Tuesday, December 23, 2008

കയര്‍ എസ്‌കേപ്പും മോര്‍ച്ചറി ധര്‍ണയും !

ഫയര്‍ എസ്‌കേപ്പ്‌ സാധാരണ അവതരിപ്പിക്കുമ്പോഴാണ്‌ തീ കൊളുത്തുന്നത്‌. പക്ഷേ, സൂപ്പര്‍താരം മോഹന്‍ലാല്‍ ഒരു ഫയര്‍ എസ്‌കേപ്പ്‌ അവതരിപ്പിക്കാന്‍ ഒരുങ്ങിയപ്പോള്‍ തന്നെ അതിനു തീ പിടിച്ചു. മജീഷ്യന്‍ സാമ്രാജ്‌ കൊളുത്തി വിട്ട തീ കേരളമാകെ പടര്‍ന്നു പിടിച്ചതു പെട്ടെന്നായിരുന്നു. ഫയര്‍ എസ്‌കേപ്പിനു സ്‌കോപ്പ്‌ ഒരുക്കിയ മുതുകാട്‌ അറിയാവുന്ന ഇല്യൂഷനൊക്കെ പ്രയോഗിച്ചിട്ടും ഈ പ്രതിഷേധ തീ അണയ്‌ക്കാനായില്ല. ആദ്യം `പോ മോനേ.. സാമ്രാജേ ' എന്ന ലൈനിലായിരുന്നു സൂപ്പര്‍ താരവും. പക്ഷേ, `മാജിക്കില്‍ നീ വെറും കുട്ടിയാണ്‌ ' എന്നു നാട്ടുകാരൊന്നടങ്കം പറഞ്ഞപ്പോള്‍ സൂപ്പര്‍താരത്തിന്റെയും മനസിളകി. സിംഹത്തിന്റെ മടയിലോ മുതുകാടിന്റെ കടയിലോ ഒന്നും കയറിയിറങ്ങിയാലൊന്നും ഫയര്‍ എസ്‌കേപ്പിനെ മറികടക്കാനാവില്ലെന്നായിരുന്നു സാമ്രാജിന്റെയും സംഘത്തിന്റെയും വാദം. പറഞ്ഞതുകൊണ്ടു തീര്‍ന്നില്ല, സാമ്രാജും സംഘവും കൊച്ചിയിലേക്കു വച്ചു പിടിച്ചു. കേരളത്തിനു പുതിയൊരു സമരമുറയും സമ്മാനിച്ചു. മൊബൈല്‍ മോര്‍ച്ചറിയില്‍ അടച്ചുപൂട്ടി കിടന്നുള്ള സമരമുറ കണ്ട്‌ മരിച്ചവരും മരിക്കാത്തവരും മരവിച്ചു നിന്നു. സമരം കഴിഞ്ഞപ്പോള്‍ സമരഭടന്‍ ആശുപത്രിയിലായെങ്കിലും, കേരളത്തിലെ കൊടും ചൂടില്‍ വിയര്‍ത്തു കുളിച്ചിരുന്നു ധര്‍ണ നടത്തുന്നതിലും ഭേദമാണ്‌ മൊബൈല്‍ മോര്‍ച്ചറിയിലെ തണുപ്പ്‌. സര്‍വ സമയത്തും എ.സി മുറികളിലും എ.സി കാറുകളിലും ചുറ്റിയടിക്കുന്ന ഇമ്മിണി ബല്യരാഷ്‌ട്രീയ നേതാക്കള്‍ക്കും വേണമെങ്കില്‍ പരീക്ഷിക്കാവുന്ന സമരമുറയാണിത്‌. പാരമ്പര്യമുള്ള മൊബൈല്‍ മോര്‍ച്ചറിയാണെങ്കില്‍ മുന്നേ `കിടന്നു' പോയവര്‍ അഭിവാദ്യമര്‍പ്പിക്കാനുമെത്തിയേക്കും. നാട്ടുകാര്‍ക്കു ഭാഗ്യമുണ്ടെങ്കില്‍, സമരം കഴിയുമ്പോള്‍ സമരനായകനെ പൊതുശ്‌മശാനത്തില്‍ കൊണ്ടുപോയി ബേണിംഗ്‌ ഇല്യൂഷന്‍ നടത്തി സമാധാനത്തില്‍ പിരിയാനും അവസരം ലഭിക്കും.