Tuesday, December 23, 2008

തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി

അമ്മ വേലി ചാടിയാല്‍ മകള്‍ മതിലു ചാടുമെന്നാണ്‌ പഴമൊഴി. വേലിക്കും മതിലുകള്‍ക്കും കാതലായ മാറ്റം വന്നിട്ടും ഈ വാമൊഴി വഴക്കത്തിന്റെ തഴക്കവും പഴക്കവും ഇനിയും കൊഴിഞ്ഞിട്ടില്ല. ഇറങ്ങിപ്പോക്കു കര്‍മത്തില്‍ വ്യക്തി മുദ്ര പതിപ്പിച്ച ദേവസ്വം മന്ത്രിയുടെ അരുമശിഷ്യന്‍ ഇപ്പോള്‍ താന്‍ ഗുരുവിനേക്കാള്‍ ഒരു പടി മുന്നിലാണെന്നു തെളിയിച്ചിരിക്കുന്നു. സ്വയം വിളിച്ചു കൂട്ടിയ ശബരിമല അവലോകന യോഗത്തില്‍നിന്നാണ്‌ ദിവസങ്ങള്‍ക്കു മുമ്പ്‌ മന്ത്രി പൊടിയും തട്ടി ഇറങ്ങിപ്പോയത്‌. പ്രതിപക്ഷത്തെ മെരുക്കാനുള്ള മന്ത്രിയുടെ തന്ത്രത്തില്‍ അദ്‌ഭുത പരതന്ത്രനായതുകൊണ്ടാണോയെന്നറിയില്ല പ്രസിഡന്റും ഗുപ്‌തനും ഇറങ്ങിപ്പോയി, അതും താന്‍ തന്നെ വിളിച്ചു ചേര്‍ത്ത ബോര്‍ഡ്‌ യോഗത്തില്‍നിന്ന്‌. ദേവസ്വം ബോര്‍ഡ്‌ ഇപ്പോള്‍ പെയിന്റു മാഞ്ഞു തുടങ്ങിയ ഒരു സാദാ ബോര്‍ഡ്‌ മാത്രമായി കേരള സര്‍ക്കാരിന്റെ മോന്തായത്തില്‍ ഞാന്നു കിടന്നാടുകയാണ്‌. മന്ത്രി ഇറങ്ങിപ്പോയി യോഗത്തിനെത്തിയവരെ കറക്കിയെങ്കിലും കൂടെ വന്നവര്‍ മെരുക്കിയപ്പോള്‍ തിരിച്ചു വന്നു. പക്ഷേ, ഇക്കാര്യത്തില്‍ ശിഷ്യന്‍ ഗുരുവിനെയും കടത്തിവെട്ടി. ഇറങ്ങിപ്പോയ പ്രസിഡന്റ്‌ തിരികെയെത്തുമെന്നു കരുതി യോഗം മുറിയില്‍ കുത്തിയിരുന്ന അംഗങ്ങള്‍ ഉറങ്ങിപ്പോയതു മിച്ചം. കേരളത്തില്‍ ഇപ്പോള്‍ ഇറങ്ങിപ്പോയവരൊക്കെ തിരിച്ചു വരുന്ന കാലമാണ്‌. കേരളത്തെ ഞെട്ടിച്ച ഇറങ്ങിപ്പോക്കായിരുന്നു നമ്മുടെ അച്ഛന്‍ജിയുടെയും മകന്‍ജിയുടെയും. വീതം മേടിച്ച്‌ പരിവാരങ്ങളെയുമായി കോണ്‍ഗ്രസ്‌ തറവാടിന്റെ പടി ഇറങ്ങുമ്പോള്‍ മേലില്‍ ഈ വേലിക്കകത്ത്‌ കാലു കുത്തില്ലെന്നായിരുന്നു ഇരുവരുടെയും നിലപാട്‌. ഇടതുപക്ഷത്തിന്റെ ഫ്‌ളാറ്റില്‍ ഒരു മുറി കിട്ടുമെന്നു കരുതിയായിരുന്നു തറവാടു വിട്ടത്‌. പക്ഷേ, ഫ്‌ളാറ്റിലെ കാരണവര്‍ വേലിക്കകത്ത്‌ ശങ്കരന്‍ അച്യുതാനന്ദന്‍, ഇരുവരെയും ഈ വേലിക്കകത്ത്‌ കയറ്റില്ലെന്നു പറഞ്ഞതോടെ കാര്യങ്ങള്‍ കൈയാലപ്പുറത്തായി. കിലുക്കം സിനിമയില്‍ ഇന്നസെന്റിനു ലോട്ടറിയടിച്ച കഥ മലയാളിക്ക്‌ ഓര്‍മ വന്നു കാണണം. കാലം മാറിയപ്പോള്‍ കൈയും കാലും പിടിച്ച്‌ കാര്‍ന്നോര്‍ തിരിച്ചെത്തിയെങ്കിലും മകന്‍ജിയുടെ ഭാവി ഇപ്പോഴും കട്ടപ്പുറത്ത്‌ ഇരിക്കുകയാണ്‌. അച്ഛന്‍ജിയുടെ ഇറങ്ങിപ്പോക്കില്‍ ഹരം കൊണ്ട ഒരു കൊച്ചു കേരള കോണ്‍ഗ്രസും യു.ഡി.എഫില്‍നിന്ന്‌ ഇറങ്ങിപ്പോയി. ഒരാവേശത്തിനു എടുത്തു ചാടിയാല്‍ പത്താവേശത്തിനു തിരികെ കയറാന്‍ പറ്റില്ലെന്നു അപ്പോള്‍ മനസിലായി. കച്ചിത്തുരുമ്പിനായി ചുറ്റും തെരയുമ്പോഴാണ്‌ ഡി.ഐ.സി വള്ളം കണ്ടത്‌. പക്ഷേ, മുങ്ങാന്‍ പോകുന്ന വള്ളത്തില്‍ വല്യമ്മച്ചിയേം കൂടി കയറ്റുന്ന പരിപാടിയായിരുന്നുവെന്നു മനസിലായപ്പോള്‍ അവര്‍ നീന്തി രക്ഷപ്പെട്ടു. അവരും ഇപ്പോള്‍ യു.ഡി.എഫിന്റെ കടവിലെത്തി.ഇടതു ഫ്‌ളാറ്റിലുണ്ടായിരുന്ന താമസക്കാരന്‍ ജോര്‍ജു ചേട്ടനും സംഘവും പോന്നതാണ്‌ മറ്റൊരു പ്രധാന ഇറങ്ങിപ്പോക്കു സംഭവം. അവരും ഇപ്പോള്‍ യു.ഡി.എഫിന്റെ കോമ്പൗണ്ടില്‍ എത്തിക്കഴിഞ്ഞു. വളര്‍ന്നും പിളര്‍ന്നും പലവഴി ഇറങ്ങിപ്പോയവരൊക്കെ ഒരു വഴിക്കായി തിരിച്ചെത്തുന്നതിനും കേരളം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നു. ഇതിനിടയില്‍ കാലചക്രത്തില്‍നിന്ന്‌ 2007 ഇറങ്ങിപ്പോയി. ഇറങ്ങിപ്പോക്കു കാര്യത്തില്‍ ഗുപ്‌തനെപ്പോലെയാണ്‌ വര്‍ഷവും. ഇറങ്ങിപ്പോയാല്‍ പിന്നെ തിരിച്ചു വരുന്ന സ്വഭാവം തീരെയില്ല. കേരളം കാതോര്‍ക്കുകയാണ്‌, ഇനിയും ആരൊക്കെയാവും തിരിച്ചു വരുന്നത്‌ ?തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും....

മിസ്‌ഡ്‌ കോള്‍
ഭൂമിയില്‍ ആദ്യം ചിരിച്ചതു കുരങ്ങുകളാണെന്നു ഗവേഷകര്‍. - വാര്‍ത്ത
ഗവേഷണം കണ്ണാടിയില്‍ നോക്കിയായിരുന്നോ എന്തോ !

No comments:

Post a Comment