Monday, January 12, 2009

സൂക്ഷിക്കുക... കേരളയാത്രകള്‍ വരുന്നു !


നാട്ടുകാരുടെ ശ്രദ്ധയ്‌ക്ക്‌... ഇലക്‌ഷന്‍ അടുത്തു. ഇനി കുറച്ചു കാലത്തേക്ക്‌ പുറത്തിറങ്ങി നടക്കുമ്പോള്‍ സൂക്ഷിക്കുക. കാരണം, നമ്മുടെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ `കേരള യാത്രകള്‍' പ്രഖ്യാപിച്ചു കഴിഞ്ഞു. വര്‍ഷത്തിലൊരിക്കല്‍ പ്രജകളെ കാണാന്‍ മാവേലി വരുന്നതാണ്‌ ഇപ്പോള്‍ പലരുടെയും ഓര്‍മയില്‍. മാവേലി വര്‍ഷത്തില്‍ ഒന്നുവീതമെത്തുമ്പോള്‍ രാഷ്‌ട്രീയക്കാര്‍ നാലോ അഞ്ചോ വര്‍ഷം കൂടുമ്പോള്‍ വരുന്നുവെന്നേയുള്ളൂ. ഊഞ്ഞാലുകളും പൂക്കളങ്ങളും പൂവിളികളുമായിട്ടാണ്‌ മലയാളികള്‍ മാവേലിയെ വരവേല്‍ക്കാറുള്ളത്‌. രാഷ്‌ട്രീയക്കാരുടെ യാത്രകള്‍ക്കും പൂക്കള്‍ക്കു കുറവുണ്ടാകാറില്ല. മുക്കിനു മുക്കിനു ബിവറേജസ്‌ ഉള്ളതിനാല്‍ പൂവിളികള്‍ക്കും ഊഞ്ഞാലാട്ടങ്ങള്‍ക്കും ഇതുവരെ പഞ്ഞം കണ്ടിട്ടുമില്ല.


തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ്‌ വരെയുള്ള വഴി അറിയാമെങ്കില്‍ ആര്‍ക്കും കേരള യാത്രകള്‍ നടത്താമെന്നാണ്‌ ഈ രംഗത്തെ വിദഗ്‌ധര്‍ പറയുന്നത്‌. തെരഞ്ഞെടുപ്പ്‌ അടുക്കുമ്പോള്‍ ഹൈവേയിലൂടെ നടത്തിയാല്‍ കമ്പനി പറയുന്ന മൈലേജും പിക്‌ അപ്പും കിട്ടും. കൂടെ വരുന്നവര്‍ കാറ്റു കുത്തിവിടാതെ ശ്രദ്ധിക്കണമെന്നു മാത്രം. സി.പി.എമ്മും കോണ്‍ഗ്രസും എന്‍.സി.പിയുമെല്ലാം ഇതിനകം കേരള യാത്രകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. യോഗവും പത്രസമ്മേളനവും നടത്തി മാത്രം ജീവിക്കുന്നവര്‍ വര്‍ഷത്തിലൊരിക്കലെങ്കിലും ഇത്തരം യാത്രകള്‍ നടത്തുന്നത്‌ രാഷ്‌ട്രീയാരോഗ്യത്തിനു ഉചിതമാണത്രേ.


കൂടാതെ ഇതിനു മറ്റു പല പ്രയോജനങ്ങളുമുണ്ട്‌. യാത്രയുടെ ചെലവ്‌ ജനം വഹിച്ചോളും. കുലുക്കമില്ലാത്ത എ.സി വാഹനം നേതാവിനെ വഹിക്കുന്നതിനാല്‍ പുള്ളിക്കാരനു ക്ഷീണവും തോന്നില്ല. മാലയുമായി തൊള്ളകീറി യാത്രയ്‌ക്കു പിന്നാലെ പായുന്ന അണികള്‍ക്കു തെല്ലു ക്ഷീണം തോന്നിയേക്കാം. കാണം പണയം വച്ചും ഓണം ഉണ്ണുമ്പോള്‍ ഇത്തിരി ക്ഷീണം തോന്നിയാല്‍ അതു പിന്നീടു ഗുണമായി ഭവിക്കുമെന്നു കരുതിയാല്‍ മതിയാകും.


