Monday, January 12, 2009

സൂക്ഷിക്കുക... കേരളയാത്രകള്‍ വരുന്നു !


നാട്ടുകാരുടെ ശ്രദ്ധയ്‌ക്ക്‌... ഇലക്‌ഷന്‍ അടുത്തു. ഇനി കുറച്ചു കാലത്തേക്ക്‌ പുറത്തിറങ്ങി നടക്കുമ്പോള്‍ സൂക്ഷിക്കുക. കാരണം, നമ്മുടെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ `കേരള യാത്രകള്‍' പ്രഖ്യാപിച്ചു കഴിഞ്ഞു. വര്‍ഷത്തിലൊരിക്കല്‍ പ്രജകളെ കാണാന്‍ മാവേലി വരുന്നതാണ്‌ ഇപ്പോള്‍ പലരുടെയും ഓര്‍മയില്‍. മാവേലി വര്‍ഷത്തില്‍ ഒന്നുവീതമെത്തുമ്പോള്‍ രാഷ്‌ട്രീയക്കാര്‍ നാലോ അഞ്ചോ വര്‍ഷം കൂടുമ്പോള്‍ വരുന്നുവെന്നേയുള്ളൂ. ഊഞ്ഞാലുകളും പൂക്കളങ്ങളും പൂവിളികളുമായിട്ടാണ്‌ മലയാളികള്‍ മാവേലിയെ വരവേല്‍ക്കാറുള്ളത്‌. രാഷ്‌ട്രീയക്കാരുടെ യാത്രകള്‍ക്കും പൂക്കള്‍ക്കു കുറവുണ്ടാകാറില്ല. മുക്കിനു മുക്കിനു ബിവറേജസ്‌ ഉള്ളതിനാല്‍ പൂവിളികള്‍ക്കും ഊഞ്ഞാലാട്ടങ്ങള്‍ക്കും ഇതുവരെ പഞ്ഞം കണ്ടിട്ടുമില്ല.


തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ്‌ വരെയുള്ള വഴി അറിയാമെങ്കില്‍ ആര്‍ക്കും കേരള യാത്രകള്‍ നടത്താമെന്നാണ്‌ ഈ രംഗത്തെ വിദഗ്‌ധര്‍ പറയുന്നത്‌. തെരഞ്ഞെടുപ്പ്‌ അടുക്കുമ്പോള്‍ ഹൈവേയിലൂടെ നടത്തിയാല്‍ കമ്പനി പറയുന്ന മൈലേജും പിക്‌ അപ്പും കിട്ടും. കൂടെ വരുന്നവര്‍ കാറ്റു കുത്തിവിടാതെ ശ്രദ്ധിക്കണമെന്നു മാത്രം. സി.പി.എമ്മും കോണ്‍ഗ്രസും എന്‍.സി.പിയുമെല്ലാം ഇതിനകം കേരള യാത്രകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. യോഗവും പത്രസമ്മേളനവും നടത്തി മാത്രം ജീവിക്കുന്നവര്‍ വര്‍ഷത്തിലൊരിക്കലെങ്കിലും ഇത്തരം യാത്രകള്‍ നടത്തുന്നത്‌ രാഷ്‌ട്രീയാരോഗ്യത്തിനു ഉചിതമാണത്രേ.


കൂടാതെ ഇതിനു മറ്റു പല പ്രയോജനങ്ങളുമുണ്ട്‌. യാത്രയുടെ ചെലവ്‌ ജനം വഹിച്ചോളും. കുലുക്കമില്ലാത്ത എ.സി വാഹനം നേതാവിനെ വഹിക്കുന്നതിനാല്‍ പുള്ളിക്കാരനു ക്ഷീണവും തോന്നില്ല. മാലയുമായി തൊള്ളകീറി യാത്രയ്‌ക്കു പിന്നാലെ പായുന്ന അണികള്‍ക്കു തെല്ലു ക്ഷീണം തോന്നിയേക്കാം. കാണം പണയം വച്ചും ഓണം ഉണ്ണുമ്പോള്‍ ഇത്തിരി ക്ഷീണം തോന്നിയാല്‍ അതു പിന്നീടു ഗുണമായി ഭവിക്കുമെന്നു കരുതിയാല്‍ മതിയാകും.


പെരിയ സഖാവ്‌ ഓടിക്കുന്ന കേരളയാത്ര സ്റ്റാന്‍ഡില്‍നിന്നു വിടുന്നതിനു മുമ്പു തന്നെ വിവാദത്തിന്റെ സിംഗിള്‍ ബെല്‍ മുഴങ്ങിയിരിക്കുകയാണ്‌. വി.എസ്‌ സഖാവിന്റെ ജോലിക്കാരെ ആരെയും വണ്ടിയില്‍ `കിളിയായി' പോലും നിര്‍ത്താന്‍ അനുവദിക്കില്ലെന്നാണ്‌ കേള്‍ക്കുന്നത്‌. യാത്രയ്‌ക്കിടയില്‍ അണികള്‍ തടഞ്ഞു ബുക്കും പേപ്പറും ചോദിക്കുമോയെന്ന സംശയം ബാക്കി. യാത്ര ഷൊര്‍ണൂര്‍, ഒഞ്ചിയം പാലം കയറി പോകണമോ എന്നതും തീരുമാനമായിട്ടില്ല.


വലതന്‍മാരില്‍ ചിലര്‍ക്കാണെങ്കില്‍ വെയിലും വടിപോലത്തെ ഖദര്‍വേഷവുമാണ്‌ പ്രശ്‌നം. വടിയായാലും വടിവൊത്ത ഖദര്‍ വേഷത്തിലായിരിക്കണമെന്നു നിര്‍ബന്ധമുള്ളവരാണ്‌ അവരില്‍ പലരും. വെയിലത്ത്‌ ഒരു നെടുനീളന്‍ യാത്രയും കഴിഞ്ഞു വരുമ്പോള്‍ കെ.എസ്‌.ആര്‍. ടി.സി ബസിന്റെ പുകക്കുഴലിനു മുന്നില്‍പ്പെട്ട അവസ്ഥയിലാകുമെന്ന പേടിയും ചിലര്‍ക്കുണ്ട്‌. പിന്നെ നാടൊട്ടുക്കും ബ്യൂട്ടീപാര്‍ലറുകള്‍ ഉള്ളതാണ്‌ ഏക സമാധാനം.


പാര്‍ട്ടി ഈര്‍ക്കിലിയോ മടലോ ആകട്ടെ, ബന്തു നടത്തുന്നതുപോലെ സുഖകരമായി യാത്രകള്‍ കേരളനാട്ടില്‍ നടപ്പാക്കാമെന്നതാണ്‌ ഇതിലേക്കു ഏറെപ്പേരെ ആകര്‍ഷിക്കുന്നത്‌. സംസ്ഥാന യാത്രകള്‍ക്കു പുറമേ ജില്ല, മണ്‌ഡലം പഞ്ചായത്തു തലത്തിലും യാത്രകള്‍ക്കു പഞ്ഞമുണ്ടാകാന്‍ വഴിയില്ല. കാരണം വോട്ടു തന്നവരെയൊക്കെ അഞ്ചുവര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഒന്നു കണ്ടില്ലെങ്കില്‍ അതിന്റെ കുറവ്‌ വോട്ടര്‍മാര്‍ക്കല്ലേ. മാത്രവുമല്ല, വന്ന വഴി മറക്കരുതെന്നല്ലേ ആപത്തുവാക്യം ക്ഷമിക്കണം ആപ്‌തവാക്യം. വരാനുള്ളതു വഴിയില്‍ തങ്ങുകേല, അതു കേരളയാത്രയാണെങ്കിലും. അതിനാല്‍, വഴി മുടക്കി വഴിയാധാരമാകാതിരിക്കാന്‍ വഴിയാത്രക്കാര്‍ സൂക്ഷിക്കുക.


മിസ്‌ഡ്‌ കോള്‍


ആഭ്യന്തരമന്ത്രി കോടിയേരി കടന്നുപോയ വഴിയില്‍നിന്നു ബോംബ്‌ കണ്ടെടുത്തു.-വാര്‍ത്ത

പണ്ടു പോലീസ്‌ സ്റ്റേഷനില്‍ ഉണ്ടാക്കുമെന്നു പറഞ്ഞ അതേ സാധനം !

ഷൊര്‍ണൂര്‍ കലാമേളയും അച്ഛന്റെ മുരളിമോനും


രണ്ടുദിവസമായി തലസ്ഥാനത്തു കുട്ടികളുടെ കലയ്‌ക്കും രാഷ്‌ട്രീയക്കാരുടെ തലയ്‌ക്കും തീ പിടിച്ചിരിക്കുന്നു. കലോത്സവ വേദി രാഷ്‌ട്രീയക്കാരുടെയും മാധ്യമങ്ങളുടെയുമൊക്കെ പൂരപ്പറമ്പായി മാറിയെന്നാണ്‌ കേള്‍വി. ഓരോ മത്സരം കഴിയുമ്പോഴും എ-ഗ്രേഡു കിട്ടിയവരെ റാഞ്ചാന്‍ ചാനലുകള്‍ പ്രച്ഛന്നവേഷത്തില്‍ തക്കംപാര്‍ത്തു നില്‍ക്കുകയാണത്രേ. ഒരു കുച്ചിപ്പുടിക്കാരനെയെങ്കിലും കൂട്ടിക്കെട്ടി സ്റ്റുഡിയോയിലെത്തിച്ചില്ലെങ്കില്‍ പിന്നെ എന്തോന്നു കലോത്സവം? ജഡ്‌ജസ്‌ കലാമത്സങ്ങള്‍ക്കു മാര്‍ക്കിടുമ്പോള്‍ നമ്മുടെ മന്ത്രിമാരും ചില രാഷ്‌ട്രീയക്കാരും ഭക്ഷണത്തിനു മാര്‍ക്കിടുന്ന തിരക്കിലാണെന്നും കേള്‍ക്കുന്നു. വേദികളില്‍ കുട്ടികള്‍ കാഴ്‌ചവയ്‌ക്കുന്ന പ്രകടനങ്ങളേക്കാള്‍ ഗംഭീരമായ മത്സരമാണ്‌ ചില രാഷ്‌ട്രീയക്കാര്‍ ഭക്ഷണശാലയില്‍ കാഴ്‌ചവയ്‌ക്കുന്നതത്രേ.


മുന്‍ കലോത്സവം കഴിഞ്ഞപ്പോള്‍ മുതല്‍ കഴിക്കാനായി കാത്തിരിക്കുകയായിരുന്നോ പലരുമെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്‌. ഇക്കാര്യത്തില്‍ ഈ രാഷ്‌ട്രീയപ്രതിഭകളുടെ ഗുരുക്കന്‍മാരെ കണ്ടെത്തി ശിഷ്യപ്പെടാന്‍ ചില കുട്ടിരാഷ്‌ട്രീയക്കാര്‍ ശ്രമം തുടങ്ങിയിട്ടുണ്ടത്രേ. ഹൈസ്‌കൂള്‍- ഹയര്‍ സെക്കന്‍ഡറി മത്സരങ്ങള്‍ ഒന്നിച്ചു നടത്തുന്നതു പല ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നുണ്ടെങ്കിലും ഭക്ഷണശാലയില്‍ അഞ്ചു കലോത്സവങ്ങള്‍ ഒന്നിച്ചു നടത്താന്‍ ഇവരില്‍ പലരും കൈയും കഴുകി റെഡി.


തലസ്ഥാനത്തു കലാകാരന്‍മാരെ ഇപ്പോള്‍ പലരും തലയിലേറ്റി നടക്കുന്ന കാഴ്‌ചയാണ്‌ കാണുന്നതെങ്കില്‍ ഷൊര്‍ണൂരില്‍ ഒരു കലോത്സവം കഴിഞ്ഞപ്പോള്‍ ഒരു പാവം കലാപ്രതിഭയെ കാലുകൊണ്ടു തട്ടുകയാണ്‌ വേണ്ടപ്പെട്ടവര്‍. എം.ആര്‍ മുരളിയെന്ന കൊച്ചുകലാകാരനാണ്‌ സത്യപ്രതിജ്ഞയ്‌ക്കു സര്‍ട്ടിഫിക്കറ്റു ചോദിച്ചു ഓട്ടന്‍തുള്ളല്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌. ഒഞ്ചിയത്തും ആലപ്പുഴയിലുമൊക്കെ തുള്ളല്‍ നടത്തിക്കൊണ്ടിരിക്കുന്ന കലാകാരന്‍മാരെ സംഘടിപ്പിച്ചു കൂട്ടത്തുള്ളല്‍ നടത്താനുള്ള ഒരുക്കത്തിലാണ്‌ പുള്ളിക്കാരന്‍. വേഷമിടാന്‍ തയാറാണെങ്കില്‍ വി.എസ്‌ സഖാവിനെ മുന്നില്‍ നിര്‍ത്തി തുള്ളാന്‍ തയാറാണെന്നും കക്ഷി മിഴാവ്‌ കൊട്ടിപ്പാടി കഴിഞ്ഞു. ഷൊര്‍ണൂരിലെ കലോത്സവ വേദിയില്‍ ഇത്തവണയും കിരീടം തന്റെ ശിഷ്യന്‍മാര്‍ക്കു തന്നെയെന്നുറപ്പിച്ചാണ്‌ വിജയന്‍ഗുരു കര്‍ട്ടന്‍ വലിച്ചത്‌. കുലംകത്തിക്കു കുത്തി എതിരാളികളെ വിരട്ടാനും പുള്ളിക്കാരന്‍ മറന്നില്ല. പക്ഷേ, എതിരാളികളെ കുലംകുത്താനുള്ള തിരക്കിനിടയില്‍ സ്വന്തം വളപ്പില്‍ അവര്‍ കുളംകുത്തിയ കാര്യം കക്ഷി തിരിച്ചറിഞ്ഞത്‌ ഷൊര്‍ണൂരില്‍ കര്‍ട്ടന്‍ വീണപ്പോഴാണ്‌. എം.ആര്‍ മുരളിയെന്ന കൊച്ചുകലാകാരന്‍ സര്‍ട്ടിഫിക്കറ്റിനായി വി.എസിന്‌ അപ്പീല്‍ നല്‍കിയതാണ്‌ ഒടുവിലത്തെ സംഭവം.


