Wednesday, December 24, 2008

കണികാപരീക്ഷണം കേരളത്തിലും !

അങ്ങ്‌ ജനീവയില്‍ പ്രപഞ്ചോത്‌പത്തിയുടെ രഹസ്യം കണ്ടെത്താനെന്നും പറഞ്ഞ്‌ ഒരു സംഘം ശാസ്‌ത്രജ്ഞര്‍ കണികാപരീക്ഷണം നടത്തുന്നതിനെക്കുറിച്ച്‌ എന്തൊക്കെ പുകിലുകളാണ്‌ നാട്ടില്‍ ഉണ്ടാകുന്നത്‌. പ്രപഞ്ചം ഉണ്ടായതെങ്ങനെയെന്നു കണ്ടുപിടിക്കാമെന്ന്‌ ഒരു സംഘം. പ്രപഞ്ചം പോയിട്ടു പരീക്ഷണം നടത്തുന്നവന്റെ പൊടിപോലും കാണില്ലെന്ന്‌ മറുപക്ഷം. എന്തായാലും സര്‍ക്കാര്‍ കാര്യം പോലെ തീരുമാനമാകാന്‍ ഇരുപതു വര്‍ഷത്തോളമെടുക്കുമെന്നതിനാല്‍ തല്‌ക്കാലം അതിനെക്കുറിച്ചു സാധാരണക്കാരന്‍ തല പുകയ്‌ക്കേണ്ടതില്ലെന്നു ചുരുക്കം. പക്ഷേ, ഈ കണികാപരീക്ഷണമൊന്നും ഈ നാട്ടില്‍ പുതുമയുള്ള കാര്യമല്ലെന്നാണ്‌ ജനം ചൂണ്ടിക്കാണിക്കുന്നത്‌. രണ്ടുവര്‍ഷത്തിലേറെയായി ഒരു സംഘം ശാസ്‌ത്രജ്ഞര്‍ ഈ കണികാപരീക്ഷണം ഭംഗിയായി കേരളത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണത്രേ. അഞ്ചുവര്‍ഷം പ്രതിപക്ഷത്തു കുത്തിയിരുന്നു ഗവേഷണം നടത്തിയതിന്റെ ഫലമായി കോടികള്‍ മുടക്കിയുണ്ടാക്കിയ `കേരളഭരണ കൊളൈഡര്‍' എന്ന കൂറ്റന്‍ യന്ത്രത്തിലാണ്‌ കഴിഞ്ഞ രണ്ടുവര്‍ഷത്തിലേറെയായി കണികാപരീക്ഷണം നടന്നുവരുന്നത്‌. പരീക്ഷണത്തിന്റെ ആദ്യരണ്ടു ഘട്ടങ്ങള്‍ എ.കെ.ജി ശാസ്‌ത്രകേന്ദ്രത്തിലെ ശാസ്‌ത്രജ്ഞര്‍ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നാണ്‌ സൂചന. വിപരീത ദിശയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പിണറായി പ്രോട്ടോണുകളും വി.എസ്‌ പ്രോട്ടോണുകളും തമ്മിലുള്ള കൂട്ടിയിടിയാണ്‌ ഈ കൂറ്റന്‍ ടണലില്‍ നടക്കുന്നത്‌. ആദ്യ രണ്ടു ഘട്ടത്തിലും ചെറിയ ചെറിയ ഇടികളാണ്‌ നടന്നുവരുന്നത്‌. കൂട്ടിയിടി നടക്കുമ്പോള്‍ സംസ്ഥാന സമ്മേളനത്തിലേക്കാള്‍ കടുത്ത ചൂടാണ്‌ ഉണ്ടാകുന്നത്‌. ചൂടു കൂടി ടണല്‍ പൊട്ടാതിരിക്കാന്‍ പോളിറ്റ്‌ ബ്യൂറോയിലെ ശാസ്‌ത്രജ്ഞന്‍മാര്‍ ഭൂമിയില്‍ സൃഷ്‌ടിക്കാവുന്ന ഏറ്റവും കൂടിയ തണുപ്പ്‌ ടണലിനു ചുറ്റും സൃഷ്‌ടിച്ചു നല്‌കിയിരിക്കുകയാണത്രേ. പക്ഷേ, ചില