Wednesday, December 24, 2008

അനന്തരം സിനിമാക്കാര്‍ തര്‍ക്കം തുടങ്ങി !

ഒരു കൊച്ചു ഭൂമി കുലുക്കം ! തുളസീദാസും ദിലീപും മുഖാമുഖം വന്നപ്പോള്‍ കാഴ്‌ചക്കാര്‍ ഇത്രയേ കരുതിയുള്ളൂ. പക്ഷേ, സംഗതി സിനിമാസ്‌കോപ്പ്‌ തര്‍ക്കമായി സൂപ്പര്‍ ഹിറ്റിലേക്കു കയറിയതു പെട്ടെന്നാണ്‌. വിനയനു വിനയം തീരെയില്ലെന്നായിരുന്നു ഒരു പക്ഷത്തിന്റെ പരാതി. അമ്മ അമ്മായിയമ്മ ചമയുകയാണെന്നു മറുപക്ഷം. തര്‍ക്കം മൂന്നാം വാരത്തിലും നിറഞ്ഞ സദസില്‍ ഓടിക്കൊണ്ടിരിക്കുന്നു. കേരളത്തിലെമ്പാടും ഒരേ സമയം റീലീസ്‌ ചെയ്‌ത തര്‍ക്കം ഇപ്പോള്‍ അയല്‍ സംസ്ഥാനങ്ങളിലും ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു. തുളസീദാസും ദിലീപും തമ്മില്‍ തുടങ്ങിയ ഏണിയും പാമ്പും കളി മാക്‌ട ഫെഡറേഷനിലെത്തിയപ്പോള്‍ കീരിയും പാമ്പും പരുവത്തിലായി. വിനയന്‍ `എ' സര്‍ട്ടിഫിക്കറ്റ്‌ പ്രസംഗം നടത്തിയെന്ന ആരോപണവുമായി സംവിധായകന്‍ സിദ്ധിക്കാണ്‌ ആദ്യത്തെ ക്ലാപ്പടിച്ചത്‌. വിനയന്റെ പ്രസംഗം മാത്രമല്ല നയം തന്നെ സെന്‍സര്‍ ചെയ്യണമെന്ന ആവശ്യവുമായി സംവിധായകര്‍ കൂട്ടത്തോടെ കത്രികയുമായിറങ്ങി. മാക്‌ട വെറും `മാട്ട' യായെന്ന ആക്ഷേപവുമായി അമ്മയും വന്നതോടെ സീന്‍ കൊഴുത്തു. എന്നാല്‍, മകന്‍ ചത്തിട്ടായാലും മരുമോളുടെ കണ്ണീരു കണ്ടാല്‍ മതിയെന്ന മട്ടിലാണ്‌ അമ്മയെന്നു മാക്‌ട തിരിച്ചടിച്ചു. പരസ്‌പരം ചിന്നംവിളിക്കാന്‍ കാമറകള്‍ക്കു മുന്നില്‍ അമ്മമക്കളും മാക്‌ടമക്കളും ഊഴം കാത്തു നിന്നു. ഇതിനിടെ സര്‍ഗശേഷി അളക്കാനുള്ള ഉപകരണവുമായി ശ്രീനിവാസന്‍ പ്രത്യക്ഷപ്പെട്ടു. മാക്‌ടയിലുള്ള പലരെയും ശ്രീനിവാസന്‍ നിര്‍ത്തിയും ഇരുത്തിയും അളന്നു. എന്നാല്‍, അളമുട്ടിയാല്‍ ശ്രിനീവാസനിട്ടായാലും കടിക്കുമെന്നു എതിര്‍പക്ഷം മുന്നറിയിപ്പു നല്‌കി. ഇതിനിടെയായിരുന്നു മോഹന്‍ലാലിന്റെ പ്രസംഗം. മാക്‌ടയെ മണിച്ചിത്രത്താഴിട്ടു പൂട്ടുമെന്നു ലാലേട്ടന്‍ പറഞ്ഞതു പലരെയും ചൊടിപ്പിച്ചു. മോഹന്‍ലാലിന്റേത്‌ അധികപ്രസംഗമാണെന്നവര്‍ കണ്ടെത്തി. ഇതോടെ ലാലിന്‌ വക്കാലത്തുമായി വക്കീല്‍ കൂടിയായ മമ്മൂട്ടിയും കോട്ടുമിട്ടിറങ്ങി. ലാലിന്‌ അധികപ്രസംഗം മാത്രമല്ല അവാര്‍ഡു പ്രസംഗം വരെ നടത്താനുള്ള യോഗ്യതയുണ്ടെന്നു പുള്ളിക്കാരന്‍ പ്രഖ്യാപിച്ചു. അവസാനം മാക്‌ടയ്‌ക്കു പകരമൊരു സംഘടനയെ ഗര്‍ഭം ധരിച്ചതിനു ശേഷമാണ്‌ അമ്മയും വല്യമ്മയും കൊച്ചുമക്കളുമൊക്കെ അടങ്ങിയത്‌. ജൂലൈ മാസമാണ്‌ സിനിമാക്കാര്‍ക്കു പുതിയൊരു കുഞ്ഞ്‌ പിറക്കുന്നതെന്നാണ്‌ അറിയുന്നത്‌. എന്നാല്‍, പുതിയ കുഞ്ഞ്‌ ചാപിള്ളയായിരിക്കുമെന്നു മാക്‌ടയിലെ ചില ഡോക്‌ടര്‍മാര്‍ ക്ഷമിക്കണം ഡയറക്‌ടര്‍മാര്‍ സ്‌കാനിഗ്‌ നടത്തി പറഞ്ഞിട്ടുണ്ട്‌. സിസേറിയന്‍ നടത്തിയിട്ടാണെങ്കിലും മാക്‌ടയ്‌ക്കു ബദലായി എത്രയും പെട്ടെന്നു ഒരു കുഞ്ഞിനെ ജനിപ്പിക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കളും രംഗത്തുണ്ട്‌. പ്രശ്‌നം മൂന്നാംപക്കം തീര്‍ക്കുമെന്നു പറഞ്ഞെത്തിയ ദേശീയ സംഘടനക്കാരെയും ഇപ്പോള്‍ കാണാനില്ല. ഇങ്ങനെ സിനിമാസ്‌കോപ്പ്‌ തര്‍ക്കങ്ങള്‍ സൂപ്പര്‍ ഹിറ്റിലേക്കു നീങ്ങുമ്പോള്‍ കാണികള്‍ ഹാപ്പിയാണ്‌. നാട്ടുകാര്‍ക്ക്‌ ഒന്നേ സിനിമാക്കാരോട്‌ പറയുവാനുള്ളൂ. പ്ലീസ്‌.. ദയവായി ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന അങ്കം ഉടന്‍ നിര്‍ത്തരുത്‌. അടുത്ത കാലത്തിറങ്ങിയ സിനിമകളുമായി താരതമ്യം ചെയ്യുമ്പോള്‍ അതിനേക്കാള്‍ ഭേദം നിങ്ങളുടെ അങ്കം തന്നെയാണ്‌. ഈ പോരിന്‌ മറ്റു ചില ഗുണവശങ്ങളുമുണ്ട്‌. കാണികള്‍ക്ക്‌ കാര്യമായ കാശുമുടക്കില്ലാതെ അടിപൊളി സീനുകള്‍ കാണാം. തട്ടുപൊളിപ്പന്‍ ഡയലോഗ്‌, സ്റ്റണ്ട്‌ രംഗങ്ങള്‍, അത്യാവശ്യം എരിവും പുളിയും മസാലയും, ലൈവായിട്ടുള്ള പെര്‍ഫോമന്‍സ്‌, കൂടാതെ വെട്ടിത്തിരുത്തില്ലാത്ത സത്യസന്ധമായ കഥ എന്നിങ്ങനെതകര്‍പ്പന്‍ രംഗങ്ങളാണ്‌ അരങ്ങേറുന്നത്‌. ഡേറ്റ്‌ പ്രശ്‌നമില്ല, വാക്കു തെറ്റിക്കലില്ല, നിര്‍മാതാക്കള്‍ക്ക്‌ പണം നഷ്‌ടമില്ല, സംഗതി സൂപ്പര്‍ ഹിറ്റായി ഓടുകയും ചെയ്യും. അപ്പോള്‍ സിനിമയേക്കാള്‍ ഭേദം സിനിമാസ്‌കോപ്പ്‌ തര്‍ക്കങ്ങളല്ലേ?

മിസ്‌ഡ്‌ കോള്‍
‍പോസ്റ്റുമോര്‍ട്ടം നടത്തുന്ന ഡോക്‌ടര്‍മാര്‍ക്കും സ്വകാര്യപ്രാക്‌ടീസ്‌ നടത്താന്‍ അനുമതി.- വാര്‍ത്ത
മൃതദേഹങ്ങളുമായി വീട്ടില്‍ ചെന്നു കാണേണ്ടി വരുമോ?

No comments:

Post a Comment