നാട്ടുകാരുടെ ശ്രദ്ധയ്‌ക്ക്... ഇലക്‌ഷന്‍ അടുത്തു. ഇനി കുറച്ചു കാലത്തേക്ക് പുറത്തിറങ്ങി നടക്കുമ്പോള്‍ സൂക്ഷിക്കുക. കാരണം, നമ്മുടെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ `കേരള യാത്രകള്‍' പ്രഖ്യാപിച്ചു കഴിഞ്ഞു. വര്‍ഷത്തിലൊരിക്കല്‍ പ്രജകളെ കാണാന്‍ മാവേലി വരുന്നതാണ് ഇപ്പോള്‍ പലരുടെയും ഓര്‍മയില്‍. മാവേലി വര്‍ഷത്തില്‍ ഒന്നുവീതമെത്തുമ്പോള്‍ രാഷ്‌ട്രീയക്കാര്‍ നാലോ അഞ്ചോ വര്‍ഷം കൂടുമ്പോള്‍ വരുന്നുവെന്നേയുള്ളൂ. ഊഞ്ഞാലുകളും പൂക്കളങ്ങളും പൂവിളികളുമായിട്ടാണ് മലയാളികള്‍ മാവേലിയെ വരവേല്‍ക്കാറുള്ളത്. രാഷ്‌ട്രീയക്കാരുടെ യാത്രകള്‍ക്കും പൂക്കള്‍ക്കു കുറവുണ്ടാകാറില്ല. മുക്കിനു മുക്കിനു ബിവറേജസ് ഉള്ളതിനാല്‍ പൂവിളികള്‍ക്കും ഊഞ്ഞാലാട്ടങ്ങള്‍ക്കും ഇതുവരെ പഞ്ഞം കണ്ടിട്ടുമില്ല.
തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള വഴി അറിയാമെങ്കില്‍ ആര്‍ക്കും കേരള യാത്രകള്‍ നടത്താമെന്നാണ് ഈ രംഗത്തെ വിദഗ്‌ധര്‍ പറയുന്നത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഹൈവേയിലൂടെ നടത്തിയാല്‍ കമ്പനി പറയുന്ന മൈലേജും പിക് അപ്പും കിട്ടും. കൂടെ വരുന്നവര്‍ കാറ്റു കുത്തിവിടാതെ ശ്രദ്ധിക്കണമെന്നു മാത്രം. സി.പി.എമ്മും കോണ്‍ഗ്രസും എന്‍.സി.പിയുമെല്ലാം ഇതിനകം കേരള യാത്രകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. യോഗവും പത്രസമ്മേളനവും നടത്തി മാത്രം ജീവിക്കുന്നവര്‍ വര്‍ഷത്തിലൊരിക്കലെങ്കിലും ഇത്തരം യാത്രകള്‍ നടത്തുന്നത് രാഷ്‌ട്രീയാരോഗ്യത്തിനു ഉചിതമാണത്രേ.
കൂടാതെ ഇതിനു മറ്റു പല പ്രയോജനങ്ങളുമുണ്ട്. യാത്രയുടെ ചെലവ് ജനം വഹിച്ചോളും. കുലുക്കമില്ലാത്ത എ.സി വാഹനം നേതാവിനെ വഹിക്കുന്നതിനാല്‍ പുള്ളിക്കാരനു ക്ഷീണവും തോന്നില്ല. മാലയുമായി തൊള്ളകീറി യാത്രയ്‌ക്കു പിന്നാലെ പായുന്ന അണികള്‍ക്കു തെല്ലു ക്ഷീണം തോന്നിയേക്കാം. കാണം പണയം വച്ചും ഓണം ഉണ്ണുമ്പോള്‍ ഇത്തിരി ക്ഷീണം തോന്നിയാല്‍ അതു പിന്നീടു ഗുണമായി ഭവിക്കുമെന്നു കരുതിയാല്‍ മതിയാകും.
