Wednesday, December 24, 2008

മുകുന്ദേട്ടാ പുണ്യവാളന്‍ വിളിക്കുന്നു !

ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുമുറി തന്നെ തിന്നണമെന്നതു നാട്ടുനടപ്പ്‌. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ ചിപ്പിയും കക്കയും പെറുക്കി നടന്നിരുന്ന മുകുന്ദേട്ടനെ ബേബിസാര്‍ വിളിച്ചു സാഹിത്യഅക്കാദമിയുടെ നടുക്കസേരയില്‍ ഇരുത്തിയതുകൊണ്ടു നാട്ടുനടപ്പു തെറ്റിക്കാനൊക്കുമോ ? സി.പി.എമ്മില്‍ ഇപ്പോള്‍ ചേരകളുടെ എണ്ണം തീരെ കുറവാണ്‌. കേന്ദ്രത്തിലുണ്ടായിരുന്ന ചാറ്റര്‍ജിയെന്ന പെരുംചേരയെ പാര്‍ട്ടിക്കാര്‍ തന്നെ മാളത്തിലടച്ചു. ഇപ്പോള്‍ വാല്‍ അല്ലാത്തതെല്ലാം അളയിലായി എന്ന പരുവത്തില്‍ കഴിയുകയാണു പുള്ളിക്കാരന്‍. ബന്തിനും ഹര്‍ത്താലിനും മുന്നില്‍ വിലങ്ങനെ കിടന്നു വെയിലു കാഞ്ഞ ഒരു ബംഗാള്‍ ചേരയെ പാര്‍ട്ടിക്കാര്‍ ചേര്‍ന്നു തോലുരിഞ്ഞിട്ടു അധികം നാള്‍ ആയില്ല. നമ്മുടെ നാട്ടിലുള്ള സീനിയര്‍ സിറ്റിസണായ ഒരു ചേരയെ പാര്‍ട്ടിക്കാര്‍ വട്ടംകൂടിയിരുന്നു അല്‌പാല്‌പമായി അകത്താക്കാന്‍ തുടങ്ങിയിട്ടു കാലം കുറെയായി. പാര്‍ട്ടി കമ്മിറ്റി ചേര്‍ന്നു നേരത്തെ തന്നെ പല്ലും നെയ്യും എടുത്തു കളഞ്ഞെങ്കിലും ഇപ്പോഴും ശൗര്യം കുറഞ്ഞിട്ടില്ലത്രേ. ഈ ചേരയുടെ തോലു പൊളിക്കാന്‍ പലവട്ടം കത്തിവച്ചതാണെങ്കിലും ബാലറ്റു പേപ്പറില്‍ നാട്ടുകാര്‍ കുത്തി മലത്തുമോ എന്ന പേടിമൂലം തത്‌കാലം ചെത്തിയിട്ടില്ല.ഇതിനിടെയാണു പ്രസ്‌തുത ചേരയുടെ നടുമുറിയില്‍ തന്നെ മുകുന്ദേട്ടന്റെ കടി വീണിരിക്കുന്നത്‌. അക്കാദമിയുടെ നടുക്കസേര തന്നവരോടു നടുമുറി തന്നെ തിന്നു നന്ദികാട്ടിയില്ലെങ്കില്‍ പിന്നെ ഏതു മയ്യഴിപ്പുഴയില്‍ കുളിച്ചാലും ശാപമോക്ഷം കിട്ടിമോ ? മാത്രവുമല്ല യഥാര്‍ഥ പുണ്യവാളന്‍ ആരെന്നു സമൂഹത്തിനെ പഠിപ്പിക്കേണ്ടതു ഒരു സാഹിത്യകാരന്റെ ചുമതലയല്ലേ. പക്ഷേ, അള മുട്ടിയാല്‍ ചേരയാണെങ്കിലും വെറുതേയിരിക്കുമോ ? അതിനുമില്ലേ ചോരയും നീരും. ഉള്ള ഊരുകൊണ്ടു