ഇതിനിടെ, മുന്‍ രാഷ്‌ട്രീയ കലാപ്രതിഭയായ മറ്റൊരു മുരളിയെ വീണ്ടും സ്റ്റേജില്‍ കയറ്റാനുള്ള ശ്രമങ്ങളും തുടങ്ങിക്കഴിഞ്ഞു. രാഷ്‌ട്രീയ കോലുകളിയില്‍ ഗ്രേഡില്ലാതെ കോലംകെട്ടു നില്‍ക്കുകയാണെങ്കിലും മകന്‍ജിക്ക്‌ മത്സരിക്കാനുള്ള യോഗ്യതയുണ്ടെന്നാണ്‌ രാഷ്‌ട്രീയ ഗുരുകൂടിയായ അച്ഛന്‍ജിയുടെ അഭിപ്രായം. മുരളീമോന്‍ കോല്‍കളി നടത്തിയാല്‍ ഇപ്പോഴും ആളുകൂടുമെന്നാണ്‌ കാരണവരുടെ പക്ഷം. ആളു കൂടുമെന്നാണോ അതോ ഇനി കൂവുമെന്നാണോ ഉദ്ദേശിച്ചതെന്നു വ്യക്തമല്ല. എന്തായാലും മകന്‍ജിക്കു കോല്‍കളി നടത്താന്‍ കോണ്‍ഗ്രസ്‌ തറവാട്ടില്‍ സ്റ്റേജു കെട്ടിക്കൊടുക്കില്ലെന്നാണ്‌ പാര്‍ട്ടിക്കാരുടെ നിലപാട്‌. ഇതിനിടെയാണ്‌ വി.എസിനു വേണ്ടി പ്രച്ഛന്നവേഷം കെട്ടിയെന്ന പേരില്‍ രണ്ടു അവശകലാകാരന്‍മാരെ പാര്‍ട്ടി ഇടപെട്ടു പുറത്താക്കിയത്‌. പ്രച്ഛന്നവേഷം കെട്ടാന്‍ പാര്‍ട്ടിക്കു മാത്രമേ അവകാശമുള്ളെന്നും അനുവാദമില്ലാതെ മറ്റാരെങ്കിലും ചെയ്‌താല്‍ അവര്‍ക്കു ഗ്രീന്‍ റൂമില്‍ പോലും ഇടം കിട്ടില്ലെന്നും ഇപ്പോള്‍ മനസിലായില്ലേ.


മിസ്‌ഡ്‌ കോള്‍


ഇത്തവണ സ്‌കൂള്‍ കലോത്സവ മത്സരങ്ങളില്‍ പങ്കെടുക്കുന്ന ഏതാണ്ട്‌ എല്ലാ ടീമുകള്‍ക്കും എ ഗ്രേഡ്‌. -വാര്‍ത്ത


ഇതാണ്‌ എ ഗ്രേഡ്‌ ബേബി!

Wednesday, December 24, 2008

ചര്‍ച്ചയുണ്ടോ ഒന്നു പങ്കെടുക്കാന്‍ ?

ചിന്തകന്‍മാരായ സോക്രട്ടീസും പ്ലേറ്റോയുമൊക്കെ ജനങ്ങളെ പഠിപ്പിച്ചിരുന്നതു ചോദ്യങ്ങള്‍ ചോദിച്ചായിരുന്നത്രേ. അപ്പോള്‍ പിന്നെ ചാനലുകാരെ എന്തിനു കുറ്റം പറയണം ? അവരും ജനങ്ങളെ പഠിപ്പിക്കാനല്ലേ ചോദ്യം ചോദിക്കുന്നത്‌. വെറുതേ പഠിപ്പിക്കുകയല്ലല്ലോ, ഒരു പാഠം തന്നെയല്ലേ പഠിപ്പിക്കുന്നത്‌. പിന്നെ, സോക്രട്ടീസിന്റെയും പ്ലേറ്റോയുടേയുമൊക്കെ ചോദ്യത്തിനു ജനങ്ങള്‍ ഉത്തരം പറയേണ്ടി വന്നിരുന്നു. ഇവിടെ അതിന്റെ ബുദ്ധിമുട്ടുമില്ല, ചോദിക്കുന്നവര്‍ തന്നെ ഉത്തരവും പറഞ്ഞോളും. കാരണം വല്ലവരും പറഞ്ഞാല്‍ പ്രതീക്ഷിക്കുന്ന ഉത്തരം കിട്ടില്ലല്ലോ. അതിനും ഇപ്പോള്‍ പ്രശ്‌നമില്ലെന്നു ആയിട്ടുണ്ട്‌. ഓരോരുത്തര്‍ക്കും ആവശ്യമായ രീതിയില്‍ പ്രതികരിച്ചു നല്‌കുന്ന നിരവധി പ്രഫഷണല്‍ ചര്‍ച്ചക്കാരെ ഇപ്പോള്‍ മാര്‍ക്കറ്റില്‍ ലഭ്യമായിട്ടുണ്ട്‌. നേരിട്ടെത്തണോ ? ഒന്നു മൂളിയാല്‍ മതി സ്വന്തം ചെലവില്‍ വണ്ടിയും പിടിച്ചു പോരും. അത്യാവശ്യം പൗഡറും ചീപ്പുമൊക്കെ സ്റ്റുഡിയോയില്‍ കിട്ടും. ആവശ്യമായ പ്രതികരണത്തിന്റെ രൂക്ഷതയനുസരിച്ചു മുഖം കറുപ്പിക്കുകയോ വെളുപ്പിക്കുകയോ ചെയ്യണമെങ്കില്‍ അതിനും സൗകര്യമുണ്ട്‌. ആള്‍ പ്രഫഷണല്‍ ആണെങ്കില്‍ എത്തിച്ചേരാന്‍ പറ്റിയില്ലെങ്കില്‍ വേണ്ട, ഫോണ്‍ സൗകര്യം