പെരിയ സഖാവ് ഓടിക്കുന്ന കേരളയാത്ര സ്റ്റാന്‍ഡില്‍നിന്നു വിടുന്നതിനു മുമ്പു തന്നെ വിവാദത്തിന്റെ സിംഗിള്‍ ബെല്‍ മുഴങ്ങിയിരിക്കുകയാണ്. വി.എസ് സഖാവിന്റെ ജോലിക്കാരെ ആരെയും വണ്ടിയില്‍ `കിളിയായി' പോലും നിര്‍ത്താന്‍ അനുവദിക്കില്ലെന്നാണ് കേള്‍ക്കുന്നത്. യാത്രയ്‌ക്കിടയില്‍ അണികള്‍ തടഞ്ഞു ബുക്കും പേപ്പറും ചോദിക്കുമോയെന്ന സംശയം ബാക്കി. യാത്ര ഷൊര്‍ണൂര്‍, ഒഞ്ചിയം പാലം കയറി പോകണമോ എന്നതും തീരുമാനമായിട്ടില്ല.
വലതന്‍മാരില്‍ ചിലര്‍ക്കാണെങ്കില്‍ വെയിലും വടിപോലത്തെ ഖദര്‍വേഷവുമാണ് പ്രശ്‌നം. വടിയായാലും വടിവൊത്ത ഖദര്‍ വേഷത്തിലായിരിക്കണമെന്നു നിര്‍ബന്ധമുള്ളവരാണ് അവരില്‍ പലരും. വെയിലത്ത് ഒരു നെടുനീളന്‍ യാത്രയും കഴിഞ്ഞു വരുമ്പോള്‍ കെ.എസ്.ആര്‍. ടി.സി ബസിന്റെ പുകക്കുഴലിനു മുന്നില്‍പ്പെട്ട അവസ്ഥയിലാകുമെന്ന പേടിയും ചിലര്‍ക്കുണ്ട്. പിന്നെ നാടൊട്ടുക്കും ബ്യൂട്ടീപാര്‍ലറുകള്‍ ഉള്ളതാണ് ഏക സമാധാനം.
പാര്‍ട്ടി ഈര്‍ക്കിലിയോ മടലോ ആകട്ടെ, ബന്തു നടത്തുന്നതുപോലെ സുഖകരമായി യാത്രകള്‍ കേരളനാട്ടില്‍ നടപ്പാക്കാമെന്നതാണ് ഇതിലേക്കു ഏറെപ്പേരെ ആകര്‍ഷിക്കുന്നത്. സംസ്ഥാന യാത്രകള്‍ക്കു പുറമേ ജില്ല, മണ്‌ഡലം പഞ്ചായത്തു തലത്തിലും യാത്രകള്‍ക്കു പഞ്ഞമുണ്ടാകാന്‍ വഴിയില്ല. കാരണം വോട്ടു തന്നവരെയൊക്കെ അഞ്ചുവര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഒന്നു കണ്ടില്ലെങ്കില്‍ അതിന്റെ കുറവ് വോട്ടര്‍മാര്‍ക്കല്ലേ. മാത്രവുമല്ല, വന്ന വഴി മറക്കരുതെന്നല്ലേ ആപത്തുവാക്യം ക്ഷമിക്കണം ആപ്‌തവാക്യം. വരാനുള്ളതു വഴിയില്‍ തങ്ങുകേല, അതു കേരളയാത്രയാണെങ്കിലും. അതിനാല്‍, വഴി മുടക്കി വഴിയാധാരമാകാതിരിക്കാന്‍ വഴിയാത്രക്കാര്‍ സൂക്ഷിക്കുക.
മിസ്‌ഡ് കോള്‍
ആഭ്യന്തരമന്ത്രി കോടിയേരി കടന്നുപോയ വഴിയില്‍നിന്നു ബോംബ് കണ്ടെടുത്തു.-വാര്‍ത്ത
പണ്ടു പോലീസ് സ്റ്റേഷനില്‍ ഉണ്ടാക്കുമെന്നു പറഞ്ഞ അതേ സാധനം !
nice.pls visit my site and view the videos .this is the site:
ReplyDeletehttp://newkeralam.blogspot.com/
പണ്ടു പോലീസ് സ്റ്റേഷനില്‍ ഉണ്ടാക്കുമെന്നു പറഞ്ഞ അതേ സാധനം !
ReplyDeletenys comment maashe..
super article, pls try more
ReplyDelete