പെരിയ സഖാവ്‌ ഓടിക്കുന്ന കേരളയാത്ര സ്റ്റാന്‍ഡില്‍നിന്നു വിടുന്നതിനു മുമ്പു തന്നെ വിവാദത്തിന്റെ സിംഗിള്‍ ബെല്‍ മുഴങ്ങിയിരിക്കുകയാണ്‌. വി.എസ്‌ സഖാവിന്റെ ജോലിക്കാരെ ആരെയും വണ്ടിയില്‍ `കിളിയായി' പോലും നിര്‍ത്താന്‍ അനുവദിക്കില്ലെന്നാണ്‌ കേള്‍ക്കുന്നത്‌. യാത്രയ്‌ക്കിടയില്‍ അണികള്‍ തടഞ്ഞു ബുക്കും പേപ്പറും ചോദിക്കുമോയെന്ന സംശയം ബാക്കി. യാത്ര ഷൊര്‍ണൂര്‍, ഒഞ്ചിയം പാലം കയറി പോകണമോ എന്നതും തീരുമാനമായിട്ടില്ല.


വലതന്‍മാരില്‍ ചിലര്‍ക്കാണെങ്കില്‍ വെയിലും വടിപോലത്തെ ഖദര്‍വേഷവുമാണ്‌ പ്രശ്‌നം. വടിയായാലും വടിവൊത്ത ഖദര്‍ വേഷത്തിലായിരിക്കണമെന്നു നിര്‍ബന്ധമുള്ളവരാണ്‌ അവരില്‍ പലരും. വെയിലത്ത്‌ ഒരു നെടുനീളന്‍ യാത്രയും കഴിഞ്ഞു വരുമ്പോള്‍ കെ.എസ്‌.ആര്‍. ടി.സി ബസിന്റെ പുകക്കുഴലിനു മുന്നില്‍പ്പെട്ട അവസ്ഥയിലാകുമെന്ന പേടിയും ചിലര്‍ക്കുണ്ട്‌. പിന്നെ നാടൊട്ടുക്കും ബ്യൂട്ടീപാര്‍ലറുകള്‍ ഉള്ളതാണ്‌ ഏക സമാധാനം.


പാര്‍ട്ടി ഈര്‍ക്കിലിയോ മടലോ ആകട്ടെ, ബന്തു നടത്തുന്നതുപോലെ സുഖകരമായി യാത്രകള്‍ കേരളനാട്ടില്‍ നടപ്പാക്കാമെന്നതാണ്‌ ഇതിലേക്കു ഏറെപ്പേരെ ആകര്‍ഷിക്കുന്നത്‌. സംസ്ഥാന യാത്രകള്‍ക്കു പുറമേ ജില്ല, മണ്‌ഡലം പഞ്ചായത്തു തലത്തിലും യാത്രകള്‍ക്കു പഞ്ഞമുണ്ടാകാന്‍ വഴിയില്ല. കാരണം വോട്ടു തന്നവരെയൊക്കെ അഞ്ചുവര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഒന്നു കണ്ടില്ലെങ്കില്‍ അതിന്റെ കുറവ്‌ വോട്ടര്‍മാര്‍ക്കല്ലേ. മാത്രവുമല്ല, വന്ന വഴി മറക്കരുതെന്നല്ലേ ആപത്തുവാക്യം ക്ഷമിക്കണം ആപ്‌തവാക്യം. വരാനുള്ളതു വഴിയില്‍ തങ്ങുകേല, അതു കേരളയാത്രയാണെങ്കിലും. അതിനാല്‍, വഴി മുടക്കി വഴിയാധാരമാകാതിരിക്കാന്‍ വഴിയാത്രക്കാര്‍ സൂക്ഷിക്കുക.


മിസ്‌ഡ്‌ കോള്‍


ആഭ്യന്തരമന്ത്രി കോടിയേരി കടന്നുപോയ വഴിയില്‍നിന്നു ബോംബ്‌ കണ്ടെടുത്തു.-വാര്‍ത്ത

പണ്ടു പോലീസ്‌ സ്റ്റേഷനില്‍ ഉണ്ടാക്കുമെന്നു പറഞ്ഞ അതേ സാധനം !