ഉപയോഗിക്കാം. അതിപ്പം ബാത്ത്‌ റൂമിലാണെങ്കിലും ബാത്ത്‌ ടബ്ബിലാണെങ്കിലും നോ പ്രോബ്ലം. അഭിപ്രായം `പരിപാടിയില്‍ തടസം നേരിടാതെ' എത്തിച്ചാല്‍ മാത്രം മതിയാകും. കൊള്ളാവുന്ന ഒരു പടം സ്റ്റുഡിയോയില്‍ നേരത്തെ ഏല്‍പ്പിക്കുകയാണെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും. ഫോണ്‍ ഇന്‍ സമയത്ത്‌ നിങ്ങളുടെ ചിരിക്കുന്ന പടം മാലയിട്ടു സ്‌ക്രീനില്‍ കാണാമല്ലോ. വിഷയം ഏതാണെങ്കിലും പ്രശ്‌നമില്ല, മുഖവും പേരും ചാനലില്‍ തെളിയണമെന്നു മാത്രം. അന്റാര്‍ട്ടിക്ക മുതല്‍ ആഫ്രിക്ക വരെയുള്ള നാടുകളില്‍ സകലവിധ പ്രശ്‌നങ്ങളും ഏറ്റെടുക്കും. വിഷയം പെരുമാറ്റച്ചട്ടം മുതല്‍ പെണ്‍വാണിഭം വരെയാണെങ്കിലും പ്രശ്‌നമില്ല എല്ലാത്തിനും ഒരുപോലെ ചേരുന്ന മറുപടികള്‍ റെഡി. ഇത്തിരി മനക്കട്ടിയും അതില്‍ കുറയാത്ത തൊലിക്കട്ടിയുമുണ്ടെങ്കില്‍ ആര്‍ക്കും ഈ രംഗത്തേയ്‌ക്കു കടന്നു വരാം, തിളങ്ങാം. ഈ രംഗത്ത്‌ അവസരം കിട്ടാതെ വിഷമിക്കുന്ന അവശകലാകാരന്‍മാര്‍ക്കും ഇപ്പോള്‍ തിളങ്ങാന്‍ അവസരമുണ്ട്‌. നാടിന്റെ മുക്കിനും മൂലയിലും നടക്കുന്ന `നാട്ടുകൂട്ടം ചര്‍ച്ച'കളാണ്‌ ഇക്കൂട്ടര്‍ക്കു തുണയും പണിയുമാകുന്നത്‌. ഛോട്ടാ രാഷ്‌ട്രീയക്കാരാണ്‌ ഈ രംഗത്ത്‌ സേവനം അനുഷ്‌ഠിക്കുന്നതില്‍ വലിയൊരു വിഭാഗം. പലരും രാവിലെ ഉണരുന്നതു തന്നെ ഇന്നൊരു ചര്‍ച്ചയുണ്ടാകണമേയെന്നുള്ള പ്രാര്‍ഥനയോടെയാണ്‌. ചാനലുകളുടെ ബ്യൂറോയില്‍ പേരും വിലാസവും ഫോണ്‍ നമ്പരും എഴുതിക്കൊടുത്തിരിക്കുന്നവര്‍ നിരവധി. അടുത്ത പ്രദേശത്ത്‌ എവിടെയെങ്കിലും ചര്‍ച്ചയുണ്ടെങ്കില്‍ ഒന്നു `മിസ്‌ഡ്‌' അടിപ്പിച്ചാല്‍ മതി ആളു റെഡി. ഇതിനും ക്ഷമയില്ലാത്തവര്‍ ഇടയ്‌ക്കിടെ ഓഫീസുകളിലേക്കു വിളിച്ചു ഏതെങ്കിലും ചര്‍ച്ചകളുണ്ടോയെന്നു അന്വേഷിച്ചു തുടങ്ങിയിട്ടുണ്ടത്രേ. ചര്‍ച്ച കൊഴിപ്പിക്കാനുള്ള പൊടിക്കൈകളും ഇവര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നാണ്‌ അറിവ്‌. പരസ്‌പരം ആരോപണങ്ങള്‍ ഉന്നയിച്ചു വയലന്റാകുന്നതാണ്‌ ഇതില്‍ ഏറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്‌. മൈക്ക്‌ വലിച്ചെറിയാന്‍ ശ്രമിക്കുന്നതും കസേരയെടുത്തു അടിക്കാന്‍ ശ്രമിക്കുന്നതും കണ്ട്‌ ഇപ്പോള്‍ അടിവീഴുമെന്ന മട്ടില്‍ പാവം കാണികള്‍ ശ്വാസമടക്കി ഇരിക്കും. പക്ഷേ, പരിപാടി തീരുമ്പോഴറിയാം ചിന്നംവിളിച്ച നേതാക്കള്‍ തോളില്‍ കൈയുമിട്ടു പൊട്ടിച്ചിരിച്ചു നീങ്ങുന്നു. ഉഗ്രനൊരു വേഷം കിട്ടിയതില്‍ നേതാക്കള്‍ സന്തോഷം. ചര്‍ച്ചയ്‌ക്കു ചൂടേറിയതിനാല്‍ ചാനലുകാര്‍ക്ക്‌ ബഹുസന്തോഷം. കാണികള്‍ക്കു ഫ്രീയായി ഒരു നാടകവും. അപ്പോള്‍ തുടരട്ടെ ചര്‍ച്ചകള്‍... നേരോടെ, നിര്‍ഭയം, നിരന്തരം...


