Tuesday, December 23, 2008

യൂത്തന്‍മാര്‍ പാഠം പഠിക്കുകയാണ്‌ !

ആരാണ്‌ യൂത്തന്‍ ? അത്യാവശ്യം ഒരു സിനിമാസ്‌കോപ്പ്‌ ചിരി സ്വന്തമായിട്ടുണ്ടാവണം, പിന്നെ പശമുക്കി തേച്ച ഖദര്‍ ഷര്‍ട്ടും മുണ്ടും. ഷര്‍ട്ടില്‍ അവിടവിടെയായി ഒന്നു രണ്ടു ചെറിയ കീറലുകള്‍ ഉണ്ടെങ്കില്‍ കൂടുതല്‍ അനുയോജ്യം. പുതിയതാണെങ്കില്‍ മുതിര്‍ന്ന നേതാക്കളോടു ചോദിച്ചു കീറലുകള്‍ ഇടുന്ന രീതി മനസിലാക്കിയെടുക്കണം. മുണ്ടില്‍ കീറലുകള്‍ ആവശ്യമില്ല.നേതാവായി കഴിയുമ്പോള്‍ എതിര്‍ഗ്രൂപ്പുകാര്‍ അതു വേണ്ട രീതിയില്‍ കീറിക്കൊള്ളും. സംശയമുള്ളവര്‍ ഉണ്ണിത്താനോടു ചോദിച്ചാല്‍ വിശദവിവരങ്ങള്‍ ലഭ്യമാകും. പോക്കറ്റില്‍നിന്നു തലപൊക്കി നില്‍ക്കുന്ന ഒരു കറുത്തു തടിച്ച പഴ്‌സുണ്ടെങ്കില്‍ നല്ല ലുക്ക്‌ കിട്ടും. ചുമടെടുത്തുള്ള മുന്‍ പരിചയം അനിവാര്യം. ബാഗ്‌, പെട്ടി, ഫയല്‍ തുടങ്ങിയവ ചുമക്കാനുള്ള പ്രത്യേക കഴിവ്‌. തൊലിക്കട്ടി ആവശ്യത്തിന്‌. ഇത്രയുമൊക്കെയുണ്ടെങ്കില്‍ ഏതു യൂത്തനും നേതാവാകാമെന്നായിരുന്നു പലരും കരുതിയിരുന്നത്‌. പക്ഷേ, ഇപ്പോള്‍ കാര്യങ്ങള്‍ തല കീഴായി മറിഞ്ഞിരിക്കുന്നു. യൂത്തനു നേതാവാകണമെങ്കില്‍ ഇപ്പോള്‍ പരീക്ഷ പാസാകണമത്രേ. അങ്ങു ഡല്‍ഹിയില്‍നിന്നു വന്ന സാറന്‍മാരാണ്‌ യൂത്തന്‍മാരെ പരീക്ഷിച്ചത്‌. കേരളത്തില്‍ എസ്‌.എസ്‌.എല്‍.സിയുടെയും പ്ലസ്‌ ടുവിന്റെയും പരീക്ഷകള്‍ തകൃതിയായി നടക്കുന്നതിനിടയിലാണ്‌ യൂത്തന്‍മാരുടെ സ്‌പെഷല്‍ പരീക്ഷ അരങ്ങേറിയത്‌. ഹാള്‍ ടിക്കറ്റ്‌ കിട്ടിയ പലര്‍ക്കും ദിവസങ്ങളായി ഉറക്കം പോലുമില്ലായിരുന്നത്രേ. പുലര്‍ച്ചെ എഴുന്നേറ്റു കാല്‍ ബക്കറ്റിലെ വെള്ളത്തിലിറക്കി വച്ചു പഠനമായിരുന്നു പോലും. മഹാത്മാഗാന്ധി മുതല്‍ രാഹുല്‍ ഗാന്ധി വരെയുള്ള ഗാന്ധിമാരുടെ സകലവിധ ചരിത്രവും ചികഞ്ഞു മറിച്ചു. കറന്‍സിയിലെ ഗാന്ധി റിസര്‍ബാങ്ക്‌ ഗവര്‍ണറല്ലെന്നും ഇന്ത്യയുടെ രാഷ്‌ട്രപിതാവാണെന്നും പലരും തിരിച്ചറിഞ്ഞു. പണ്ടു സ്വാതന്ത്ര്യസമരമെന്നൊരു സമരം നടന്നെന്നും അത്‌ നയിച്ചതു ഗാന്ധിജിയാണെന്നും വായിച്ചു