Tuesday, December 23, 2008

പട്ടിക്കു പേ, ആശുപത്രിയില്‍ ഡബിള്‍ പേ !

ഏതു പട്ടിക്കുമുണ്ടൊരു ദിവസമെന്നു കേട്ടപ്പോള്‍ അതിങ്ങനെ ഒരു ദിവസമായിരിക്കുമെന്നു കോട്ടയംകാര്‍ തെല്ലും കരുതിയിരുന്നില്ല. ഒറ്റ രാത്രികൊണ്ട്‌ അമ്പതിലേറെപ്പേരെ കടിച്ചു അര്‍ധസെഞ്ചുറി തികച്ചുകൊണ്ടാണ്‌ കോട്ടയത്തൊരു ശുനകപ്രതിഭ മികവു തെളിയിച്ചത്‌. നാട്ടില്‍ കര്‍ഫ്യൂവോ നിരോധനാജ്ഞയോ പ്രഖ്യാപിക്കാന്‍ ആര്‍.ഡി.ഒയോ കളക്‌ടറോ ഒന്നും വേണ്ടന്നു തെളിഞ്ഞ ദിവസം കൂടിയായിരുന്നു ആ കാളരാത്രി ക്ഷമിക്കണം നായരാത്രി. ഒറ്റ ദിവസത്തേയ്‌ക്കെങ്കിലും പട്ടി സ്ഥലത്തെ പ്രധാന പയ്യനായി മാറി. നാടിളക്കിയുള്ള നായയോട്ടത്തിനു ഒളിമ്പിക്‌ ദീപശിഖാപ്രയാണത്തെ വെല്ലുന്ന സുരക്ഷാസംവിധാനങ്ങളാണ്‌ ഉണ്ടായിരുന്നത്‌. പട്ടി ചന്തയ്‌ക്കു പോയതുപോലെയെന്നു പലരും ശുനകവര്‍ഗത്തെ ആക്ഷേപിക്കാറുണ്ടെങ്കിലും കോട്ടയം ചന്തയില്‍ പന്തയം വച്ചതു പോലെ കിടന്നുറങ്ങിയിരുന്നവരെയും കടിച്ചുകുടഞ്ഞുകൊണ്ടു പട്ടി ചന്തയ്‌ക്കു പോയാലും ചില കാര്യങ്ങളൊക്കെയുണ്ടെന്നു ശുനകന്‍മാര്‍ തെളിയിച്ചു. ഡസന്‍ കണക്കിനു പോലീസ്‌, നിറത്തോക്കുകള്‍, സര്‍വസംവിധാനങ്ങളുമായി ഫയര്‍ഫോഴ്‌സ്‌, അടിയന്തര സാഹചര്യം നേരിടാന്‍ മെഡിക്കല്‍ ടീം, കളക്‌ടര്‍, ആര്‍ഡിഒ, എംഎല്‍എമാര്‍, രാഷ്‌ട്രീയനേതാക്കള്‍ തുടങ്ങി നാട്ടിലുള്ളവരെയെല്ലാം ഇളക്കിയായിരുന്നു പട്ടിയോട്ടം. കടകളും തട്ടുകടകളും കാലിയായി. ശുനകന്റെ വരവറിഞ്ഞ നാട്ടുകാരെല്ലാം ഉടന്‍ വീട്ടിനുള്ളില്‍ കയറി കതകു പൂട്ടി. എങ്ങും ശ്‌മശാന മൂകത. പോലീസും പട്ടാളവും വിചാരിച്ചാല്‍ പോലും ഇത്രപെട്ടെന്നു ഇങ്ങനെയൊരു സെറ്റപ്പ്‌ ഉണ്ടാക്കിയെടുക്കാന്‍ പറ്റുമോയെന്നു സംശയം.പട്ടി വഴിപിഴച്ചുപോയെന്നു മനസിലായ നിമിഷം കണ്ടാലുടന്‍ വെടിവയ്‌ക്കാനുള്ള ആര്‍ഡിഒയുടെ ഉത്തരവിറങ്ങി. പക്ഷേ, കണ്ടിട്ടു വേണ്ടേ വെടിവയ്‌ക്കാന്‍, കടി കൊണ്ടവരുപോലും ശരിക്കൊന്നു കണ്ടില്ല. നിറത്തോക്കുമായി ഇരുട്ടത്തു പോലീസുകാര്‍ തപ്പിത്തടഞ്ഞു. പോലീസിനു തെല്ലു പേടിയുണ്ടായിരുന്നെങ്കിലും തോക്കിനു തെല്ലും പേടി