മിസ്‌ഡ്‌ കോള്‍

ബുഷിനെ എറിഞ്ഞ ഷൂവിന്‌ ഒരു കോടി ഡോളര്‍ നല്‌കാമെന്നു വാഗ്‌ദാനം.- വാര്‍ത്ത

കെ.എസ്‌.ആര്‍.ടി.സിക്കിട്ടുള്ള ഏറു നിര്‍ത്തി കുട്ടിസഖാക്കള്‍ക്ക്‌ വാഷിംഗ്‌ടണിലേക്കു മാര്‍ച്ചു നടത്തട്ടെ.

ഒരു ഐഎഎസ്‌ ബാധ ഒഴിപ്പിക്കല്‍ !

ഒഴിഞ്ഞു പോകുമോ നീ ?... മൂന്നാര്‍ ഓപ്പറേഷന്‍ തുടങ്ങിയപ്പോള്‍ മുതല്‍ സി.പി.എം ഇല്ലത്തെ കൊടികെട്ടിയ മന്ത്രവാദികള്‍ ഈ ചോദ്യവും ചൂരലുമായിനിന്നു തുള്ളുകയാണ്‌. മുഖ്യമന്ത്രിയുടെ ഓഫീസ്‌ കുടത്തില്‍നിന്നു തുറന്നുവിട്ട സുരേഷ്‌ ബാധയെ തളയ്‌ക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. മൂന്നാറില്‍ രാത്രിയില്‍ മാത്രമല്ല പകല്‍ പോലും കൈയേറ്റക്കാര്‍ക്ക്‌ പേടിച്ചിട്ടു ഇറങ്ങി നടക്കാന്‍ പറ്റില്ലെന്നു വന്നാല്‍ ? ചുണ്ണാമ്പുണ്ടോ പട്ടയമുണ്ടോയെന്നൊക്കെ ചോദിച്ചു ഈ ബാധ പലരെയും ഭയപ്പെടുത്തിയത്രേ. ബാധയെ കണ്ടു റിസോര്‍ട്ടുകാരില്‍ പലരും പുറത്തിറങ്ങാതായി. പ്രാദേശിക നേതാക്കള്‍ പനിച്ചു തുള്ളി, `മണി' കിലുക്കവും പേടിസ്വപ്‌നവും കണ്ടു മൂന്നാര്‍ മുക്കാലും വിറച്ചു. നാടുവിറപ്പിച്ച ബാധ ഇതിനിടയില്‍ മൂന്നാറില്‍ പൂത്തുലഞ്ഞു നിന്നിരുന്ന പാര്‍ട്ടി പാലമരങ്ങളില്‍ നോട്ടമിട്ടു. ബാധയൊന്നു വീശിയടിച്ചപ്പോള്‍ സി.പി.ഐ പാലമരത്തിന്റെ കൊമ്പുകള്‍ പലതുമൊടിഞ്ഞു വീണു. പോരേ പൂരം. പാര്‍ട്ടി വെളിയത്തുനിന്നു ഭാര്‍ഗവതിരുമുല്‍പ്പാടിനെ തന്നെ രംഗത്തിറക്കി. ഇസ്‌മയില്‍ ഗുരുക്കളും പന്ന്യന്‍ തന്ത്രിയും ചേര്‍ന്നു കവടി നിരത്തി. പിന്നെ, ആഴ്‌ചകള്‍ നീണ്ട ശത്രുസംഹാര പൂജ. പൂജയ്‌ക്കു സഹായിക്കാന്‍ തിരുവനന്തപുരം എ.കെ.ജി തറവാട്ടില്‍നിന്നു നിരവധി പരികര്‍മികളാണ്‌ സാമഗ്രഹികളുമായി രംഗത്തു വന്നത്‌. കൊഴുത്തുരുണ്ട മൂന്നു പൂച്ചകളെ ബലികൊടുക്കേണ്ടി വന്നെങ്കിലും ബാധയെ ഒരു തരത്തില്‍ മൂന്നാറില്‍നിന്ന്‌ ഒഴിപ്പിച്ചു. മൂന്നാറില്‍നിന്നൊഴിപ്പിച്ച ബാധയെ എവിടെ കുടിയിരുത്തുമെന്നതായിരുന്നു പിന്നത്തെ പ്രശ്‌നം. കൊടിയ മന്ത്രവാദികള്‍ പലരും സംസ്ഥാനകമ്മിറ്റി ചേര്‍ന്നുവരെ പ്രശ്‌നം വച്ചെങ്കിലും പ്രശ്‌നത്തിനു പരിഹാരമായില്ല. എവിടെ കുടിയിരുത്തേണ്ടി വന്നാലും ഇനിയും മുഖ്യന്റെ ഓഫീസിലെ പഴയ കുടത്തില്‍ കൊണ്ടു അടയ്‌ക്കില്ലെന്നു അവര്‍ നേരത്തെ തീരുമാനിച്ചിരുന്നു. അങ്ങനെ ചിന്താക്കുഴപ്പത്തില്‍ തലയിട്ടിരിക്കുമ്പോഴാണു പല ഉഗ്രമൂര്‍ത്തികളെയും തന്റെ നാക്കിന്‍ തുമ്പുകൊണ്ടു `ക്ഷ' വരപ്പിച്ച സുധാകര കത്തനാര്‍ രംഗത്തു വന്നത്‌. മൂന്നാറില്‍നിന്നൊഴിപ്പിച്ചു കൊണ്ടുവന്ന ബാധയെ തന്റെ തറവാട്ടിലെ ഗ്രാമവികസനബാങ്കു മരത്തില്‍ ആണിയടിച്ചു തറയ്‌ക്കാന്‍ പുള്ളിക്കാരന്‍ തയാറായി. ഉഗ്രബാധയാണന്നും വേലിയെ ഇരുന്നതിനെയെടുത്തു വേണ്ടപ്പെട്ടിടത്തു വച്ചതുപോലെയാകുമെന്നുമൊക്കെ പലരും ഉപദേശിച്ചെങ്കിലും പുള്ളിക്കാരന്‍ വഴങ്ങിയില്ല. ദേവസ്വം ബോര്‍ഡില്‍ ഉള്ളതിനേക്കാള്‍ കടുത്ത ബാധകളൊന്നും മലയാള നാട്ടിലില്ലെന്നും അവയ്‌ക്കു പോലും തന്നെ ഒതുക്കാന്‍ പറ്റിയിട്ടില്ലെന്നും കത്തനാര്‍ ചൂണ്ടിക്കാട്ടി. അത്യാവശ്യം ഒരു ഐഎഎസ്‌ ബാധയെ ഒതുക്കാനുള്ള താളിയോലയൊക്കെ ഇപ്പോഴും തന്റെ കൈവശമുണ്ടെന്ന ഭാവത്തിലായിരുന്നു കക്ഷി. ബാധ കൂടുതല്‍ വയലന്റായാല്‍ അറ്റകൈ എന്ന നിലയില്‍ തന്റെ ഒരു കവിത തന്നെ എടുത്തു പ്രയോഗിക്കാനുള്ള തയാറെടുപ്പിലായിരുന്നു സുധാകര കത്തനാര്‍. മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ `സന്നിധാനത്തെ കഴുതകള്‍' എന്ന സുധാകര കവിത ഉപയോഗിച്ചു പാക്‌ അധിനിവേശ കാഷ്‌മീരിലെ ഭീകരക്യാമ്പുകള്‍ ഒഴിപ്പിക്കാനാവുമോയെന്ന ഗവേഷണത്തിലാണ്‌ സുരക്ഷാഉദ്യോഗസ്ഥര്‍. ഈ ഐഎഎസ്‌ ബാധയ്‌ക്കു തന്റെ കവിതയും ഏശുകില്ലെന്നു മനസിലായതോടെ എങ്ങനെയെങ്കിലും ഒന്നു ഒഴുപ്പിച്ചു തരണമെന്നപേക്ഷിച്ചു വലിയ തിരുമനസിന്റെ കാല്‍ക്കല്‍ വീഴുകയായിരുന്നു കത്തനാര്‍. `കാരണം കാണിക്കല്‍' കൊണ്ട്‌ ഒരു രക്ഷ എഴുതി കെട്ടാമെന്നു വലിയ തിരുമനസു തീരുമാനിച്ചിരുന്നെങ്കിലും ചെറിയ തിരുമനസുകള്‍ക്ക്‌ അതിനു വലിയ മനസില്ലായിരുന്നു. ക്ഷുദ്രകര്‍മം തന്നെ വേണമെന്നു അവര്‍ക്കു വാശി. ഫലമോ.. കോഴിത്തലയില്‍ ഒരു സസ്‌പെന്‍ഷന്‍ !


മിസ്‌ഡ്‌ കോള്‍

ചെങ്ങറയില്‍ കൈയേറ്റക്കാരെ ഒഴിവാക്കുമെന്നു വി.എസ്‌ അച്യുതാനന്ദന്‍. - വാര്‍ത്ത

ഒരു ഒഴിപ്പിക്കലിന്റെ ക്ഷീണം ഇനിയും മാറിയിട്ടില്ല.

പട്ടിയെ റിപ്പോര്‍ട്ടര്‍ കടിച്ചാല്‍ !

