Tuesday, December 23, 2008

ലോക്കല്‍ സെക്രട്ടറി എന്റെ ട്യൂഷന്‍ ടീച്ചര്‍ !

ഒരു ചോദ്യത്തിലെന്തിരിക്കുന്നു? എന്നു ചോദിക്കരുത്‌. കാരണം, ജനങ്ങളെ ചോദ്യം ചോദിച്ചു വിവരമുള്ളവരാക്കിയ നിരവധി മഹാന്‍മാര്‍ ഈ ലോകത്തിലുണ്ടായിരുന്നു. സോക്രട്ടീസും പ്ലേറ്റോയുമൊക്കെ ജനങ്ങളോടു നിരന്തരം ചോദ്യങ്ങള്‍ ചോദിച്ചിരുന്നവരാണെന്നു ചരിത്രം പറയുന്നു. ചോദ്യങ്ങളിലൂടെ ജനങ്ങളെ ചിന്തിപ്പിക്കുകയായിരുന്നു ഇവരുടെ രീതി. കേരളത്തിലെ ചില `പൈതല്‍' ചിന്തകന്‍മാരും സോക്രട്ടീസ്‌തന്ത്രം സീക്രട്ടായി നടപ്പാക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്‌. കുട്ടികളെ ചിന്തിപ്പിക്കാനുള്ള ചോദ്യങ്ങളുമായിട്ടാണു ഇക്കൂട്ടരുടെ വരവ്‌. ചെറുപ്പത്തിലേ ചിന്തിച്ചു തുടങ്ങിയാലേ കുട്ടികള്‍ വളരുമ്പോള്‍ പാര്‍ട്ടിക്കു മുന്നില്‍ അന്തംവിട്ടു നില്‍ക്കൂയെന്നും ഈ ചിന്തകര്‍ക്കറിയാം. ഇത്തവണ എസ്‌.എസ്‌.എല്‍.സി ചോദ്യപേപ്പറിന്റെ മോന്തായത്തിലാണ്‌ പൈതല്‍ ചിന്തകരുടെ ചോദ്യങ്ങള്‍ കുട്ടികളുടെ നേര്‍ക്കുള്ള കുന്തം പോലെ കെട്ടിത്തൂക്കിയത്‌. 57-ലെ ഇടതു സര്‍ക്കാരിന്റെ നേട്ടങ്ങളും സര്‍ക്കാരിനെ പിരിച്ചുവിടാനുണ്ടായ സാഹചര്യങ്ങളും എന്തെന്നായിരുന്നു ചോദ്യം ? ചുവന്ന ചോദ്യം കണ്ടു മുഖം ചുവന്ന വിദ്യാര്‍ഥികള്‍ പലരും മുഖത്തോടു മുഖം നോക്കി. അന്നു പിരിച്ചു വിട്ടതിന്റെ ദേഷ്യം തീര്‍ക്കാനാണ്‌ പാര്‍ട്ടിക്കാര്‍ വര്‍ഷം തോറും ബക്കറ്റുമായി ജനങ്ങളെ `പിരിച്ചു' വിടുന്നതെന്നാണ്‌ കേട്ടുകേള്‍വി. പാര്‍ട്ടി ചോദ്യത്തിനു ഉത്തരം കോറിയാല്‍ നാലു മാര്‍ക്കാണ്‌ വിദ്യാഭ്യാസവകുപ്പിന്റെ സമ്മാനം. അപ്പോള്‍ ഇനി കുട്ടികള്‍ പാര്‍ട്ടിക്കാര്യങ്ങള്‍ താനേ പഠിച്ചോളുമെന്നറിയാന്‍ കേവലമൊരു താടിയുടെ ഗ്യാരണ്ടി മാത്രം മതി.