പുള്ളിക്കാരന്‍ കടിച്ചു കുടഞ്ഞു കളഞ്ഞു. മുകുന്ദമല്ല, എന്തു കുന്തമാണെങ്കിലും തനിക്കു പ്രശ്‌നമില്ലെന്ന മട്ടിലായിരുന്നു ഈ ചേരയുടെ വീര്യം. കടി `കൈ'ക്കിട്ടായിരുന്നെങ്കിലും ഏറ്റതു `തല'യ്‌ക്കിട്ടാണെന്നാണ്‌ ഇപ്പോള്‍ കേള്‍ക്കുന്നത്‌. കടിയേറ്റു കേടുപറ്റിയ `തല' ഇനി എന്തു ചെയ്യുമെന്ന കൗതുകത്തിലാണ്‌ നാട്ടുകാര്‍. കുലംകുത്തിയാലും കുളം കുത്തിയാലും അത്‌ അധികം വൈകില്ലെന്നാണ്‌ സൂചന. മാത്രവുമല്ല, മുകുന്ദേട്ടന്റെ കടിയേറ്റതോടെ കുന്തം എതുവഴി പോയെന്ന അന്വേഷണത്തിലാണ്‌ നാട്ടുകാര്‍. ഇനി എ.കെ.ജി സെന്ററിലെ കുടത്തിലൊന്നു തപ്പിനോക്കിയാലോ എന്ന ആലോചനയും ഇല്ലാതില്ല. നാട്ടിലെ പല സാംസ്‌കാരിക കുന്തങ്ങളും ഇപ്പോള്‍ ഈ കുടത്തിലാണല്ലോ അഭയം കണ്ടെത്തിയിരിക്കുന്നത്‌. മുന പോയി തുടങ്ങിയ ചില `അഴീക്കോടന്‍' കുന്തങ്ങള്‍ ഇപ്പോള്‍ രാകി മൂര്‍ച്ച വരുത്തുന്നതും എ.കെ.ജി സെന്ററിലെ അലക്കു കല്ലില്‍ തേച്ചാണത്രേ. അവിടെയാകുമ്പോള്‍ മൂര്‍ച്ചയും കൂട്ടാം, വിഴുപ്പുമലക്കാം. `കാലഹരണപ്പെട്ട പുണ്യവാളന്‍' എന്ന പേരുമിട്ടു തന്റെ പടം ഭിത്തിയില്‍ തൂക്കാനാണ്‌ മോഹമെങ്കില്‍ അതിനുള്ള മകുടി ഊതിയതു മതിയെന്നായിരുന്നു കാര്‍ന്നോരുടെ മുന്നറിയിപ്പ്‌. പാമ്പും പഴകിയതാണു നല്ലതെന്ന ചൊല്ല്‌ മറക്കരുതെന്നു ഉപദേശിക്കാനും കക്ഷി മറന്നില്ല. മുകുന്ദേട്ടന്‍ ഇത്രയൊക്കെ പറഞ്ഞെങ്കിലും പുള്ളിക്കാരന്‌ ഈ പഴകിയ പാമ്പിനോടു ഇപ്പോഴും ബഹുമാനം മാത്രമേയുള്ളത്രേ. ബഹുമാനം കൂടിയതു കാരണം മാസികയിലെ വിവാദ ലേഖനം പോലും കക്ഷി എഴുന്നേറ്റു നിന്നു കൊണ്ടാണ്‌ എഴുതിയതെന്നാണ്‌ അറിവ്‌. ഈ പോക്കുപോയാല്‍ സാഹിത്യ അക്കാദമി വൈകാതെ സാ `ഹത്യ' അക്കദമിയാകുമോയെന്നതാണിപ്പോള്‍ നാട്ടുകാരുടെ സംശയം.

മിസ്‌ഡ്‌ കോള്‍
തൃശൂര്‍ പോലീസ്‌ അക്കാദമിയില്‍ തോക്ക്‌ മോഷണം പോയതായി പരാതി.- വാര്‍ത്ത
തോക്ക്‌ കേരളാ പോലീസിന്റേതായതിനാല്‍ വെടിവയ്‌ക്കാന്‍ കൊണ്ടുപോയതല്ലെന്ന്‌ ഉറപ്പിക്കാം.

No comments:

Post a Comment