`പട്ടിയെ വളര്‍ത്തല്‍ ' ലോകമെമ്പാടും തന്നെ പേരും പ്രചാരവും നേടിയിട്ടുള്ള ഹോബികളിലൊന്നാണ്‌. അമേരിക്കന്‍ പ്രസിഡന്റിനു പോലും വൈറ്റ്‌ ഹൗസില്‍ പ്രഥമ നായ ഉണ്ടെന്നാണ്‌ കേട്ടിട്ടുള്ളത്‌. ഇത്തവണ ഒബാമയുടെ മകന്‌ അലര്‍ജിയുള്ളതിനാല്‍ അവര്‍ രോമമില്ലാത്ത ഒരു നായയെ തേടിക്കൊണ്ടിരിക്കുകയാണത്രേ. ഇതിനിടയില്‍, നിലവിലെ പ്രസിഡന്റ്‌ ബുഷിന്റെ പട്ടി ഒരു പത്രറിപ്പോര്‍ട്ടറെ കടിച്ചു കുടഞ്ഞെന്ന വാര്‍ത്തയും പുറത്തു വന്നു. അങ്ങനെ പട്ടി അന്താരാഷ്‌ട്ര വാര്‍ത്തകളില്‍ പോലും പ്രധാന കഥാപാത്രമായി നിറഞ്ഞുനിന്നു കുരയ്‌ക്കുന്നതിനിടയിലാണ്‌ നമ്മുടെ സ്വന്തം മുഖ്യന്റെ `ഒരു ചെറിയ പട്ടി' വലിയ പ്രശ്‌നമുണ്ടാക്കിയിരിക്കുന്നത്‌.ഇവിടെ പട്ടി റിപ്പോര്‍ട്ടറെ കടിക്കുന്നതിനു പകരം പട്ടിയെ റിപ്പോര്‍ട്ടര്‍ കടിക്കുകയായിരുന്നെന്നാണ്‌ ഒടുവില്‍ കേള്‍ക്കുന്നത്‌. റിപ്പോര്‍ട്ടറുടെ കടിയേറ്റ പട്ടി ഏതുവഴിക്കൊക്കെ ഓടി, ആരെയൊക്കെ കടിച്ചു ? എന്നതു സംബന്ധിച്ചു ഇനിയും വ്യക്തത വന്നില്ല. എന്തായാലും കടിയേറ്റവരും കണ്ടുനിന്നവരുമെല്ലാം ചേര്‍ന്നു വി.എസിനെ കടിച്ചു കുടഞ്ഞു എന്നു പറഞ്ഞാല്‍ മതിയല്ലോ. രണ്ടു ദിവസമായി ഇന്ത്യയില്‍ ഏതാണ്ട്‌ പ്രമുഖരെല്ലാം തന്നെ വി.എസ്‌ അഴിച്ചുവിട്ട പട്ടിയുടെ പുറകേയായിരുന്നു. ഓട്ടത്തിനിടയില്‍ കടിയേറ്റവരും വീണു പരിക്കേറ്റവരുമൊക്കെ നിരവധി. നാട്ടുകാര്‍ പട്ടിയെ തല്ലിക്കൊല്ലാന്‍ രംഗത്തിറങ്ങിയതിലെ ന്യായം മനസിലാക്കാം. എന്നാല്‍, സ്വന്തം വീട്ടുകാരാണ്‌ ഈ പട്ടിയെ പേപ്പട്ടിയാക്കാനും തല്ലിക്കൊല്ലാനും വടിയും പടയുമായി കൂട്ടത്തോടെ രംഗത്തിറങ്ങിയത്‌. ഇതു കാലഹരണപ്പെട്ട കുരയാണെന്നും എത്രയും പെട്ടെന്നു കൂട്ടിലടയ്‌ക്കണമെന്നും അവര്‍ നേരത്തെ തന്നെ പറഞ്ഞിരുന്നതാണ്‌. നാട്ടില്‍ നല്ല പ്രഫഷണല്‍ ടച്ചോടെ കുരയ്‌ക്കാന്‍ കഴിയുന്നവരുള്ളപ്പോള്‍ ഈ നാടനും പഴഞ്ചനുമായ കുരയെന്തിനു സഹിക്കണം. ഈ കുര കേട്ടു കലി കയറുമ്പോഴാണ്‌ ഓരോ `മുകുന്ത'ങ്ങളെ `കുതിര'കയറാന്‍ വീട്ടുകാര്‍ തന്നെ ഇറക്കി വിടുന്നത്‌. ഈ കുര നിര്‍ത്തിച്ചിട്ടു കൂരയില്‍ കയറി ഒന്നു മൂരി നിവര്‍ത്താമെന്ന മോഹം ഇനിയും നടപ്പായിട്ടില്ല. അതിനിടയിലല്ലേ കാര്‍ന്നോര്‍ തന്നെ ഒരു പട്ടിയെ കെട്ടഴിച്ചു വിട്ടത്‌. ഈ പട്ടിയെ പിടിക്കാന്‍ ഡല്‍ഹിയിലെ പെരിയ സഖാവ്‌ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തിറങ്ങി. ഖേദത്തിന്റെ ഒരു ഇന്‍ജക്‌ഷന്‍ നല്‌കി തല്‌ക്കാലം പിടിക്കാനായിരുന്നു പുള്ളിക്കാരന്റെ നിര്‍ദേശം. എന്നാല്‍, ഇന്‍ജക്‌ഷനൊന്നും പോരാ മയക്കുവെടി തന്നെ വേണമെന്ന മട്ടിലാണു പാര്‍ട്ടി പത്രവും ചാനലും. പക്ഷേ, തന്റെ കസേര കണ്ടിട്ടാരും മയങ്ങേണ്ടെന്നു മലക്കം മറിഞ്ഞുകൊണ്ടാണെങ്കിലും കാര്‍ന്നോര്‍ വ്യക്തമാക്കി. ഇതിനിടയില്‍, പ്രതിപക്ഷം പട്ടിയെ കെട്ടിവലിച്ചു നിയമസഭയിലുമെത്തിച്ചു. മുഖ്യമന്ത്രി സഭയില്‍ ഇല്ലാതിരുന്നതിനാല്‍ സ്‌പീക്കര്‍ ഒരു ദിവസം അതിനെ പട്ടിണിക്കിട്ടു. മോങ്ങാനിരുന്ന നായയുടെ തലയില്‍ തേങ്ങാ വീണെന്നു പറഞ്ഞതു പോലെ പട്ടിയെന്നു കേട്ടപാടെ ചാനലുകള്‍ ഉണര്‍ന്നു. `ക്വട്ടേഷന്‍ ചര്‍ച്ചക്കാരെ' പൊടിതട്ടിയിറക്കി `പരസ്‌പര ദൂഷണം' തുടങ്ങി. പട്ടികടി ചര്‍ച്ച ചെയ്‌തു ഭരണപക്ഷവും പ്രതിപക്ഷവും അവസാനം തമ്മില്‍ കടിച്ചു. ഇതെല്ലാം കാണാന്‍ വിധിക്കപ്പെട്ട ജനങ്ങളില്‍ ആര്‍ക്കൊക്കെ വിഷബാധയേറ്റിട്ടുണ്ടെന്നതു അടുത്ത തെരഞ്ഞെടുപ്പില്‍ അറിയാം.പട്ടിവിഷയം കത്തി നില്‍ക്കുന്നതിനിടയിലാണ്‌, ശബരിമലയില്‍ ഭാരം ചുമക്കുന്ന കഴുതകളെക്കുറിച്ചുള്ള കവിതയുമായി നമ്മുടെ സുധാകരന്‍ മന്ത്രി ഒരു ചാനലില്‍ പ്രത്യക്ഷപ്പെട്ടത്‌. കഴുതകള്‍ ദ്രോഹിക്കപ്പെടുന്നതു പോട്ടെ, അതു പറഞ്ഞ്‌ ഇനി ഇങ്ങനെ നാട്ടുകാരെ ദ്രോഹിക്കരുതെന്നു ചാനലുകാരോടു വിനീതമായി അപേക്ഷിക്കുന്നു.


മിസ്‌ഡ്‌ കോള്‍

മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശത്തിനെതിരേ ഒറിജിനല്‍ പട്ടിയെ പിടിച്ചു കെട്ടി ബി.ജെ.പിക്കാരുടെ പ്രകടനം.- വാര്‍ത്ത

പട്ടി പിടിത്തക്കാരെ കിട്ടാതെ വിഷമിക്കുന്ന പഞ്ചായത്തുകള്‍ ഉടന്‍ ബി.ജെ.പി ഓഫീസുമായി ബന്ധപ്പെടുക.

എംഎല്‍എയുടെ വേഷവും നാട്ടുകാരുടെ നാണവും !