ഷൊര്‍ണൂര്‍ കലാമേളയും അച്ഛന്റെ മുരളിമോനും


രണ്ടുദിവസമായി തലസ്ഥാനത്തു കുട്ടികളുടെ കലയ്‌ക്കും രാഷ്‌ട്രീയക്കാരുടെ തലയ്‌ക്കും തീ പിടിച്ചിരിക്കുന്നു. കലോത്സവ വേദി രാഷ്‌ട്രീയക്കാരുടെയും മാധ്യമങ്ങളുടെയുമൊക്കെ പൂരപ്പറമ്പായി മാറിയെന്നാണ്‌ കേള്‍വി. ഓരോ മത്സരം കഴിയുമ്പോഴും എ-ഗ്രേഡു കിട്ടിയവരെ റാഞ്ചാന്‍ ചാനലുകള്‍ പ്രച്ഛന്നവേഷത്തില്‍ തക്കംപാര്‍ത്തു നില്‍ക്കുകയാണത്രേ. ഒരു കുച്ചിപ്പുടിക്കാരനെയെങ്കിലും കൂട്ടിക്കെട്ടി സ്റ്റുഡിയോയിലെത്തിച്ചില്ലെങ്കില്‍ പിന്നെ എന്തോന്നു കലോത്സവം? ജഡ്‌ജസ്‌ കലാമത്സങ്ങള്‍ക്കു മാര്‍ക്കിടുമ്പോള്‍ നമ്മുടെ മന്ത്രിമാരും ചില രാഷ്‌ട്രീയക്കാരും ഭക്ഷണത്തിനു മാര്‍ക്കിടുന്ന തിരക്കിലാണെന്നും കേള്‍ക്കുന്നു. വേദികളില്‍ കുട്ടികള്‍ കാഴ്‌ചവയ്‌ക്കുന്ന പ്രകടനങ്ങളേക്കാള്‍ ഗംഭീരമായ മത്സരമാണ്‌ ചില രാഷ്‌ട്രീയക്കാര്‍ ഭക്ഷണശാലയില്‍ കാഴ്‌ചവയ്‌ക്കുന്നതത്രേ.


മുന്‍ കലോത്സവം കഴിഞ്ഞപ്പോള്‍ മുതല്‍ കഴിക്കാനായി കാത്തിരിക്കുകയായിരുന്നോ പലരുമെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്‌. ഇക്കാര്യത്തില്‍ ഈ രാഷ്‌ട്രീയപ്രതിഭകളുടെ ഗുരുക്കന്‍മാരെ കണ്ടെത്തി ശിഷ്യപ്പെടാന്‍ ചില കുട്ടിരാഷ്‌ട്രീയക്കാര്‍ ശ്രമം തുടങ്ങിയിട്ടുണ്ടത്രേ. ഹൈസ്‌കൂള്‍- ഹയര്‍ സെക്കന്‍ഡറി മത്സരങ്ങള്‍ ഒന്നിച്ചു നടത്തുന്നതു പല ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നുണ്ടെങ്കിലും ഭക്ഷണശാലയില്‍ അഞ്ചു കലോത്സവങ്ങള്‍ ഒന്നിച്ചു നടത്താന്‍ ഇവരില്‍ പലരും കൈയും കഴുകി റെഡി.


