Tuesday, December 23, 2008

മുതലാളിത്ത സോഷ്യലിസം ഫ്രൈ !

ഇന്നു നമുക്ക്‌ മുതലാളിത്ത സോഷ്യലിസം ഫ്രൈ എന്ന വിഭവം ഉണ്ടാകുന്നതെങ്ങനെയെന്നു പഠിക്കാം. ഇത്‌ വിശേഷപ്പെട്ട ഒരു ചൈനീസ്‌ വിഭവമാണ്‌. സോഷ്യലിസം ഫ്രൈ എന്നൊരിനം ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പുവരെ റഷ്യക്കാരുണ്ടാക്കി കഴിച്ചിരുന്നു. പിന്നീട്‌ ദഹനക്കേടു കലശലായപ്പോള്‍ ഗോര്‍ബച്ചേവ്‌ എന്ന വൈദ്യന്‍ ഇവര്‍ക്കു മരുന്നുണ്ടാക്കി കൊടുത്തു. മേലില്‍ ഇത്തരം സാധനങ്ങളൊന്നും ഉണ്ടാക്കി കഴിക്കരുതെന്ന മുന്നറിയിപ്പും നല്‌കി. ചൈനയിലും ഒരു കാലത്ത്‌ ഈ വിഭവം വിളമ്പിയിരുന്നു. തിരിച്ചു കടിക്കുന്നതിനെ വരെ അകത്താക്കുന്ന ചൈനക്കാര്‍ പോലും സോഷ്യലിസത്തില്‍ കടിച്ചപ്പോള്‍ പല്ലുപോയി. അതുകൊണ്ട്‌ അവരുമിപ്പോള്‍ മുതലാളിത്ത സോഷ്യലിസം കൂട്ടിക്കുഴച്ചാണ്‌ നാലുനേരവും തട്ടുന്നത്‌. ബംഗാളില്‍ വ്യാപകമായി വിറ്റഴിച്ചിരുന്ന സോഷ്യലിസം ഇപ്പോള്‍ അവിടുത്തെ ചില ഫാസ്റ്റ്‌ ഫുഡ്‌ തട്ടുകടകളില്‍ സ്റ്റഫ്‌ ചെയ്‌തു വച്ചിരിക്കുകയാണത്രേ. ചൈനീസ്‌ ഫുഡിനോടുള്ള പ്രിയം കൊണ്ടാണോയെന്നറിയില്ല, ബംഗാളിലെ ചില സ്റ്റാര്‍ ഹോട്ടലുകാര്‍ നന്ദിഗ്രാം കര്‍ഷകഭൂമിയില്‍ ആഴി കൂട്ടി മുതലാളിത്ത സോഷ്യലിസം ഉണ്ടാക്കാന്‍ നോക്കിയെങ്കിലും നാട്ടുകാരിടഞ്ഞതിനാല്‍ ഇപ്പോള്‍ ചട്ടി വാങ്ങി വച്ചിരിക്കുകയാണ്‌.കട്ടന്‍ബീഡിയും പരിപ്പുവടയും വിറ്റിരുന്ന നമ്മുടെ നാട്ടിലെ ചില ചായക്കടക്കാരും ഇപ്പോള്‍ പ്രധാന മെനുവായി ഈ ചൈനീസ്‌ വിഭവത്തെ പ്രചരിപ്പിക്കുന്നുണ്ട്‌. വ്യവസായികാടിസ്ഥാനത്തില്‍ മുതലാളിത്ത സോഷ്യലിസം ഫ്രൈ ചെയ്യാന്‍ ചേരുവുകള്‍ തയാറാക്കി വച്ചിട്ടുണ്ടെങ്കിലും ചില പഴയ ദേഹണ്‌ഡക്കാര്‍ ഉടക്കി നില്‍ക്കുന്നതാണ്‌ പ്രശ്‌നം. പുതിയ വിഭവം വിളമ്പാന്‍ പറ്റിയ പയ്യന്‍മാരെയും റെഡിയാക്കി നിര്‍ത്തിയിട്ടുണ്ട്‌. താന്‍ ഈ അടുക്കളയിലുള്ളിടത്തോളം കാലം ഈ പരിപ്പ്‌ ഇവിടെ വേവിക്കില്ലെന്ന പിടിവാശിയിലാണ്‌ പുള്ളിക്കാരന്‍. കഴിഞ്ഞ തവണ മലപ്പുറത്ത്‌ ആഴികൂട്ടി ചട്ടി അടുപ്പത്ത്‌ വച്ചിരുന്നു. പക്ഷേ, കൂട്ട്‌ ശരിയാകാത്തതിനാല്‍ അത്ര രുചിച്ചില്ല. അതുകൊണ്ടു തന്നെ അടുക്കളക്കാരെയും കലവറക്കാരെയുമൊക്കെ മാറ്റിമറിച്ചു വരികയാണ്‌. കോട്ടയം ഭക്ഷ്യമേളയോടെ മുതലാളിത്ത സോഷ്യലിസം ഫ്രൈ ഒരു പ്രധാന മെനുവായി മാറുമെന്നാണ്‌ കരുതുന്നത്‌. ഇപ്രാവശ്യം ഫ്രൈ തയാറാക്കാന്‍ തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്‌ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നൊക്കെ പ്രത്യേക പാചക വിദഗ്‌ധരെ കൊണ്ടുവരുന്നുണ്ടത്രേ. ആലപ്പുഴയിലെ വെള്ളത്തില്‍ കഴുകിയെടുക്കുന്ന ചട്ടികൂടി കൊണ്ടു വരുമ്പോള്‍ പാചകം കലക്കും. ഉടക്കി നില്‍ക്കുന്ന പാചകക്കാരെ മിക്കവാറും ഇത്തവണ അരിയാനും കഴുകാനും തൂത്തു തുടയ്‌ക്കാനുമൊക്കെയായി ഒതുക്കാനാണ്‌ സാധ്യത. ഇണങ്ങാറായി നില്‍ക്കുന്നവും പിണങ്ങാറായി നല്‍ക്കുന്നവരും തമ്മിലുള്ള പാചകപാതകമേള കൊഴുക്കുമ്പോള്‍ വാതകം നിറഞ്ഞ വയറുമായി എന്തെങ്കിലും വീണു കിട്ടുമെന്നു കരുതി കാത്തിരിക്കുന്ന അണികളുടെ കൈ ഉണങ്ങിത്തുടങ്ങി. തങ്ങള്‍ക്കുള്ള വിഭവമാണ്‌ ഇവര്‍ കൂട്ടിക്കുഴയ്‌ക്കുന്നതെന്നു കരുതി കാത്തു കാത്തിരിക്കുന്ന പാവങ്ങള്‍ അവസാനം വിശന്നു തളര്‍ന്നുറങ്ങേണ്ടി വരുമെന്നു ചുരുക്കം.മുതലാളിത്ത സോഷ്യലിസം ഒളിച്ചും പാത്തും ഫ്രൈ ചെയ്‌തു അകത്താക്കുന്നവര്‍ക്കും നാട്ടുകാരുടെ മുന്നില്‍ ആ ഭാവമില്ല. നാലുനേരവും സോഷ്യലിസം മാത്രം കഴിച്ചു വിശപ്പടക്കുന്ന പാവങ്ങളാണന്ന മട്ടിലാണ്‌ നാട്ടിലെ നടപ്പ്‌. തല്‌ക്കാലം, കടുത്ത വിശപ്പുണ്ടെങ്കിലും മുണ്ടു മുറുക്കിയുടുത്ത്‌ സോഷ്യലിസവും സ്വപ്‌നം കണ്ട്‌ നമുക്ക്‌ ഉറങ്ങാം.നേതാക്കന്‍മാരല്ലേ മുതലാളിമാരാകാറുള്ളൂ, അണികള്‍ എക്കാലത്തും തൊഴിലാളികള്‍ മാത്രം. അതുകൊണ്ടു സോഷ്യലിസം ബാധകമാകുന്നതും അണികള്‍ക്കു മാത്രം.

മിസ്‌ഡ്‌ കോള്‍
ടാറ്റ ലക്ഷം രൂപയുടെ കാര്‍ പുറത്തിറക്കി.- വാര്‍ത്ത
അപ്പോള്‍ ബൈക്കിനു റ്റാറ്റാ !

No comments:

Post a Comment