Wednesday, December 24, 2008

അന്തംവിട്ട കുന്തങ്ങള്‍ !

കുന്തം പോയാല്‍ കുടത്തിലും തപ്പണമെന്നതാണ്‌ നാട്ടുവര്‍ത്തമാനം. പക്ഷേ, സുധാകരമന്ത്രിയുടെ വര്‍ത്തമാനം കേട്ടുകഴിഞ്ഞപ്പോള്‍ ഇനി കുന്തം പോയാല്‍ പന്തോം കത്തിച്ച്‌ എവിടെയൊക്കെ തപ്പേണ്ടി വരുമെന്ന ചിന്തിച്ച്‌ അന്തംവിട്ടിരിക്കുകയാണ്‌ നാട്ടുകാര്‍. മന്ത്രവും തന്ത്രവുമായി നാടൊട്ടുക്കും പൊങ്ങുന്ന കള്ളസ്വാമിമാരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ ആഭ്യന്തരവകുപ്പ്‌ കുന്തക്കാലില്‍ കുത്തിയിരിക്കുമ്പോഴാണ്‌ സുധാകരമന്ത്രിയുടെ `കുന്തംകൊളുത്തി' പ്രകടനം.കള്ളസ്വാമിമാരെ കുന്തം ഉപയോഗിച്ചുള്ള പ്രത്യേകതരം പ്രയോഗത്തിനു വിധേരാക്കണമെന്നാണ്‌ മന്ത്രി പ്രഖ്യാപിച്ചത്‌. പ്രയോഗത്തില്‍ സംശയമുള്ളവര്‍ ഭീമസേനന്റെ കഥ മനപ്പാഠമാക്കുന്നത്‌ നല്ലതാണെന്നും അദ്ദേഹം ഉപദേശിച്ചു. രാജകാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആയുധങ്ങളിലൊന്നായിരുന്നു കുന്തം. കുന്തവും പിടിച്ചു കുന്തംപോലെ നില്‍ക്കുന്ന പാറാവുകാര്‍ ചന്തമുള്ള കാഴ്‌ചയായിരുന്നു. നാട്ടുകാര്‍ മറന്നു തുടങ്ങിയ ആ കുന്തങ്ങള്‍ക്കാണ്‌ ഇപ്പോള്‍ മന്ത്രിയുടെ തന്ത്രങ്ങളാല്‍ അനന്തസാധ്യതകള്‍ തെളിഞ്ഞിരിക്കുന്നത്‌. റെയ്‌ഡിനു പോകുന്ന പോലീസുകാര്‍ ഇനി ലാത്തിയും തോക്കുമുപേക്ഷിച്ച്‌ കുന്തം കൊണ്ടുപോയാല്‍ കള്ളസ്വാമിമാരെ സ്‌പോട്ടില്‍ തന്നെ പൂര്‍വാശ്രമത്തിലെത്തിക്കാം. നാട്ടില്‍ ക്രമസമാധാനം പുലരണമെന്നു പോലീസിനേക്കാള്‍ താല്‌പര്യമുള്ള ഡിഫിക്കാര്‍ ഇപ്പോള്‍ ചീപ്പും കത്രികയുമായിട്ടാണ്‌ റെയ്‌ഡ്‌ നടത്തിക്കൊണ്ടിരിക്കുന്നത്‌. സ്വാമിമാരെ പിടിച്ചാല്‍ ഉടന്‍ തന്നെ മുടിയും താടിയുമെല്ലാം വെട്ടിക്കൊടുക്കുകയാണ്‌ ഈ `ബാര്‍ബര്‍ ബാലന്‍മാര്‍'. കോഴിക്കോട്ട്‌ ഡിഫിക്കാര്‍ മുടിവെട്ടിക്കളഞ്ഞ ഒരു സ്വാമി മനുഷ്യാവകാശകമ്മീഷനില്‍ കേസുകൊടുത്തു. ഇതിനിടയില്‍ മുടി വെട്ടിക്കാറായ പലരും ഇപ്പോള്‍ കാവി വസ്‌ത്രവും ധരിച്ച്‌ ഡിഫി ഓഫീസുകളുടെ മുന്നിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണത്രേ. സ്വാമിയാണെന്നു കരുതി ഡിഫിക്കാര്‍ ഫ്രീയായി മുടിവെട്ടിക്കൊടുത്താലോ !