ചിലരെങ്കിലും ത്രില്ലടിച്ചു. യൂത്ത്‌ കോണ്‍ഗ്രസിനു വേണ്ടി നടത്തിയ സമരചരിത്രങ്ങളുടെ പടങ്ങളും വാര്‍ത്തകളും അടങ്ങിയ ഭാണ്‌ഡക്കെട്ടുകളുമായിട്ടാണ്‌ പലരും തലസ്ഥാനത്തേക്കു വണ്ടി കയറിയത്രേ. മറ്റു ചിലര്‍ പോകുന്നതിനു മുമ്പ്‌ ദേഹപരിശോധന വരെ കാര്യമായി പൂര്‍ത്തിയാക്കി. സമരചരിത്രങ്ങള്‍ വിളമ്പുമ്പോള്‍ നേതാക്കന്‍മാരെ കാണിക്കാന്‍ തെളിവെന്തെങ്കിലും വേണ്ടേ ? പോലീസുകാരെ കണ്ട്‌ ഓടിയപ്പോള്‍ ഉരുണ്ടു വീണു ദേഹത്തെ പെയിന്റു പോയ പാടും ലാത്തിച്ചാര്‍ജില്‍ പോറല്‍ വീണതുമൊക്കെ പലരും തൂത്തു മിനുക്കിയെടുത്തു. കാലം മായിച്ച പാടുകള്‍ നോക്കി ചിലര്‍ നെടുവീര്‍പ്പെട്ടു. അടിയും പിടിയും നടന്നപ്പോള്‍ ദേഹത്തു പൊടി പറ്റാതെ മുങ്ങിയതിന്റെ വില ഇപ്പോഴാണ്‌ അറിയുന്നത്‌. ഇതിനിടെ, ഹാള്‍ ടിക്കറ്റു കിട്ടാത്തവര്‍ പരീക്ഷാഹാളിനു മുന്നില്‍ ചിന്നംവിളിയും നടത്തി. സിലബസിനു പുറത്തെ ചോദ്യങ്ങള്‍ക്കു മുന്നില്‍ പലരും പതറി. ഇംഗ്ലീഷും ഹിന്ദിയും മാത്രമല്ല മലയാളം കൂടി മാധ്യമമാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്‌. കോപ്പയടി നടന്നോയെന്നതു വ്യക്തമായിട്ടില്ല. പരീക്ഷാപ്പേടിയുള്ളവരൊക്കെ മുകളില്‍നിന്നു വിളിപ്പിച്ചോയെന്നതും വ്യക്തമല്ല.ചോദ്യക്കടലാസ്‌ ചോര്‍ച്ച നടന്നോ എന്നതു ഫലം പ്രസിദ്ധീകരിച്ചതിനു ശേഷം പറയാമെന്ന നിലപാടിലാണ്‌ ഒരു കൂട്ടര്‍. ഇത്തവണ തട്ടിപ്പോയാലും അടുത്ത തവണ പാസാകുമെന്ന ആശ്വാസത്തിലാണ്‌ ചിലര്‍. അതിനു വേണമെങ്കില്‍ ട്യൂഷനു പോകാനും ഇവര്‍ റെഡിയാണത്രേ. യൂത്ത്‌ കോണ്‍ഗ്രസ്‌ എന്‍ട്രന്‍സ്‌ കോച്ചിംഗ്‌ സെന്ററുകള്‍ വന്നാലും അതിശയിക്കാനില്ല. എന്തായാലും പരീക്ഷ നടത്തിയും പരീക്ഷണം നടത്തിയും ഊത്തു കോണ്‍ഗ്രസുകാരില്ലാത്ത യൂത്ത്‌ കോണ്‍ഗ്രസ്‌ ഉണ്ടാക്കാന്‍ നേതാക്കള്‍ക്കു കഴിയട്ടെയെന്നു ആശംസിക്കാം.

മിസ്‌ഡ്‌ കോള്‍
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 526 കോടി രൂപയുടെ മദ്യം മലയാളി കൂടുതല്‍ കുടിച്ചു.- വാര്‍ത്ത
`മലയാഴി' മാനം കാത്തു !

No comments:

Post a Comment