Tuesday, December 23, 2008

കണി കണ്ടുണരുമ്പോള്‍ കെണി !

കണ്ണടച്ചു പാലു കുടിച്ചാല്‍ ആരുമറിയില്ലെന്നതു പൂച്ചയുടെ നിലപാട്‌. പൂച്ചു പുറത്താകുന്ന കാര്യം പൂച്ചയ്‌ക്ക്‌ ആരും പറഞ്ഞു കൊടുക്കാത്തതിനാല്‍ പാരമ്പര്യമായി കൈവശം വച്ചനുഭവിക്കുന്ന ഈ ശീലം അവരിപ്പോഴും മുടക്കിയിട്ടില്ല. പിടിക്കപ്പെട്ടാല്‍ തന്നെ മുതുകത്തൊരടിയിലും അന്നം നിഷേധിക്കലിലും കാര്യങ്ങളൊതുങ്ങും. കണ്ണടച്ചു പാലു കുടിക്കുന്ന പൂച്ചയെ നാണം കെടുത്തിയിരിക്കുകയാണ്‌ മില്‍മയെന്ന വെള്ളപ്പൂച്ച. പൂച്ച കണ്ണടച്ചു പാല്‍ കുടിക്കുകയാണെങ്കില്‍, മില്‍മ കണ്ണടച്ചു പാല്‍ വില്‍ക്കുകയാണെന്നു മാത്രം. കവറിന്റെ നിറം മാറ്റിയും പാലിന്റെ പേരുമാറ്റിയും വില കൂട്ടിയാല്‍ അതു ജനങ്ങള്‍ മനസിലാക്കില്ലെന്നുള്ള ഭാവത്തില്‍ കണ്ണടച്ചിരുന്നു വില്‍പ്പന തുടരുകയാണ്‌ ഈ കള്ളിപ്പൂച്ച. സാദാ പാലിനോടു മില്‍മയ്‌ക്കിപ്പോള്‍ പുച്ഛമാണത്രേ. റിച്ച്‌ എന്നു ഓമനപ്പേരിട്ട പാലാണ്‌ ഇപ്പോള്‍ മില്‍മയുടെ ഓമന. റിച്ച്‌ എന്നാല്‍ കൊഴുപ്പ്‌ കൂടിയത്‌ എന്നാണത്രേ വാങ്ങുന്നവരും കുടിക്കുന്നവരും മനസിലാക്കേണ്ടത്‌. റിച്ച്‌ എന്നാല്‍ കൊഴുപ്പു കൂടിയതെന്നു മില്‍മ പറഞ്ഞെങ്കിലും വാങ്ങാന്‍ ചെന്നപ്പോഴാണ്‌ പിടികിട്ടിയത്‌ ഇത്‌ `റിച്ച്‌' ആയിട്ടുള്ളവര്‍ക്കു മാത്രം വാങ്ങാന്‍ പറ്റിയ പാല്‍ ആണ്‌. കാരണം, വിലയ്‌ക്കും നല്ല കൊഴുപ്പ്‌ ! പാലിന്റെ നിറം വെളുത്തതായതിനാല്‍ അതു വാങ്ങുന്നവന്റെ കുടുംബവും വെളുപ്പിക്കണമെന്ന പ്രതിജ്ഞ മില്‍മ എടുത്തിട്ടുണ്ടോയെന്ന സംശയവും നാട്ടുകാര്‍ക്കില്ലാതില്ല.കൂടിയ വിലയ്‌ക്കു പെട്രോള്‍ വില്‍ക്കാന്‍ എണ്ണക്കമ്പനികള്‍ കണ്ടുപിടിച്ച അതേ തന്ത്രം തന്നെയാണ്‌ ഇപ്പോള്‍ കണി കണ്ടുണരാന്‍ മില്‍മയും തയാറാക്കിയിരിക്കുന്നത്‌. സാദാ പെട്രോളും നിറച്ച്‌ നാടൊട്ടുക്കും വണ്ടിയുരുട്ടി നടന്നിരുന്നവരാണ്‌ മലയാളികള്‍. പക്ഷേ, ഇപ്പോള്‍ സ്‌പീഡും പ്രീമിയവും അടിച്ചില്ലെങ്കില്‍ വണ്ടിയോടിക്കാനൊരു കുറച്ചിലാണത്രേ. സ്‌പീഡ്‌ പെട്രോള്‍ അടിച്ചില്ലെങ്കില്‍ വണ്ടിക്കു ഡ്രൈവറെ ഒരു ബഹുമാനമില്ല, പെട്രോള്‍ ബങ്കിലുള്ളവര്‍ക്ക്‌ അത്രപോലുമില്ല. വണ്ടി പെട്രോള്‍ ബങ്കിനകത്തേയ്‌ക്കു കയറുന്നതിനു മുമ്പേ സൂപ്പര്‍ സ്‌പീഡില്‍ ജീവനക്കാരന്റെ ചോദ്യം വരും ` സ്‌പീഡല്ലേ?' അല്ലെന്നു പറയാന്‍ പാരമ്പര്യമായി മലയാളിയുടെ കൈമുതലായ `അഭിമാനം' അനുവദിക്കാത്തതിനാല്‍ അതേ സ്‌പീഡില്‍ തലകുലുക്കും. ഫലമോ, നമ്മുടെ പോക്കറ്റു മെലിയും, അവരുടെ പണപ്പെട്ടി കുലുങ്ങും.അതേസമയം, പാല്‍ വിഷയം പാലാഴിയാക്കിയത്‌ സര്‍ക്കാരാണെന്ന നിലപാടിലാണ്‌ മില്‍മ. കര്‍ണാടകയില്‍നിന്നു മേടിക്കുന്ന പാലിന്റെ നഷ്‌ടം നികത്താമെന്നായിരുന്നു വാഗ്‌ദാനം. പക്ഷേ, പാലു കൊടുത്ത കൈയ്‌ക്ക്‌ അവസാനം സര്‍ക്കാര്‍ കടിച്ചത്രേ. നഷ്‌ടവും കഷ്‌ടവുമൊന്നുമില്ല, വേണമെങ്കില്‍ സബ്‌സിഡി നിരക്കില്‍ ഒരു പാല്‍ പുഞ്ചിരി നല്‌കാമെന്ന നിലപാടിലാണ്‌ സര്‍ക്കാര്‍. പുഞ്ചിരിയിലെ ഈ വഞ്ചന സഹിക്കില്ലെന്നും നീതിയുടെ ലാഞ്ചനയെങ്കിലും കാണിച്ചില്ലെങ്കില്‍ കര്‍ണാടകയില്‍നിന്നു ഇനി പാല്‍ കൊണ്ടുവരില്ലെന്നുമാണ്‌ മില്‍മയുടെ പക്ഷം. കര്‍ണാടകയില്‍നിന്നുള്ള പാല്‍ കൂടി നിലച്ചാല്‍ മലയാളി വെള്ളം കുടിച്ചതു തന്നെ. അരിവില കൂടിയപ്പോള്‍ ചോറു നിര്‍ത്തി കോഴിയിറച്ചിയും മുട്ടയും കഴിക്കാന്‍ നിര്‍ദേശിച്ച മന്ത്രിയും സംഘവും പാല്‍ വില കൂടുമ്പോള്‍ എന്തു പറയുമെന്നതാണിപ്പോഴത്തെ ആശങ്ക. ഒന്നും ചിന്തിക്കാനില്ല, ഇപ്പോള്‍ കേരളത്തില്‍ കുടിവെള്ളത്തേക്കാള്‍ സുലഭമായ ഒറ്റ സാധനമേയുള്ളൂ. അതിനാണെങ്കില്‍ സര്‍ക്കാര്‍ ആവശ്യത്തിലധികം വിതരണകേന്ദ്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്‌. സര്‍ക്കാരിനു കൈ നനയാതെ കാശുവാരാനും ഇതു മതിയാകും. അതുകൊണ്ടു ഇനി മുതല്‍ പാലിനു പകരം ഓരോ `സ്‌മോള്‍' ശീലമാക്കാന്‍ പറഞ്ഞാല്‍ ഞെട്ടരുത്‌. മലയാളിക്ക്‌ കണികണ്ടുണരാന്‍ ഇതിനേക്കാള്‍ എളുപ്പം മറ്റൊന്നും കിട്ടില്ല.
മിസ്‌ഡ്‌ കോള്‍
തൃശൂരില്‍ പൂസായ പാപ്പാന്‍ ഇടഞ്ഞു; ജനത്തെ വലച്ചു.- വാര്‍ത്ത
മയക്കു `പെട' മതിയാകും !

No comments:

Post a Comment