Wednesday, December 24, 2008

പരീക്ഷ വേണ്ട, നമുക്ക്‌ പാര്‍ക്കിലേക്കു പോകാം !

ഓണപ്പരീക്ഷ നടത്തുന്നതും എഴുതുന്നതും ശിക്ഷാര്‍ഹം..! വലിയ താമസമില്ലാതെ കേരളത്തിലെ സ്‌കൂളുകളുടെ ഉമ്മറത്ത്‌ ഇങ്ങനെയൊരു ബോര്‍ഡ്‌ തൂങ്ങിയാടുന്നതു കണ്ടാല്‍ ആരും ഞെട്ടരുത്‌. `ഓണപ്പരീക്ഷ നടത്തിയ അധ്യാപകന്‍ അറസ്റ്റില്‍', ഓണപ്പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ ഒളിവില്‍... എന്നിങ്ങനെയുള്ള വാര്‍ത്തകള്‍ വായിക്കാനിട വന്നാലും കാര്യമാക്കേണ്ടതില്ല, കാരണം ഇതു നമ്മുടെ വിദ്യാര്‍ഥികളുടെ തലേവരയാണ്‌. തലയില്‍ ഏതാനും വരകള്‍ മാത്രമുള്ളവരുടെ തലച്ചോറില്‍ ക്ഷമിക്കണം തലച്ചേറില്‍ വിരിഞ്ഞുകൊണ്ടിരിക്കുന്നവയാണ്‌ ഇത്തരം പരിഷ്‌കാരങ്ങള്‍. അല്ലെങ്കില്‍ തന്നെ പരീക്ഷയിലും പഠനത്തിലുമൊന്നും വലിയ കാര്യമില്ല. പരീക്ഷയും പഠനവുമില്ലാതെ എത്രയോ ബുദ്ധിജീവികളാണ്‌ ഈ നാട്ടിലുണ്ടായിട്ടുള്ളത്‌. അവരില്‍ ചിലര്‍ മന്ത്രിക്കുപ്പായത്തില്‍ വരെ കയറിപ്പറ്റുകയും ചെയ്‌തു. തലയില്‍ മുടിയില്ലാതിരിക്കുകയും താടിയില്‍ മുടി ഉണ്ടായിരിക്കുകയും ചെയ്‌താല്‍ ഏതു നേതാവിനും ബുദ്ധിജീവിയാകാം. സ്വയം ബുദ്ധിജീവി ആയാല്‍ മാത്രം പോരല്ലോ, പുതിയ തലമുറയെ ബുദ്ധിജീവികളാക്കുകയും വേണ്ടേ ? അതിനായിട്ടാണ്‌ ഇക്കൂട്ടരുടെ പെടാപ്പാട്‌. ഓണപ്പരീക്ഷ മാത്രമല്ല, ഘട്ടംഘട്ടമായി യൂണിഫോം, പേന തുടങ്ങിയവയെല്ലാം ഒഴിവാക്കും. പുസ്‌തകങ്ങള്‍ കംപ്ലീറ്റായി നിര്‍ത്തും. കാരണം, ഈ പുസ്‌തകങ്ങളാണ്‌ സര്‍വ കുഴപ്പത്തിനും കാരണം, പുസ്‌തകമടിച്ചതു കൊണ്ടല്ലേ പാഠപുസ്‌തകവിവാദമുണ്ടായത്‌ ? അതിനാല്‍ ഇത്തരം തലതിരിഞ്ഞ ഏര്‍പ്പാടുകള്‍ മുഴുവന്‍ നിര്‍ത്തണം. പുതിയ ബോധന രീതി അനുസരിച്ചു കാര്യങ്ങള്‍ കുട്ടികള്‍ക്കു തനിയെ പഠിക്കാനുള്ളതേയുള്ളൂ. അതിനാല്‍ വൈകാതെ അധ്യാപകരെയും ഒഴിവാക്കണം. അധ്യാപകര്‍ അധികപ്പറ്റായ സ്ഥിതിക്ക്‌ എന്തിന്‌ സ്‌കൂളിലേക്കു പോകണം, വീട്ടില്‍ തന്നെയിരുന്നു പഠിച്ചാല്‍ പോരെ ? എന്തെങ്കിലും സംശയമുണ്ടെങ്കില്‍ വീടിനടുത്തു തന്നെയുള്ള ബ്രാഞ്ച്‌ സെക്രട്ടറിയെയോ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയേയോ സമീപിച്ചാല്‍ മതിയാകും. അത്യാവശ്യം മുദ്രാവാക്യം വിളി, ബക്കറ്റ്‌ പിരിവ്‌, കടയടപ്പിക്കല്‍ തുടങ്ങിയ അടിസ്ഥാനപാഠങ്ങള്‍ അവര്‍ പറഞ്ഞു തരും. ബന്ത്‌, ഹര്‍ത്താല്‍, ബോംബേറ്‌ തുടങ്ങി ഉന്നതപഠനം ആഗ്രഹിക്കുന്ന കുട്ടികള്‍ ഏരിയ കമ്മിറ്റി, ജില്ലാകമ്മിറ്റി തുടങ്ങിയവയുമായി ബന്ധപ്പെടണം. പൂട്ടുന്ന സ്‌കൂളുകളെല്ലാം വാട്ടര്‍ തീം അമ്യൂസ്‌മെന്റ്‌ പാര്‍ക്കുകള്‍, പഞ്ചനക്ഷത്രഹോട്ടലുകള്‍, പാര്‍ട്ടി ഓഫീസുകള്‍ തുടങ്ങി പാവപ്പെട്ടവര്‍ക്ക്‌ ഉപകാരപ്പെടുന്ന സ്ഥാപനങ്ങളാക്കി മാറ്റണം. ഇവിടെ കുറഞ്ഞ ചെലവില്‍ കുട്ടികള്‍ക്കു വിനോദം നടത്താനുള്ള സൗകര്യങ്ങളുണ്ടാകണം. വേണമെങ്കില്‍ പറശിനിക്കടവിലെ വാട്ടര്‍ തീം പാര്‍ക്കിനെ മാതൃകയാക്കാവുന്നതാണ്‌. കോട്ടയം സമ്മേളനത്തോടെയാണു പാര്‍ട്ടി `വാട്ടര്‍ തീം' പാര്‍ക്കിന്റെ അനന്തസാധ്യതകള്‍ മനസിലാക്കിയതത്രേ. അന്നു കോരിച്ചൊരിയുന്ന മഴയില്‍ അകത്തും പുറത്തുമായി `വാട്ടറു'മായി അണികള്‍ തിമര്‍ത്താടുന്നതു കണ്ടപ്പോള്‍ പാര്‍ട്ടി നേതാക്കള്‍ക്കു പോലും ഇരുപ്പുറച്ചില്ല. അതിനാലല്ലേ തലയിലൊരു തുണിക്കഷണവുമിട്ടുകൊണ്ടു പെരിയ സഖാവ്‌ കോട്ടയം നാഗമ്പടം മൈതാനത്തെ `വാട്ടര്‍ തീം പാര്‍ക്കി'ലേക്കു നനഞ്ഞിറങ്ങിയത്‌. നാഗമ്പടത്തു നനഞ്ഞിറങ്ങിയവര്‍ ഇപ്പോള്‍ പറശിനിക്കടവില്‍ കുളിച്ചുകേറി നാട്ടുകാരെ `വിസ്‌മയി'പ്പിച്ചു. പക്ഷേ, കോട്ടയം മഴയുടെ കുളിര്‌ ഇപ്പോഴും വിട്ടുമാറാത്തവരുണ്ടെന്നുള്ളതും അടുത്ത കാലത്ത്‌ വ്യക്തമായി. അവര്‍ക്കിപ്പോഴും ഇടയ്‌ക്കിടെ കുളിരും പനിയും `ദേഹാസ്വാസ്ഥ്യ'വും അനുഭവപ്പെട്ടു വരികയാണ്‌. കാര്യങ്ങളുടെ കിടപ്പ്‌ ഇങ്ങനെയായ സ്ഥിതിക്ക്‌ സ്‌കൂളുകള്‍ പൂട്ടി ഇനി എല്ലാവര്‍ക്കും അമ്യൂസ്‌മെന്റ്‌ പാര്‍ക്കില്‍ പാര്‍ക്കലാം !

മിസ്‌ഡ്‌ കോള്‍
കാറ്റില്‍നിന്നു വൈദ്യുതി; സമ്മേളനത്തിനായി മന്ത്രി ബാലന്‍ ജര്‍മനിയിലേക്ക്‌.- വാര്‍ത്ത
വല്ലപ്പോഴും വീശുന്ന കാറ്റു കൂടി നിലയ്‌ക്കുമോ ?

No comments:

Post a Comment