തലസ്ഥാനത്തു കലാകാരന്‍മാരെ ഇപ്പോള്‍ പലരും തലയിലേറ്റി നടക്കുന്ന കാഴ്‌ചയാണ്‌ കാണുന്നതെങ്കില്‍ ഷൊര്‍ണൂരില്‍ ഒരു കലോത്സവം കഴിഞ്ഞപ്പോള്‍ ഒരു പാവം കലാപ്രതിഭയെ കാലുകൊണ്ടു തട്ടുകയാണ്‌ വേണ്ടപ്പെട്ടവര്‍. എം.ആര്‍ മുരളിയെന്ന കൊച്ചുകലാകാരനാണ്‌ സത്യപ്രതിജ്ഞയ്‌ക്കു സര്‍ട്ടിഫിക്കറ്റു ചോദിച്ചു ഓട്ടന്‍തുള്ളല്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌. ഒഞ്ചിയത്തും ആലപ്പുഴയിലുമൊക്കെ തുള്ളല്‍ നടത്തിക്കൊണ്ടിരിക്കുന്ന കലാകാരന്‍മാരെ സംഘടിപ്പിച്ചു കൂട്ടത്തുള്ളല്‍ നടത്താനുള്ള ഒരുക്കത്തിലാണ്‌ പുള്ളിക്കാരന്‍. വേഷമിടാന്‍ തയാറാണെങ്കില്‍ വി.എസ്‌ സഖാവിനെ മുന്നില്‍ നിര്‍ത്തി തുള്ളാന്‍ തയാറാണെന്നും കക്ഷി മിഴാവ്‌ കൊട്ടിപ്പാടി കഴിഞ്ഞു. ഷൊര്‍ണൂരിലെ കലോത്സവ വേദിയില്‍ ഇത്തവണയും കിരീടം തന്റെ ശിഷ്യന്‍മാര്‍ക്കു തന്നെയെന്നുറപ്പിച്ചാണ്‌ വിജയന്‍ഗുരു കര്‍ട്ടന്‍ വലിച്ചത്‌. കുലംകത്തിക്കു കുത്തി എതിരാളികളെ വിരട്ടാനും പുള്ളിക്കാരന്‍ മറന്നില്ല. പക്ഷേ, എതിരാളികളെ കുലംകുത്താനുള്ള തിരക്കിനിടയില്‍ സ്വന്തം വളപ്പില്‍ അവര്‍ കുളംകുത്തിയ കാര്യം കക്ഷി തിരിച്ചറിഞ്ഞത്‌ ഷൊര്‍ണൂരില്‍ കര്‍ട്ടന്‍ വീണപ്പോഴാണ്‌. എം.ആര്‍ മുരളിയെന്ന കൊച്ചുകലാകാരന്‍ സര്‍ട്ടിഫിക്കറ്റിനായി വി.എസിന്‌ അപ്പീല്‍ നല്‍കിയതാണ്‌ ഒടുവിലത്തെ സംഭവം.


ഇതിനിടെ, മുന്‍ രാഷ്‌ട്രീയ കലാപ്രതിഭയായ മറ്റൊരു മുരളിയെ വീണ്ടും സ്റ്റേജില്‍ കയറ്റാനുള്ള ശ്രമങ്ങളും തുടങ്ങിക്കഴിഞ്ഞു. രാഷ്‌ട്രീയ കോലുകളിയില്‍ ഗ്രേഡില്ലാതെ കോലംകെട്ടു നില്‍ക്കുകയാണെങ്കിലും മകന്‍ജിക്ക്‌ മത്സരിക്കാനുള്ള യോഗ്യതയുണ്ടെന്നാണ്‌ രാഷ്‌ട്രീയ ഗുരുകൂടിയായ അച്ഛന്‍ജിയുടെ അഭിപ്രായം. മുരളീമോന്‍ കോല്‍കളി നടത്തിയാല്‍ ഇപ്പോഴും ആളുകൂടുമെന്നാണ്‌ കാരണവരുടെ പക്ഷം. ആളു കൂടുമെന്നാണോ അതോ ഇനി കൂവുമെന്നാണോ ഉദ്ദേശിച്ചതെന്നു വ്യക്തമല്ല. എന്തായാലും മകന്‍ജിക്കു കോല്‍കളി നടത്താന്‍ കോണ്‍ഗ്രസ്‌ തറവാട്ടില്‍ സ്റ്റേജു കെട്ടിക്കൊടുക്കില്ലെന്നാണ്‌ പാര്‍ട്ടിക്കാരുടെ നിലപാട്‌. ഇതിനിടെയാണ്‌ വി.എസിനു വേണ്ടി പ്രച്ഛന്നവേഷം കെട്ടിയെന്ന പേരില്‍ രണ്ടു അവശകലാകാരന്‍മാരെ പാര്‍ട്ടി ഇടപെട്ടു പുറത്താക്കിയത്‌. പ്രച്ഛന്നവേഷം കെട്ടാന്‍ പാര്‍ട്ടിക്കു മാത്രമേ അവകാശമുള്ളെന്നും അനുവാദമില്ലാതെ മറ്റാരെങ്കിലും ചെയ്‌താല്‍ അവര്‍ക്കു ഗ്രീന്‍ റൂമില്‍ പോലും ഇടം കിട്ടില്ലെന്നും ഇപ്പോള്‍ മനസിലായില്ലേ.


മിസ്‌ഡ്‌ കോള്‍


ഇത്തവണ സ്‌കൂള്‍ കലോത്സവ മത്സരങ്ങളില്‍ പങ്കെടുക്കുന്ന ഏതാണ്ട്‌ എല്ലാ ടീമുകള്‍ക്കും എ ഗ്രേഡ്‌. -വാര്‍ത്ത


ഇതാണ്‌ എ ഗ്രേഡ്‌ ബേബി!