Wednesday, December 24, 2008

പൊട്ടാത്ത ബോംബില്‍ ഞെട്ടുന്ന മലയാളി !

ബോംബ്‌ പൊട്ടിക്കുന്നതിനേക്കാള്‍ ഞെട്ടിക്കുന്നതിലാണ്‌ മലയാളിക്കു പ്രിയമെന്നു ഏതാനും ദിവസത്തെ തട്ടലും മുട്ടലും വിരട്ടലുംകൊണ്ട്‌ നാട്ടുകാര്‍ക്കു പിടികിട്ടി. അഹമ്മദാബാദിലും ബാംഗളൂരിലും പൊട്ടിയതിനേക്കാള്‍ കൂടുതല്‍ ബോംബുകള്‍ പൊട്ടിയതു കേരളത്തിലായിരുന്നു പക്ഷേ, മുഴുവന്‍ വ്യാജനായിരുന്നെന്നു മാത്രം. അപ്പനു മുതല്‍ അപ്പച്ചെമ്പിനു വരെ വ്യാജനിറങ്ങുന്ന നാട്ടില്‍ ഭീഷണിക്കും ബോംബിനും വ്യാജനിറങ്ങിയതില്‍ അതിശയിക്കാനില്ല. ഒരു കോയിന്‍ ഫോണും ഒറ്റ രൂപ നാണയവുമുണ്ടെങ്കില്‍ ആര്‍ക്കും `ഭീകരര്‍' ആവാമെന്നതാണ്‌ ഇപ്പോള്‍ നാട്ടിലെ സ്ഥിതി. പള്ളിക്കൂടം മുതല്‍ ആശുപത്രിപ്പടിവരെ ബോംബുഭീഷണിയില്‍ ഞെട്ടി നില്‍ക്കുന്നു. ബാറുകളെയും ഷാപ്പുകളെയും മാത്രമാണ്‌ ഈ `ഭീകരര്‍' ഭീഷണികളില്‍നിന്ന്‌ ഒഴിവാക്കിയിരിക്കുന്നത്‌. പാമ്പായിരിക്കുന്നവനോടു ബോംബെന്നു പറഞ്ഞാല്‍ ഫോണ്‍ കാശു പോകുമെന്നല്ലാതെ യാതൊരു പ്രയോജനവുമില്ലല്ലോ. എന്തിനും ഏതിനും ഞെട്ടല്‍ രേഖപ്പെടുത്തുന്ന രാഷ്‌ട്രീയക്കാര്‍ക്ക്‌ എന്തായാലും ചാകരയാണ്‌. ഞെട്ടാന്‍ വേറെ കാരണങ്ങള്‍ തേടേണ്ട. ഓരോ വ്യാജഭീഷണിയെക്കുറിയുമ്പോഴും ഒറ്റയ്‌ക്കും കൂട്ടമായും ഞെട്ടല്‍ രേഖപ്പെടുത്തി സംതൃപ്‌തിയടയുകയാണവര്‍. പോരാഞ്ഞിട്ട്‌ ആരോ മന്ത്രിമുഖ്യന്റെ ഓഫീസിലും വിളിച്ച്‌ ഭീഷണി മുഴക്കിയത്രേ. ഭരണത്തില്‍ കേറുന്നതിനു മുമ്പും ശേഷവും പ്രഖ്യാപനങ്ങളുടെ നൂറുകണക്കിനു വ്യാജബോംബുകള്‍ പൊട്ടിച്ചുകൊണ്ടിരിക്കുന്ന മുഖ്യനുണ്ടോ കുലുങ്ങുന്നു. കേരളാപ്പോലീസെന്നു കേട്ടാല്‍ ഭീകരര്‍ നിന്ന നില്‍പ്പില്‍ മൂത്രമൊഴിച്ചു പോകുമെന്ന മട്ടില്‍ തട്ടിവിടാനും കക്ഷി മറന്നില്ല. പക്ഷേ, നാട്ടുകാരുടെ അനുഭവത്തില്‍ കേരളാപ്പോലീസിന്റെ മുന്നില്‍ച്ചെന്നു പെട്ടാല്‍ പിന്നെ മൂത്രം പോകാറേയില്ലെന്നാണ്‌ അറിവ്‌. ഇതിനിടെ, കേരള കോണ്‍ഗ്രസുകാരുടെ വക ഒരു ബോംബ്‌ ഭീഷണി മുഴങ്ങി. പാര്‍ട്ടി വിരുദ്ധ സ്‌ഫോടക വസ്‌തുക്കളുമായി ഒരാള്‍ കോട്ടയത്തു രംഗപ്രവേശം ചെയ്‌തതിനെ തുടര്‍ന്നാണു പാര്‍ട്ടി ചെയര്‍മാന്‍ റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചത്‌. കോട്ടയത്തു ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയില്‍ ബോംബു പൊട്ടിത്തെറിക്കുമെന്നായിരുന്നു നാട്ടുകാരുടെ പ്രതീക്ഷ. ബോംബ്‌ പൊട്ടുന്നതു ലൈവായി കാണാനും കാണിക്കാനും മാധ്യമപ്പട തന്നെ പാര്‍ട്ടി ഓഫീസിനു മുന്നില്‍ തമ്പടിച്ചു. പക്ഷേ, യോഗം കഴിഞ്ഞപ്പോഴല്ലേ മനസിലായത്‌, പുറത്താക്കപ്പെടാനുള്ള യോഗം പുള്ളിക്കാരനില്ലെന്ന്‌. ഈ കുത്തിക്കെട്ട്‌ എടുത്തു കളയേണ്ട, തന്നെ പൊയ്‌ക്കോളുമെന്നു ജോസഫ്‌ വൈദ്യന്‍ വിധിച്ചതോടെ ആ ബോംബ്‌ സ്വയം നിര്‍വീര്യമായി. കെ.പി.സി.സിയുടെ വിദഗ്‌ധന്‍മാര്‍ എം.എ ബേബിയുടെ പുസ്‌തകബോംബ്‌ നിര്‍വീര്യമാക്കുന്നതിനും കേരളം സാക്ഷ്യം വഹിച്ചു. നനഞ്ഞു നാറിയ ബോംബ്‌ പൊട്ടിക്കാന്‍ പറ്റിയില്ലെങ്കിലും ഒന്നു ചീറ്റിയാലെങ്കിലും മതിയായിരുന്നെന്ന മട്ടില്‍ വട്ടവും നീളവുമോടുകയാണ്‌ മന്ത്രി. ബോംബു ചീറ്റുന്നു പോലുമില്ലെങ്കിലും കത്തിക്കാന്‍ ചൂട്ടുകറ്റയുമായി നിന്ന എട്ടും പൊട്ടും തിരിയാത്ത കുട്ടിസഖാക്കള്‍ നാലു നേരവും ആവശ്യത്തിലേറെ വിഷം ചീറ്റുന്നുണ്ട്‌.ഈ ബഹളത്തിനിടയിലാണ്‌ ഭക്ഷ്യമന്ത്രിക്കു കേന്ദ്രത്തിന്റെ വക ലെറ്റര്‍ ബോംബ്‌ കിട്ടിയത്‌. കേരളത്തിലെ എ.പി.എല്ലുകാര്‍ക്കുള്ള അരിയിലാണ്‌ കേന്ദ്രം ബോംബു വച്ചതെന്നാണു ഭക്ഷ്യമന്ത്രിയുടെ പക്ഷം. എന്തായാലും നാട്ടില്‍ വ്യാജബോംബ്‌ മേള മുറുകുമ്പോള്‍ നാട്ടുകാര്‍ക്കൊരു സംശയം മാത്രമേയുള്ളൂ, പഴയ ഇടയച്ചെറുക്കന്റെ ഗതി വരുമോ ? പുലി വരുന്നേ പുലി വരുന്നേയെന്നു വിളിച്ചു വിളിച്ചു അവസാനം പുലി വരുമ്പോള്‍.....

മിസ്‌ഡ്‌ കോള്‍
20 ലക്ഷം കുടുംബങ്ങള്‍ക്ക്‌ സര്‍ക്കാര്‍ വക ഓണക്കിറ്റ്‌. - വാര്‍ത്ത
ബാക്കിയുള്ളവര്‍ക്ക്‌ ഓണ കിക്ക്‌ !

No comments:

Post a Comment