മോഹന്‍ലാല്‍ ഫയര്‍ എസ്‌കേപ്പ്‌ നടത്തിയാല്‍ തങ്ങള്‍ ജീവനൊടുക്കുമെന്ന ഭീഷണിയുമായി ഫാന്‍സ്‌ അസോസിയേഷനും ഇതിനിടയില്‍ രംഗത്തു വന്നു. താരത്തിന്റെ ഫയര്‍ എസ്‌കേപ്പിനേക്കാള്‍ ഭീകരമായിരിക്കും ഫാന്‍സിന്റെ `കയര്‍ എസ്‌കേപ്പ്‌ ' എന്നോര്‍ത്തപ്പോള്‍ സിനിമാക്കാര്‍ വരെ ഞെട്ടി. ബേണിംഗ്‌ ഇല്യൂഷന്‍ ഒന്നിനുമൊരു സൊല്യൂഷനല്ലെന്ന വാദവുമായി `അമ്മ'യും നിലവിളിച്ചു. ഇനിയും എന്തെങ്കിലും പറഞ്ഞില്ലെങ്കില്‍ എല്ലാവരും കൂടി മുതുകാടിന്റെ മുതുകത്തു കയറുമോയെന്നു തോന്നിയതുകൊണ്ടാവും ഫയര്‍ എസ്‌കേപ്പില്‍നിന്നുള്ള തന്റെ എസ്‌കേപ്പ്‌ ലാല്‍ പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചു.ലാലിന്റെ എസ്‌കേപ്പ്‌ വിവാദം പൊടിപൊടിക്കുന്നതിനിടയില്‍ മറ്റൊരു സൂപ്പര്‍ സ്റ്റാറിന്റെ എസ്‌കേപ്പും നടന്നെങ്കിലും അധികം ആരും ആഘോഷിച്ചു കണ്ടില്ല. സാക്ഷാല്‍ ഐ.ജി ഋഷിരാജ്‌സിംഗ്‌ ആണ്‌ പുലികള്‍ക്കിടയില്‍നിന്ന്‌ ജീവനുമായി സി.ബി.ഐയിലേക്കു എസ്‌കേപ്പ്‌ നടത്തിയത്‌. ഇഷ്‌ടം ഇത്തിരി കൂടൂതലായതിനാല്‍ ഭരണക്കാര്‍ കുറെ നാളായി പുള്ളിക്കാരനെ `കസേരകളി' പരിശീലിപ്പിച്ചു വരികയായിരുന്നു. കൈയേറ്റം ഒഴിപ്പിക്കല്‍, സിഡി റെയ്‌ഡ്‌, സ്‌പിരിറ്റ്‌ വേട്ട തുടങ്ങിയ മാന്ത്രിക ഇനങ്ങള്‍ അവതരിച്ചു നാട്ടുകാരുടെ കൈയടിയും രാഷ്‌ട്രീയക്കാരുടെ പല്ലുകടിയും കലശലായപ്പോഴാണ്‌ പുതിയ എസ്‌കേപ്പ്‌. ഇതിനിടെ കൃഷിമന്ത്രിമാരുടെ യോഗത്തിനു പോയ കേരളം കേന്ദ്രകൃഷിമന്ത്രി പവാറിന്റെ പവറിനു മുന്നില്‍നിന്ന്‌ ഒരു വിധത്തിലാണ്‌ എസ്‌കേപ്പ്‌ ചെയ്‌തു പോന്നതെന്നും കേള്‍ക്കുന്നു. അടുത്ത കാലത്ത്‌ ചില സഖാക്കളെ ഞെട്ടിച്ചു കൊണ്ട്‌ മജീഷ്യന്‍ കാരാട്ട്‌ നടത്തിയ ബേണിംഗ്‌ ഇല്യൂഷനായിരുന്നു ശ്രദ്ധിക്കപ്പെട്ട മറ്റൊരിനം. കോടിയേരി കൊടിയും പറത്തിക്കൊണ്ട്‌ പി.ബിയിലേക്ക്‌ എസ്‌കേപ്പ്‌ നടത്തിയപ്പോള്‍ ചില ബേബി സ്വപ്‌നങ്ങള്‍ മൊബൈല്‍ മോര്‍ച്ചറിയില്‍ മരവിച്ചിരിക്കുകയായിരുന്നു.

മിസ്‌ഡ്‌ കോള്‍
അണ്‍എയ്‌ഡഡ്‌ സ്‌കൂളുകളിലെ പാഠപുസ്‌തക വില വര്‍ധിപ്പിക്കും. - വാര്‍ത്ത
പാഠം പഠിപ്പിച്ചേ അടങ്ങൂ !

No comments:

Post a Comment