര്‍ഥന ഫലിച്ചു തുടങ്ങി.