പരീക്ഷയ്‌ക്കു ജയിക്കണേല്‍ ഇത്തിരി പാര്‍ട്ടിക്കാര്യവും പഠിക്കണം തീര്‍ന്നില്ല, ഇനി പ്രൈവറ്റ്‌ ട്യൂഷനു പോകുന്നതിനോടൊപ്പം വിദ്യാര്‍ഥികള്‍ അതാതു സ്ഥലങ്ങളിലെ ലോക്കല്‍ സെക്രട്ടറിമാരുടെയോ ഏരിയകമ്മിറ്റി സെക്രട്ടറിയുടെയോ അടുത്തു ട്യൂഷനു പോകുന്നതും നന്നായിരിക്കും. ട്യൂഷനു ചേരുന്നതിനു മുമ്പ്‌ സംസ്ഥാനസമിതിയുമായി ബന്ധപ്പെട്ടു സെക്രട്ടറി ഏതു ഗ്രൂപ്പുകാരനാണെന്നു ഉറപ്പുവരുത്തണമെന്നുമാത്രം. കാരണം, മന്ത്രിയുടെ ഗ്രൂപ്പല്ലെങ്കില്‍ ചിലപ്പോള്‍ ഉള്ള മാര്‍ക്കു കൂടി വെട്ടിനിരത്തപ്പെടും. പാര്‍ട്ടിക്കിഷ്‌ടപ്പെട്ട ഉത്തരങ്ങള്‍ കൃഷി ചെയ്‌തില്ലെങ്കില്‍ ഉത്തരക്കടലാസ്‌ കണ്ടുകെട്ടി കുട്ടിസഖാക്കള്‍ക്ക്‌ കളിയോടമുണ്ടാക്കാന്‍ കൊടുത്തെന്നും വരും. കോട്ടയം സമ്മേളനത്തിന്റെ സി.ഡി കിട്ടുമെങ്കില്‍ കുട്ടികള്‍ക്കു വാങ്ങിക്കൊടുക്കുന്നതു നന്നായിരിക്കും. അധികം വൈകാതെ കോട്ടയം സമ്മേളനത്തെക്കുറിച്ചുള്ള ചോദ്യങ്ങളും പ്രതീക്ഷിക്കാം. അന്നു നേതാവ്‌ നടത്തിയ `മഴപ്രഭാഷണം' മന:പാഠമാക്കുന്നതു മഴക്കാലത്തു പ്രയോജനപ്പെടും.സ്‌കൂളുകളില്‍ മൊബൈല്‍ ഫോണുകള്‍ നിരോധിച്ചതു പോലെ ഇപ്പോള്‍ കുപ്പികള്‍ നിരോധിക്കാനുള്ള ആലോചനയുണ്ടെന്നാണ്‌ ഒടുവില്‍ കേട്ടത്‌. കുട്ടികള്‍ ചെറുപ്പത്തിലേ കുപ്പികൊണ്ടു നടന്നു ശീലിച്ചാല്‍ മുതിര്‍ന്നു കഴിയുമ്പോള്‍ അതെടുത്തു ഏറു തുടങ്ങുമത്രേ. കോട്ടയം സമ്മേളനത്തില്‍ ഇങ്ങനെ `കുപ്പി' പറക്കുന്നതു നാട്ടുകാരു കണ്ടതാണല്ലോ.എന്താനാണു കാശു കൊടുത്തു പറക്കുന്ന കുപ്പി മേടിക്കുന്നതെന്നു നേതാക്കന്‍മാര്‍ ചിന്തിച്ചു തുടങ്ങിയാല്‍ അതിശയിക്കാനില്ല, സമ്മേളനങ്ങള്‍ അവസാനിച്ചിട്ടില്ലല്ലോ. ലോക്കല്‍ സെക്രട്ടറിമാരോടു ചോദിച്ചിട്ടും സംശയം തീരാത്ത പാര്‍ട്ടിക്കാര്യങ്ങള്‍ പഠിക്കാന്‍ ഇപ്പോള്‍ സ്‌കൂള്‍ ലൈബ്രറികളിലും സംവിധാനമൊരുക്കിയിട്ടുണ്ട്‌. വൈകാതെ ചുവന്ന യൂണിഫോമിട്ടു കുട്ടികള്‍ സ്‌കൂളിലേക്കു വാളണ്ടിയര്‍ മാര്‍ച്ചു നടത്തുന്ന കാഴ്‌ചയ്‌ക്കായി കാത്തിരിക്കാം.

മിസ്‌ഡ്‌ കോള്‍
കേരളത്തിന്റെ അരിവിഹിതം കൂട്ടാന്‍ പാര്‍ലമെന്റിനു മുന്നില്‍ ധര്‍ണ- വാര്‍ത്ത
`രി'കൂട്ടിയാല്‍ മതി, ബാക്കി ആവശ്യത്തിലേറെയുണ്ട്‌.

No comments:

Post a Comment