തോന്നിയില്ല. കാരണം കടി കിട്ടിയാലും ഒരു വെടിപൊട്ടിയേക്കുമെന്നല്ലാതെ തോക്കിനു പേ പിടിക്കില്ലല്ലോ. പക്ഷേ, പാവം പോലീസുകാരന്റെ കാര്യം അതാണോ? പിന്നെ ഇട്ടിരിക്കുന്ന കാക്കിയാണ്‌ ഒരു ബലം. ഒരു മാതിരിപ്പെട്ട ക്ഷുദ്രജീവികളെല്ലാം കാക്കിക്കു മുന്നില്‍ തലചുറ്റി വീഴുന്നതാണ്‌ ഇതുവരെയുള്ള അനുഭവം. പട്ടി പറന്നു നടന്നു കടിക്കുകയാണെന്ന വാര്‍ത്ത പരന്നതോടെയാണ്‌ കേരളപ്പോലീസിനെ തോക്കുമായി രംഗത്തിറക്കിയതെന്നും കേള്‍ക്കുന്നു. ആകാശത്തേയ്‌ക്കു വെടിവച്ചു ശീലിച്ച പോലീസല്ലാതെ പിന്നാര്‍ക്കു പറന്നു നടന്നു കടിക്കുന്ന പട്ടിയെ വെടിവച്ചിടാന്‍ പറ്റും ?പേപ്പട്ടി വേട്ടയ്‌ക്കായി ഫുള്‍ ടാങ്ക്‌ വെള്ളം നിറച്ചുകൊണ്ടായിരുന്നു ഫയര്‍ ഫോഴ്‌സിന്റെ വരവ്‌. പേപ്പട്ടിക്കു വെള്ളം കാണുന്നതു പേടിയാണെന്ന നാട്ടറിവായിരുന്നു അവരുടെ ബലം. പട്ടിയെ മുട്ടിയിട്ടു നാട്ടില്‍ നടക്കാന്‍ പറ്റാതായെന്നു നാട്ടുകാര്‍ മുട്ടിന്‍മേല്‍നിന്നു പരാതി പറയാന്‍ തുടങ്ങിയിട്ടു കാലം കുറെയായി. പട്ടിയുടെ വാല്‍ പന്തീരാണ്ടു കാലം കുഴലിലിട്ടാലും നിവരില്ലെന്നു പറഞ്ഞതുപോലെ അധികാരികളോടു പരാതി പറഞ്ഞ്‌ നാവിലെ നീരു വറ്റിയാലും കാര്യത്തിനു തീരുമാനമില്ല. ഇനി കണ്ണൂരില്‍ കലാപമുണ്ടായാല്‍ കോട്ടയത്തുനിന്നൊരു പട്ടിയെ അവിടെ ഇറക്കിയാല്‍ മതിയെന്നു കേള്‍ക്കുന്നു. അരമണിക്കൂറിനുള്ളില്‍ അക്രമികളെയും നാട്ടകാരെയുമെല്ലാം പട്ടി വീട്ടിനുള്ളിലാക്കിക്കൊള്ളുമത്രേ. കടിയേറ്റവര്‍ ആശുപത്രികളിലെത്തിയപ്പോഴാണ്‌ കടിച്ച പട്ടിയെ `പേ'പ്പട്ടി എന്നു വിശേഷിപ്പിച്ചതിന്റെ രഹസ്യം പിടികിട്ടിയതത്രേ. കുത്തിവയ്‌പിനു പതിനായിരം വേണമെന്നായിരുന്നു ആദ്യം ആശുപത്രിക്കാരുടെ വാദം. കുത്തിവയ്‌പെടുക്കണമെങ്കില്‍ പേ (Pay) ചെയ്യണമത്രേ. പേയില്ലാത്ത പട്ടി കടിച്ചാലും ആശുപത്രിയിലെത്തിയാല്‍ ഡബിള്‍ `പേ'യുണ്ടാകുമെന്നു ചുരുക്കം.

മിസ്‌ഡ്‌ കോള്‍
ഇന്ത്യക്കാര്‍ക്കു തളര്‍ച്ചയും ഉന്മേഷക്കുറവും കൂടുന്നതായി സര്‍വേ- വാര്‍ത്ത
അപ്പോള്‍ ഉന്മേഷം ഇനി മരുന്നുകമ്പനികള്‍ക്ക്‌ !

No comments:

Post a Comment