Wednesday, December 24, 2008

പട്ടിയെ റിപ്പോര്‍ട്ടര്‍ കടിച്ചാല്‍ !

`പട്ടിയെ വളര്‍ത്തല്‍ ' ലോകമെമ്പാടും തന്നെ പേരും പ്രചാരവും നേടിയിട്ടുള്ള ഹോബികളിലൊന്നാണ്‌. അമേരിക്കന്‍ പ്രസിഡന്റിനു പോലും വൈറ്റ്‌ ഹൗസില്‍ പ്രഥമ നായ ഉണ്ടെന്നാണ്‌ കേട്ടിട്ടുള്ളത്‌. ഇത്തവണ ഒബാമയുടെ മകന്‌ അലര്‍ജിയുള്ളതിനാല്‍ അവര്‍ രോമമില്ലാത്ത ഒരു നായയെ തേടിക്കൊണ്ടിരിക്കുകയാണത്രേ. ഇതിനിടയില്‍, നിലവിലെ പ്രസിഡന്റ്‌ ബുഷിന്റെ പട്ടി ഒരു പത്രറിപ്പോര്‍ട്ടറെ കടിച്ചു കുടഞ്ഞെന്ന വാര്‍ത്തയും പുറത്തു വന്നു. അങ്ങനെ പട്ടി അന്താരാഷ്‌ട്ര വാര്‍ത്തകളില്‍ പോലും പ്രധാന കഥാപാത്രമായി നിറഞ്ഞുനിന്നു കുരയ്‌ക്കുന്നതിനിടയിലാണ്‌ നമ്മുടെ സ്വന്തം മുഖ്യന്റെ `ഒരു ചെറിയ പട്ടി' വലിയ പ്രശ്‌നമുണ്ടാക്കിയിരിക്കുന്നത്‌.ഇവിടെ പട്ടി റിപ്പോര്‍ട്ടറെ കടിക്കുന്നതിനു പകരം പട്ടിയെ റിപ്പോര്‍ട്ടര്‍ കടിക്കുകയായിരുന്നെന്നാണ്‌ ഒടുവില്‍ കേള്‍ക്കുന്നത്‌. റിപ്പോര്‍ട്ടറുടെ കടിയേറ്റ പട്ടി ഏതുവഴിക്കൊക്കെ ഓടി, ആരെയൊക്കെ കടിച്ചു ? എന്നതു സംബന്ധിച്ചു ഇനിയും വ്യക്തത വന്നില്ല. എന്തായാലും കടിയേറ്റവരും കണ്ടുനിന്നവരുമെല്ലാം ചേര്‍ന്നു വി.എസിനെ കടിച്ചു കുടഞ്ഞു എന്നു പറഞ്ഞാല്‍ മതിയല്ലോ. രണ്ടു ദിവസമായി ഇന്ത്യയില്‍ ഏതാണ്ട്‌ പ്രമുഖരെല്ലാം തന്നെ വി.എസ്‌ അഴിച്ചുവിട്ട പട്ടിയുടെ പുറകേയായിരുന്നു. ഓട്ടത്തിനിടയില്‍ കടിയേറ്റവരും വീണു പരിക്കേറ്റവരുമൊക്കെ നിരവധി. നാട്ടുകാര്‍ പട്ടിയെ തല്ലിക്കൊല്ലാന്‍ രംഗത്തിറങ്ങിയതിലെ ന്യായം മനസിലാക്കാം. എന്നാല്‍, സ്വന്തം വീട്ടുകാരാണ്‌ ഈ പട്ടിയെ പേപ്പട്ടിയാക്കാനും തല്ലിക്കൊല്ലാനും വടിയും പടയുമായി കൂട്ടത്തോടെ രംഗത്തിറങ്ങിയത്‌. ഇതു കാലഹരണപ്പെട്ട കുരയാണെന്നും എത്രയും പെട്ടെന്നു കൂട്ടിലടയ്‌ക്കണമെന്നും അവര്‍ നേരത്തെ തന്നെ പറഞ്ഞിരുന്നതാണ്‌. നാട്ടില്‍ നല്ല പ്രഫഷണല്‍ ടച്ചോടെ കുരയ്‌ക്കാന്‍ കഴിയുന്നവരുള്ളപ്പോള്‍ ഈ നാടനും പഴഞ്ചനുമായ കുരയെന്തിനു സഹിക്കണം. ഈ കുര കേട്ടു കലി കയറുമ്പോഴാണ്‌ ഓരോ `മുകുന്ത'ങ്ങളെ `കുതിര'കയറാന്‍ വീട്ടുകാര്‍ തന്നെ ഇറക്കി വിടുന്നത്‌. ഈ കുര നിര്‍ത്തിച്ചിട്ടു കൂരയില്‍ കയറി ഒന്നു മൂരി നിവര്‍ത്താമെന്ന മോഹം ഇനിയും നടപ്പായിട്ടില്ല. അതിനിടയിലല്ലേ കാര്‍ന്നോര്‍ തന്നെ ഒരു പട്ടിയെ കെട്ടഴിച്ചു വിട്ടത്‌. ഈ പട്ടിയെ പിടിക്കാന്‍ ഡല്‍ഹിയിലെ പെരിയ സഖാവ്‌ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തിറങ്ങി. ഖേദത്തിന്റെ ഒരു ഇന്‍ജക്‌ഷന്‍ നല്‌കി തല്‌ക്കാലം പിടിക്കാനായിരുന്നു പുള്ളിക്കാരന്റെ നിര്‍ദേശം. എന്നാല്‍, ഇന്‍ജക്‌ഷനൊന്നും പോരാ മയക്കുവെടി തന്നെ വേണമെന്ന മട്ടിലാണു പാര്‍ട്ടി പത്രവും ചാനലും. പക്ഷേ, തന്റെ കസേര കണ്ടിട്ടാരും മയങ്ങേണ്ടെന്നു മലക്കം മറിഞ്ഞുകൊണ്ടാണെങ്കിലും കാര്‍ന്നോര്‍ വ്യക്തമാക്കി. ഇതിനിടയില്‍, പ്രതിപക്ഷം പട്ടിയെ കെട്ടിവലിച്ചു നിയമസഭയിലുമെത്തിച്ചു. മുഖ്യമന്ത്രി സഭയില്‍ ഇല്ലാതിരുന്നതിനാല്‍ സ്‌പീക്കര്‍ ഒരു ദിവസം അതിനെ പട്ടിണിക്കിട്ടു. മോങ്ങാനിരുന്ന നായയുടെ തലയില്‍ തേങ്ങാ വീണെന്നു പറഞ്ഞതു പോലെ പട്ടിയെന്നു കേട്ടപാടെ ചാനലുകള്‍ ഉണര്‍ന്നു. `ക്വട്ടേഷന്‍ ചര്‍ച്ചക്കാരെ' പൊടിതട്ടിയിറക്കി `പരസ്‌പര ദൂഷണം' തുടങ്ങി. പട്ടികടി ചര്‍ച്ച ചെയ്‌തു ഭരണപക്ഷവും പ്രതിപക്ഷവും അവസാനം തമ്മില്‍ കടിച്ചു. ഇതെല്ലാം കാണാന്‍ വിധിക്കപ്പെട്ട ജനങ്ങളില്‍ ആര്‍ക്കൊക്കെ വിഷബാധയേറ്റിട്ടുണ്ടെന്നതു അടുത്ത തെരഞ്ഞെടുപ്പില്‍ അറിയാം.പട്ടിവിഷയം കത്തി നില്‍ക്കുന്നതിനിടയിലാണ്‌, ശബരിമലയില്‍ ഭാരം ചുമക്കുന്ന കഴുതകളെക്കുറിച്ചുള്ള കവിതയുമായി നമ്മുടെ സുധാകരന്‍ മന്ത്രി ഒരു ചാനലില്‍ പ്രത്യക്ഷപ്പെട്ടത്‌. കഴുതകള്‍ ദ്രോഹിക്കപ്പെടുന്നതു പോട്ടെ, അതു പറഞ്ഞ്‌ ഇനി ഇങ്ങനെ നാട്ടുകാരെ ദ്രോഹിക്കരുതെന്നു ചാനലുകാരോടു വിനീതമായി അപേക്ഷിക്കുന്നു.


മിസ്‌ഡ്‌ കോള്‍

മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശത്തിനെതിരേ ഒറിജിനല്‍ പട്ടിയെ പിടിച്ചു കെട്ടി ബി.ജെ.പിക്കാരുടെ പ്രകടനം.- വാര്‍ത്ത

പട്ടി പിടിത്തക്കാരെ കിട്ടാതെ വിഷമിക്കുന്ന പഞ്ചായത്തുകള്‍ ഉടന്‍ ബി.ജെ.പി ഓഫീസുമായി ബന്ധപ്പെടുക.

1 comment:

  1. ബി. ജെ. പി. യ്ക്കൊരു കൊട്ട്...

    ReplyDelete