`വേഷങ്ങള്‍.. ജന്മങ്ങള്‍.. വേഷം മാറാന്‍ നിമിഷങ്ങള്‍'... തൊടുപുഴയില്‍ ഭൂമി വിതരണ ചടങ്ങില്‍ വനിതാ എംഎല്‍എയുടെ വരവു കണ്ടപ്പോള്‍ വേദിയിലിരുന്ന പലരും അറിയാതെ പാടിപ്പോയി. തോട്ടം തൊഴിലാളികളുടെ കോട്ടങ്ങള്‍ കൊട്ടിഘോഷിക്കാന്‍ തോട്ടം തൊഴിലാളി സ്‌ത്രീ ആയിത്തന്നെ പുള്ളിക്കാരി വേഷം കെട്ടി. ഇപ്പോള്‍ വാടക വേഷം കെട്ടേണ്ടി വന്നാലും ശേഷം വോട്ടായി മാറില്ലെന്ന്‌ ആരു കണ്ടു? ഈ തോട്ടം തൊഴിലാളിയെ കണ്ട്‌ ഹൈറേഞ്ചിലെ പല തോട്ടങ്ങളും ഞെട്ടി. വേദിയില്‍ പല ഭരണപക്ഷ തോട്ടാകളും പൊട്ടി. മന്ത്രി ഭൂമിവിതരണ മേള നടത്തുന്നുവെന്നു കേട്ടാണ്‌ നാട്ടുകാരില്‍ പലരും ഓടിക്കൂടിയത്‌. ചെന്നപ്പോള്‍ അതാ, വേദിയിലെ മിച്ചഭൂമിയില്‍ വേഷം മാറിയ എംഎല്‍എ കണ്ണീര്‍ വാരി വിതറുന്നു. അവസാന ഇന്ത്യക്കാരനും നാണം മറയ്‌ക്കാന്‍ വസ്‌ത്രം കിട്ടിയിട്ടേ താന്‍ മേല്‍വസ്‌ത്രം ധരിക്കൂ എന്നു പറഞ്ഞ ഗാന്ധിജി സ്‌ത്രീ രൂപത്തില്‍ അവതരിച്ചതാണോയെന്നു ഒരു നിമിഷം പലരും ശങ്കിച്ചു. പക്ഷേ, വില കൂടിയ മെതിയടിയും വന്നിറങ്ങിയ ആഡംബരക്കാറും കണ്ടപ്പോള്‍ ഉറപ്പിച്ചു, ഇതു ഗാന്ധിജിയല്ല, `ഗാന്ധിത്തല'യുള്ള ഏതോ `ജി' ആണ്‌. വനിതാ എംഎല്‍എ കേരളനാടിന്‌ മഹത്തായൊരു മാതൃകയാണു കാണിച്ചു തന്നതെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. ഇങ്ങനെ ഓരോ ജനപ്രതിനിധികളും വിവിധ സമൂഹങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തു വേഷങ്ങള്‍ മാറി വന്നിരുന്നെങ്കില്‍ സര്‍ക്കാര്‍ ചടങ്ങുകള്‍ എത്രയോ രസകരമാവുമായിരുന്നു. നേതാക്കന്‍മാരുടെ റബര്‍ ബാന്‍ഡു പോലെ നീളുന്ന പ്രസംഗത്തിന്റെ ബോറടിയും ഒഴിവാക്കാം. നിയമസഭയിലും മറ്റും ഉന്നയിക്കാന്‍ പോകുന്ന പ്രശ്‌നങ്ങള്‍ക്കു ചേരുന്ന വിധത്തിലുള്ള വേഷങ്ങളും വസ്‌ത്രങ്ങളും ധരിച്ചാല്‍ കാര്യത്തിനു പെട്ടെന്നു തീരുമാനമുണ്ടാകുമെന്നാണ്‌ വനിതാ എംഎല്‍എയുടെ പ്രകടനം നാട്ടുകാരെ പഠിപ്പിക്കുന്നത്‌. മത്സ്യത്തൊഴിലാഴികള്‍, ചുമട്ടുകാര്‍, തെങ്ങുകയറ്റത്തൊഴിലാളികള്‍, ലോട്ടറി കച്ചവടക്കാര്‍, മണല്‍ വാരുന്നവര്‍ തുടങ്ങി നിരവധി വിഭാഗങ്ങളുടെ വേഷങ്ങളുമണിഞ്ഞ്‌ നമ്മുടെ എംഎല്‍എമാര്‍ നിയമസഭയില്‍ എത്തുന്ന കാഴ്‌ച അതെത്രയോ രസകരമായിരിക്കും. റിയാലിറ്റി ഷോ പോലെ ഇടയ്‌ക്ക്‌ അല്‌പം കണ്ണീരും നിലവിളിയും സമം ചേര്‍ത്താല്‍ `സംഗതി' ഗംഭീരമാകും. പെട്ടെന്നു കണ്ണീര്‍ വരുത്താന്‍ കഴിയുന്നില്ലെങ്കില്‍ ഇക്കാര്യത്തില്‍ ജ്ഞാനമുള്ള തലമുതിര്‍ന്ന രാഷ്‌ട്രീയക്കാര്‍ പലരുമുണ്ട്‌. അവരുടെ ഉപദേശം സ്വീകരിക്കാവുന്നതാണ്‌. ഇത്‌ ഈ വേഷം കെട്ടുമ്പോള്‍ മാത്രമല്ല, മരണവീട്ടിലും മറ്റും ചെല്ലുമ്പോഴും പ്രയോജനപ്പെട്ടും. നേതാക്കളുടെ തന്ത്രം പ്രയോഗിച്ചിട്ടും വാട്ടര്‍ അഥോറിറ്റിയുടെ ടാപ്പു പോലെ കാറ്റു മാത്രമേ കണ്ണില്‍നിന്നു വരുന്നുള്ളൂവെങ്കില്‍ സിനിമാക്കാര്‍ പ്രയോഗിക്കുന്ന ഗ്ലിസറിനോ മറ്റോ വാങ്ങുന്നതായിരിക്കും ഉചിതം. സംവിധായകന്‍ വിനയനെയും സംഘത്തെയും ഇപ്പോള്‍ സമീപിച്ചാല്‍ നടക്കും. കാരണം, അവരിപ്പോള്‍ ഗ്ലിസറിനില്ലാതെ തന്നെ കരച്ചില്‍ തുടങ്ങിയിട്ടുണ്ട്‌. അതിനാല്‍, അവരുടെ കൈവശം ഗ്ലിസറിന്‍ ധാരാളം സ്റ്റോക്ക്‌ ഉണ്ടാവണം. വേഷത്തിന്റെയും വസ്‌ത്രത്തിന്റെയും കാര്യം പറയുമ്പോള്‍ ശബരിമല പാതയില്‍ സുധാകരന്‍ മന്ത്രി വിരിച്ച കയര്‍ ഭൂവസ്‌ത്രത്തിന്റെ കാര്യം മറക്കരുത്‌. സാധാരണ വസ്‌ത്രം ധരിക്കാത്തവരെ കാണുമ്പോഴാണ്‌ പലരും നാണംകൊണ്ടു മുഖം പൊത്തുന്നത്‌. ഇവിടെ മന്ത്രിയുടെ കയര്‍ ഭൂവസ്‌ത്രം കാണുമ്പോഴാണ്‌ നാട്ടുകാര്‍ നാണം കൊണ്ടു മുഖം പൊത്തുന്നത്‌. എന്തായാലും, എംഎല്‍എമാരുടെ വേഷം കെട്ടല്‍ തുടരുമ്പോള്‍ നമ്മുടെ നാട്ടില്‍ വസ്‌ത്രം ഉപയോഗിക്കാത്ത `ദിഗംബരന്‍മാര്‍' ഇല്ലാത്തതു നന്നായി. കാരണം, ഏതെങ്കിലും എംഎല്‍എയ്‌ക്ക്‌ അവരുടെ പ്രശ്‌നം ശ്രദ്ധയില്‍കൊണ്ടുവരണമെന്നു തോന്നിയാല്‍ ?

മിസ്‌ഡ്‌ കോള്‍
വിമാനക്കൂലി ഇനത്തില്‍ മന്ത്രി സുധാകരന്‍ ഒരു രൂപ പോലും ചെലവാക്കിയില്ല.- വാര്‍ത്ത
സുധാകരന്‍ പറഞ്ഞാല്‍ ഡല്‍ഹി ഇങ്ങോട്ടു വരും പിന്നെന്തിനാ അങ്ങോട്ടു പോകുന്നത്‌ ?

മുകുന്ദേട്ടാ പുണ്യവാളന്‍ വിളിക്കുന്നു !

ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുമുറി തന്നെ തിന്നണമെന്നതു നാട്ടുനടപ്പ്‌. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ ചിപ്പിയും കക്കയും പെറുക്കി നടന്നിരുന്ന മുകുന്ദേട്ടനെ ബേബിസാര്‍ വിളിച്ചു സാഹിത്യഅക്കാദമിയുടെ നടുക്കസേരയില്‍ ഇരുത്തിയതുകൊണ്ടു നാട്ടുനടപ്പു തെറ്റിക്കാനൊക്കുമോ ? സി.പി.എമ്മില്‍ ഇപ്പോള്‍ ചേരകളുടെ എണ്ണം തീരെ കുറവാണ്‌. കേന്ദ്രത്തിലുണ്ടായിരുന്ന ചാറ്റര്‍ജിയെന്ന പെരുംചേരയെ പാര്‍ട്ടിക്കാര്‍ തന്നെ മാളത്തിലടച്ചു. ഇപ്പോള്‍ വാല്‍ അല്ലാത്തതെല്ലാം അളയിലായി എന്ന പരുവത്തില്‍ കഴിയുകയാണു പുള്ളിക്കാരന്‍. ബന്തിനും ഹര്‍ത്താലിനും മുന്നില്‍ വിലങ്ങനെ കിടന്നു വെയിലു കാഞ്ഞ ഒരു ബംഗാള്‍ ചേരയെ പാര്‍ട്ടിക്കാര്‍ ചേര്‍ന്നു തോലുരിഞ്ഞിട്ടു അധികം നാള്‍ ആയില്ല. നമ്മുടെ നാട്ടിലുള്ള സീനിയര്‍ സിറ്റിസണായ ഒരു ചേരയെ പാര്‍ട്ടിക്കാര്‍ വട്ടംകൂടിയിരുന്നു അല്‌പാല്‌പമായി അകത്താക്കാന്‍ തുടങ്ങിയിട്ടു കാലം കുറെയായി. പാര്‍ട്ടി കമ്മിറ്റി ചേര്‍ന്നു നേരത്തെ തന്നെ പല്ലും നെയ്യും എടുത്തു കളഞ്ഞെങ്കിലും ഇപ്പോഴും ശൗര്യം കുറഞ്ഞിട്ടില്ലത്രേ. ഈ ചേരയുടെ തോലു പൊളിക്കാന്‍ പലവട്ടം കത്തിവച്ചതാണെങ്കിലും ബാലറ്റു പേപ്പറില്‍ നാട്ടുകാര്‍ കുത്തി മലത്തുമോ എന്ന പേടിമൂലം തത്‌കാലം ചെത്തിയിട്ടില്ല.ഇതിനിടെയാണു പ്രസ്‌തുത ചേരയുടെ നടുമുറിയില്‍ തന്നെ മുകുന്ദേട്ടന്റെ കടി വീണിരിക്കുന്നത്‌. അക്കാദമിയുടെ നടുക്കസേര തന്നവരോടു നടുമുറി തന്നെ തിന്നു നന്ദികാട്ടിയില്ലെങ്കില്‍ പിന്നെ ഏതു മയ്യഴിപ്പുഴയില്‍ കുളിച്ചാലും ശാപമോക്ഷം കിട്ടിമോ ? മാത്രവുമല്ല യഥാര്‍ഥ പുണ്യവാളന്‍ ആരെന്നു സമൂഹത്തിനെ പഠിപ്പിക്കേണ്ടതു ഒരു സാഹിത്യകാരന്റെ ചുമതലയല്ലേ. പക്ഷേ, അള മുട്ടിയാല്‍ ചേരയാണെങ്കിലും വെറുതേയിരിക്കുമോ ? അതിനുമില്ലേ ചോരയും നീരും. ഉള്ള ഊരുകൊണ്ടു പുള്ളിക്കാരന്‍ കടിച്ചു കുടഞ്ഞു കളഞ്ഞു. മുകുന്ദമല്ല, എന്തു കുന്തമാണെങ്കിലും തനിക്കു പ്രശ്‌നമില്ലെന്ന മട്ടിലായിരുന്നു ഈ ചേരയുടെ വീര്യം. കടി `കൈ'ക്കിട്ടായിരുന്നെങ്കിലും ഏറ്റതു `തല'യ്‌ക്കിട്ടാണെന്നാണ്‌ ഇപ്പോള്‍ കേള്‍ക്കുന്നത്‌. കടിയേറ്റു കേടുപറ്റിയ `തല' ഇനി എന്തു ചെയ്യുമെന്ന കൗതുകത്തിലാണ്‌ നാട്ടുകാര്‍. കുലംകുത്തിയാലും കുളം കുത്തിയാലും അത്‌ അധികം വൈകില്ലെന്നാണ്‌ സൂചന. മാത്രവുമല്ല, മുകുന്ദേട്ടന്റെ കടിയേറ്റതോടെ കുന്തം എതുവഴി പോയെന്ന അന്വേഷണത്തിലാണ്‌ നാട്ടുകാര്‍. ഇനി എ.കെ.ജി സെന്ററിലെ കുടത്തിലൊന്നു തപ്പിനോക്കിയാലോ എന്ന ആലോചനയും ഇല്ലാതില്ല. നാട്ടിലെ പല സാംസ്‌കാരിക കുന്തങ്ങളും ഇപ്പോള്‍ ഈ കുടത്തിലാണല്ലോ അഭയം കണ്ടെത്തിയിരിക്കുന്നത്‌. മുന പോയി തുടങ്ങിയ ചില `അഴീക്കോടന്‍' കുന്തങ്ങള്‍ ഇപ്പോള്‍ രാകി മൂര്‍ച്ച വരുത്തുന്നതും എ.കെ.ജി സെന്ററിലെ അലക്കു കല്ലില്‍ തേച്ചാണത്രേ. അവിടെയാകുമ്പോള്‍ മൂര്‍ച്ചയും കൂട്ടാം, വിഴുപ്പുമലക്കാം. `കാലഹരണപ്പെട്ട പുണ്യവാളന്‍' എന്ന പേരുമിട്ടു തന്റെ പടം ഭിത്തിയില്‍ തൂക്കാനാണ്‌ മോഹമെങ്കില്‍ അതിനുള്ള മകുടി ഊതിയതു മതിയെന്നായിരുന്നു കാര്‍ന്നോരുടെ മുന്നറിയിപ്പ്‌. പാമ്പും പഴകിയതാണു നല്ലതെന്ന ചൊല്ല്‌ മറക്കരുതെന്നു ഉപദേശിക്കാനും കക്ഷി മറന്നില്ല. മുകുന്ദേട്ടന്‍ ഇത്രയൊക്കെ പറഞ്ഞെങ്കിലും പുള്ളിക്കാരന്‌ ഈ പഴകിയ പാമ്പിനോടു ഇപ്പോഴും ബഹുമാനം മാത്രമേയുള്ളത്രേ. ബഹുമാനം കൂടിയതു കാരണം മാസികയിലെ വിവാദ ലേഖനം പോലും കക്ഷി എഴുന്നേറ്റു നിന്നു കൊണ്ടാണ്‌ എഴുതിയതെന്നാണ്‌ അറിവ്‌. ഈ പോക്കുപോയാല്‍ സാഹിത്യ അക്കാദമി വൈകാതെ സാ `ഹത്യ' അക്കദമിയാകുമോയെന്നതാണിപ്പോള്‍ നാട്ടുകാരുടെ സംശയം.

മിസ്‌ഡ്‌ കോള്‍
തൃശൂര്‍ പോലീസ്‌ അക്കാദമിയില്‍ തോക്ക്‌ മോഷണം പോയതായി പരാതി.- വാര്‍ത്ത
തോക്ക്‌ കേരളാ പോലീസിന്റേതായതിനാല്‍ വെടിവയ്‌ക്കാന്‍ കൊണ്ടുപോയതല്ലെന്ന്‌ ഉറപ്പിക്കാം.