Wednesday, December 24, 2008

ഗാന്ധിത്തലയ്‌ക്കു പകരം ശബരിത്തല !

കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്നു കരുതിയപ്പോള്‍ അതു നമ്മുടെ കൊല്ലംകാരന്‍ ശബരീനാഥിനെക്കുറിച്ചാണെന്നു തെല്ലും കരുതിയിരുന്നില്ല. കൊടുത്തവര്‍ക്കു കൊല്ലത്തല്ല കോടിയേരിയില്‍ ചെന്നാലും ഒന്നും തിരികെ കിട്ടാന്‍ പോകുന്നില്ലെന്നാണ്‌ കേള്‍വി. `ടോട്ടല്‍ ഫോര്‍ യു' എന്നു കേട്ടപ്പോള്‍ ആകെ മൊത്തം ടോട്ടല്‍ നമുക്കായിരിക്കുമെന്നാണ്‌ കാശും കെട്ടിപ്പെറുക്കി ചെന്നവര്‍ കരുതിയത്‌. എന്നാല്‍, ഈ ഡയലോഗ്‌ കാശ്‌ വാങ്ങുന്നവന്‍ പറയുന്നതല്ല, ഇടുന്നവന്‍ പറയേണ്ടതാണെന്നു ഇപ്പോഴല്ലേ പലര്‍ക്കും മനസിലായത്‌. കുട്ടിക്കുബേരന്റെ തൊഴുത്തില്‍ കെട്ടിയിരിക്കുന്ന ആഡംബരക്കാറുകള്‍ കണ്ടപ്പോഴാണ്‌ നാട്ടുകാര്‍ ശരിക്കും ഞെട്ടിയത്‌. ആഡംബരക്കാറുകളില്‍ പലതും ചില ശ്രീമാന്‍മാരെയും ശ്രീമതിമാരെയും എഴുന്നള്ളിക്കാന്‍ നാടിന്റെ വിവിധ ഭാഗങ്ങളിലേക്കു അയച്ചിരിക്കുകയാണത്രേ. ആഭ്യന്തരമന്ത്രി ശിവ്‌രാജ്‌ പാട്ടില്‍ കോട്ടു മാറുന്നതിനേക്കാള്‍ വേഗത്തിലായിരുന്നു ശബരിക്കുട്ടന്‍ കാറു മാറിയിരുന്നും കേള്‍ക്കുന്നു. രാവിലെ ഒരു കാര്‍, ഉച്ചയ്‌ക്കു മറ്റൊന്ന്‌, വൈകുന്നേരം വേറൊന്ന്‌ എന്തിനധികം പറയുന്നു പുള്ളിക്കാരന്‌ മൂത്രമൊഴിക്കാന്‍ പോകാന്‍ വരെ പ്രത്യേകം കാറുണ്ടായിരുന്നെന്നാണ്‌ വാര്‍ത്തകള്‍. ഇരുന്നൂറു കോടിയിലേറെ രൂപയുടെ ബിസിനസ്‌ നടത്തി വന്നിട്ടും പരാതിക്കാര്‍ ഇതുവരെ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണെന്നതാണ്‌ രസകരമായ മറ്റൊരു കാര്യം. കാശു പോയ ചില പാവങ്ങള്‍ മാത്രം ആഡംബരക്കാറുകള്‍ക്കു മുന്നില്‍ അന്തംവിട്ടുനിന്നു കാറുന്നുണ്ട്‌. മീശ പോലും മുളയ്‌ക്കണോ വേണ്ടയോ എന്നാലോചിച്ചു നില്‍ക്കുന്ന ഒരു ചിന്ന പയ്യനാണു കോടികളിട്ടു അമ്മാനമാടിയതെന്ന്‌ ഓര്‍ക്കുമ്പോള്‍ ചില രാഷ്‌ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഉറക്കം നഷ്‌ടപ്പെട്ടിരിക്കുന്നു. ഫുള്‍ ടൈം അഴിമതി നടത്തിയിട്ടും ഇരുപത്തിനാല്‌ മണിക്കൂറും നിര്‍ത്താതെ കൈക്കൂലി വാങ്ങിയിട്ടും ഇവരില്‍ പലര്‍ക്കും ഇതുവരെ ഇതിന്റെ നാലിലൊന്നു സമ്പാദിക്കാന്‍ പറ്റിയിട്ടില്ല. ശബരീനാഥ്‌ ഒരു അതുല്യപ്രതിഭ തന്നെ. ഏകലവ്യനെപ്പോലെ തള്ളവിരല്‍ കൊടുത്തിട്ടാണെങ്കിലും ശബരീനാഥിന്റെ ശിഷ്യത്വം സ്വീകരിക്കാന്‍ വരെ പലരും റെഡിയായിട്ടുണ്ടത്രേ. കാശു വാരാന്‍ തള്ളവിരല്‍ വേണമെന്നില്ലല്ലോ. കാര്യങ്ങള്‍ ടോട്ടലായി മുന്നോട്ടു പോയിരുന്നെങ്കില്‍ കറന്‍സിയില്‍ അധികം വൈകാതെ `ഗാന്ധിത്തല'യ്‌ക്കു പകരം `ശബരിത്തല' കാണേണ്ടി വന്നേനെ. കേസിന്റെ പോക്കു കണ്ടിട്ട്‌ മാളിക മുകളേറിയ മന്നന്റെ തോളില്‍ മാറാപ്പ്‌ കേറ്റാന്‍ ഒരു `ഭവാനും' ധൈര്യപ്പെടുമെന്നു തോന്നുന്നില്ല. കാരണം രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തിയതും അവരൊക്കെ തന്നെയാണല്ലോ. ശബരിയെ ശരണം പ്രാപിച്ചിരുന്ന ഹേമലതമാര്‍ക്ക്‌ ഹേമം തട്ടാതിരിക്കാന്‍ പോലീസ്‌ ഇപ്പോള്‍ ഹോമം നടത്തി വരികയാണത്രേ. ചന്ദ്രമതിയെ തേടി പോലീസ്‌ ചന്ദ്രനില്‍ വരെ എത്തിക്കഴിഞ്ഞെന്നാണ്‌ കേള്‍വി. ചൊവ്വയില്‍ ജീവന്റെ ലക്ഷണങ്ങളുണ്ടെന്നു ഏതോ ശാസ്‌ത്രജ്ഞന്‍ സംശയം പ്രകടിപ്പിച്ച സ്ഥിതിക്ക്‌ മിക്കവാറും ചൊവ്വയിലും തെരച്ചില്‍ നടത്തിയിട്ടേ അന്വേഷണസംഘം മടങ്ങാനിടയുള്ളൂ. അന്യഗ്രഹ ജീവികളില്‍ ആര്‍ക്കെങ്കിലും ശബരീനാഥുമായി ബന്ധമുണ്ടോയെന്ന കാര്യവും പോലീസ്‌ അന്വേഷിച്ചു വരികയാണ്‌. എന്തായാലും, സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ടിരിക്കുന്ന കേരളസര്‍ക്കാരിനു തീര്‍ച്ചയായും ശബരീനാഥ്‌ ഒരു മുതല്‍ക്കൂട്ടാണ്‌. ധനമന്ത്രിയുടെ ഉപദേഷ്‌ടാവായി ശബരിയെ നിയമിക്കണമെന്നാണ്‌ സാധാരണക്കാരുടെ ആവശ്യം. നഷ്‌ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ശബരീനാഥിന്റെ ഒരു ഛായാചിത്രവും പുള്ളിക്കാരന്‍ ഉരുവിട്ട മഹത്‌ വചനങ്ങളും രേഖപ്പെടുത്തി വയ്‌ക്കുന്നത്‌ ഒരു പക്ഷേ, ഒരു കുതിച്ചു ചാട്ടത്തിനു വഴി വയ്‌ക്കും. അങ്ങനെ ശബരീനാഥ്‌ നീണാള്‍ വാഴട്ടെ..

മിസ്‌ഡ്‌ കോള്‍
ഓടിക്കൊണ്ടിരുന്ന കെ.എസ്‌.ആര്‍.ടി.സി ബസിന്റെ ഡ്രൈവര്‍ സീറ്റ്‌ തകര്‍ന്നു വീണു.- വാര്‍ത്ത
കെ.എസ്‌.ആര്‍.ടി.സി ഡ്രൈവര്‍മാര്‍ക്ക്‌ നിന്നുകൊണ്ടു ബസ്‌ ഓടിക്കാനുള്ള പരിശീലനം ഉടന്‍ നല്‌കും.

No comments:

Post a Comment