കൂട്ടിയിടികളിലുണ്ടാകുന്ന ചൂട്‌ ഈ തണുപ്പിനെയും മറികടക്കുന്നതാണെന്നു നിരീക്ഷകര്‍ പറയുന്നു. സെസ്‌ പ്രോട്ടോണുകളെ ടണലിലൂടെ കടത്തി വിടുകയെന്ന നിര്‍ണായക പരീക്ഷണത്തിലായിരുന്നു കഴിഞ്ഞയാഴ്‌ചയില്‍ ശാസ്‌ത്രജ്ഞര്‍. ഉഗ്രന്‍ കൂട്ടിയിടികളാണ്‌ ടണലില്‍ നടന്നത്‌. അഞ്ചുവര്‍ഷം കാത്തിരിക്കുന്നതിനു മുമ്പേ `ബിഗ്‌ ബാംഗ്‌' എന്ന മഹാസ്‌ഫോടനമുണ്ടാകുമോയെന്ന സംശയം പല കോണില്‍നിന്നും ഉയര്‍ന്നിരുന്നു. ടണല്‍ തണുപ്പില്‍ പോളിറ്റ്‌ബ്യൂറോ ശാസ്‌ത്രജ്ഞര്‍ സജീവമായി ഇടപെടുകയും ചെയ്‌തു. എന്തായാലും ഇടിച്ചിടിച്ചു നിന്ന വി.എസ്‌ പ്രോട്ടോണുകള്‍ അപ്രതീക്ഷിതമായി ഓട്ടം നിര്‍ത്തി ഇപ്പോള്‍ ടണലില്‍ കുത്തിയിരിക്കുകയാണ്‌. ടണല്‍ തത്‌കാലം കൂട്ടിയിടി ഇല്ലാതെ പരീക്ഷണം തുടരുകയാണെങ്കിലും രണ്ടു വര്‍ഷത്തെ ഇടികളുടെ ഭാഗമായി പലേടത്തും തമോഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു തുടങ്ങിയിട്ടുണ്ടെന്നാണ്‌ കേള്‍ക്കുന്നത്‌. ഒഞ്ചിയത്തും ഏറാമലയിലുമുണ്ടായ തമോഗര്‍ത്തങ്ങള്‍ അത്ര ചെറുതുമല്ല. ഈ തമോഗര്‍ത്തങ്ങള്‍ വെട്ടിമൂടാന്‍ ഭീഷണിയുടെ തൂമ്പായുമായി കഴിഞ്ഞ ദിവസം മുഖ്യശാസ്‌ത്രജ്ഞന്‍ തന്നെ കളത്തിലിറങ്ങി. കുലംകുത്തിയാലും പാര്‍ട്ടിയില്‍ കുളംകുത്താനുള്ള അവസരം മറ്റാര്‍ക്കും നല്‌കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കാര്യങ്ങളുടെ പോക്ക്‌ ഈ രീതിയിലാണെങ്കില്‍ കണികാപരീക്ഷണം കഴിയുമ്പോള്‍ എവിടൊക്കെ തമോഗര്‍ത്തമുണ്ടാകുമെന്നു കണ്ടറിയണം. പരീക്ഷണം തകൃതിയാണെങ്കിലും ഭരണത്തിന്റെ കണികപോലും കാണാനില്ലെന്നുള്ളതാണ്‌ ഈ കണികാപരീക്ഷണത്തിന്റെ പ്രത്യേകത. പരീക്ഷണാവസാനം പോളിറ്റ്‌ ബ്യൂറോ പ്രപഞ്ചോത്‌പത്തി കണ്ടുപിടിക്കുമോ അതോ ചപ്പാത്തി കഴിച്ചു പിരിയുമോയെന്നു കാത്തിരുന്നു കാണാം.

മിസ്‌ഡ്‌ കോള്‍
നിര്‍ധന കുടുംബത്തിന്‌ വള ഊരി നല്‌കിയ വനിതാ കോണ്‍സ്റ്റബിളിന്‌ ഗുഡ്‌ സര്‍വീസ്‌ എന്‍ട്രി
- വാര്‍ത്ത
ഇടിച്ച്‌ എല്ല്‌ ഊരി കൊടുക്കുന്ന പോലീസുകാരെയും പരിഗണിക്കണം !

No comments:

Post a Comment