മന്ത്രി പുതിയ തന്ത്രം അവതരിപ്പിച്ച നിലയ്‌ക്ക്‌ ഇനി റെയ്‌ഡിനു പോകുമ്പോള്‍ കൊടി കുന്തത്തില്‍ കെട്ടിയാല്‍ മതിയെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്‌. മന്ത്രിയുടെ `കുന്തപ്രയോഗം' ഏറ്റവും ചൊടിപ്പിച്ചത്‌ യുവമോര്‍ച്ചക്കാരെയായിരുന്നു. കുന്തത്തേക്കാള്‍ മൂര്‍ച്ചയുള്ള പഴുപ്പിച്ച ഇരുമ്പു ദണ്‌ഡുമായിട്ടാണ്‌ മോര്‍ച്ചക്കാര്‍ മാര്‍ച്ചു ചെയ്‌തത്‌. തൃശൂരുള്ള ഒരു കള്ളസ്വാമിയുടെ കൊള്ളസങ്കേതത്തില്‍ വെള്ളവസ്‌ത്രവും ധരിച്ചിരിക്കുന്ന മന്ത്രിയുടെ ചിത്രം മാധ്യമങ്ങള്‍ മാന്തിയെടുത്തത്‌ മോര്‍ച്ചക്കാരുടെ മാര്‍ച്ചിനു മൂര്‍ച്ച പകര്‍ന്നു. അങ്ങോട്ടെറിഞ്ഞ കുന്തം അതിനേക്കാള്‍ വേഗത്തില്‍ ഇങ്ങോട്ടു പോരുകയാണോ ? രണ്ടു കാലില്‍ മന്തുള്ളവന്‍ ഒരു കാലില്‍ മന്തുള്ളവനെ മന്താ എന്നു വിളിച്ചതു പോലെയായി കുന്തത്തിന്റെ കിടപ്പ്‌. താന്‍ പോയ കാലത്ത്‌ സ്വാമി നല്ലവനായിരുന്നെന്നുവെന്നു പറഞ്ഞു തടിയൂരാ ക്ഷമിക്കണം കുന്തമൂരാനാണ്‌ മന്ത്രി ശ്രമിച്ചത്‌. സ്വാമിമാരെ തേടിപ്പോകുന്ന എല്ലാ ഭക്തരും ഇതു തന്നെയല്ലേ പറയുന്നത്‌. എന്തായാലും കള്ളസ്വാമിമാരെ മാത്രമേ കുന്തപ്രയോഗത്തിനു വിധേയമാക്കണമെന്നു മന്ത്രി പറഞ്ഞിരുന്നുള്ളൂ. കള്ളസ്വാമിമാരുടെ അടുത്തു പോകുന്നവരെ പ്രസ്‌തുത പ്രയോഗത്തിനു വിധേയരാക്കണമെന്നു പറയാതിരുന്നത്‌ മന്ത്രിയുടെ ഭാഗ്യം, കുന്തത്തിന്റേയും. വിവരങ്ങള്‍ക്ക്‌ കടപ്പാട്‌ : പ്രായപൂര്‍ത്തിയായവര്‍ക്കു വേണ്ടിയുള്ള രാഷ്‌ട്രീയ നാട്ടുഭാഷ പ്രസംഗങ്ങള്‍ - ദിവസം മൂന്നു നേരം വിവിധ ചാനലുകളില്‍. കുട്ടികളെ കഴിവതും ഇതു കാണിക്കാതിരികകുക.

മിസ്‌ഡ്‌ കോള്‍
ആര്യാടനെതിരായ പരാമര്‍ശം മണിക്കൂറുകള്‍ക്കുള്ളില്‍ കരുണാകരന്‍ തിരുത്തി. - വാര്‍ത്ത
തിരുത്തല്‍ ശക്തിയാകുമെന്നു പറഞ്ഞിരുന്നില്ലേ...

No comments:

Post a Comment